സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തും,ഷാജ് കിരണിനെ ചോദ്യം ചെയ്യും,പ്രതിയാക്കാന്‍ സ്വപ്ന ഗൂഢാലോചന നടത്തിയെന്നു പരാതി

തിരുവനന്തപുരം: സ്വപ്‌ന പ്രതിയായ ഗൂഢാലോചനക്കേസില്‍ സരിത എസ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതിനായി തിങ്കളാഴ്ച മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കും.കേസില്‍ സരിതയെ സാക്ഷിയാക്കിയിട്ടുണ്ട്. സരിതയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം ഇന്നലെ രാത്രി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. സ്വപ്‌നയും പി സി ജോര്‍ജും ക്രൈം നന്ദകുമാറും ചേര്‍ന്ന് മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയതായി സരിത അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു.

അതിനിടെ, സ്വപ്‌ന പുറത്തു വിട്ട ഓഡിയോ ക്ലിപ്പിലുള്ള, മുഖ്യമന്ത്രിക്കു വേണ്ടി ഇടനിലക്കാരനായി എത്തിയെന്ന് പറയപ്പെടുന്ന ഷാജ് കിരണിനെ അടുത്തയാഴ്ച ചോദ്യം ചെയ്യും. മുന്‍മന്ത്രി കെ ടി ജലീലിന്റെ പരാതിയില്‍ സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് ഷാജ് കിരണിനെ ചോദ്യം ചെയ്യുക. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണ്. പൊലീസ് എപ്പോള്‍ വിളിച്ചാലും ഹാജരാകുമെന്ന് ഷാജ് കിരണ്‍ പറഞ്ഞു.

സ്വപ്‌ന സുരേഷിനെതിരെ ഷാജ് കിരണും ഇബ്രാഹിമും ഡിജിപിക്ക് പരാതി നല്‍കി. ശബ്ദരേഖയില്‍ കൃത്രിമം കാട്ടി. തങ്ങളുടേതല്ലാത്ത ശബ്ദം എഡിറ്റ് ചെയ്ത് ചേര്‍ത്തുവെന്നും ആരോപിച്ചാണ് ഷാജ് കിരണും ഇബ്രാഹിമും പൊലീസിന് പരാതി നല്‍കിയിരിക്കുന്നത്. സ്വപ്നയുടെ ഫോണ്‍ പിടിച്ചെടുത്ത് പരിശോധിക്കണം. തന്നെ പ്രതിയാക്കാന്‍ സ്വപ്ന ഗൂഢാലോചന നടത്തിയെന്നും പരാതിയില്‍ ആരോപിക്കുന്നു. ഈ പരാതി ഡിജിപി ക്രൈംബ്രാഞ്ച് മേധാവിക്കും പ്രത്യേക അന്വേഷണസംഘത്തിനും കൈമാറി.