കുറഞ്ഞ ചെലവില്‍ ടൂറിസം കേന്ദ്രങ്ങളില്‍ താമസിക്കാന്‍കെടിഡിസിയുടെ മണ്‍സൂണ്‍ പാക്കേജ്

ടൂറിസം കേന്ദ്രങ്ങളില്‍ കുറഞ്ഞ ചെലവില്‍ താമസിക്കാന്‍ കെടിഡിസിയുടെ മണ്‍സൂണ്‍ പാക്കേജ് ഇന്ന് മുതല്‍ ആരംഭിച്ചു. കേരളത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലയാണ് കേരള ടൂറിസം ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍റേത്. സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലെല്ലാം കെടിഡിസിയുടെ ആകര്‍ഷകമായ ഹോട്ടല്‍ ശൃംഖലയുണ്ട്. മണ്‍സൂണ്‍ ടൂറിസം ആസ്വദിക്കാനെത്തുന്ന സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുകയാണ് പാക്കേജിലൂടെ ടൂറിസം വകുപ്പ് ലക്ഷ്യംവെക്കുന്നത്.  

ജൂണ്‍ 1 മുതല്‍ സെപ്തംബര്‍ 30 വരെയാണ് മണ്‍സൂണ്‍ പാക്കേജ് നടപ്പിലാക്കുന്നത്. കെ.ടി.ഡി.സിയുടെ പ്രീമിയം ഡെസ്റ്റിനേഷന്‍ റിസോര്‍ട്ടുകളായ തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടല്‍, തേക്കടിയിലെ ആരണ്യനിവാസ്, കുമരകത്തെ വാട്ടര്‍ സ്കേപ്സ്, മൂന്നാറിലെ ടീ കൗണ്ട്, കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് എന്നിവിടങ്ങളിലും ബഡ്ജറ്റ് ഡെസ്റ്റിനേഷന്‍ റിസോര്‍ട്ടുകളായ തേക്കടിയിലെ പെരിയാര്‍ ഹൗസ്, തണ്ണീര്‍മുക്കത്തെ സുവാസം, കുമരകം ഗേറ്റ് വേ  റിസോര്‍ട്ട്, പൊന്‍മുടിയിലെ ഗോള്‍ഡന്‍ പീക്ക്, മലമ്പുഴയിലെ ഗാര്‍ഡന്‍ ഹൗസ്, എന്നിവിടങ്ങളും നിലമ്പൂരിലെയും മണ്ണാര്‍ക്കാട്ടെയും ടാമറിന്‍റ് ഈസി ഹോട്ടലുകളിലും മണ്‍സൂണ്‍ പാക്കേജിന്‍റെ ഭാഗമായി കുറഞ്ഞ ചെലവില്‍ താമസിക്കാന്‍ സാധിക്കും. 

ഓണക്കാലത്ത് മണ്‍സൂണ്‍ പാക്കേജുകള്‍ ഉണ്ടാകില്ല. വെള്ളി, ശനി, മറ്റു അവധി ദിവസങ്ങളില്‍ പൊന്‍മുടിയിലെ ഗോള്‍ഡന്‍ പീക്കിലും ഈ പാക്കേജ് ലഭ്യമായിരിക്കില്ല. 

കൂടുതല്‍ വിവരങ്ങള്‍ക്ക് www.ktdc.com/packages സന്ദര്‍ശിക്കുക. 
ഫോണ്‍: 0471 2316736, 2725213, 9400008585.