രാഹുല്‍ഗാന്ധി കേരളത്തിലേക്ക്, മണ്ഡലത്തിൽ വന്‍ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി

കൊച്ചി: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ഗാന്ധി കേരളത്തിലെത്തും. വ്യാഴാഴ്ചയാണ് രാഹുല്‍ എത്തുക.ഈ മാസം 30, ജൂലൈ 1, 2 തീയതികളില്‍ രാഹുല്‍ വയനാട് മണ്ഡലത്തില്‍ ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. രാഹുലിന് വന്‍ സ്വീകരണം നല്‍കുമെന്ന് ഡിസിസി വ്യക്തമാക്കി.

രാഹുല്‍ഗാന്ധിയുടെ കല്‍പ്പറ്റയിലെ എംപി ഓഫീസിന് നേര്‍ക്ക് എസ്‌എഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രമണം ഉണ്ടായ സംഭവത്തിന് പിന്നാലെയാണ് രാഹുല്‍ മണ്ഡലത്തിലേക്ക് എത്തുന്നത്. രാഹുലിന്റെ എംപി ഓഫീസ് ഇന്നലെ ഉച്ചയ്ക്കാണ് ഒരുപറ്റം എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തത്.

പരിസ്ഥിതി ലോല ഉത്തരവിനെതിരെ എംപി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു എസ്‌എഫ്‌ഐയുടെ മാര്‍ച്ച്‌.പ്രതിഷേധ മാര്‍ച്ച്‌ ആക്രമസക്തമായതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ് അടക്കം 19 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.