തിരുവനന്തപുരം: വിജിലൻസ് ഡയറക്ടര്‍ എം ആര്‍ അജിത് കുമാറിനെ മാറ്റാന്‍ നീക്കം. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് സർക്കാർ നീക്കം. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ഉടന്‍ ഉത്തരവ് പുറത്തിറങ്ങും. പകരം നിയമനം ഉടനില്ല എന്നാണ് സൂചന. വിജിലൻസിന്റെ ചുമതല ഐജിക്ക് നൽകും. ഷാജ് കിരണുമായി അജിത് ഫോണിൽ സംസാരിച്ചു എന്നതിന്‍റെ അടിസ്ഥാനത്തിലാണ് മാറ്റം.വിജിലൻസ് മേധാവി എം ആർ അജിത് കുമാർ, ലോ ആന്‍റ് ഓർഡർ എഡിജിപി എന്നിവരുമായി ഷാജ് കിരൺ നിരന്തരം സംസാരിച്ചെന്ന് സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. സർക്കാറിനെയും പൊലീസിനെയും പ്രതികൂട്ടിലാക്കുന്ന ആരോപണം പുറത്ത് വന്ന് ഒരു ദിവസമായിട്ടും ദൂതനായി എത്തിയ ഷാജ് കിരണിന്‍റെ മൊഴി എടുക്കാൻ പോലും പൊലീസ് തയ്യറായിട്ടില്ല. ആരോപണത്തിന്‍റെ വാസ്തവം പുറത്ത് കൊണ്ടുവരേണ്ടത് പൊലീസാണ്. അന്വേഷണവുമായി സഹകരിക്കാമെന്ന് ഷാജ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇതുവരെ പൊലീസ് ബന്ധപ്പെട്ടിട്ടില്ലെന്ന് ഷാജ് പറഞ്ഞു