അയിരൂർ : ആഴത്തിലുള്ള അറിവ് നേടണമെങ്കിൽ പുസ്തകം തന്നെ വായിക്കണമെന്ന തിരിച്ചറിവ് കൈവരാൻ ചെറിയ കുട്ടികൾക്ക് വഴികാട്ടിയായി ബാലപ്രസിദ്ധീകരണങ്ങൾ നൽകി ജനമൈത്രി പോലീസ് ഓഫീസർമാരുടെ പരിപാടി ശ്രദ്ധേയമായി. അയിരൂർ ഗവ.യുപി സ്കൂളിൽ നടന്ന പരിപാടിയിലാണ് അയിരൂർ പോലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസർമാരായ കെ. ബൈജു, നിഷാദ്, ആർ.എസ്. രഞ്ജിത് എന്നിവർ ചേർന്ന് സ്കൂൾ കുട്ടികൾക്കായി പുസ്തകങ്ങൾ സമാഹരിച്ചു നൽകിയത്. ചടങ്ങിന്റെ ഉദ്ഘാടനം എസ്ഐ എ. സജിത്ത് നിർവഹിച്ചു. മൊബൈലും അതോടനുബന്ധിച്ച ഗെയിംസ്കളിലും ആകൃഷ്ടരായി പുസ്തക വായനയിൽ നിന്നു അകന്ന് പോകുന്ന പുതിയ തലമുറയുടെ പ്രവണത ആപൽക്കരമെന്നു സജിത്ത് വിശേഷിപ്പിച്ചു. പുസ്തക വിതരണ ചടങ്ങിൽ ഇലകമൺ പഞ്ചായത്ത് പ്രസിഡന്റ് ആർ. സൂര്യ, പ്രഥമാധ്യാപിക നിർമ്മല .എസ്, സ്കൂൾ പിടിഎ പ്രസിഡന്റ് ജി. അജയകുമാർ, വാർഡ് അംഗം ഷീജ, അദ്ധ്യാപിക വി.ബിന്ദു, പി. വീണ തുടങ്ങിയവർ പങ്കെടുത്തു.