രണ്ട് ജാതിവിഭാഗങ്ങളില്‍പ്പെട്ടവരാണ് ശരണ്യയും മോഹനും. കൊലപാതകത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ പോയിരിക്കുകയാണ്.
അഞ്ച് ദിവസം മുൻപ് മാത്രമാണ് ശരണ്യയും മോഹനും വിവാഹിതരായത്. കുംഭകോണത്തിനടുത്തുള്ള ചോളപുരത്തെ തുളുക്കവേലി സ്വദേശിയാണ് ശരണ്യ. 31 വയസുള്ള മോഹനും 22കാരിയായ ശരണ്യയും തിരുനെല്‍വേലിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യവേയാണ് കണ്ടുമുട്ടുന്നത്. നഴ്സായ ശരണ്യ കുറച്ച് കാലം മുൻപാണ് ആശുപത്രിയില്‍ ജോലിക്കെത്തിയത്.
ശരണ്യ സ്വന്തം പ്രണയം വീട്ടില്‍ പറഞ്ഞപ്പോള്‍ വീട്ടുകാര്‍ കടുത്ത രീതിയില്‍ ഈ വിവാഹത്തെ എതിര്‍ത്തു. സ്വന്തം സമുദായത്തില്‍പ്പെട്ട ഒരാളെത്തന്നെ വിവാഹം ചെയ്തേ തീരൂ എന്ന് വാശി പിടിച്ച കുടുംബത്തിന്‍റെ സമ്മര്‍ദ്ദത്തെ അതിജീവിച്ച്, ഇരുവരും ചെന്നൈയിലെത്തി ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. ഇരുവരും ചെന്നൈയില്‍ വെച്ച് ജൂണ്‍ 9-നാണ് വിവാഹിതരായി.
വിവാഹ വാര്‍ത്ത അറിഞ്ഞ ശരണ്യയുടെ സഹോദരന്‍ ശക്തിവേല്‍, ഇരുവരോടും ക്ഷമിച്ചുവെന്ന് പറഞ്ഞ് വീട്ടിലേക്ക് തിരിച്ച് വരാന്‍ സഹോദരിയോട് അഭ്യര്‍ത്ഥിച്ചു. ചോളപുരത്തെ സ്വന്തം വീട്ടില്‍ത്തന്നെ കഴിയാമെന്നും, തിരികെ വരണമെന്നുമാണ് ശക്തിവേല്‍ ഇരുവരോടും പറഞ്ഞത്. സന്തോഷത്തോടെ വീട്ടിലേക്ക് വന്ന ഇരുവരും വീട്ടുവളപ്പിലേക്ക് കാല്‍കുത്തിയതും ശക്തിവേലും ബന്ധുവും വടിവാളുമായി എത്തി വെട്ടുകയായിരുന്നു.
ഒളിവില്‍ പോയ പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ശരണ്യയുടെയും മോഹന്‍റെയും മൃതദേഹങ്ങള്‍ കുംഭകോണം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‍മോര്‍ട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹം മോഹന്‍റെ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കുമെന്ന് പൊലീസ് അറിയിച്ചു.