മലപ്പുറം:ആര്‍എസ്‌എസ് പരിപാടിയില്‍ പങ്കെടുത്ത സംഭവത്തില്‍ മുസ്ലീം ലീഗ് നേതാവ് കെ എന്‍ എ ഖാദറിന് താക്കീത്.പരിപാടിയില്‍ പങ്കെടുത്തതില്‍ കെ എന്‍ എ ഖാദറിന് ശ്രദ്ധക്കുറവുണ്ടായി എന്ന് വിലയിരുത്തിയാണ് ലീഗ് നേതൃത്വത്തിന്റെ നടപടി. സാംസ്‌കാരിക പരിപാടി എന്ന നിലയ്ക്കാണ് പരിപാടിയില്‍ പങ്കെടുത്തതെന്നാണ് ഖാദറിന്റെ വിശദീകരണം. ജാഗ്രത കുറവിന് കെ എന്‍ എ ഖാദര്‍ ഖേദം പ്രകടിപ്പിച്ചതായും മുസ്ലീം ലീഗ് അറിയിച്ചു.
കോഴിക്കോട് കേസരിയില്‍ സ്‌നേഹബോധി ഉദ്ഘാടനത്തിലും സാംസ്‌കാരിക സമ്മേളനത്തിലും പങ്കെടുത്തതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. സംഭവത്തില്‍ കെ എന്‍ എ ഖാദറിനോട് ലീഗ് നേതൃത്വം വിശദീകരണം തേടിയിരുന്നു. വീഴ്ച ഉണ്ടായെന്ന് സമ്മതിച്ച് കെ എന്‍ എ ഖാദര്‍ നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ലീഗ് നേതൃയോഗം ചേര്‍ന്നാണ് നടപടി സ്വീകരിച്ചത്.
മതസൗഹാര്‍ദ്ദ പരിപാടികളിലും സാംസ്‌കാരിക സമ്മേളനങ്ങളിലും പങ്കെടുക്കുന്നതിന് എതിരല്ല എന്നാണ് പാര്‍ട്ടി നിലപാട്. എന്നാല്‍ ആര്‍എസ്‌എസ് നേതൃത്വം നല്‍കുന്ന സ്ഥാപനത്തില്‍ അതിഥിയായെത്തുകയും ആദരമേറ്റുവാങ്ങുകയും ചെയ്ത നടപടി ലീഗിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണ് എന്ന് കാട്ടിയാണ് ഖാദറിനോട് നേതൃത്വം വിശദീകരണം തേടിയത്.