ശമ്പളം എന്ന് കിട്ടും? കെഎസ്ആർടിസിയിൽ വീണ്ടും സമരം: സർവീസ് മുടക്കില്ല

തിരുവനന്തപുരം • ശമ്പളം വിതരണം ചെയ്യാത്തതിനെ തുടര്‍ന്ന് കെഎസ്ആർടിസിയിൽ ഇന്നുമുതല്‍ വീണ്ടും സമരം. കെഎസ്ആര്‍ടിസി ആസ്ഥാനത്തിനു മുന്നില്‍ രാവിലെ മുതല്‍ സിഐടിയുവും ഐഎന്‍ടിയുസിയും സമരം തുടങ്ങും. അഞ്ചാംതീയതി കഴിഞ്ഞിട്ടും ശമ്പളം നല്‍കാത്തതോടെയാണ് യൂണിയനുകള്‍ സമരത്തിലേക്ക് കടക്കുന്നത്. എഐടിയുസിയുടെ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നാളെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ബസ് സര്‍വീസ് മുടക്കാതെയാണ് യൂണിയനുകളുടെ സമരം.അഞ്ചാം തീയതിക്ക് മുൻപ് ശമ്പളം നല്‍കണമെന്നായിരുന്നു യൂണിയനുകളുടെ ആവശ്യം. ഇത് നടക്കാതായതോടെയാണ് ഇത്തവണ സിഐടിയുതന്നെ സമരം തുടങ്ങി വയ്ക്കുന്നത്. രാവിലെ മുതല്‍ വൈകിട്ടുവരെ അനിശ്ചിതകാല സമരം എന്നാണ് തീരുമാനം. കെഎസ്ആര്‍ടിസി ആസ്ഥാനത്തിനു മുന്നില്‍ ഐഎന്‍ടിയുസിയുടെ രാപകല്‍ സമരവും ഇന്ന് തുടങ്ങും. കെഎസ്ആര്‍ടിസിയിലെ ശമ്പളപ്രശ്നത്തിന് പരിഹാരമാകാത്തതില്‍ സിപിഐയും കടുത്ത അതൃപ്തിയിലാണ്.ശമ്പളവിതരണത്തിനു വേണ്ട 85 കോടിയില്‍ 65 കോടിയാണ് സര്‍ക്കാരിനോട് മാനേജ്മെന്‍റ് ആവശ്യപ്പെടുന്നത്. എന്നാല്‍ തുക എന്നു നല്‍കാന്‍ കഴിയുമെന്നു സര്‍ക്കാര്‍ ഇതുവരെ മാനേജ്മെന്‍റിനെ അറിയിച്ചിട്ടില്ല. എക്കാലവും സര്‍ക്കാര്‍ സഹായം നല്‍കാന്‍ കഴിയില്ലെന്നു കഴിഞ്ഞതവണ പണം നല്‍കിയപ്പോള്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ വ്യക്തമാക്കിയിരുന്നു.സർക്കാരിൽനിന്ന് ആവശ്യപ്പെട്ട സഹായം ലഭിക്കാത്തതിനാൽ ഇരുപതാം തീയതിയതാകാതെ ശമ്പളം നൽകാനാവില്ലെന്നാണു മാനേജ്മെന്റ് നിലപാട്. കഴിഞ്ഞ തവണ ഓവര്‍ഡ്രാഫ്റ്റ് എടുത്താണ് ശമ്പളം നല്‍കിയത്. ഇത്തവണ 19 നു ശേഷമേ ഓവര്‍ഡ്രാഫ്റ്റ് എടുക്കാന്‍ സാധിക്കൂ.