ഉൽഘാടനം കഴിഞ്ഞ് വർഷം ഒന്ന് കഴിഞ്ഞിട്ടും അഞ്ചുതെങ്ങിലെ ആധുനിക സജ്ജീകരണങ്ങളോട് കൂടി നിർമ്മിച്ചതെന്ന് അധികൃതർ അവകാശപ്പെടുന്ന അങ്കണവാടിയിൽ കറണ്ടില്ല.
അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് വാർഡ് ആറിലെ (പുത്തൻനട) പത്താം നമ്പർ അങ്കണവാടിയ്ക്കാണ് ഉദ്ഘാടനം കഴിഞ് വർഷം ഒന്ന് കഴിഞ്ഞിട്ടും കറണ്ട് ലഭിയ്ക്കാത്തത്.
കഴിഞ്ഞ ഒരു വർഷക്കാലമായി ഈ അങ്കണവാടിയിൽ വിദ്യാർത്ഥികളായ ഇരുപതോളം കുഞ്ഞുങ്ങളെ കറണ്ട് ഇല്ലാത്ത കെട്ടിടത്തിലിരുത്തിയാണ് ക്ലാസ്സ് നടത്തുന്നത്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്ലാൻ ഫണ്ട് 2000-2001 ഉപയോഗിച്ചാണ് ആറാം വാർഡ് പത്താം നമ്പർ അങ്കണവാടിക്ക് സ്വന്തമായി കെട്ടിടം നിർമിച്ചത്.
2020 നവംബർ ഒന്നിന് അന്നത്തെ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ സുഭാഷാണ് ഉൽഘാടനകർമ്മം നിർവ്വഹിച്ചത്. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ക്രിസ്റ്റി സൈമൺ, വാർഡ് മെമ്പർ പ്രവീൺ ചന്ദ്ര, ആരോഗ്യ /വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ബ്ലോക്ക് പഞ്ചായത്ത് ചെയർമാൻ സുരേന്ദ്രൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
അന്ന് ആധുനിക സജ്ജീകരണങ്ങളോടെ നിർമ്മിച്ചു എന്ന് അധികൃതർ അവകാശപ്പെട്ട കെട്ടിടത്തിനാണ് വർഷം ഒന്ന് കഴിഞ്ഞിട്ടും ഇപ്പോഴും വൈദ്യുതി ലഭിയ്ക്കാത്തത്. വൈദ്യുതി ലഭിയ്ക്കുവാനായ് പോസ്റ്റ് സ്ഥാപിക്കണമെന്നാണ് KSEB അധികൃതർ പറയുന്നത്, ഇതിനായി പതിനയ്യായിരത്തോളം രൂപ KSEB യ്ക്ക് നൽകേണ്ടിവരും ഈ തുക നൽകുവാൻ കഴിയാതെ പോയതാണ് നിലവിലെ സാഹചര്യത്തിന് കാരണമായിട്ടുള്ളതെന്നാണ് സൂചന.
കുടിവെള്ളത്തിന്റെ കാര്യത്തിലും ഈ അങ്കണവാടി സമാന ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. വല്ലപ്പോഴുമെത്തുന്ന കുടിവെള്ളം ഫോഴ്സ് കുറവ് ആയതിനാൽ ടാങ്കിൽ ശേഖരിയ്ക്കുവാൻ കഴിയാത്തത് ഇവിടുത്തെ കിടിവെള്ളഉപയോഗവും, ശുചിമുറിഉപയോഗത്തെയും ബാധിച്ചിട്ടുണ്ട്. പലപ്പോഴും ജീവനക്കാർക്ക് ഇത്തരം ആവിശ്യങ്ങൾക്ക് അയല്പക്കത്തെ വീടുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
എത്രയും പെട്ടെന്ന് തന്നെ ഈ വിഷയത്തിന്മേൽ പരിഹാര നടപടി സ്വീകരിയ്ക്കുവാൻ അധികൃതർ തയ്യാറാകണമെന്നാണ് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആവിശ്യം.