ഓസ്‌ട്രേലിയ സഞ്ജുവിന് പറ്റിയ ഇടം, ലോകകപ്പ് ടീമില്‍ വേണം; മലയാളിതാരത്തിനായി കളത്തിലിറങ്ങി രവി ശാസ്‌ത്രി

ദില്ലി: സഞ്ജു സാംസണിന്(Sanju Samson) വേണ്ടി വാദിച്ച് ഇന്ത്യന്‍ മുന്‍ പരിശീലകന്‍ രവി ശാസ്ത്രി(Ravi Shastri). ടി20 ലോകകപ്പ് (ICC Men's T20 World Cup 2022) ടീമിൽ സഞ്ജുവിനെ ഉള്‍പ്പെടുത്തണമെന്ന് ശാസ്ത്രി പറഞ്ഞു. ഐപിഎല്ലില്‍(IPL 2022) രാജസ്ഥാന്‍ റോയൽസിനെ ഫൈനലിലെത്തിക്കുകയും അതിവേഗ ഇന്നിംഗ്സുകളിലൂടെ റൺറേറ്റ് ഉയര്‍ത്തുകയും ചെയ്ത സ‍ഞ്ജു സാംസണെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്‍റി 20 പരമ്പരയ്‌ക്കുള്ള(IND vs SA T20Is) ഇന്ത്യന്‍ ടീമിൽ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാൽ ഒക്ടോബറില്‍ ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്‍റി 20 ലോകകപ്പിൽ സഞ്ജുവിനെ പരിഗണിക്കണമെന്നാണ് ഇന്ത്യന്‍ ടീം മുഖ്യ പരിശീലനായി തിളങ്ങിയ രവി ശാസ്ത്രിയുടെ വാദം. ബൗൺസ് ഏറെ ലഭിക്കുന്ന ഓസ്ട്രേലിയന്‍ പിച്ചുകളില്‍ ബൗളര്‍മാര്‍ക്ക് മേൽ ആധിപത്യം സ്ഥാപിക്കാന്‍ ഏറ്റവും അധികം സാധ്യതയുള്ള ഇന്ത്യന്‍ ബാറ്റര്‍ സഞ്ജു ആണെന്ന് ശാസ്ത്രി പറഞ്ഞു.  ലോകകപ്പിനുള്ള 15അംഗ ടീമിൽ ഇടം ലഭിച്ചില്ലെങ്കിലും റിസര്‍വ് ബാറ്ററായി സഞ്ജുവിനെ പരിഗണിച്ചേക്കാമെന്ന് ന്യൂസിലന്‍ഡ് മുന്‍ നായകന്‍ ഡാനിയേൽ വെട്ടോറിയും പറഞ്ഞു. ഇംഗ്ലണ്ട് പര്യടനത്തിനൊപ്പം അയര്‍ലന്‍ഡിൽ നടക്കുന്ന ട്വന്‍റി 20 പരമ്പരയിൽ സഞ്ജുവിന് അവസരം ലഭിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.സഞ്ജു സാംസണില്ലാതെ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടി20 പരമ്പരയ്‌ക്ക് ടീം ഇന്ത്യ ഇന്ന് തുടക്കമിടുകയാണ്. ദില്ലിയിൽ രാത്രി 7 മണിക്കാണ് മത്സരം തുടങ്ങുക. പരിക്കേറ്റ കെ എൽ രാഹുലിന് പകരം റിഷഭ് പന്താണ് ടീമിനെ നയിക്കുക. കുൽദീപ് യാദവും പരമ്പരയിൽ കളിക്കില്ല. രാഹുലിന് പകരം റുതുരാജ് ഗെയ്‌‌ക്‌വാദ്, ഇഷാൻ കിഷനൊപ്പം ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യും. റിഷഭ് പന്ത്, ശ്രേയസ് അയ്യർ, ഹാർദിക് പണ്ഡ്യ, വെങ്കിടേഷ് അയ്യർ, ദീപക് ഹൂഡ എന്നിവരിലും പ്രതീക്ഷ. പേസ് സെൻസേഷൻ ഉമ്രാൻ മാലിക്കിന് അരങ്ങേറ്റം ലഭിച്ചേക്കാം. അർഷ്ദീപ് സിംഗ്, ആവേശ് ഖാൻ എന്നിവരും ടീമിലിടം കിട്ടാൻ മത്സരിക്കുന്നു. ഫിനിഷറായി ദിനേശ് കാർത്തിക്ക് തിരിച്ചെത്താനും സാധ്യതയുണ്ട്.ട്വന്‍റി 20യിൽ 12 തുടർ വിജയങ്ങളുമായാണ് ഇന്ത്യ പ്രോട്ടീസിനെതിരെയിറങ്ങുന്നത്. നേർക്കുനേർ പോരിൽ മുൻതൂക്കം ഇന്ത്യക്ക്. 15 കളിയിൽ 9ൽ ഇന്ത്യയും ആറിൽ ദക്ഷിണാഫ്രിക്കയും ജയിച്ചു. ഐപിഎല്ലിൽ ടീമിനെ നയിച്ച് പരിചയമുള്ള റിഷഭ് പന്തിനെ നായകനും ഹാർദിക് പാണ്ഡ്യയെ ഉപനായകനുമാക്കിയാണ് ഇന്ത്യ ഇറങ്ങുന്നത്.