'പെൺ ചരിതങ്ങൾ’ ;വിവാഹ വേദിയിൽ വധുവിന്റെ പുസ്തക പ്രകാശനം, കല്യാണ ചടങ്ങ് വേറിട്ടതായി

വിഴിഞ്ഞം • വിവാഹ മണ്ഡപ വേദി വധുവിന്റെ പുസ്തക പ്രകാശന വേദി കൂടിയാക്കി വേറിട്ട കല്യാണ ചടങ്ങ്. കഴിഞ്ഞ ദിവസം വിവാഹിതയായ കോട്ടുകാൽ പയറുംമൂട് തിരുവാതിരയിൽ എൽ.എൽ. നിത്യ ലക്ഷ്മിയാണ് താൻ എഴുതിയ 18 കഥകളുടെ സമാഹാരമായ 'പെൺ ചരിതങ്ങൾ’ എന്ന പുസ്തക പ്രകാശനത്തിനു വിവാഹ വേദി തിരഞ്ഞെടുത്ത് വ്യത്യസ്തയായത്. താലികെട്ട് കഴിഞ്ഞയുടൻ വധുവും വരൻ പോത്തൻകോട് പണിമൂല സ്വദേശി എസ്.ആർ പ്രശാന്തും ചേർന്ന് ഇരുവരുടെയും മാതാപിതാക്കൾക്ക് പുസ്തകം കൈമാറിയായിരുന്നു പ്രകാശനം.സാമൂഹിക മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ടെങ്കിലും നിത്യ ലക്ഷ്മിയുടെ പുസ്തകം പ്രസിദ്ധീകരിക്കുന്നത് ആദ്യം. നന്മയും തിന്മയും ആശയും നിരാശയും അതിജീവനവും ക്രൂരമായ പ്രതികാരവും ഉള്ളിൽ കൊണ്ടു നടക്കുന്ന 18 സ്ത്രീകളുടെ ദൈവികവും പൈശാചികവുമായ മുഖങ്ങളാണ് പുസ്തകത്തിൽ ആവിഷ്കരിച്ചിരിക്കുന്നതെന്ന് നിത്യ പറഞ്ഞു. സമാഹാരത്തിലെ ആദ്യ കഥയ്ക്ക് തെളിനീർ ട്രസ്റ്റിന്റെ ഈ വർഷത്തെ യുവ കഥാപുരസ്കാരം ലഭിച്ചു. പുസ്തകം പ്രമുഖ ഓൺലൈൻ വ്യാപാര ശൃംഖലയിൽ ലഭ്യമാണ്.