‘ഫൈനലിസിമ’യില്‍ അര്‍ജന്റീനയ്ക്ക് ജയം

തുടക്കം മുതല്‍ അര്‍ജന്റീനയ്ക്കായിരുന്നു ആധിപത്യം. 28-ാം മിനിറ്റില്‍ തന്നെ ലൗറ്റാരോ മാര്‍ട്ടിനസിലൂടെ അര്‍ജന്റീന മുന്നിലെത്തി. ലയണല്‍ മെസ്സി മികച്ച മുന്നേറ്റത്തിനൊടുവില്‍ നല്‍കിയ പന്ത് മാര്‍ട്ടിനസ് ടാപ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു. പിന്നാലെ ആദ്യ പകുതിയുടെ അധികസമയത്ത് ഏയ്ഞ്ചല്‍ ഡി മരിയ കോപ്പ ജേതാക്കളുടെ ലീഡുയര്‍ത്തി. മാര്‍ട്ടിനസ് നല്‍കിയ പാസ് സ്വീകരിച്ച ഡി മരിയ ഇറ്റാലിയന്‍ ഗോളി ഡൊണ്ണരുമ്മയെ കാഴ്ചക്കാരനാക്കി പന്ത് ചിപ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു. ഇന്‍ജുറി ടൈമിന്റെ അവസാന മിനിറ്റില്‍ മെസ്സിയുടെ ഒരു മുന്നേറ്റത്തിനൊടുവില്‍ പന്ത് ലഭിച്ച പൗലോ ഡിബാല അര്‍ജന്റീനയുടെ ഗോള്‍പട്ടിക തികച്ചു. ഇതോടെ തുടര്‍ച്ചയായി 32 മത്സരങ്ങള്‍ പരാജയമറിയാതെ പൂര്‍ത്തിയാക്കാന്‍ അര്‍ജന്റീനയ്ക്കായി.

പൂര്‍ണമായി തകര്‍ന്നടിയുന്ന യൂറോ കപ്പ് ചാമ്പ്യന്മാരെ ആണ് കളിയില്‍ കണ്ടത്. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിക്കൊണ്ടുള്ള ടീമിനെയാണ് കോച്ച്‌ റോബര്‍ട്ടോ മാന്‍ചീനി ഇറക്കിയത്. ഈ മത്സരത്തോടെ ഇറ്റലിയുടെ ഇതിഹാസ താരം ജോര്‍ജിയോ ചെല്ലിനി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. 2004-ല്‍ ഇറ്റലിയ്ക്ക് വേണ്ടി അരങ്ങേറ്റം നടത്തിയ ചെല്ലിനി 117 മത്സരങ്ങളില്‍ രാജ്യത്തിനായി ബൂട്ടുകെട്ടി.