ആരാധകർക്കും സ്നേഹിതർക്കും ഫോർട്ടു കൊച്ചിക്കാർക്കും വലിയകത്ത് പരീത് മകൻ ഖാലിദ് എന്നാൽ കൊച്ചിൻ നാഗേഷ് ആണ്. സ്റ്റൈലായി റെക്കോർഡ് ഡാൻസ് ചെയ്യുന്ന ചെറുപ്പക്കാരന് ഫാ. മാത്യു കോതകത്ത് ഇട്ട പേരാണ് അത്. എന്നാൽ കലാജീവിതത്തിൽ വി.പി ഖാലിദിനെ പ്രശസ്തനാക്കിയത് മറിമായത്തിലെ സുമേഷ് എന്ന കഥാപാത്രമാണ്. യുവചലച്ചിത്രകാരന്മാരിൽ ഏറെ ശ്രദ്ധേയമായ സിനിമകൾ ചെയ്ത ക്യാമറാമാൻ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകൻ ഖാലിദ് റഹ്മാൻ എന്നിവരുടെ പിതാവാണ് വി.പി ഖാലിദ്. സൈക്കിൾ യജ്ഞം മുതൽ നാടകവും, സിനിമയും സീരിയലും വരെ പരന്നുകിടന്ന ആ ജീവിതത്തിന് അവസാനമായിരിക്കുന്നു.