വിരട്ടലൊക്കെ കയ്യില്‍ വെച്ചാല്‍ മതി, എന്തും വിളിച്ചു പറയാമെന്ന് കരുതണ്ട, ഏതു കൊലകൊമ്പനായാലും നടപടിയെന്ന് മുഖ്യമന്ത്രി

കോട്ടയം: വിരട്ടാനൊക്കെ നോക്കിയാല്‍ അത് കയ്യില്‍ വെച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവിടെ എന്തും വിളിച്ചു പറയാമെന്ന് കരുതരുത്.നമ്മുടെ നാട്ടില്‍ ലൈസന്‍സില്ലാതെ എന്തും പറയാമെന്ന നിലയെടുത്താല്‍ എന്തായിരിക്കും ഫലമെന്ന് അടുത്ത നാളില്‍ കണ്ടു. വിരട്ടാനൊക്കെ നോക്കി. അതങ്ങ് വേറെ വെച്ചാല്‍ മതി. അതൊന്നും ഇങ്ങോട്ടു ചെലവാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് കേരള ഗസറ്റ്ഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയന്‍.

ഈ നാടിന് ഒരു സംസ്‌കാരമുണ്ട്. ഈ നാട് ആഗ്രഹിക്കുന്ന പൊതുവായ രീതിയുണ്ട്. അതുമാറ്റി ഭിന്നത വരുത്താമെന്നും, അതിനായി എന്തും വിളിച്ചു പറയാമെന്നും അതിന് അവകാശമുണ്ടെന്നും ആരെങ്കിലും ചിന്തിച്ചാല്‍ അവരുടെ പിന്നില്‍ ഏത് കൊലക്കൊമ്പൻ അണിനിരന്നാലും ശക്തമായ നടപടി എടുക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മതനിരപേക്ഷത രാജ്യത്ത് ഏറ്റവുമധികം വെല്ലുവിളിക്കപ്പെടുകയാണ്. അത്തരമൊരു ഘട്ടത്തില്‍ മതനിരപേക്ഷത സംരക്ഷിക്കാനായി മതനിരപേക്ഷത ചിന്താഗതിക്കാരെല്ലാം അണിനിരക്കുകയയെന്നത് ഏറ്റവും പ്രധാനമാണ്. രാജ്യത്ത് ബഹുഭൂരിപക്ഷവും മതനിരപേക്ഷ ചിന്താഗതിക്കാരാണ്. ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസമില്ലാതെ മഹാഭൂരിപക്ഷം ജനങ്ങളും മതനിരപേക്ഷതയില്‍ അടിയുറച്ച്‌ നില്‍ക്കുന്നവരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇത് രാജ്യത്തിന്റെ പ്രത്യേകതയാണ്. ആ പ്രത്യേകത കൂടുതല്‍ കരുത്തോടെ മുമ്ബോട്ട് കൊണ്ടുപോകാനാകണം. ഏതെങ്കിലും വര്‍ഗീയതയെ പ്രീണിപ്പിച്ചു കൊണ്ട് മതനിരപേക്ഷതയെ സംരക്ഷിക്കാനാകില്ല. രാജ്യത്ത് എല്ലാവരും കാണ്‍കെത്തന്നെ വര്‍ഗീയത ശക്തമായിരിക്കുന്നു. ഇപ്പോഴെങ്കിലും തങ്ങള്‍ക്ക് പണ്ട് പറ്റിയത് അബദ്ധമായിപ്പോയെന്ന് ചിന്തിക്കുന്നുണ്ടോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. കോണ്‍ഗ്രസിനെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ പരേക്ഷവിമര്‍ശനം.

ഇപ്പോഴെങ്കിലും തങ്ങളുടെ പഴയ നിലപാടല്ല വേണ്ടത്, ശക്തമായി എതിര്‍ക്കണമെന്ന് ചിന്തിക്കുന്നുണ്ടോ. ഇപ്പോഴും പഴയ നിലപാട് തന്നെയാണ് തുടരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തഞ്ചം കിട്ടിയാല്‍ ചാടാമെന്ന മട്ടിലാണ് മതനിരപേക്ഷതയ്‌ക്കൊപ്പം നില്‍ക്കുന്നവരെന്ന് പറയുന്നവരില്‍ പലരുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.