*പീഡന പരാതികൾ ഏറുന്നു ; ബസ് ജീവനക്കാർ നിരീക്ഷണത്തിൽ*

വിദ്യാര്‍ത്ഥിനികളെ ബസ് ജീവനക്കാര്‍ വശീകരിച്ചു വലയില്‍ വീഴ്ത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഏറിയതോടെ പോലീസ് ശക്തമായ നടപടികളിലേക്ക് നീങ്ങുന്നു. ബസ് ജീവനക്കാരെക്കുറിച്ചുമുള്ള പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. ഇതോടൊപ്പം സ്‌കൂള്‍ ബസ്സുകളിലെ ഡ്രൈവര്‍മാര്‍, ആയമാര്‍ എന്നിവരെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കുന്നുണ്ട്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ചതോടെയാണ് ഇക്കാര്യത്തില്‍ സത്വരശ്രദ്ധ കൊടുക്കുന്നത്. തങ്ങള്‍ നിയോഗിക്കുന്ന കണ്ടക്ടര്‍മാരോ ഡ്രൈവര്‍മാരോ മറ്റ് ജീവനക്കാരോ ക്രിമിനല്‍ കേസുകളിലോ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലോ ഇടപെട്ടിട്ടുണ്ടെങ്കില്‍ അക്കാര്യം സ്വകാര്യ ബസ്സുടമകള്‍ പോലീസില്‍ അറിയിക്കണം. മാത്രമല്ല ഇത്തരം ആളുകളെ നിയോഗിക്കുന്നത് ഒഴിവാക്കണമെന്നും പോലീസ് നിര്‍ദ്ദേശിക്കുന്നു.

സ്‌കൂള്‍ ബസ് ജീവനക്കാരുടെ വിശദാംശങ്ങള്‍ സംബന്ധിച്ച സാക്ഷ്യപത്രം അതാത് സ്‌കൂള്‍ അധികാരികള്‍ പോലീസില്‍ ഹാജരാക്കണം. സ്വകാര്യ ബസ്സുകളില്‍ കുട്ടികളെ കയറ്റാത്തതും സീറ്റുകളില്‍ ഇരുത്താത്തതും സംബന്ധിച്ചുമുള്ള പരാതികളും ഗൗരവമായി കാണും. ഇത് നേരിട്ട് വിലയിരുത്താന്‍ മഫ്തി പോലീസിനെ ബസ്സുകളിലും സ്‌കൂള്‍ കവാടങ്ങളിലും സ്റ്റാന്‍ഡുകളിലും നിയോഗിക്കും. സ്‌കൂള്‍,കോളേജ് വിദ്യാര്‍ത്ഥികളുടെ യാത്ര സംബന്ധമായും മറ്റുമുള്ള പരാതികള്‍ പരിഹരിക്കുന്നതിന് അടിയന്തിര ശ്രദ്ധ കൊടുക്കാന്‍ എസ്.എച്ച്‌.ഒമാര്‍ക്ക് എ.എസ്.പി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യ ബസ്സുകളുടെയും സ്‌കൂള്‍ വാഹനങ്ങളുടെയും ജീവനക്കാരില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള മോശം അനുഭവം ഉണ്ടായാല്‍ അപ്പോള്‍ത്തന്നെ സ്‌കൂള്‍ അധികാരികളെയോ മാതാപിതാക്കളെയോ അറിയിക്കണം. അവര്‍ ഇക്കാര്യം മറച്ച്‌ വയ്ക്കാതെ അതത് പോലീസ് അധികാരികളെയും അറിയിക്കണം.