നിലമ്പൂർ : കോട്ടയ്ക്കൽ വില്ലൂർ പള്ളിത്തൊടിയിൽ മുജീബ് റഹ്മാനെ (29) മമ്പാട്ടെ തുണിക്കടയുടെ ഗോഡൗണിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പണമിടപാടുമായി ബന്ധപ്പെട്ട് പ്രതികളുടെ ക്രൂരപീഡനത്തിനിരയായ മുജീബ് ആത്മഹത്യ ചെയ്തെന്നാണു കേസ്. മമ്പാട് സുലു ക്ലോത്ത് കാസിൽ ഉടമ മഞ്ചേരി കാരക്കുന്നിലെ മൂലത്ത് അബ്ദുൽ ഷഹദ് (ബാജു–23), നടുവൻതൊടിക ഫാസിൽ (23), കൊല്ലേരി മുഹമ്മദ് മിഷാൽ (22) ചിറക്കൽ മുഹമ്മദ് റാഫി (23), പയ്യൻ ഷബീബ് (28), പുൽപറ്റ ചുണ്ടാംപുറത്ത് ഷബീർ അലി (23), മരത്താണി മേച്ചേരി മുഹമ്മദ് റാഫി (27), മംഗലശ്ശേരി നമ്പൻകുന്നൻ മർവാൻ (23), കാരാപറമ്പൻ വള്ളിപ്പാടൻ അബ്ദുൽ അലി (36), നറുകര പുത്തലത്ത് ജാഫർ, (26), മഞ്ചേരിയിലെ വാടകസ്റ്റോർ ഉടമ കിഴക്കേത്തല പെരുംപള്ളി കുഞ്ഞഹമ്മദ് (56), മകൻ മുഹമ്മദ് അനസ് (25) എന്നിവരെയാണ് ഇൻസ്പെക്ടർ പി.വിഷ്ണു അറസ്റ്റ് ചെയ്തത്. ഒരു പ്രതി ഒളിവിലാണ്.
സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്: ഒന്നാം പ്രതി ഷഹദിന്റെ മഞ്ചേരി 32ലെ ഹാർഡ്വെയർ കടയിലെ ജീവനക്കാരനാണ് മറ്റൊരു പ്രതിയായ ഷബീർ അലി. അബ്ദുൽ അലിയും ജാഫറും മഞ്ചേരി ടൗണിൽ ഓട്ടോ ഡ്രൈവർമാരാണ്. വെൽഡിങ് ഉൾപ്പെടെ ഇൻഡസ്ട്രിയൽ ജോലികൾ കരാറെടുക്കുന്ന ആളാണ് മരിച്ച മുജീബ് റഹ്മാൻ. 2 മാസം മാസം മുൻപ് ഷഹദിന്റെ ഹാർഡ്വെയർ കടയിൽനിന്ന് വെൽഡിങ് സാമഗ്രികളും മറ്റും വാങ്ങിയ ഇനത്തിൽ 64,000 രൂപ മുജീബിന് കടബാധ്യതയുണ്ട്. അബ്ദുൽ അലിക്കും മുജീബ് പണം കൊടുക്കാനുണ്ട്. കുഞ്ഞഹമ്മദിന്റെ സ്റ്റോറിൽനിന്ന് വാടകയ്ക്കെടുത്ത വെൽഡിങ് യന്ത്രവും തിരിച്ചുകൊടുത്തില്ലെന്ന് മുജീബിനെതിരെ പരാതിയുണ്ട്.
എല്ലാവരും മുജീബിനെ അന്വേഷിച്ചെങ്കിലും താമസം മാറ്റിയതിനാൽ കണ്ടെത്താനായില്ല തുടർന്ന് ഷഹദ് സുഹൃത്തുക്കളുമായി ചേർന്ന് മുജീബിനെ പിടിച്ചുകൊണ്ടുവരാൻ പദ്ധതി ആസൂത്രണം ചെയ്തു. ഇയാളെ കണ്ടുപിടിക്കാൻ അബ്ദുൽ അലി, ജാഫർ എന്നിവർക്ക് 10,000 രൂപ പ്രതിഫലം വാഗ്ദാനം ചെയ്തു. ഓമാനൂരിൽ മുജീബിന്റെ താമസസ്ഥലം ഇരുവരും മനസ്സിലാക്കി. 17ന് ഉച്ചയ്ക്ക് 3.30ന് അബ്ദുൽ അലി, മുജീബിന്റെ ജോലിസ്ഥലത്തെത്തി പണമാവശ്യപ്പെട്ടു ബഹളമുണ്ടാക്കി. ഇരുവരും തമ്മിൽ ഉന്തും തള്ളും നടന്നു. തിരികെ പോയ അബ്ദുൽ അലി ഷഹദിനെയും കുഞ്ഞഹമ്മദിനെയും വിവരം അറിയിച്ചു. എല്ലാവരും മഞ്ചേരി തുറക്കലിൽ ഒത്തുചേർന്ന് തട്ടിക്കൊണ്ടുവരാൻ പദ്ധതിയിട്ടു. രാത്രി 7ന് ഓമാനൂരിൽനിന്ന് മുജീബിനെ പിടികൂടി കാരക്കുന്ന് ഹാജിയാർ പള്ളിയിലെ വിജനമായ മൈതാനത്തെത്തിച്ചു. കൈകൾ കൂട്ടിക്കെട്ടി മർദ്ദിച്ചു. രാവിലെ പണം എത്തിച്ചുതരാമെന്ന് അറിയിച്ചിട്ടും മർദ്ദനം തുടർന്നതായി പൊലീസ് പറഞ്ഞു.നിലവിളിച്ചപ്പോൾ വായിൽ തുണി തിരുകി മർദ്ദനം തുടർന്നു. കൈകൾ കൂട്ടിക്കെട്ടിയ മുജീബിന്റെ ദൃശ്യം ഭാര്യ പാണ്ടിക്കാട് സ്വദേശിനി പുലിക്കോട്ടിൽ രഹ്നയ്ക്ക് അയച്ചുകൊടുത്തു. 4.30ന് മുജീബിനെ കാറിൽ കയറ്റി മമ്പാട്ടെ തുണിക്കടയുടെ ഗോഡൗണിൽ എത്തിച്ചു. കസേരയിൽ ഇരുത്തി കൈകാലുകൾ ബന്ധിച്ച് മർദ്ദനം തുടർന്നു. അങ്ങാടിയിൽ പുലർച്ചെ ആളുകളിറങ്ങിത്തുടങ്ങിയതോടെ മർദ്ദനം നിർത്തി പ്രതികൾ മുറി പൂട്ടി പുറത്തുപോയി. മുൻപ് ബാങ്കിന്റെ സ്ട്രോങ് റൂമായി ഉപയോഗിച്ചിരുന്ന വായുവും വെളിച്ചവും കടക്കാത്ത മുറിയിലാണ് പൂട്ടിയിട്ടത്. രാവിലെ 10ന് തിരിച്ചെത്തിയ ഫാസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെന്നാണ് പൊലീസിനെ അറിയിച്ചത്. വിവരം അറിഞ്ഞെത്തിയ ഷഹദും ചേർന്ന് മൃതദേഹം കെട്ടഴിച്ച് നിലത്തുകിടത്തി തുണിയിട്ടു മൂടി.
കസേരയിലെ കെട്ടഴിച്ച മുജീബ് രക്ഷപ്പെടാൻ മാർഗ്ഗമില്ലാതെ കൂടുതൽ പീഡനം ഭയന്ന് തൂങ്ങിമരിച്ചെന്നാണ് പൊലീസിന്റെ നിഗമനം. തട്ടിക്കൊണ്ടുവരാൻ ഉപയോഗിച്ച ഷഹദിന്റെ കാർ പോലീസ് കസ്റ്റഡിയിലെടുത്തു. ഓട്ടോറിക്ഷയും മറ്റൊരു കാറും കിട്ടാനുണ്ട്. അന്യായമായ സംഘം ചേരൽ, തട്ടിക്കൊണ്ടുപോകൽ, വധശ്രമം, ആത്മഹത്യാ eപ്രരണ തുടങ്ങിയ കുറ്റങ്ങൾ പ്രതികൾക്കെതിരെ ചുമത്തി.എസ് ഐമാരായ നവീൻഷാജ്, എം.അസൈനാർ, എഎസ്ഐ വി.കെ.പ്രദീപ്, റെനി ഫിലിപ്പ്, സതീഷ് കുമാർ, കെ.അനിൽ കുമാർ, എ.ജാഫർ, എൻ.പി.സുനിൽ, കെ.ടി.ആഷിഫ് അലി, ടി.നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.