*ചെറിയ വീടിനും നികുതി; നിരക്ക് 500 ചതുരശ്രയടി മുതലുള്ള വീടുകള്‍ക്ക്*

500 ചതുരശ്ര അടിയിൽ കൂടുതലുള്ള വീടുകൾക്ക് ഒറ്റത്തവണ കെട്ടിടനികുതി ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. നിലവിൽ 1076 ചതുരശ്രയടിയിൽ (100 ചതുരശ്രമീറ്റർ) കൂടുതലുള്ള വീടുകൾക്കാണ് വില്ലേജ് ഓഫീസുകളിൽ നികുതി അടയ്ക്കേണ്ടത്.

500 മുതൽ 600 വരെ ചതുരശ്രയടിയുള്ള വീടുകളെ ആദ്യസ്ലാബിൽ ഉൾപ്പെടുത്തും. 600-നും 1000-നും ഇടയിൽ ചതുരശ്രയടിയുള്ളത് രണ്ടാം സ്ലാബിലായിരിക്കും. ആദ്യസ്ളാബിന്റെ ഇരട്ടിയായിരിക്കും രണ്ടാം സ്ലാബിന്റെ നിരക്ക്‌. ഈ നികുതി ഒറ്റത്തവണത്തേക്കാണ്നികുതിനിരക്ക് തീരുമാനമായിട്ടില്ല.

സംസ്ഥാന ധനകാര്യകമ്മിഷന്റെ ശുപാർശ ഉൾക്കൊണ്ട് മന്ത്രിസഭയാണ് ഈ തീരുമാനമെടുത്തത്. 300 ചതുരശ്രയടിയിൽ കൂടുതലുള്ള വീടുകൾക്ക് നികുതി ഏർപ്പെടുത്താനായിരുന്നു ശുപാർശ. 500 ചതുരശ്രയടിയിൽ താഴെയുള്ളവർ നിർധനർ ആയിരിക്കുമെന്നതു പരിഗണിച്ച് മന്ത്രിസഭ പരിധി ഉയർത്തുകയായിരുന്നു.

മറ്റുപല ആവശ്യങ്ങൾക്കും നികുതിരശീതി വേണമെന്നതിനാൽ ചെറിയ വീടാണെങ്കിലും നികുതിയീടാക്കണം എന്നതായിരുന്നു ധനകാര്യ കമ്മിഷന്റെ നിലപാട്. നിലവിൽ 1076 മുതൽ 1614 വരെ ചതുരശ്രയടിയുള്ള വീടുകൾക്ക് പഞ്ചായത്തിൽ 1950, നഗരസഭയിൽ 3500, കോർപ്പറേഷനിൽ 5200 എന്നിങ്ങനെയാണ് കെട്ടിടനികുതി.

*സംഭാവനയ്ക്കും പദ്ധതി വേണം*

തദ്ദേശസ്ഥാപനങ്ങൾ നാട്ടിൽനിന്ന് സംഭാവന സ്വീകരിച്ച് പൊതുകാര്യങ്ങൾ നടത്തുന്നത് തോന്നുംപടിയാകരുത്. ഭരണസമിതികൾ ഇതുസംബന്ധിച്ച പരിപാടി ആസൂത്രണംചെയ്ത് പരസ്യപ്പെടുത്തണം. വിദ്യാഭ്യാസം, ആശുപത്രി, അങ്കണവാടി എന്നിവയ്ക്കായി സംഭാവന സ്വീകരിച്ച് പരിപാടികൾ നടത്താൻ കർമപദ്ധതി വേണം.

പി.പി.പി. മാതൃകയിൽ സ്വകാര്യ പങ്കാളിത്തത്തോടെ തദ്ദേശസ്ഥാപനങ്ങൾക്ക് പദ്ധതികൾ നടപ്പാക്കാം. ഇതിനായി ജില്ലാ ആസൂത്രണസമിതികളിൽ പി.പി.പി. സെൽ വേണം. നിസ്വാർഥമായി സഹകരിക്കുന്ന പ്രൊഫഷണലുകളുടെ സേവനവും ഇക്കാര്യങ്ങളിൽ തദ്ദേശസ്ഥാപനങ്ങൾ തേടണമെന്ന ശുപാർശയും മന്ത്രിസഭ അംഗീകരിച്ചു. നിർധനരായ ഭവനരഹിതർക്കും മറ്റും വീടുവെച്ച് നൽകുന്നത് ജനങ്ങളിൽനിന്ന് സംഭാവന പിരിച്ചായിരിക്കണമെന്ന ശുപാർശ മന്ത്രിസഭ അംഗീകരിച്ചില്ല. സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങളിൽനിന്ന് സർക്കാർ ഒഴിയുന്നെന്നവിമർശനം വരുമെന്ന് വിലയിരുത്തിയാണിത്.