*ബി.എം ആൻഡ് ബി.സി നിലവാരത്തിലെ റോഡുകൾ നാടിന്റെ മുഖച്ഛായ മാറ്റും - മന്ത്രി പി.എ മുഹമ്മദ് റിയാസ്*

** വാമനപുരം മണ്ഡലത്തിലെ രണ്ട് റോഡുകൾ നാടിന് സമർപ്പിച്ചു  

 പരിപാലനകാലയളവിന്റെ ദൈർഘ്യം കൂടുതലുള്ള ബി.എം. ആൻഡ് ബി.സി നിലവാരത്തിലെ റോഡുകൾ നാടിന്റെ മുഖച്ഛായ മാറ്റുമെന്ന്‌ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മൂന്നു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 15,000 കിലോമീറ്റർ റോഡുകൾ ബി.എം. ആൻഡ് ബി.സി നിലവാരത്തിലേക്ക് ഉയർത്തുമെന്നും മന്ത്രി പറഞ്ഞു. വാമനപുരം മണ്ഡലത്തിലെ നവീകരിച്ച പുത്തൻപാലം-വെഞ്ഞാറമൂട്-ആറ്റിങ്ങൽ റോഡ്, വാമനപുരം - കളമച്ചൽ റോഡ് എന്നിവയുടെ ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 2025 ഓട് കൂടി സംസ്ഥാനത്തെ ദേശീയപാതയുടെ വികസനം പൂർത്തിയാക്കുമെന്നും തീരദേശ, മലയോര പാതകൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

തിരുവനന്തപുരം ചെങ്കോട്ട റോഡിനെയും (സംസ്ഥാന പാത 2) ദേശീയപാത 66 നെയും ബന്ധിപ്പിക്കുന്ന പുത്തൻപാലം-വെഞ്ഞാറമൂട്-ആറ്റിങ്ങൽ റോഡ് 21 കോടി രൂപ ചെലവഴിച്ചാണ് നവീകരിച്ചത്. ആനാട്, പനവൂർ, പുല്ലമ്പാറ, നെല്ലനാട്, മുദാക്കൽ എന്നീ ഗ്രാമ പഞ്ചായത്തുകളിലൂടെയും ആറ്റിങ്ങൽ നഗരസഭയിലൂടെയും കടന്നുപോകുന്ന 27.76 കിലോമീറ്റർ റോഡ് ബി.എം ആൻഡ് ബി.സി നിലവരത്തിലാണ് പുതുക്കി നിർമ്മിച്ചിരിക്കുന്നത്.

മെയിൻ സെൻട്രൽ റോഡിനെയും (സംസ്ഥാന പാത 1) ആറ്റിങ്ങൽ-നെടുമങ്ങാട് പ്രദേശത്തെയും ബന്ധിപ്പിക്കുന്ന വാമനപുരം കളമച്ചൽ റോഡ് രണ്ട് പദ്ധതികളിലൂടെ 8 .5 കോടി രൂപ ചെലവഴിച്ചാണ് നവീകരിച്ചത്. വാമനപുരം മണ്ഡലത്തിന്റെ ഭാഗമായ വാമനപുരം മുതൽ അതിർത്തിമുക്ക് വരെയും ചിറയിൻകീഴ് മണ്ഡലത്തിന്റെ ഭാഗമായ അതിർത്തിമുക്ക് മുതൽ പൂവണത്തുംമൂട് വരെയും മികച്ച രീതിയിലാണ് പുതുക്കിയത്.

ഡി.കെ മുരളി എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ എ. എ റഹീം എം.പി, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.