പ്ലസ് ടുവിന് 83.87 ശതമാനം വിജയം

തിരുവനന്തപുരം:സംസ്ഥാനത്ത് പ്ലസ് ടുവിന് 83.87 ശതമാനം വിജയം. കഴിഞ്ഞ വർഷത്തേക്കാൾ കുറവാണ് വിജയശതമാനം.87.94 ശതമാനമായിരുന്നു കഴിഞ്ഞവർഷം.ആകെ 3,61,091 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 3,12,865 പേര്‍ ഉപരി പഠനത്തിന് അര്‍ഹത നേടി. 100% വിജയം കരസ്ഥമാക്കിയ സ്കൂളുകളുടെ എണ്ണം 78. ഇതിൽ സർക്കാർ സ്കൂളുകൾ മൂന്നെണ്ണം.സെക്രട്ടേറിയറ്റിലെ പി ആര്‍ ചേംബറില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയാണ് ഔദ്യോഗിക ഫല പ്രഖ്യാപനം നടത്തിയത്.  ഉച്ചയ്ക്ക് 12 മുതൽ ഓൺലൈനായി ഫലം ലഭ്യമാകും.വിജയം കൈവരിച്ച എല്ലാ വിദ്യാര്‍ത്ഥികളെയും മന്ത്രി അഭിനന്ദിച്ചു. ഉപരിപഠനത്തിന് യോഗ്യത നേടാന്‍ കഴിയാത്തവര്‍ക്ക് അടുത്ത മാസം സേ പരീക്ഷ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

12 മണി മുതല്‍ www.results.kerala.gov.in, www.examresults.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.prd.kerala.gov.in, www.results.kite.kerala.govi.n എന്നീ വെബ്‌സൈറ്റുകളിലും SAPHALAM 2022, iExaMS- Kerala, PRD Live എന്നീ മൊബൈല്‍ ആപ്പുകളിലും ലഭിക്കും.

മാര്‍ച്ച്‌ 30 മുതല്‍ ഏപ്രില്‍ 22 വരെയാണ് പ്ലസ് ടു പരീക്ഷകള്‍ നടന്നത്. പ്രാക്ടിക്കല്‍ പരീക്ഷ മെയ് മൂന്ന് മുതലായിരുന്നു. പ്ലസ് ടു പരീക്ഷകള്‍ക്ക് ഇത്തവണയും ഗ്രേസ് മാര്‍ക്ക് നല്‍കില്ല. കലാ-കായിക മത്സരങ്ങള്‍ നടത്താത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എന്‍ സി സി ഉള്‍പ്പെടെ ഉള്ളവക്കും ഗ്രേസ് മാര്‍ക്ക് ഉണ്ടാകില്ല. കലാ കായിക മത്സര ജേതാക്കള്‍ക്കു പുറമേ സ്റ്റുഡന്റ്സ് പൊലീസ് കാഡറ്റ്, എന്‍ സി സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ്, ലിറ്റില്‍ കൈറ്റ്സ്, ജൂനിയര്‍ റെഡ്ക്രോസ് യൂണിറ്റുകളില്‍ അംഗങ്ങളായ വിദ്യാര്‍ഥികള്‍ക്കാണ് ഗ്രേസ് മാര്‍ക്ക് നല്‍കിവന്നിരുന്നത്. കൊവിഡ് കാരണം ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടന്നിട്ടില്ലാത്തതിനാല്‍ കഴിഞ്ഞ വര്‍ഷവും ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നില്ല. പകരം, ഉപരിപഠനത്തിന് നിശ്ചിത മാര്‍ക്ക് ബോണസ് പോയന്റായി നല്‍കുകയാണുണ്ടായത്.