കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും ഫീൽഡ് അസിസ്റ്റന്റും അറസ്റ്റിൽ

ചെറുകോൽ: കൈക്കൂലി കേസിൽ വില്ലേജ് ഓഫീസറും ഫീൽഡ് അസിസ്റ്റന്റും അറസ്റ്റിൽ. വില്ലേജ് അസിസ്റ്റന്റ്‌ ഓടി രക്ഷപെട്ടു. ചെറുകോൽ വില്ലേജ് ഓഫീസർ എസ് രാജീവ് (രാജീവ് പ്രമാടം), വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്‌ ജിനു തോമസ് എന്നിവരാണ് പിടിയിലായത്. വില്ലേജ് അസിസ്റ്റന്റ്‌ സുധീറാണ് ഓടി രക്ഷപെട്ടത്. വയലത്തല തേവർകാട്ടിൽ മുതുമരത്തിൽ ഷാജി ജോണിന്റെ കൈയിൽനിന്നും പണം വാങ്ങുന്നതിനിടയിലായിരുന്നു അറസ്റ്റ്. പ്രതികളിൽനിന്നും മണ്ണു കച്ചവടക്കാരിൽ നിന്നും വാങ്ങിയ 3500 രൂപ കൂടി പിടിച്ചെടുത്തിട്ടുണ്ട്

ഒരാഴ്ച മുൻപ് 1.62 ഏക്കർ വസ്തു പേരിൽ കൂട്ടാൻ വില്ലേജ് ഓഫീസിൽ എത്തിയ ഷാജി ജോണിനോട് വില്ലേജ്‌ ഓഫീസർ പതിനായിരം രൂപ ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ പോക്കുവരവ് ചെയ്തു കൊടുക്കില്ലെന്ന് ബോധ്യമായി. ഇതോടെ പറഞ്ഞു പറഞ്ഞു തുക 5000മായി കുറച്ചു. വിവരം വസ്തു ഉടമ വിജിലൻസ് ഡിവൈഎസ്പി ഹരി വിദ്യാധരനെ അറിയിച്ചു. ബുധൻ രാവിലെ വിജിലൻസ് നൽകിയ 5000 രൂപയാണ് രാജീവിന് നൽകിയത്.

പണം നൽകുന്നതിനു മുൻപ് തന്നെ വിജിലൻസ് സംഘം വില്ലേജാഫീസിന്‌ പുറത്ത് എത്തി. പണം വാങ്ങിയതോടെ പ്രതികളെ പിടികൂടി. രാജീവിന്റെ കൈയിൽ കവറിലിട്ട നിലയിൽ കണ്ട 2500ഉം ജിനുവിന്റെ കൈവശമുണ്ടായിരുന്ന 1000 രൂപയും മണൽ കച്ചവടക്കാർ നൽകിയതാണെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. ആറു മാസം മുൻപാണ് എസ് രാജീവ് ചെറുകോൽ വില്ലേജ്‌ ഓഫീസറായെത്തിയത്. പണം കിട്ടാതെ ഒരു കാര്യങ്ങളും ചെയ്തു കൊടുക്കാൻ ഇയാൾ തയാറായിരുന്നില്ല. വിജിലൻസ് ഡി വൈ എസ് പി ഹരി വിദ്യാധരന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

സി ഐമാരായ അനിൽകുമാർ, രാജീവ് ,അഷറഫ് ,സബ് ഇൻസ്പക്ടർമാരായ ഷാജി, അനിൽ, വി ഡി രാജേഷ്, ജലാലുദീൻ റാവുത്തർ, സീനിയർ പൊലീസ് ഓഫീസർമാരായ ഹരിലാൽ, രാജേഷ് കുമാർ, ബി രാജേഷ്, അനീഷ് രാമചന്ദ്രൻ, ഗോപകുമാർ, മോഹനൻ,വിനീത്, അജീർ തുടങ്ങിയവരടങ്ങുന്ന സംഘമാണ് കൈക്കൂലിക്കാരെ പിടികൂടിയത്.