5ജി ഈ വർഷാവസാനത്തോടെ,സ്‌പെക്‌ട്രം ലേലത്തിന് കേന്ദ്രാനുമതി

ന്യൂഡല്‍ഹി: രാജ്യത്ത് 5 ജി സ്‌പെക്‌ട്രം ലേലം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി.72097.85 മെഗാ ഹെര്‍ട്‌സ് സ്‌പെക്‌ട്രം ആണ് ലേലം ചെയ്യുക. 20 കൊല്ലത്തേക്കാണ് സ്‌പെക്‌ട്രം നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗമാണ് ടെലികമ്യൂണിക്കേഷന്‍സ് വകുപ്പിന്റെ നിര്‍ദേശത്തിന് അംഗീകാരം നല്‍കിയത്.

ജൂലായ് അവസാനത്തോടെ ലേല നടപടികള്‍ പൂര്‍ത്തിയാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ലേലം പൂര്‍ത്തിയായി മാസങ്ങള്‍ക്കുള്ളില്‍ തന്നെ രാജ്യത്ത് സേവനം ആരംഭിക്കുമെന്ന് സ്വകാര്യ ടെലികോം കമ്പനികൾ പ്രഖ്യാപിച്ചിട്ടുണ്ട്. റിലയന്‍സ് ജിയോയും, ഭാരതി എയര്‍ടെലും, വോഡഫോണ്‍ ഐഡിയയുമാകും ലേലത്തിനെത്തുന്ന പ്രമുഖ കമ്ബനികള്‍.

ഈ വര്‍ഷം അവസാനത്തോടെ തന്നെ രാജ്യത്ത് 5ജി സേവനങ്ങള്‍ നിലവില്‍ വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിലുള്ള 4 ജിയേക്കാള്‍ 10 മടങ്ങ് വേഗതയാകും 5 ജി നല്‍കുക. 5ജി യാഥാര്‍ത്ഥ്യമാകുന്നതോടെ, സാങ്കേതികവിദ്യാ രംഗത്ത് പുതുവിപ്ലവത്തിന് വഴിവെക്കുമെന്നും, പുതിയ തൊഴില്‍ സാധ്യതകള്‍ തുറക്കുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.