വേദനയോടെ വിദ്യാർത്ഥിനിയുടെ ആത്മഹത്യാ കുറിപ്പ്; നവായിക്കുളത്ത് പ്ലസ് വണ്‍ വിദ്യാർത്ഥിനി ജീവ മോഹനാണ് ജീവനൊടുക്കിയത്

മൊബൈൽ ഫോണിന്റെ അമിത ഉപയോഗത്തിൽ നിന്ന് മോചനം കിട്ടാത്ത നിരാശയിലാണ് തിരുവനന്തപുരം നവായിക്കുളത്ത് പ്ലസ് വണ്‍ വിദ്യാർത്ഥിനി  ജീവ മോഹൻ ജീവനൊടുക്കിയത്.  

പഠിക്കാൻ മിടുക്കിയായിരുന്നു ജീവ. 

പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചിരുന്നു. എന്നാൽ പ്ലസ് വണ്ണിൽ എത്തിയപ്പോള്‍ പഠനത്തില്‍ പിന്നാക്കം പോയി. അടുത്തിടെ നടന്ന ക്ലാസ് പരീക്ഷയിൽ ജീവയ്ക്കു മാര്‍ക്ക് കുറഞ്ഞതും അവളെ അസ്വസ്ഥയാക്കി. അമിതമായ മൊബൈൽ ഫോൺ ഉപയോഗം മൂലം പഠിക്കാൻ കഴിയുന്നില്ലെന്നും അതിനാലാണ് താൻ ജീവിതം അവസാനിപ്പിക്കുന്നതെന്നും മൂന്ന് പേജുള്ള ആത്മഹത്യാ കുറിപ്പിൽ പറയുന്നു. 

കൊറിയന്‍ മ്യൂസിക് ബാന്‍ഡുകളുടെ യൂട്യൂബ് വിഡിയോകൾ ജീവ സ്ഥിരമായി കാണുമായിരുന്നെന്നു ബന്ധുക്കള്‍ പറഞ്ഞു.‌ അത്താഴത്തിന് ശേഷം രാത്രി ഉറക്കമൊഴിഞ്ഞ് കൊറിയൻ ബാൻഡ് വിഡിയോകൾ  കാണുന്ന ശീലം ജീവയുടെ ദൈനംദിന ജീവിതത്തെ തന്നെ ബാധിച്ചു. മൊബൈൽ അഡിക്ഷനിൽ നിന്ന് രക്ഷപെടാൻ കഴിയാത്തത് മൂലം കടുത്ത ഡിപ്രഷറിനിലും കൊണ്ടെത്തിച്ചു.   എല്ലാപേരോടും വളരെ സൗഹാർദ്ദമായി ഇടപെടുന്ന രീതിയായിരുന്നു ജീവയുടേത്. 

തനിക്ക് ബന്ധുക്കളോടോ കൂട്ടുകാരോടോ പഴയതു പോലെ ഇടപെടാനോ ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാനോ കഴിയുന്നില്ലെന്നും അതുമൂലം കടുത്ത വിഷാദത്തിലാണെന്നും  എല്ലാവരിൽ നിന്നും താൻ ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും മരിക്കുന്നതിന് മുൻപ് എഴുതിയ കുറിപ്പിൽ സൂചിപ്പിക്കുന്നു.  തന്റെ അനിയത്തിക്ക് ഒരു കാരണവശാലും മൊബൈൽ കൊടുക്കരുതെന്നും തന്റെ അവസ്ഥ ഇനിയാർക്കും ഉണ്ടാകരുതെന്നും ജീവ മുന്നറിയിപ്പ് നല്കിയിട്ടാണ് ആത്മഹത്യ ചെയ്തത്. 

കുട്ടികൾ മൊബൈൽ ദുരുപയോഗം ചെയ്യുന്നത് തടയാൻ മൊബൈല്‍ ഫോണുകളുടെയും കംപ്യൂട്ടറുകളുടെയും ഉപയോഗത്തില്‍ നിന്നും കുട്ടികളെ നമ്മള്‍ മുമ്പ് മാറ്റി നിറുത്തിയിരുന്നു.  എന്നാൽ കൊവിഡ് കാലം എല്ലാം മാറ്റി മറിച്ചു. വിദ്യാഭ്യാസം തന്നെ ഓണ്‍ലൈനായതോടെ മാതാപിതാക്കള്‍ക്കും കുട്ടികൾക്ക് മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ട അവസ്ഥയായി. 

മൊബൈല്‍ ഫോണുകളുടെയും കംപ്യൂട്ടറുകളുടെയും അമിത ഉപയോഗം കൂട്ടികളുടെ ആരോഗ്യത്തെ തന്നെ തന്നെ പ്രതികൂലമായി ബാധിക്കുന്നു. ഇതിന് പരിഹാരമായി  വീട്ടില്‍ തന്നെ കൂടുതല്‍ ക്രിയേറ്റീവായിട്ടുള്ള കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യിക്കുകയും വേണം. കൂട്ടുകാര്‍ക്കൊപ്പം കളിച്ചും ചിരിച്ചും നടക്കേണ്ട പ്രായത്തില്‍ വീടുകളില്‍ അടച്ചിരിക്കുന്ന അവസ്ഥയുണ്ടാകുമ്പോള്‍ അതിന്റെ ബുദ്ധിമുട്ടുകള്‍ കുട്ടികളെ നല്ല രീതിയില്‍ തന്നെ ബാധിക്കുന്നുവെന്നത് വാസ്തവമാണ്. 

മാതാപിതാക്കളുടെ ശ്രദ്ധ ഈ വിഷയത്തിൽ അനിവാര്യമാണ്.

#keralapolice