അഗ്നിപഥ് ന്യായീകരിച്ച് പ്രതിരോധമന്ത്രി, പദ്ധതിക്കെതിരെ പ്രതിഷേധം തുടരുന്നു, ട്രെയിനുകൾ കത്തിച്ചു

ന്യൂഡൽഹി:അഗ്നിപഥ് ഉടന്‍ പിന്‍വലിക്കില്ലെന്ന് സൂചിപ്പിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഹ്രസ്വകാല നിയമന നടപടികള്‍ ഉടന്‍ തുടങ്ങുമെന്ന് മന്ത്രി. യുവാക്കള്‍ റിക്രൂട്ട്മെന്റിന് തയാറായിരിക്കാന്‍ രാജ്നാഥ് സിങ് നിർദേശിച്ചു. അതിനിടെ, അഗ്നിപഥിൽ തെലങ്കാനയിലെ സെക്കന്ദരാബാദില്‍ വന്‍ പ്രതിഷേധം.

റെയില്‍വേ സ്റ്റേഷന്‍ അടിച്ചുതകര്‍ത്തു. ട്രെയിനുകള്‍ക്കുനേരെ ആക്രമണമുണ്ടായി. ബീഹാറിൽ മൂന്ന് ട്രെയിനുകൾക്ക് തീയിട്ടതായാണ് റിപ്പോർട്ട്. ഉത്തർപ്രദേശിലെ ബാലിയയിൽ ട്രെയിനുകൾക്ക് നേരെ യുവാക്കളുടെ ആക്രമണമുണ്ടായി. അഗ്നിപഥ് നടപ്പാക്കിയത് കൃത്യമായ ആസൂത്രണമില്ലാതെയെന്ന് പ്രിയങ്ക ഗാന്ധി തുറന്നടിച്ചു. 24 മണിക്കൂറിനകം ചട്ടം മാറ്റേണ്ടിവന്നുവെന്നത് ഇതിന് തെളിവെന്ന് പ്രിയങ്ക പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്‍റെ അഗ്നിപഥ് പദ്ധതിക്കെതിരെ ഇന്നും കടുത്ത പ്രതിഷേധം തുടരുകയാണ്. ബിഹാറില്‍  ട്രെയിനിന് തീയിട്ടു. ഹാജിപൂരില്‍ ജമ്മു താവി എക്സ്പ്രസിന്റെ രണ്ട് കോച്ചുകള്‍ കത്തിനശിച്ചു.  ഉത്തര്‍പ്രദേശിലെ ബലിയയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ തകര്‍ത്തു. രാജ്യവ്യാപക പ്രക്ഷോഭത്തെത്തുടര്‍ന്നാണ് അഗ്നിപഥ്  വഴി സായുധ സേനകളുടെ ഭാഗമാകുന്നതിനുള്ള ഉയർന്ന പ്രായപരിധി  21ൽ നിന്ന് 23 ആക്കി ഉയർത്താന്‍ കേന്ദ്രം തീരുമാനിച്ചത്. ഈ വർഷത്തെ നിയമനത്തിന് മാത്രമാണ് ഇളവ്. കഴിഞ്ഞ രണ്ടുവർഷമായി റിക്രൂട്ട്മെന്റ് നടക്കാത്തത് പരിഗണിച്ചാണ് ഇളവ് നൽകുന്നതെന്ന് പ്രതിരോധമന്ത്രാലയം വിശദീകരിച്ചു.