'പൈസയില്ലെങ്കിൽ എന്തിനാടാ.....ഗ്ലാസ് ഡോർ പൂട്ടിയിട്ടത്'; നിരാശയോടെ കുറിപ്പെഴുതി കള്ളൻ -വീഡിയോ

തൃശൂർ: അർധരാത്രി പൂട്ടും പൊളിച്ച് അകത്ത് കടന്ന് ഒന്നും കിട്ടാതെ വരുമ്പോൾ ചിലപ്പോൾ ഏത് കള്ളനും ദേഷ്യപ്പെടും. അങ്ങനെയൊരു സംഭവമാണ് തൃശൂർ കുന്നംകുളത്തുണ്ടായിരിക്കുന്നത്. മൂന്നുകടകളിൽ കള്ളൻ മോഷണത്തിനായി കയറി. ‌ഒരു കടയിൽ നിന്ന് 12000 രൂപയും ഒരു കടയിൽ നിന്ന് 500 രൂപയും മോഷ്ടിച്ചു. മൂന്നാമത്തെ കടയിലായിരുന്നു കള്ളന് പ്രതീക്ഷ. നല്ല സെറ്റപ്പ് കടയാണെന്നും നിറയെ പണമുണ്ടാകുമെന്നും കരുതി. മൂന്നാമത്തെ കടയുടെ കണ്ണാടി ഡോർ തകർത്ത് അകത്തു കയറി. ഏറെ പണിപ്പെട്ടാണ് കണ്ണാടി വാതിൽ തകർത്തത്.എന്നാൽ, അലമാരയടക്കം ആകെ തപ്പിയിട്ടും അഞ്ച് പൈസ കിട്ടിയില്ല. ഇതോടെ നിരാശനായ കള്ളൻ കണ്ണാടിച്ചില്ലിൽ ഇങ്ങനെ എഴുതി- ''പൈസയില്ലെങ്കിൽ എന്തിനാടാ...... .ഗ്ലാസ് ഡോർ പൂട്ടിയിട്ടത് വെറുതെ തല്ലിപ്പൊട്ടിച്ചു. ഒരു ജോഡി ഡ്രസ് മാത്രം എടുക്കുന്നു''. സിസിടിയിൽ ഇയാളുടെ ദൃശ്യം പതിഞ്ഞു. മുഖം വ്യക്തമാണ്. കള്ളനെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.