അഫ്ഗാനിസ്ഥാൻ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 920 ആയി

കാബൂൾ:വടക്ക്- കിഴക്കന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 920  ആയി.600ലേറെ പേര്‍ക്ക് പരുക്കേറ്റതായും താലിബാന്‍ ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നേരത്തേ പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം തീവ്രത 6.1 ആയിരുന്നു. മരണസംഖ്യ ഇനിയും വര്‍ധിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഹെലികോപ്ടറിലും മറ്റുമായി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വീടുകളും കെട്ടിടങ്ങളും വലിയ തോതില്‍ മണ്ണിനടിയിലായതായാണ് വിവരം. അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ് നഗരത്തില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ പാക് അതിര്‍ത്തിക്ക് സമീപമാണ് ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രം. പക്തിക പ്രവിശ്യയിലാണ് ഭൂചലനം ഏറ്റവും നാശം വിതച്ചത്. ഏറെ വിദൂരത്തുള്ള പര്‍വത നിരകള്‍ നിറഞ്ഞ പ്രവിശ്യകളാണിത്. കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ ഇവിടേക്കെത്തുന്നുണ്ട്.

അഫ്ഗാന്‍- പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ 500 ഓളം കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂകമ്പത്തിൻ്റെ പ്രകമ്ബനമുണ്ടായിട്ടുണ്ട്. അയല്‍രാജ്യമായ ഇറാനിലും തുടര്‍ചലനമുണ്ടായി. പാക്കിസ്ഥാനിലും ഇറാനിലും നാശനഷ്ടമോ മരണമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. പാക്കിസ്ഥാനില്‍ പഞ്ചാബ്, ഖൈബര്‍ പഖ്തൂണ്‍ഖ്വാ പ്രവിശ്യകളിലാണ് തുടര്‍ചലനമുണ്ടായത്.