കോൺസുലേറ്റ് ജനറലിന്റെ സെക്രട്ടറിയെന്ന നിലയിലാണ് അവർ തന്റെ അടുത്ത് വന്നതെന്നും ആ നിലയ്ക്കുള്ള പരിചയമാണുള്ളതെന്നുമാണ് മുഖ്യമന്ത്രി വിഡിയോയിൽ വിശദീകരിക്കുന്നത്. കോൺസുലേറ്റ് ജനറൽ വരുന്ന സമയത്തെല്ലാം ഇവരും ഉണ്ടായിരുന്നു എന്നത് വസ്തുതയാണ്. മുഖ്യമന്ത്രിയും കോൺസുലേറ്റ് ജനറലും തമ്മിൽ കാണുന്നതിൽ എന്താണ് അപാകത. പല പരിപാടികൾക്കും മുഖ്യമന്ത്രിയെ ക്ഷണിക്കാനായി അവർ വരാറുണ്ടല്ലോ. അത്തരം സമയങ്ങളിലൊക്കെ ഈ പറയുന്ന സ്വപ്നയും കോൺസുലേറ്റ് ജനറലിന് ഒപ്പമുണ്ടായിരുന്നിരിക്കണമെന്നും മുഖ്യമന്ത്രി വിശദീകരിക്കുന്നു.
തന്നെ അറിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴി പച്ചക്കള്ളമാണെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഇന്നലെ ആരോപിച്ചിരുന്നു. അതിന് മുഖ്യമന്ത്രി അന്ന് പറഞ്ഞ കൃത്യമായ മറുപടിയാണ് ഇപ്പോൾ വീണ്ടും പുറത്തുവിട്ടത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് സ്വപ്ന ഉന്നയിക്കുന്നത്. ഒരു പുതിയ കേസ് കൂടി തൻ്റെ പേരിൽ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, എത്ര കേസുകൾ രജിസ്റ്റർ ചെയ്താലും അതിനെ നേരിടുമെന്നും അവർ വ്യക്തമാക്കി.