ഡബ്ലിന്‍: അയർലന്‍ഡിനെതിരായ രണ്ടാം ടി20യിലെ(IRE vs IND 2nd T20I) സഞ്ജു സാംസണിന്‍റെ(Sanju Samson) ബാറ്റിംഗിനെ പ്രശംസിച്ച് ഇന്ത്യന്‍ മുന്‍ ഓൾറൗണ്ടർ ഇർഫാന്‍ പത്താന്‍(Irfan Pathan). സഞ്ജു സാംസണ്‍ അവസരം നന്നായി വിനിയോഗിച്ചു എന്നാണ് പത്താന്‍റെ പ്രശംസ. മത്സരത്തില്‍ രാജ്യാന്തര ടി20 കരിയറിലെ തന്റെ ഏറ്റവുമുയർന്ന സ്കോറും കന്നി അർധ സെഞ്ചുറിയും സഞ്ജു സ്വന്തമാക്കിയിരുന്നു. ദീപക് ഹൂഡയ്ക്കൊപ്പം റെക്കോർഡ് കൂട്ടുകെട്ടും സഞ്ജു സ്ഥാപിച്ചു. 13 റണ്‍സിനിടെ ആദ്യ വിക്കറ്റ് വീണ ഇന്ത്യക്കായി ദീപക് ഹൂഡയ്ക്കൊപ്പം രണ്ടാം വിക്കറ്റില്‍ തകർത്താടുകയായിരുന്നു സഞ്ജു സാംസണ്‍. 12-ാം ഓവറില്‍ ഇരുവരും ടീമിനെ 100 കടത്തി. തുടക്കത്തില്‍ ഹൂഡയായിരുന്നു കൂടുതല്‍ അപകടകാരിയായി ബാറ്റ് വീശിയത്. എന്നാല്‍ ഇടയ്ക്കിടയ്ക്ക് കലക്കന്‍ ബൗണ്ടറികളുമായി സഞ്ജു മുന്നേറി. ഇതോടെ 39 എന്ന രാജ്യാന്തര ടി20 കരിയറിലെ തന്‍റെ ഉയർന്ന സ്കോർ സഞ്ജു അനായാസം ഇന്നിംഗ്സിലെ 9-ാം ഓവറില്‍ മറികടക്കുകയായിരുന്നു. 13-ാം ഓവറിലെ നാലാം പന്തില്‍ ബൗണ്ടറിയുമായി സഞ്ജു രാജ്യാന്തര ടി20 കരിയറില്‍ തന്‍റെ കന്നി അർധ സെഞ്ചുറി തികച്ചു. 31 പന്തിലായിരുന്നു സഞ്ജുവിന്‍റെ ഫിഫ്റ്റി. ഫിഫ്റ്റിക്ക് പിന്നാലെ ആഞ്ഞടിച്ച സഞ്ജു 42 പന്തില്‍ 77 റണ്‍സെടുത്താണ് മടങ്ങിയത്. ഒന്‍പത് ഫോറും നാല് സിക്സും സഞ്ജുവിന്‍റെ ഇന്നിംഗ്സിലുണ്ടായിരുന്നു. 17-ാം ഓവറിലെ രണ്ടാം പന്തില്‍ പുറത്താകുമ്പോഴേക്കും രണ്ടാം വിക്കറ്റില്‍ ദീപക് ഹൂഡയ്ക്കൊപ്പം 176 റണ്‍സിന്‍റെ റെക്കോർഡ് കൂട്ടുകെട്ട് സഞ്ജു സ്ഥാപിച്ചിരുന്നു. രാജ്യാന്തര ടി20യില്‍ ഏതൊരു വിക്കറ്റിലേയും ഇന്ത്യയുടെ ഉയർന്ന കൂട്ടുകെട്ടാണ് സഞ്ജുവും ഹൂഡയും ചേർന്ന് ഡബ്ലിനില്‍ പടുത്തുയർത്തിയ 176 റണ്‍സ്. 2017ല്‍ ഇന്‍ഡോറില്‍ ശ്രീലങ്കയ്ക്കെതിരെ രോഹിത് ശർമ്മയും കെ എല്‍ രാഹുലും ഒന്നാം വിക്കറ്റില്‍ ചേർത്ത 165 റണ്‍സിന്‍റെ റെക്കോർഡ് പഴങ്കഥയായി. സഞ്ജു-ഹൂഡ വെടിക്കെട്ട് കണ്ട മത്സരത്തില്‍ 20 ഓവറില്‍ 225/7 എന്ന സ്കോർ കെട്ടിപ്പടുത്തപ്പോള്‍ മത്സരം നാല് റണ്‍സിന് ഇന്ത്യ വിജയിച്ചു. അയർലന്‍ഡിന് 20 ഓവറില്‍ 221-5 എന്ന സ്കോറിലെത്താനെ കഴിഞ്ഞുള്ളൂ. 57 പന്തില്‍ ഒന്‍പത് ഫോറും ആറ് സിക്സും സഹിതം 104 റണ്‍സുമായി ഹൂഡ കളിയിലെ താരമായി. ഇതോടെ രണ്ട് ടി20കളുടെ പരമ്പര ഇന്ത്യ തൂത്തുവാരി.