കാലവർഷം കനക്കുമോ? സംസ്ഥാനത്ത് ഇന്ന് 7 ജില്ലകളിൽ യെല്ലോ ജാഗ്രത, മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം ഇന്ന് ഏഴ് ജില്ലകളിലാണ് യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്. കാലവർഷം മെയ് 29ന് കേരളത്തിൽ എത്തിയെങ്കിലും കാറ്റിന്റെ ഗതിയും ശക്തിയും അനുകൂലമാകാത്തതിനാൽ മഴ കാര്യമായി കിട്ടിയിട്ടില്ല. മഴമേഘങ്ങളെ കേരളതീരത്തേക്ക് എത്തിക്കാൻ തക്ക ശക്തി കാറ്റിന് ഇല്ലാത്തതായിരുന്നു മഴ കുറയാൻ കാരണം. ഉത്തരേന്ത്യേക്ക് മുകളിൽ രൂപപ്പെട്ട വിപരീത അന്തരീക്ഷ ചുഴിയും മഴ കുറയാൻ കാരണമായി. എന്നാൽ വരും ദിവസങ്ങളിൽ കാലവർഷം സജീവമായേക്കുമെന്നാണ് വ്യക്തമാകുന്നത്.ജൂൺ 11 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഇന്നലെ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചത്. ഇത് പ്രകാരം അടുത്ത ദിവസങ്ങളിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ മെച്ചപ്പെട്ടാലും ഇനിയുള്ള ദിവസങ്ങളിൽ പകൽ മഴ കുറയാനാണ് സാധ്യത. രാത്രി കൂടുതൽ മഴ കിട്ടും. തുടർച്ചയായുള്ള മഴയ്‌ക്ക് പകരം ഇടവിട്ട് ഇടവിട്ടുള്ള മഴയ്ക്കാണ് സാധ്യത. ഈ വർഷം സാധാരണയിൽ കുറവ് മഴയാണ് കാലവർഷക്കാലത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. അതേസമയം ഇന്ന് മുതൽ പതിനൊന്നാം തിയതി വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.