പട്ടാപ്പകലും വിലസി കുട്ടിക്കള്ളന്മാർ, പ്രധാനമോഷണം സൈക്കിൾ, ക്യാമറയിൽ കുടുങ്ങി മൂന്ന് പേർ

തിരുവനന്തപുരം: വെങ്ങനൂരിലും പരിസര പ്രദേശങ്ങളിലും കുട്ടികള്ളന്മാർ വിലസുന്നു. വീടുകളിൽ കയറി ഇവർ പ്രധാനമായും മോഷ്ടിക്കുന്നത് സൈക്കിളുകളാണ്. പട്ടാപ്പകൽ പോലും കുട്ടികള്ളന്മാരുടെ മോഷണം പതിവായതോടെ ആശങ്കയിലാണ് നാട്ടുകാർ. കഴിഞ്ഞ ദിവസം വിഴിഞ്ഞം വെങ്ങാനൂരിലെ പഴയ കെ.എസ്. ഇ.ബി ഓഫീസിന് എതിർവശത്തുള്ള വീട്ടിൽ നിന്ന് കുട്ടികള്ളന്മാർ സൈക്കിൾ മോഷ്ടിക്കുന്ന സി.സി. ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. സൈക്കിളിൽ എത്തിയ മൂന്ന് കുട്ടികൾ വീടിന് സമീപം എത്തി പരിസരം വീക്ഷികുന്നതും ഇതിൽ ഒരു കുട്ടി മതിൽ ചാടി കടന്നു വീടിനുള്ളിൽ കയറുന്നതും ദൃശ്യങ്ങളിൽ കാണാം. തുടർന്ന് സൈക്കിൾ പൊക്കി മതിലിനു അപ്പുറം നിൽക്കുന്ന കൂട്ടുകാർക്ക് കൈമാറിയ ശേഷം കുട്ടി മതിൽ ചാടി പുറത്ത് കടക്കുന്നതും മൂവരും രക്ഷപ്പെടുന്നതും ദൃശ്യത്തിൽ ഉണ്ട്. കൃത്യമായി സൈക്കിൾ ഉണ്ടെന്ന് മാൻസിലാക്കിയാണ് ഇവർ മോഷണത്തിന് എത്തിയത് എന്ന് ദൃശ്യത്തിൽ വ്യക്തമാണ്. കഴിഞ്ഞ കുറച്ച് നാളുകളായി പ്രദേശത്ത് മോഷണങ്ങൾ പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്.