തിരുവനന്തപുരം: ബാലഭാസ്കറിന്റെ അപകടമരണം പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ കുടുംബം നൽകിയ കേസ് തോൽക്കുമെന്ന് സോളാർ കേസിലെ പ്രതി സരിത എസ്.നായർ ഫോണിൽ വിളിച്ച് മുന്നറിയിപ്പു നൽകിയതായി ബാലഭാസ്കറിന്റെ പിതാവ് ഉണ്ണി. സുപ്രീം കോടതിയിലെ വക്കീലുമായി ബന്ധപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അപേക്ഷ കൊടുക്കണമെന്നാണ് സരിത നിർദ്ദേശിച്ചതെന്ന് ഉണ്ണി പറഞ്ഞു. കേസ് തോൽക്കുമെന്ന് എങ്ങനെ അറിഞ്ഞു എന്നു ചോദിച്ചപ്പോൾ അത് അറിഞ്ഞു എന്നായിരുന്നു മറുപടി. മുൻപ് വിളിച്ചപ്പോൾ കേസിന്റെ നമ്പരും വക്കീലിന്റെ പേരും ചോദിച്ചിരുന്നു. സംസാരത്തിന്റെ രീതിവച്ചു നോക്കുമ്പോൾ സഹായ വാഗ്ദാനമാണെന്നാണു മനസിലായത്. കേസ് തുടങ്ങിയ സമയത്തും സരിത വിളിച്ചിരുന്നു. ദുരുദ്ദേശ്യം ഉണ്ടെന്ന സംശയത്തെ തുടർന്നാണ് അഭിഭാഷകരുടെ അഭിപ്രായപ്രകാരം ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും ഉണ്ണി പറഞ്ഞു. അതേസമയം, നിയമസഹായം നൽകാനാണ് വിളിച്ചതെന്ന് സരിത മാധ്യമങ്ങളോടു പ്രതികരിച്ചു.
ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹതയില്ലെന്നു സിബിഐ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. ഈ മാസം 30നാണു കേസിൽ വിധി പറയുന്നത്. സരിത മൂന്നു ദിവസം മുൻപു വിളിച്ചു കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറഞ്ഞപ്പോള്‍, ആലോചിക്കട്ടെ എന്ന മറുപടിയാണു നൽകിയതെന്ന് ഉണ്ണി പറഞ്ഞു. സരിത എന്നു പരിചയപ്പെടുത്തിയാണു വിളിച്ചത്. അവരെ നേരിട്ടു കണ്ടിട്ടില്ല, ടിവിയിൽ കണ്ട പരിചയമേയുള്ളൂ. ശബ്ദം കേട്ടിട്ട് അവരുടേതാണെന്നാണ് തോന്നിയത്. ഇന്ന് സരിത വിളിച്ചപ്പോൾ ഭാര്യ ഫോൺ കട്ടു ചെയ്തു. സിബിഐ പല കാര്യങ്ങളും അന്വേഷിച്ചില്ലെന്ന് ഉണ്ണി പറഞ്ഞു. സംശയങ്ങൾ ചോദിക്കുമ്പോൾ അവർ ഉരുണ്ടു കളിക്കുകയാണ്. സ്വർണ്ണക്കടത്തിന്റെ കാര്യമോ വാഹനത്തെ ആരെങ്കിലും പിന്തുടർന്നോ തുടങ്ങിയ കാര്യങ്ങളൊന്നും വിശദമായി പരിശോധിച്ചില്ല. ബാലഭാസ്കർ സഞ്ചരിച്ച കാർ 90 ഡിഗ്രി തിരിഞ്ഞാണ് മരത്തിൽ ഇടിച്ചത്. ഡ്രൈവർ ഉറങ്ങിയാലും അങ്ങനെ സംഭവിക്കില്ല. അതാണ് മനഃപൂർവം ഉണ്ടാക്കിയ അപകടമാണെന്നു സംശയം തോന്നിയത്.
ബാലഭാസ്കറിനു പാലക്കാടുള്ള കുടുംബവുമായുള്ള ബന്ധത്തെപ്പറ്റി സംശയം പറഞ്ഞെങ്കിലും സിബിഐ ഗൗരവത്തിൽ എടുത്തില്ല. ബാലഭാസ്കർ സ്വന്തമായി വച്ച വീട്ടിലായിരുന്നു 18 കൊല്ലമായി ഭാര്യയോടൊപ്പം താമസം. സ്വർണ്ണക്കടത്തു കേസിലെ പ്രതി സരിത് അവിടെ വന്നിട്ടുണ്ടോ എന്നറിയില്ല. അപകടത്തിൽപ്പെടുമ്പോൾ ബാലഭാസ്കറിന്റെ വാഹനം ഓടിച്ചിരുന്ന ഡ്രൈവർ അർജ്ജുൻ 1.28 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്റ്റംബറിൽ ആ കേസ് വരുന്നുണ്ട്. ബാലഭാസ്കറാണ് വാഹനം ഓടിച്ചതെന്നാണ് അയാളുടെ വാദം. ബാലഭാസ്കറിന്റെ ഭാര്യയുമായി സംസാരിക്കാറില്ല. ഇൻഷുറൻസ് ക്ലെയിം തുക കിട്ടിയെങ്കിലും അതേക്കുറിച്ചും അവർ സംസാരിച്ചില്ലെന്ന് ഉണ്ണി പറഞ്ഞു.തൃശ്ശൂരില്‍ ക്ഷേത്ര ദര്‍ശനത്തിനുശേഷം മടങ്ങുമ്പോഴാണ് 2018 സെപ്റ്റംബര്‍ 25നു പുലര്‍ച്ചെ ബാലഭാസ്കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്തിനടുത്തു നിയന്ത്രണം വിട്ട് റോഡരികിലുള്ള മരത്തിലിടിക്കുന്നത്. കുട്ടി അപകടസ്ഥലത്തും ബാലഭാസ്കര്‍ ചികില്‍സയ്ക്കിടയിലും മരിച്ചു. ഭാര്യയ്ക്കും വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അര്‍ജ്ജുനും പരുക്കേറ്റു. കേസ് ആദ്യം അന്വേഷിച്ച ആറ്റിങ്ങൽ ഡിവൈഎസ്പി സംഭവത്തിൽ ദുരൂഹതയില്ലെന്ന റിപ്പോർട്ടാണു നൽകിയത്. ബാലഭാസ്കറിന്റെ മാനേജരായിരുന്ന പ്രകാശൻ തമ്പിയും സുഹൃത്ത് വിഷ്ണു സോമസുന്ദരവും സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായതോടെ കുടുംബത്തിന്റെ സംശയം വർദ്ധിച്ചു.തിരുമല സ്വദേശിയായ കെഎസ്ആർടിസി കണ്ടക്ടർ സുനിൽകുമാറും (45), കഴക്കൂട്ടം വെട്ടുറോഡ് സ്വദേശിനി സെറീനയും (42)
25 കിലോ സ്വര്‍ണ്ണവുമായി 2018ൽ അറസ്റ്റിലായതോടെയാണ് ബാലഭാസ്കറിന്റെ മാനേജർക്കും സുഹൃത്തിനും സ്വർണ്ണക്കടത്തിൽ പങ്കുണ്ടെന്ന വിവരം പുറത്തുവരുന്നത്. കസ്റ്റംസ് സൂപ്രണ്ടായിരുന്ന രാധാകൃഷ്ണനാണ് കേസിലെ ഒന്നാം പ്രതി. ബാലഭാസ്കറിന്റെ സ്വത്തുക്കൾ ചിലർ തട്ടിയെടുത്തതായി ആരോപണവും വന്നതോടെ കേസ് ക്രൈംബ്രാഞ്ചിനു വിട്ടു. ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയതു കാറിന്റെ അമിതവേഗം മൂലമുള്ള സ്വാഭാവിക അപകടമെന്ന നിഗമനത്തിലായിരുന്നു ക്രൈംബ്രാഞ്ച്. എന്നാൽ അന്വേഷണത്തിൽ തൃപ്തരല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. തുടർന്നാണ് സിബിഐ അന്വേഷണം നടത്തിയത്.