നികുതി കൂട്ടാൻ സർക്കാർ, 50 ചതുരശ്രമീറ്ററിന് മുകളിലുള്ള എല്ലാ വീടുകൾക്കും ഇനി വസ്തു നികുതി

തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിട നികുതി വർധിപ്പിക്കാൻ തീരുമാനിച്ച് സംസ്ഥാനസർക്കാർ. 50 ചതുരശ്ര മീറ്ററിന് മുകളിലുള്ള എല്ലാ വീടുകളും വസ്തു നികുതിയുടെ പരിധിയിലേക്ക് വരും. നേരത്തെ ഇത് 60 ചതുരശ്ര മീറ്ററായിരുന്നു. വലിയ വീടുകൾക്ക് ഇനി മുതൽ അടിസ്ഥാന നികുതിയുടെ 15 ശതമാനം അധികം നൽകേണ്ടി വരും. വിനോദ നികുതിയുടെ വ്യാപ്തി വർധിപ്പിക്കാനും, പത്ത് ശതമാനം നികുതി ബാധകമാക്കാനും മന്ത്രിസഭ തീരുമാനിച്ചു. കൊവിഡ് കാലത്ത് നൽകിയ ഇളവുകളും നികുതി ഒഴിവാക്കലും കടന്ന് പൂർവാധികം ശക്തിയിൽ പിരിച്ചെടുക്കാനും കൂടുതൽ മേഖലയ്ക്ക് നികുതി ഏർപ്പെടുത്താനുമാണ് സംസ്ഥാനസ‍ർക്കാരിന്‍റെ തീരുമാനം. വരുമാനം വർദ്ധിപ്പിക്കൽ തന്നെയാണ് പ്രധാനലക്ഷ്യം.ആറാം ധനകാര്യ കമ്മീഷനിലെ രണ്ടാം റിപ്പോർട്ട് അംഗീകരിച്ചാണ് മന്ത്രിസഭാ നടപടികൾ. 50 ചതുരശ്രമീറ്റർ അഥവാ 538 ചതുരശ്ര അടിക്ക് മുകളിലുള്ള ചെറിയ വീടുകളും നികുതി പരിധിയിലേക്ക് വരും. നേരത്തെ ഇത് 60 ചതുരശ്ര മീറ്ററായിരുന്നു. 538-645 ചതുരശ്ര അടിയ്ക്ക് ഇടയിലുള്ള വീടുകൾക്ക് സാധാരണ നിരക്കിന്‍റെ പകുതി നിരക്കിൽ വസ്തു നികുതി ഈടാക്കും. ഓരോ വർഷവും വസ്തു നികുതി പരിഷ്കരിക്കുന്നതോടെ വർധിച്ച നികുതിയായിരിക്കും ഓരോ വർഷവും. നിലവിലെ വസ്തുനികുതിയിൽ പരിഷ്കരണം അടിയന്തിരമായി പൂർത്തിയാക്കാനും നിർദേശമുണ്ട്. കഴിഞ്ഞ വർഷം ഏപ്രിലിന് ശേഷം നിർമ്മിച്ച 3000 ചതുരശ്ര അടിയിൽ കൂടുതൽ തറ വിസ്തീർണമുള്ള വീടുകൾക്ക് 15 ശതമാനമാകും അധികനികുതി. 2011-ൽ ചട്ടം നിലവിൽ വരുന്നതിനു മുൻപുള്ള കെട്ടിടങ്ങൾക്ക് നികുതിയിലുണ്ടായിരുന്ന ഇളവുകളും ഒഴിവാവുകയാണ്. സാധാരണ കെട്ടിടങ്ങൾക്ക് 20 ശതമാനമാക്കി നിശ്ചയിച്ച നികുതി പരിധി ഇല്ലാതാകും. വാണിജ്യ കെട്ടിടങ്ങൾക്ക് മേൽ നികുതി കൂട്ടുമ്പോൾ ഇരട്ടിയിലധികമാകരുതെന്ന ഇളവും ഇല്ലാതാകും. കുടിശ്ശിക ഉൾപ്പടെ നികുതി വേഗത്തിൽ പിരിച്ചെടുക്കുന്നതിനായി മുഴുവൻ കുടിശ്ശികയുടെയും പട്ടിക, വാർഡ് അടിസ്ഥാനത്തിൽ നൽകാൻ നിർദേശം നൽകി. വരുമാനം വർധിപ്പിക്കാൻ ഓരോ തദ്ദേശ സ്ഥാപനവും കർമ്മപദ്ധതി തയാറാക്കണം. നികുതി കുടിശ്ശിക വേഗത്തിൽ പിരിച്ചെടുക്കാനാണ് നടപടികൾ. എല്ലാ നികുതികളുടെയും കുടിശ്ശിക ലിസ്റ്റ് വാർഡ് അടിസ്ഥാനത്തിൽ ലഭ്യമാക്കണം. നിലവിൽ തിയേറ്ററുകളിൽ ഒതുങ്ങിയിരിക്കുന്ന 10 ശതമാനം വിനോദ നികുതി കൂുതൽ മേഖലകൾക്ക് ബാധകമാക്കും. കൂടുതൽ വിനോദോപാധികൾക്ക് ചെലവ് കൂടുമെന്ന് ചുരുക്കം. ഇതിനായി ചട്ടം ഭേദഗതി ചെയ്യാനും തീരുമാനമായിട്ടുണ്ട്.