അത് അപ്രതീക്ഷിതം, ജീവൻ തിരിച്ചു കിട്ടി; ലക്ഷ്യം പ്രവാസമെങ്കിൽ ഈ അനുഭവം നിങ്ങൾക്കൊരു പാഠം

ദുബായ് : മറ്റാരെയും പോലെ ശോഭനമായൊരു ഭാവിയുടെ ഭാരം പേറി തന്നെയായിരുന്നു തൃശ്ശൂർ ചാലക്കുടി സ്വദേശി സന്ദീവ് പാലക്കാപ്പറമ്പിൽ യുഎഇയിലെത്തിയത്. പക്ഷേ, അപ്രതീക്ഷിതമായി ആരോഗ്യസ്ഥിതി മോശമായപ്പോൾ എല്ലാം തകർന്നുപോയി. ഒടുവിൽ ഒന്നര മാസത്തോളം ദുബായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കിടന്ന ശേഷം ഇന്നലെ വെറുംകൈയോടെ നാട്ടിലേക്കു മടങ്ങി. സന്ദീവിന്റെ ഇൗ വരവും മടങ്ങിപ്പോക്കും ജോലി അന്വേഷിച്ചും അല്ലാതെയും യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലെത്തുന്നവർക്ക് ഒരു പാഠമാകേണ്ടതുണ്ടെന്ന് ആരോഗ്യരംഗത്തെ സന്നദ്ധ പ്രവർത്തകർ പറയുന്നു.ഏതാണ്ടു രണ്ടു മാസം മുൻപാണു സന്ദീവ് ജോലി അന്വേഷിച്ചു സന്ദർശക വീസയിൽ യുഎഇയിലെത്തിയത്. ജൂലൈ 28 വരെ യുഎഇയിൽ കഴിയാനുള്ള മൂന്നു മാസത്തെ സന്ദർശക വീസയായിരുന്നു എടുത്തിരുന്നത്. ഭാര്യയുടെ സ്വർണ്ണം പണയം വച്ചും സുഹൃത്തുക്കളോടും മറ്റും കടം വാങ്ങിയും വീസയും വിമാന ടിക്കറ്റുമെടുത്തു. ഭാര്യ അനു വീട്ടമ്മയാണ്. രണ്ടു മക്കൾ. മൂത്ത കുട്ടിക്ക് നാലു വയസായി. ഇളയതിന് ഒന്നര വയസേ ആയിട്ടുള്ളൂ. സ്വന്തമായൊരു വീട്, മക്കൾക്ക് നല്ല വിദ്യാഭ്യാസം എന്നീ ലക്ഷ്യങ്ങള്‍ പൂർത്തീകരിക്കലായിരുന്നു 43 –ാം വയസിൽ പ്രവാസജീവിതം തിരഞ്ഞെടുത്തതിനു പിന്നിലെ കാരണം. എന്നാൽ, ജോലിക്കു വേണ്ടി പല കമ്പനികളിലും കയറിയിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. അങ്ങനെയിരിക്കെയാണു ഹൃദയാഘാതമുണ്ടായത്. ഉടൻ ദുബായിലെ ആസ്റ്റർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ഹൃദയശസ്ത്രക്രിയ നടത്തിയതിനാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. ഒന്നര മാസത്തോളം അവിടെ കിടന്നു. പിന്നീട്, അസുഖം കുറച്ചു ഭേദമായപ്പോൾ ഇനിയും ഭാഗ്യപരീക്ഷണം നടത്താതെ തുടര്‍ ചികിത്സയ്ക്കായി എത്രയും പെട്ടെന്നു നാട്ടിലേക്കു പോകാനായിരുന്നു പലരുടെയും നിർദ്ദേശം.ഇതേ തുടർന്നു ജീവകാരുണ്യ പ്രവർത്തകരായ നസീർ വാടാനപ്പള്ളി, കരീം വലപ്പാട് എന്നിവർ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ടു വേണ്ട നടപടികൾ സ്വീകരിച്ചു. അപ്പോഴും വലിയൊരു ബാധ്യത എല്ലാവരെയും അലട്ടിക്കൊണ്ടിരുന്നു. ചികിത്സയ്ക്ക് ചെലവായ മൂന്നു ലക്ഷത്തോളം ദിർഹം എങ്ങനെ അടയ്ക്കും? ആ പ്രശ്നം പരിഹരിക്കാനുള്ള ഒാട്ടത്തിലാണ് എല്ലാവരും. ആസ്റ്റർ ആശുപത്രിയിലെ ഡോക്ടർമാരായ ചെല്ലദുരൈ ഹരിഹരനും ചൈതന്യയും കാര്യമായി സഹായിച്ചിരുന്നില്ലെങ്കിൽ സന്ദീവിന്റെ യാത്ര ഇത്ര പെട്ടെന്നു നടക്കില്ലായിരുന്നു.സന്ദീവിനെ നാട്ടിലേക്കു കൊണ്ടുപോകുമ്പോൾ സഹായത്തിന് ഒരു നഴ്സ് കൂടി പോയി. രണ്ടുപേർക്കുള്ള വിമാന ടിക്കറ്റും കിടപ്പുരോഗിയായതിനാൽ, സ്ട്രെച്ചർ അടക്കം യാത്രയ്ക്ക് 40,000 ദിർഹമാണു ഇന്ത്യൻ കോൺസുലേറ്റ് ചെലവാക്കിയത്. എന്നാൽ, ആശുപത്രി ബില്ലടക്കുക ‌എന്ന പ്രശ്നത്തിനു പരിഹാരമുണ്ടായിട്ടില്ലെന്നും ആശുപത്രി അധികൃതരുടെ കനിവിനാലാണു ഡിസ്ചാർജ് ചെയ്തു നാട്ടിലേക്കു കൊണ്ടുപോകാൻ സാധിച്ചതെന്നും നസീർ വാടാനപ്പള്ളി  പറഞ്ഞു. ഇവിടെയാണു സന്ദർശക വീസയിൽ ഗൾഫിലേക്കു വരുന്നവർ സന്ദീവിന്റെ കദനകഥ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതിന്റെ പ്രസക്തി.

🔴ആരോഗ്യ ഇൻഷുറൻസ് നിർബന്ധം

സന്ദീവിനെ പോലെ സന്ദർശക വീസയിലെത്തി ഗുരുതരമായ ആരോഗ്യപ്രശ്നമുണ്ടാവുകയും ചികിത്സാ ചെലവ് ബാധ്യതയായിത്തീരുകയും ചെയ്യുന്നവർ മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാരുണ്ട്. ഇതിന് ഏക പരിഹാരം വീസ എടുക്കുമ്പോൾ ആരോഗ്യ ഇൻഷുറൻസ് എടുക്കുക എന്നതു മാത്രമാണെന്ന് നസീർ വാടാനപ്പള്ളി, പ്രവീൺ എന്നിവർ പറയുന്നു.ഇക്കാര്യങ്ങൾ ഒട്ടേറെ പ്രാവശ്യം ഉണർത്തിച്ചെങ്കിലും ആരും ചെവിക്കൊള്ളുന്നില്ല. നിലവിൽ കോവിഡ്19 ഇൻഷുറൻസ് മാത്രമേ നിർബന്ധമുള്ളൂ എന്നതിനാൽ ആളുകൾ അതുമാത്രമേ എടുക്കുന്നുള്ളൂ. ഒരു മാസത്തെ സന്ദർശക വീസയ്ക്ക് കോവിഡ് ഇൻഷുറൻസ് ഉൾപ്പെടെ 340 ദിർഹം വരെയും മൂന്നു മാസത്തെ വീസയ്ക്ക് 700 മുതൽ 750 ദിർഹം വരെയും മാത്രമേ ട്രാവൽ ഏജൻസി ഇൗടാക്കുള്ളൂ. അതേസമയം, കോവിഡ്, ആരോഗ്യ ഇൻഷുറൻസ് ഒന്നിച്ചെടുക്കുമ്പോൾ ആകെ 120 ദിർഹത്തോളം
(2500 രൂപയോളം) മാത്രമേ ചെലവാകൂ എന്ന് അൽ വിസാം ട്രാവൽ ഏജൻസിയിലെ ഇ.കെ. ബഷീർ പറഞ്ഞു. എങ്കിലും ആരും ഇക്കാര്യം ഗൗരവമായി പരിഗണിക്കുന്നില്ല.

🔴രോഗം രംഗബോധമില്ലാത്ത കോമാളി

രോഗം രംഗബോധമില്ലാത്ത കോമാളിയെപ്പോലെയാണ്. എപ്പോൾ വേണമെങ്കിലും ആരോഗ്യത്തെ ആക്രമിക്കാം. ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ യുഎഇ അടക്കം ഗൾഫിൽ ചികിത്സാ ചെലവ് കൂടുതലാണ്. സർക്കാർ ആശുപത്രികളായ റാഷിദ്, ദുബായ് ആശുപത്രികളിൽപ്പോലും ചികിത്സയ്ക്ക് പണം നൽകേണ്ടതുണ്ട്. സന്ദർശക വീസയിൽ മാത്രമല്ല, തൊഴിൽ വീസയിൽ വരുന്നവരും ട്രാവൽ ഇൻഷുറൻസ് നിർബന്ധമായും എടുക്കണം. വീസാ ഏജൻസിയോട് അതു പ്രത്യേകം ആവശ്യപ്പെടണം. നിങ്ങൾ ചെലവഴിക്കേണ്ടതു കേവലം 2,500 രൂപയാണ്. അതു നഷ്ടപ്പെട്ടതായി കാണേണ്ടതില്ല. കാരണം, ആരോഗ്യത്തോടെ ഇരിക്കുന്നത് ഇക്കാലത്ത് മഹാഭാഗ്യമായി കാണേണ്ടിയിരിക്കുന്നു. സന്ദർശക വീസയിലോ മറ്റോ എത്തി രോഗബാധിതരായാൽ തുടർ ചികിത്സ വലിയൊരു ബാധ്യതയാണെന്ന് എല്ലാവരും തിരിച്ചറിയണം.

🔴സൗദിയിൽ പ്രസവ ചെലവ് ലഭിക്കും

സന്ദർശക വീസയിൽ എത്തുന്നവർക്കു പ്രസവ ചെലവും ‌‌അടിയന്തര ഘട്ടങ്ങളിൽ പരമാവധി 1,00,000 റിയാൽ വരെ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കുമെന്നു സൗദി കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാൽ, മറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടായാൽ സഹായം ലഭിക്കില്ല.ഗർഭധാരണം, എമർജൻസി പ്രസവം തുടങ്ങിയവക്കു പോളിസി കാലയളവിൽ പരമാവധി 5,000 റിയാൽ വരെയുള്ള പരിരക്ഷയാണു ലഭിക്കുക. സന്ദർശന ആവശ്യത്തിനായി സൗദിയിലേക്കു വരുന്നവർക്കു വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ ഇൻജാസ് പ്ലാറ്റ്‌ഫോം സന്ദർശിച്ചു വിസിറ്റ് വീസയ്ക്ക് ഇൻഷുറൻസ് നേടാനാകും. വീസയുടെ കാലാവധി കഴിഞ്ഞതിനു ശേഷം പുതുക്കുമ്പോൾ പുതിയ ഇൻഷുറൻസ് എടുക്കാൻ ഇവർ ബാധ്യസ്ഥരാണ്. കാലാവധി കഴിയാത്ത മെഡിക്കൽ ഇൻഷുറൻസ് ഉണ്ടെങ്കിൽ സന്ദർശന വീസയിൽ രാജ്യത്തേയ്ക്കു വരുമ്പോൾ തവക്കൽനയിൽ അവരുടെ ആരോഗ്യ നില “ഇൻഷുർ ചെയ്ത സന്ദർശകൻ” എന്ന് ആയിരിക്കുമെന്നു തവക്കൽന ആപ്പ് അധികൃതർ പറയുന്നു.

🔴കുവൈത്തിൽ സന്ദർശക വീസക്കാർക്ക് ആരോഗ്യ ഇൻഷുറൻസ്

കുവൈത്തിൽ സന്ദർശക വീസയിലെത്തുന്ന വിദേശികൾക്കും ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തണമെന്ന ബിൽ 2019ൽ പാർലമെന്റ് അംഗീകരിച്ചിരുന്നു. അന്നുവരെ തൊഴിൽ വീസയിലെത്തുന്ന വിദേശികൾക്കു മാത്രമാണ് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തിയിരുന്നത്. ഇതിനായി പ്രതിവർഷം 50 കുവൈത്ത് ദിനാർ ഫീസ് അടയ്ക്കണം.
ഇൗ ഭേദഗതി പ്രകാരം സന്ദർശക വീസയിൽ വരുന്നവരും താൽക്കാലിക ഇഖാമയിൽ ഉള്ളവരും ആരോഗ്യ ഇൻഷുറൻസ് ഫീസ് അടക്കുന്നു. അവർ കുവൈത്തിൽ കഴിയുന്ന കാലത്തേക്കു ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. സന്ദർശക വീസയ്ക്കും താത്കാലിക ഇഖാമയ്ക്കുമുള്ള അപേക്ഷ സ്വീകരിക്കണമെങ്കിൽ ആരോഗ്യ ഇൻഷുറൻസ് ഫീസ് അടച്ചതായുള്ള രേഖ ഹാജരാക്കണമെന്നും ബിൽ വ്യവസ്ഥ ചെയ്യുന്നു.  അപേക്ഷ ആരോഗ്യസമിതി രണ്ടു വർഷം മുൻപു അംഗീകാരം നൽകിയ ബില്ലാണു ഭൂരിപക്ഷ വോട്ടോടെ പാസാക്കിയത്. പാർലമെന്റ് അംഗീകരിച്ച ബിൽ മന്ത്രിസഭയുടെ പരിഗണനയ്ക്ക് അയക്കും. മന്ത്രിസഭയും ബില്ലിനു അംഗീകാരം നൽകിയാൽ നിയമം പ്രാബല്യത്തിൽ വരും. അതേസമയം, ഒമാൻ, ബഹ്റൈൻ, ഖത്തർ എന്നീ രാജ്യങ്ങളിലും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കിയിട്ടില്ല.