എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനും ആയ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി (86) അന്തരിച്ചു. തൃശ്ശൂരിലെ അമല ആശുപത്രിയിൽ ഇന്നലെ രാത്രിയിൽ ആയിരുന്നു അന്ത്യം. ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഗുരുവായൂര്‍, ചൊവ്വല്ലൂര്‍ ക്ഷേത്രങ്ങളിലെ പാരമ്പര്യ കഴകപ്രവൃത്തിയുള്ള ഗുരുവായൂര്‍ ചൊവ്വല്ലൂര്‍ വാരിയത്ത് കുടുംബാംഗമാണ്. ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിന്‍ ദിവ്യരൂപം', 'ഗുരുവായൂര്‍ ഓമനക്കണ്ണനാമുണ്ണിക്ക് ചില നേരമുണ്ടൊരു കള്ളനോട്ടം', 'ഉദിച്ചുയര്‍ന്നു മാമല മേലേ ഉത്രം നക്ഷത്രം' തുടങ്ങിയ പ്രശസ്തമായ ഭക്തിഗാനങ്ങള്‍ ചൊവ്വല്ലൂര്‍ എഴുതിയവയാണ്. മൂവായിരത്തോളം ഭക്തിഗാനങ്ങള്‍ എഴുതിയിട്ടുണ്ട്.
കേരള സംഗീത നാടക അക്കാദമി, കേരള സാഹിത്യ അക്കാദമി, രണ്ട് തവണ കേരള കലാമണ്ഡലത്തിന്റെ വൈസ് ചെയര്‍മാന്‍ എന്നീ പദവികളും വഹിച്ചു. മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റര്‍ എന്ന പദവിയില്‍ സേവനമനുഷ്ഠിചിരുന്നു.
1936-ല്‍ കൊടുങ്ങല്ലൂര്‍ കാവില്‍ വാരിയത്ത് ശങ്കുണ്ണിവാര്യരുടെയും ചൊവ്വല്ലൂര്‍ വാരിയത്ത് പാറുക്കുട്ടി വാരസ്യാരുടെയും മകനായി ജനിച്ചു. ഭാര്യ: തൃശ്ശിലേരി വാരിയത്ത് സരസ്വതി. മക്കള്‍: ഉഷ, ഉണ്ണികൃഷ്ണന്‍ ( ലണ്ടന്‍). മരുമക്കള്‍: പരേതനായ സുരേഷ് ചെറുശ്ശേരി, ഗീത (ലണ്ടന്‍). സംസ്‌കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പില്‍.