പ്രകടനമായി പോകുന്നത് പൊലീസ് വിലക്കിയിരുന്നു. പ്രകടനമായി പോകുമെന്ന കോണ്‍ഗ്രസിന്റെ പ്രസ്താവനയെ തുടര്‍ന്ന് അക്ബര്‍ റോഡ് പരിസരത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ബാരിക്കേഡുകള്‍ അടക്കം പൊലീസ് സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ പൊലീസ് നിയന്ത്രണം വകവെക്കാതെ നൂറുകണക്കിന് പ്രവര്‍ത്തകരും നേതാക്കളും രാഹുലിന് പിന്തുണയായി സ്ഥലത്ത് എത്തിയിരുന്നു.
ഇവിടെ എത്തിയ കോണ്‍ഗ്രസ് നിരവധി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് പൊലീസ് വാഹനത്തിലേക്ക് മാറ്റി.കോണ്‍ഗ്രസ് ഇല്ലാത്ത കേസ് ഉണ്ടാക്കി പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. പൊലീസ് സംഘര്‍ഷാവസ്ഥ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. രാഹുല്‍ഗാന്ധി ചോദ്യം ചെയ്യലിന് ശേഷം പുറത്തു വരുന്നതു വരെ ഇ ഡി ഓഫീസിന് മുന്നില്‍ സത്യഗ്രഹസമരം നടത്തുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
രാവിലെ പ്രിയങ്ക ഗാന്ധിക്കൊപ്പം കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയശേഷമാണ് രാഹുല്‍ ഗാന്ധി ഇഡി ഓഫീസിലേക്ക് തിരിച്ചത്. കേസ് രാഷ്ട്രീയപ്രേരിതമായി ഉണ്ടാക്കിയതാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്നാല്‍ കേസിനെ കോണ്‍ഗ്രസ് നിയമപരമായി നേരിടുകയാണ് വേണ്ടതെന്നും, രാഷ്ട്രീയ നാടകങ്ങള്‍ അല്ല വേണ്ടതെന്നും ബിജെപി അഭിപ്രായപ്പെട്ടു.