സതേൺ ക്രയോണിക്‌സ് എന്ന കമ്പനിയാണ് ഇത് വാഗ്ദാനം ചെയ്തിരിക്കുന്നത്. സ്ഥാപനത്തിന്റെ സിഡ്‌നി ആസ്ഥാനത്ത് നിന്ന് 500 കിലോമീറ്റർ തെക്ക്-പടിഞ്ഞാറ് മാറി ന്യൂ സൗത്ത് വെയിൽസിലാണ് ഈ ഹൈടെക് ലാബ് സ്ഥാപിച്ചിരിക്കുന്നത്. സ്റ്റീൽ അറകളിൽ -200 ഡിഗ്രിയ്ക്ക് താഴെ താപനിലയിലാണ് മൃതദേഹം സൂക്ഷിക്കുക. ഒരു അറയിൽ നാല് മൃതദേഹങ്ങൾ വരെ സൂക്ഷിക്കാനാകും. ലിക്വിഡ് നൈട്രജനിൽ പൊതിഞ്ഞായിരിക്കും അത് സൂക്ഷിക്കുന്നത്. അതിനകത്ത് തലകീഴായിട്ടായിരിക്കും ശവശരീരം സൂക്ഷിക്കുക. അറയിൽ എങ്ങാൻ വാതകചോർച്ച ഉണ്ടായാൽ, തലച്ചോറിനെ സംരക്ഷിക്കാൻ വേണ്ടിയാണ് ഇത്. ആകെ മൊത്തം 40 അറകളാണ് ഉള്ളത്. അതിൽ ഭൂരിഭാഗവും അതിന്റെ സ്ഥാപകർക്കായി നീക്കിവച്ചിരിക്കയാണ്. സതേൺ ക്രയോണിക്‌സിൽ 34 സ്ഥാപക അംഗങ്ങളുണ്ട്. അവർ ഓരോരുത്തരും ഇതിനായി $ 50,000 മുതൽ $ 70,000 വരെ പണമടച്ചു കഴിഞ്ഞു. എന്നാൽ അധിക വെയർഹൗസുകൾ നിർമ്മിച്ചുകഴിഞ്ഞാൽ 600 സ്പോട്ടുകൾ കൂടി ചേർക്കാൻ കമ്പനി പദ്ധതിയിടുന്നു. ഒരാൾക്ക് ഒന്നരക്കോടിയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.
ഇങ്ങനെ മനുഷ്യശരീരങ്ങളെ അതിശൈത്യമായ താപനിലയിൽ അറകൾക്കുള്ളിൽ സൂക്ഷിക്കുന്ന രീതിയെ ക്രയോണിക്‌സ് എന്നാണ് വിളിക്കുന്നത്. ഭാവിയിൽ ഏതെങ്കിലും കാലത്ത് മനുഷ്യനെ ജീവിപ്പിക്കാൻ ശാസ്ത്രത്തിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇതെല്ലാം ചെയ്യുന്നത്. അതിൽ യാതൊരു ഉറപ്പുമില്ല. അതുകൊണ്ട് തന്നെ ഈ പദ്ധതിയിൽ ചേരുന്നവർക്ക് യാതൊരു ഗ്യാരണ്ടിയോ, റീഫണ്ടുകളോ കമ്പനി വാഗ്ദാനം ചെയ്യുന്നില്ല.അതിന് പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്. 1970 -കളുടെ അവസാനത്തിൽ ക്രയോണിക്സ് സൊസൈറ്റി ഓഫ് കാലിഫോർണിയ പ്രസിഡന്റ് റോബർട്ട് നെൽസൺ ഫണ്ട് തീർന്നതിനെത്തുടർന്ന് ഇത്തരമൊരു പദ്ധതിയിൽ നിന്ന് പിന്മാറുകയുണ്ടായി. അതോടെ സംരക്ഷിക്കപ്പെടേണ്ട ഒമ്പത് മൃതദേഹങ്ങൾ അഴുകാൻ തുടങ്ങി. തുടർന്ന്, മരണപ്പെട്ടവരുടെ കുടുംബങ്ങൾ നെൽസണെതിരെ കേസ് ഫയൽ ചെയ്തു. നെൽസൺ പിന്നീട് ഫ്രീസിംഗ് പീപ്പിൾ ഈസ് (നോട്ട്) ഈസി എന്ന പേരിൽ ഒരു ഓർമ്മക്കുറിപ്പും എഴുതുകയുണ്ടായി. ഇതിന് പിന്നിൽ നിലനിൽക്കുന്ന വെല്ലുവിളികളും, അനിശ്ചിതത്വവും മൂലമാണ് കമ്പനിയ്ക്ക് അത്തരം യാതൊരു ഉറപ്പുകളും നല്കാൻ സാധിക്കാത്തത്.