മലപ്പുറം: മലപ്പുറത്തെ ആതവനാട്ടിൽ നിന്ന് മക്കയിലേക്ക് കാൽനടയായുള്ള ശിഹാബുദ്ദീന്റെ സ്വപ്ന യാത്ര ആരംഭിച്ചു. ഏകദേശം 8600 കിലോമീറ്റര്‍ ദൂരം പിന്നിടേണ്ട യാത്രയുടെ ആദ്യ ചുവട് വ്യാഴാഴ്ച സുബഹി നിസ്കാരത്തിന് ശേഷം ആരംഭിച്ചു. ദു ആ ചൊല്ലി പ്രിയപ്പെട്ടവരോട് യാത്ര പറഞ്ഞ് ശിഹാബ് ഇറങ്ങി. എട്ട് മാസം കൊണ്ട് സൗദിയില്‍ എത്താനാകുമെന്നാണ് ശിഹാബിന്റെ പ്രതീക്ഷ.പാക്കിസ്ഥാന്‍, ഇറാന്‍, ഇറാഖ്, കുവൈറ്റ് വഴിയാണ് സൗദിയിലെത്തുക. നിരവധി രാജ്യങ്ങളിലൂടെ കടന്ന് പോകുന്ന ശിഹാബിന് പാക്കിസ്ഥാനില്‍ നിന്നുള്ള രേഖകള്‍ 45 ദിവസത്തോളം ദില്ലിയിൽ താമസിച്ചാണ് ശരിയാക്കാനായത്. ഏറെ ശ്രമകരമായിരുന്നു രേഖകള്‍ ശരിയാക്കാനുള്ള പ്രക്രിയകള്‍. വളാഞ്ചേരി, ആതവനാട് ചോറ്റൂരിലെ ചേലമ്പാടന്‍ തറവാട്ടിൽ നിന്നാണ് ശിഹാബുദ്ദീൻ യാത്ര തുടങ്ങിയത്. അൽപ്പ ദൂരം ബന്ധുക്കളും സുഹൃത്തുക്കളും ശിഹാബിനെ അനുഗമിച്ചു. പിന്നീടങ്ങോട്ട് ഒറ്റക്കുള്ള യാത്ര. അത്യാവശ്യ സാധനങ്ങൾ മാത്രമാണ് ശിഹാബ് കയ്യിലെടുത്തിട്ടുള്ളൂ. താമസവും ഭക്ഷണവും എത്തിപ്പെടുന്ന ഇടങ്ങളിലെ പള്ളികളിലും മറ്റുമായിരിക്കും. ആദ്യ ദിവസത്തെ യാത്ര പരപ്പനങ്ങാടിയിലെ ജുമാമസ്ജിദിൽ അവസാനിച്ചു. രാത്രി അവിടെ തങ്ങിയ ശേഷം വെള്ളിയാഴ്ച വീണ്ടും നടത്തം ആരംഭിച്ചു. സൗദിയില്‍ ജോലി ചൈതിരുന്ന ശിഹാബുദ്ദീന്‍ നിരവധി തവണ പുണ്യഭൂമി സന്ദര്‍ശനം നടത്തിയതിലൂടെയാണ് ജന്മനാട്ടിന്‍ നിന്ന് നടന്നുകൊണ്ട് ഹജ്ജ് എന്ന പുണ്യകര്‍മ്മം ചെയ്യണമെന്ന ആഗ്രഹം ഉദിക്കുന്നത്. ആഗ്രഹം കുടുംബത്തോടും കൂട്ടുക്കാരോട് പറഞ്ഞപ്പോള്‍ പൂര്‍ണ്ണ പിന്തുണ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് യാത്രക്കുള്ള ശ്രമമാരംഭിച്ചത്. ആതവനാട് ചോറ്റൂര്‍ ചേലമ്പാടന്‍ സൈതലവി - സൈനബ ദമ്പതികളുടെ മകനാണ് ശിഹാബുദ്ദീന്‍. പ്രവാസിയായിരുന്ന ശിഹാബ് കഴിഞ്ഞ ആറ് വര്‍ഷമായി നാട്ടില്‍ തന്നെയാണ്. കഞ്ഞിപ്പുരയില്‍ ബിസ്‌നസ് നടത്തുകയാണ്. ഭാര്യ : ശബ്‌ന, മകള്‍: മുഹ്മിന സൈനബ്.