സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കും. പുതുക്കിയ നിരക്ക് റെഗുലേറ്ററി കമ്മീഷൻ ശനിയാഴ്ച ഉച്ചയ്ക്ക് 3.30ന് പ്രഖ്യാപിക്കും. നിരക്ക് വർദ്ധനയിലൂടെ 2,284 കോടി വരുമാനം കണ്ടെത്താനാകുമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ.
ഗാർഹിക ഉപഭോക്താക്കൾക്ക് ശരാശരി 18.14 ശതമാനം നിരക്ക് കൂട്ടണം. ചെറുകിട വ്യവസായിക ഉപഭോക്താക്കൾക്ക് 11.88 ശതമാനവും, വൻകിട വ്യാവസായിക ഉപഭോക്താക്കൾക്ക് 11.47 ശതമാനം വർദ്ധനയും വേണമെന്നാണ് കെഎസ്ഇബിയുടെ ശുപാർശ. ചെറുകിട കാർഷിക ഉപഭോക്താക്കൾക്ക് നിലവിൽ യൂണിറ്റിന് 2.75 രൂപയെന്നത് 3.64 രൂപയാക്കണം. വൻകിട കാർഷിക ഉപഭോക്താക്കൾക്ക് 5.67 രൂപയെന്നത് 6.86 രൂപയാക്കി ഉയർത്തണം. കൊച്ചി മെട്രോക്കുള്ള നിരക്ക് യൂണിറ്റിന് 6.46 രൂപയെന്നത് 7.18 ആക്കി ഉയർത്തണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടിട്ടുണ്ട്.