രാജ്യത്ത് കോവിഡ് കേസുകൾ കൂടുന്നു, 24 മണിക്കൂറിനുള്ളിൽ 5,233 പേർക്ക് സ്ഥിരീകരിച്ചു

ഇന്നലെ 5233 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആക്ടിവ് കേസുകളുടെ എണ്ണം 28,857 ആയി. ഏഴു പേരാണ് ഇന്നലെ കോവിഡ് മൂലം മരിച്ചത്.

കോവിഡ് ബാധിച്ച്‌ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ ഇന്നലെ മാത്രം 1881 പേരുടെ വര്‍ധനയാണ് ഉണ്ടായത്. പോസിറ്റിവിറ്റി നിരക്ക് 1.67 ശതമാനം.

ഒരിടവേളയ്ക്ക് ശേഷം കേരളത്തില്‍ ഇന്നലെ പ്രതിദിന കോവിഡ് രോഗികള്‍ 2,000 കടന്നു. 2271 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ടുപേര്‍ കൂടി വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

എറണാകുളത്ത് തന്നെയാണ് ഏറ്റവുമധികം രോഗികള്‍. ജില്ലയില്‍ 622 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. തിരുവനന്തപുരമാണ് തൊട്ടുപിന്നില്‍. 416 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. കഴിഞ്ഞ എട്ടുദിവസമായി ആയിരത്തിന് മുകളിലാണ് സംസ്ഥാനത്തെ പ്രതിദിന കോവിഡ് രോഗികള്‍.