* വാഹനം നിർത്തിയില്ലെങ്കിലും പിടിവീഴും; മോട്ടോർവാഹന വകുപ്പിന്റെ ഓപ്പറേഷൻ റേസിന് ഇന്ന് തുടക്കം*

_👉🏻 പരിശോധനാ വേളയിൽ നിർത്താതെ പോകുന്ന വാഹന ഉടമകളുടെ വിലാസത്തിലെത്തി പിഴയീടാക്കും_*

*തിരുവനന്തപുരം :* ഇരുചക്ര വാഹനങ്ങളുടെ മത്സരയോട്ടത്തിനെതിരെ കർശന നടപടിയുമായി മോട്ടോർവാഹനവകുപ്പ്. ഓപ്പറേഷൻ റേസ് എന്ന പേരിൽ അടുത്ത രണ്ടാഴ്ച കർശന പരിശോധന നടത്തും. കുറ്റകൃത്യം ശ്രദ്ധയിൽപെട്ടാൽ കർശന നടപടി ഉണ്ടാകുമെന്നും മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കി.

പൊതുനിരത്തുകളിൽ ഇത്തരത്തിൽ മത്സര ഓട്ടം അനുവദിക്കാനാകില്ലെന്ന് മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം വിഴിഞ്ഞം മുക്കോല ബൈപാസിൽ മത്സര ഓട്ടം നടത്തിയ രണ്ട് യുവാക്കൾക്ക് ജീവൻ നഷ്ടമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കുന്നത്. ‘ ഓപ്പറേഷൻ റേസ്’ എന്ന പേരിലുള്ള കർശന പരിശോധന ബുധനാഴ്ച ആരംഭിക്കും.

രൂപമാറ്റം വരുത്തിയും അമിതവേഗത്തിൽ ഓടിച്ചും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന വാഹനങ്ങളുടെ രജിസ്ട്രേഷനും ഓടിക്കുന്ന ആളിന്റെ ലൈസൻസും റദ്ദാക്കുകയും പിഴയീടാക്കുകയും ചെയ്യും. പരിശോധനാ വേളയിൽ നിർത്താതെ പോകുന്ന വാഹന ഉടമകളുടെ വിലാസത്തിലെത്തി പിഴയീടാക്കും.

പ്രത്യേക സൗകര്യങ്ങളുള്ള റേസ് ട്രാക്കിൽ നടത്തേണ്ട മോട്ടോർ റേസ് സാധാരണ റോഡിൽ നടത്തി യുവാക്കൾ അപകടത്തിൽപ്പെട്ട് മരണമടയുന്നത് അടുത്ത കാലത്ത് വർദ്ധിച്ച് വരുന്നതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പിന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിർദ്ദേശം നൽകിയിരുന്നു.