സംസ്ഥാന പാതയിൽ കിളിമാനൂരിന് സമീപം ഇരട്ടച്ചിറയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. കഴക്കൂട്ടം കുളത്തൂർ സ്വദേശിയായ യദു (21) ആണ് മരിച്ചത് . കുളത്തൂർ സ്വദേശികളായ ലിബിൻ (30) , അനന്തു (24) , ജിതിൻ (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം ആറര മണിയോടു കൂടിയായിരുന്നു സംഭവം. കാരേറ്റ് ഭാഗത്തുനിന്ന് കിളിമാനൂരിലേയ്ക്ക്
അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ കൂടി വരുകയായിരുന്ന ടിപ്പറിലും സമീപത്തെ മരത്തിലും ഇടിച്ച ശേഷം ഉയർന്ന് പൊങ്ങി മറ്റൊരു കാറിന് മുകളിൽ വീഴുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാറ്റിൻ്റെ പുറകുവശത്തെ സീറ്റിൽ ഇരുന്നവർ തെറിച്ച് റോഡിൽ വീഴുകയായിരുന്നു. മുൻ സീറ്റിൽ ഉണ്ടായിരുന്നവരെ അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ച് പുറത്തെടുക്കുകയായിരുന്നു. തുടർന്ന് നാല് പേരെയും വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും യദുവിൻ്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ മറ്റ് മൂന്ന് പേർക്കും പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. കിളിമാനൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.