*പ്രഭാത വാർത്തകൾ*2022 | ജൂൺ 25 | ശനി

◼️രാഹുല്‍ ഗാന്ധി എംപിയുടെ കല്‍പ്പറ്റയിലെ ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. സുപ്രീം കോടതിയുടെ ബഫര്‍ സോണ്‍ ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെട്ടില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം. ഓഫീസിലേക്ക്  തള്ളിക്കയറിയ പ്രവര്‍ത്തകര്‍ സാധനങ്ങളും ഫയലുകളും നശിപ്പിച്ചു. ഓഫീസ് സ്റ്റാഫ് അഗസ്റ്റിന്‍ പുല്‍പ്പള്ളിയെ മര്‍ദ്ദിച്ചു.  പൊലീസ് ലാത്തിച്ചാര്‍ജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കും പരിക്കുണ്ട്. ബഫര്‍സോണ്‍ പ്രഖ്യാപിച്ച സുപ്രീം കോടതി ഉത്തരവില്‍ സംസ്ഥാന സര്‍ക്കാരുകള്‍ റിപ്പോര്‍ട്ടു നല്‍കണമെന്നാണു നിര്‍ദേശിച്ചിരുന്നത്.

◼️രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കുകയും ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ 19 എസ്എഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കം അറസ്റ്റിലായി. അക്രമ സമയത്തു സ്ഥലത്തുണ്ടായിരുന്ന കല്‍പറ്റ ഡിവൈഎസ്പിയെ സസ്പെന്‍ഡു ചെയ്തു. എഡിജിപി മനോജ് എബ്രഹാമിനാണ് അന്വേഷണ ചുമതല. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക്  നിര്‍ദ്ദേശം നല്‍കി.

◼️രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ ഇന്ന് യുഡിഎഫ് റാലിയും പ്രതിഷേധയോഗവും. ഉച്ചക്കു രണ്ടിന് രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് പരിസരത്തുനിന്ന് റാലി ആരംഭിക്കും. കല്‍പ്പറ്റ ടൗണില്‍ പ്രതിഷേധയോഗവും നടത്തും. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, എംപിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

◼️ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. വി വേണുവിനെ ആഭ്യന്തര വകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറിയാക്കി. ടിങ്കു ബിസ്വാളാണ് ആരോഗ്യ വകുപ്പ് സെക്രട്ടറി. ആരോഗ്യ സെക്രട്ടറി ആയിരുന്ന രാജന്‍ ഖോബ്രഗഡെയെ ജല വിഭവ വകുപ്പിലേക്കു മാറ്റി. ശര്‍മിള മേരി ജോസഫിന് തദ്ദേശ വകുപ്പിന്റെ ചുമതല നല്‍കി. എസ് സി - എസ്ടി സ്പെഷല്‍ സെക്രട്ടറിയായി എന്‍ പ്രശാന്തിനെ നിയമിച്ചു. ടി.കെ ജോസ് വിരമിക്കുന്നതിനാലാണ് മാറ്റം. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ട ഇഷിത റോയ്, നിലവില്‍ കൈകാര്യം ചെയ്യുന്ന അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ ചുമതലയും വഹിക്കണം. ഡോ രാജന്‍ ഖോബ്രഗഡെയ്ക്ക് കാര്‍ഷിക വകുപ്പിന്റെയും തീരദേശ ഷിപ്പിങ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്റെയും അധിക ചുമതലയുണ്ട്.

◼️തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ കെട്ടിവെയ്ക്കേണ്ട തുക ഇരട്ടിയാക്കി. ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്നവര്‍ കെട്ടിവെക്കേണ്ട തുക 1000 രൂപയില്‍നിന്ന് 2000 രൂപയാക്കി ഉയര്‍ത്തി. ബ്ലോക്ക് പഞ്ചായത്തില്‍ 2000 രൂപയില്‍ നിന്ന്  4000 രൂപയായും ജില്ലാ പഞ്ചായത്തില്‍  3000 രൂപയില്‍ നിന്ന് 5000 രൂപയായും വര്‍ദ്ധിപ്പിച്ചു. പട്ടികജാതി, പട്ടികവര്‍ഗ സ്ഥാനാര്‍ത്ഥികള്‍ ഇതിന്റെ പകുതി തുക കെട്ടിവച്ചാല്‍ മതി.

◼️സംസ്ഥാനത്തെ ദേശീയപാതാ നവീകരണം 2025 ല്‍ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 600 കിലോമീറ്റര്‍ റോഡാണ് ആറുവരി പാതയാക്കുന്നത്. ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിന് 25 ശതമാനം തുക നല്‍കുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. മറ്റു സംസ്ഥാനങ്ങളില്‍ മുഴുവന്‍ തുകയും ദേശീയപാത അതോറിറ്റിയാണ് വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

◼️അഗ്നിപഥ് പദ്ധതിക്കെതിരെ എഐസിസി ആഹ്വാന പ്രകാരം 27 ന് സംസ്ഥാനത്തെ എല്ലാ അസംബ്ലിമണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെ  നേതൃത്വത്തില്‍ സത്യാഗ്രഹ സമരം നടത്തും. രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരുമണിവരെയാണ് സത്യാഗ്രഹം. സൈന്യത്തിന്റെ  അച്ചടക്കം, ആത്മവിശ്വാസം എന്നിവയെയും രാജ്യസുരക്ഷയെയും അപകടപ്പെടുത്തുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

◼️കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ജീവനക്കാരുടെ സംഘടനകളുമായി ഈ മാസം 29 ന് ചര്‍ച്ച നടത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ധനകാര്യ മന്ത്രിയും ചര്‍ച്ചയില്‍ പങ്കെടുക്കും. കെഎസ്ആര്‍ടിസിക്കു കൂടുതല്‍ സാമ്പത്തിക സഹായം അനുവദിക്കുന്നത് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യും. അടുത്ത മാസം അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നല്‍കാന്‍ മാനേജ്മെന്റിന് നിര്‍ദേശം നല്‍കിയെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.

◼️രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെ എസ്എഫ്ഐ നടത്തിയ ആക്രമണത്തില്‍ വ്യാപക പ്രതിഷേധം. ഡല്‍ഹിയിലെ എസ്എഫ്ഐ ഓഫീസിലേക്ക് എന്‍ എസ് യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. തിരുവനന്തപുരം എകെജി സെന്ററിലേക്ക് പ്രതിഷേധമാര്‍ച്ചായി എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. എകെജി സെന്ററിന്റെ സുരക്ഷ വര്‍ധിപ്പിച്ചു.

◼️കല്‍പ്പറ്റ ഡിവൈഎസ്പി നോക്കി നില്‍ക്കേയാണ് എസ്എഫ്ഐ രാഹുല്‍ഗാന്ധിയുടെ ഓഫീസില്‍ ആക്രമണം നടത്തിയതെന്നും തന്നെ വളഞ്ഞിട്ട് തല്ലിയതെന്നും രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് സെക്രട്ടറി അഗസ്റ്റിന്‍ പുല്‍പ്പള്ളി. ര്‍ണിച്ചറുകളും ഗാന്ധിജി അടക്കമുള്ളവരുടെ ഫോട്ടോകളും ഫയലുകളും പ്രവര്‍ത്തകര്‍ നശിപ്പിച്ചെന്നും അഗസ്റ്റിന്‍ പറഞ്ഞു.

◼️എസ് എഫ് ഐ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന അഗസ്റ്റിനുമായി രാഹുല്‍ ഗാന്ധി ഫോണില്‍ സംസാരിച്ചു.  പൊലീസ് അക്രമത്തില്‍ പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായും രാഹുല്‍ ഗാന്ധി ഫോണില്‍ ആശയവിനിമയം നടത്തി. ഇതേസമയം, ബഫര്‍ സോണ്‍ വിഷയത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചെന്ന രാഹുല്‍ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റ് തരംഗമായി മാറി.

◼️രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസിനുനേരെയുണ്ടായ അതിക്രമത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങള്‍ക്കും അഭിപ്രായ പ്രകടനങ്ങള്‍ക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. എന്നാല്‍ അതിക്രമത്തിലേക്കു കടക്കുന്നത് തെറ്റാണ്. കുറ്റക്കാരായവര്‍ക്കെതിരെ ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

◼️സംഘപരിവാറിന്റെ ക്വട്ടേഷന്‍ എസ്എഫ്ഐയും സിപിഎമ്മും ഏറ്റെടുത്തിരിക്കുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സിപിഎം സംഘടിത മാഫിയയായി മാറിയെന്നാണ് എസ്എഫ്ഐ ആക്രമണത്തിലൂടെ കാണിച്ചുതന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പിണറായിക്കു വേണ്ടി മോദിയെ സുഖിപ്പിക്കാനാണ് അക്രമം നടത്തിയതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ. കേരളത്തില്‍ സംഘപരിവാരത്തിന്റെ പണി ഏറ്റെടുത്തു നടപ്പാക്കിയതാണെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.

◼️വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമണത്തെ അപലപിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. കുറ്റക്കാര്‍ക്കെതിരെ പൊലീസ് നടപടി എടുക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. ആക്രമണം ഭീരുത്വമെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. നീചമായ ആക്രമണമെന്നു രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ബംഗാളിലും ത്രിപുരയിലും സി പി എം ഇല്ലാതായത് ഇതേ അക്രമ രീതികൊണ്ടാണ് എന്നായിരുന്നു മാണിക്കം ടാഗോര്‍ എംപി ട്വീറ്റ് ചെയ്തത്.

◼️രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതു ദൗര്‍ഭാഗ്യകരമെന്ന് എസ്എഫ്ഐ കേന്ദ്രകമ്മിറ്റി. എസ്എഫ്ഐയുടെ ഓഫീസുകള്‍ക്കു മുന്‍പിലുള്ള കോണ്‍ഗ്രസ് പ്രതിഷേധവും അപലപനീയമാണെന്നും എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി പറഞ്ഞു.

◼️നടിയെ ആക്രമിച്ച കേസിലെ തെളിവായ മെമ്മറി കാര്‍ഡ് കേന്ദ്ര ലാബിലേക്കയച്ച് പരിശോധിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. വീഡിയോ ആരോ കണ്ടതിനാലാണ് മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതെന്ന് ഫോറന്‍സിക് ലാബ് അസി. ഡയറക്ടര്‍ ദീപ കോടതിയെ അറിയിച്ചു. എന്നാല്‍ വീഡിയോ ആരും കോപ്പി ചെയ്യാത്തതിനാല്‍ വീഡിയോയുടെ ഹാഷ് വാല്യു മാറിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

◼️പത്തനംതിട്ട പുറമറ്റത്ത് വനിതാ പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ വിജയനെതിരേ സിപിഎം വനിതകളുടെ കൈയ്യേറ്റം.  ഓഫീസിനു മുന്നില്‍ വനിതാ പ്രവര്‍ത്തകര്‍ തന്നെ വളഞ്ഞിട്ട് ആക്രമിച്ചതായി സൗമ്യ പറഞ്ഞു. അക്രമികള്‍ ചുരിദാര്‍ കീറുകയും ഷാള്‍ വലിച്ചെടുക്കുകയും ചെയ്തു. പ്രസിഡന്റിനെതിരായ അവിശ്വാസം കഴിഞ്ഞ ദിവസം പരാജയപ്പെട്ടിരുന്നു. നാലു സ്ത്രീകള്‍ക്കെതിരെ കേസെടുത്തു.

◼️ബാലുശ്ശേരിയിലെ ആള്‍ക്കൂട്ട മര്‍ദ്ദന കേസില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ അഞ്ചു പേരെ അറസ്റ്റു ചെയ്തു. ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ നജാഫ് ഫാരിസ്, മുസ്ലിം ലീഗ് പ്രവര്‍ത്തകരായ മുഹമ്മദ് സാലി, റിയാസ്, വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ മുഹമ്മദ് ഇജാസ്, ഷാലിദ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

◼️ഗുരുവായൂര്‍ ദേവസ്വം ക്വാര്‍ട്ടേഴ്സ് ഇടിഞ്ഞ് താഴ്ന്നു. തെക്കേ നടയില്‍ ദേവസ്വം ജീവനക്കാര്‍ക്ക് താമസിക്കാന്‍ നിര്‍മിച്ച മൂന്നു നില കെട്ടിടമാണ് ഇന്നലെ വൈകീട്ട് ആറു മണിയോടെ ഇടിഞ്ഞു താഴ്ന്നത്. കെട്ടിടത്തിലെ രണ്ടു ഫ്ളാറ്റുകളില്‍ ഉണ്ടായിരുന്ന താമസക്കാര്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.

◼️സംസ്ഥാനത്തെ ആദ്യത്തെ ശിശു സൗഹൃദ പോക്സോ കോടതി എറണാകുളത്ത് ആരംഭിച്ചു. കുട്ടികള്‍ക്ക് പിരിമുറുക്കങ്ങളില്ലാതെ മൊഴി നല്‍കാനും വിചാരണയില്‍ പങ്കെടുക്കാനുമുള്ള സൗകര്യങ്ങളാണ് ശിശു സൗഹൃദ പോക്സോ കോടതിയില്‍ ഒരുക്കിയിട്ടുള്ളത്. എറണാകുളം അഡീഷണല്‍ ഡിസ്ട്രിക്‌സ്  സെഷന്‍സ് കോടതിയോട് ചേര്‍ന്നാണ് ശിശു സൗഹൃദ പോക്‌സോ കോടതി ആരംഭിച്ചത്.  

◼️രാഷ്ട്രപതി തെരെഞ്ഞെടുപ്പില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായ ദ്രൗപതി മുര്‍മുവിനെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കത്ത് നല്‍കി.

◼️കാന്‍സര്‍ രോഗത്തിനു ചികില്‍സയിലുള്ള ഒരു വയസ്സുകാരിയുടെ ചിത്രം വച്ച് അനധികൃത പണപ്പിരിവ് നടത്തിയ സംഘം പാലായില്‍ അറസ്റ്റില്‍. പിരിച്ച പണവുമായി ഉടന്‍ തന്നെ ബാറില്‍ കയറി മദ്യപിക്കാന്‍ കയറിയതോടെയാണ് തട്ടിപ്പു സംഘത്തെ പിടികൂടിയത്. രക്താര്‍ബുദം ബാധിച്ച് തിരുവനന്തപുരം ആര്‍ സി സിയില്‍ ചികിത്സയിലുള്ള കൊല്ലം പന്മന സ്വദേശിനിയുടെ ചിത്രം ഉപയോഗിച്ചായിരുന്നു മൂന്നംഗ സംഘത്തിന്റെ തട്ടിപ്പ്.

◼️വിദേശത്തേക്കു വിസയും വിമാന ടിക്കറ്റും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ കൈപ്പറ്റി ഒളിവിലായിരുന്ന തലക്കടത്തൂര്‍ സ്വദേശി പറമ്പത്ത് വീട്ടില്‍ അമീറി(29)നെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. തിരൂര്‍, നിലമ്പൂര്‍ സ്വദേശികളായ യുവാക്കളില്‍നിന്ന് അഞ്ച് ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണു കേസ്.

◼️കെഎസ്ആര്‍ടിസി മലപ്പുറത്തെ ജില്ലാ ഓഫീസ് പെരിന്തല്‍മണ്ണയിലേക്കു മാറ്റുന്നതിനെതിരെ പ്രതിഷേധം. മലപ്പുറം ഡിപ്പോയില്‍നിന്നു പുറപ്പെടുന്ന സര്‍വീസുകളെ ബാധിക്കുമോ എന്ന ആശങ്കയിലാണ് യാത്രക്കാര്‍.

◼️ആലുവയില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വീട്ടില്‍നിന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍  ഒരാള്‍ കൂടി അറസ്റ്റില്‍. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി അബൂട്ടിയാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി.

◼️കൊല്ലം കൊട്ടാരക്കരയില്‍ യുവ അഭിഭാഷകയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര കടവട്ടൂര്‍ സ്വദേശിനി അഷ്ടമിയാണ് മരിച്ചത്. വൈകുന്നേരം അഷ്ടമി ഫോണില്‍ സംസാരിച്ച് കരഞ്ഞുകൊണ്ടാണ് വീട്ടിലേക്കു കയറിപോയതെന്ന് അയല്‍വാസികള്‍ പറഞ്ഞു. അഷ്ടമിയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

◼️കോവളത്ത് വിദേശ വനിതയെ മയക്കുമരുന്നു നല്‍കി പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ ഫോറന്‍സിക് ഡോക്ടറുടെ നിര്‍ണായക മൊഴി. വിദേശ വനിതയുടെ കഴുത്തിലെ എല്ല് ഒടിഞ്ഞിരുന്നെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മുന്‍ ഫൊറന്‍സിക് മേധാവി ഡോ. ശശികല മൊഴി നല്‍കി. ബലപ്രയോഗത്തിന്റെ പാടുകള്‍ മൃതദേഹത്തിലുണ്ടായിരുന്നെന്നും മൊഴിയിലുണ്ട്.

◼️വയോധികയെ ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി മൂന്നര പവന്‍ സ്വര്‍ണമാല കവര്‍ന്നയാള്‍ പിടിയിലായി. കണ്ണൂര്‍ വളക്കൈ സ്വദേശി അബ്ദുള്‍ ജബ്ബാര്‍ ആണ് അറസ്റ്റിലായത്.

◼️പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയ കേസിലെ പ്രതികള്‍ക്ക് പോക്‌സോ കോടതി തടവും പിഴയും ശിക്ഷ. കല്‍പകഞ്ചേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതിയായ ഇരിങ്ങാവൂര്‍ മില്ലുംപടി പടിക്കപ്പറമ്പില്‍ മുഹമ്മദ് ബഷീര്‍ മാനു(40)വിന് 26 വര്‍ഷം കഠിന തടവും 65,000 രൂപ പിഴയും രണ്ടാം പ്രതി ഇരിങ്ങാവൂര്‍ ആശാരിപ്പാറ ചക്കാലക്കല്‍ അബ്ദുല്‍സലാ(46)മിന് 21 വര്‍ഷം കഠിന തടവും 55,000 രൂപ പിഴയുമാണ് തിരൂര്‍ ഫസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി വിധിച്ചത്.

◼️കാസര്‍കോട് പൂച്ചക്കാട്ട് മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ മുനീറിന്റെ വീട്ടില്‍ കവര്‍ച്ച. അലമാരയില്‍ സൂക്ഷിച്ചിരുന്ന മുപ്പത് പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും നഷ്ടപ്പെട്ടു.

◼️ബാങ്ക് വീട് ജപ്തി ചെയ്തതിനെത്തുടര്‍ന്ന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വീട്ടമ്മ പതിമൂന്ന് ദിവസമായി കഴിച്ചുകൂട്ടിയത് വീടിനു മുന്നിലെ വരാന്തയില്‍. കോട്ടയം മുള്ളന്‍ കുഴിയിലെ ശകുന്തളയുടെ ദുരിതം കണ്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ എത്തി ബാങ്ക് അധികൃതരുമായി സംസാരിച്ച് വീടു തുറന്നുകൊടുത്തു. വായ്പ തിരിച്ചടയ്ക്കാന്‍ സമയം നല്‍കിയിട്ടുമുണ്ട്. ആറു ലക്ഷം തിരിച്ചടക്കണമെന്നാണ് ബാങ്ക് ആവശ്യപ്പെട്ടത്.

◼️വിമത എംഎല്‍എമാരോട് കരുണയില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറേ. വിമതര്‍ പാര്‍ട്ടിയെ പിളര്‍ത്താന്‍ ശ്രമിച്ചെന്ന് ശിവസേനാ ജില്ലാ അധ്യക്ഷന്‍മാരുടെ യോഗത്തില്‍ ഉദ്ധവ് താക്കറേ കുറ്റപ്പെടുത്തി. വിശ്വാസ വോട്ടെടുപ്പ് നേരിടാനാണ് മഹാ വികാസ് അഘാഡിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

◼️മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ 48 മണിക്കൂറിനുള്ളില്‍ പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവുകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് ബിജെപിയുടെ കത്ത്. അതിവേഗം 160 ഉത്തരവുകളാണ് സര്‍ക്കാര്‍ ഇറക്കിയതെന്ന് ബിജെപി ചൂണ്ടിക്കാട്ടുന്നു. കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ ഇതിലുണ്ടെന്നും ബിജെപി നേതാവ് പ്രവീണ്‍ ദരേക്കര്‍ ആരോപിച്ചു.

◼️മഹാരാഷ്ട്രയിലെ വിമത എംഎല്‍എമാര്‍ ഗോഹട്ടിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ തങ്ങുന്നത് അര കോടിയിലേറെ രൂപ മുടക്കിയെന്ന് റിപ്പോര്‍ട്ട്. 70 റൂമുകളാണ് ബുക്ക് ചെയ്തത്. ഏഴു ദിവസത്തേക്കാണ് ബുക്കിങ്. എംഎല്‍എമാരുടെ  കുടുംബാംഗങ്ങളും ചില എംപിമാരും അടക്കം നൂറോളം പേര്‍ ഹോട്ടലിലുണ്ട്. പൊലീസ്, കേന്ദ്ര സായുധ സേന,  പ്രാദേശിക ബിജെപി നേതാക്കള്‍ തുടങ്ങിയവരും ഉണ്ട്. എല്ലാവര്‍ക്കുമായി ഭക്ഷണമടക്കം ഒരു ദിവസത്തെ ചെലവ് എട്ടു ലക്ഷം രൂപയാണ്.

◼️നിതി ആയോഗ് സിഇഒ ആയി പരമേശ്വരന്‍ അയ്യരെ നിയമിച്ചു. മുന്‍ യുപി കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. നിലവിലെ സിഇഒ അമിതാഭ് കാന്ത് ഈ മാസം വിരമിക്കും. ഇന്റലിജന്‍സ് ബ്യൂറോയുടെ ഡയറക്ടറായി തപന്‍ കുമാര്‍ ദേഖയെയും നിയമിച്ചു. നിലവില്‍ ഇന്റലിജന്‍സ് ബ്യൂറോ സ്പെഷ്യല്‍ ഡയറക്ടര്‍ ആണ് തപന്‍ കുമാര്‍.

◼️രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മ്മുവിനു പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ തേടി ബിജെപി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ പ്രതിപക്ഷ നേതാക്കളുമായി സംസാരിച്ചു. കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജൂന്‍ ഖാര്‍ഗെ, അധിര്‍ രജ്ഞന്‍ ചൗധരി എന്നിവരോടും ഫാറൂഖ് അബ്ദുള്ള, എച്ച് ഡി ദേവഗൗഡ എന്നിവരുമായും സംസാരിച്ചു. യുപിഎയ്ക്കൊപ്പമുള്ള ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ദ്രൗപദി മുര്‍മ്മുവിനെ പിന്തുണക്കുമെന്ന് അഭ്യൂഹമുണ്ട്.

◼️മാസം 19 രൂപയ്ക്ക് ബിഎസ്എന്‍എല്‍ പ്ലാന്‍. നമ്പര്‍ നിലനിര്‍ത്താന്‍ മാത്രമാണ് ഇങ്ങനെയൊരു പ്ലാന്‍ ആവിഷ്‌കരിച്ചത്. ഈ പ്ലാന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് കോള്‍ നിരക്കിലും കുറവുണ്ടാകും.

◼️ബാങ്ക് ഓഫ് ബറോഡ സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 325 ഒഴിവുകളുണ്ട് അവസാന തീയതി ജുലൈ 12.

◼️നേവല്‍ ഡോക്ക് യാര്‍ഡ് 338 അപ്രന്റിസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ എട്ട്.

◼️മ്യാന്മറില്‍ സൈനിക ഭരണകൂടം ജയിലിലടച്ച ജനകീയ നേതാവ് ആങ് സാന്‍ സ്യൂചിയെ ഏകാന്ത തടവറയിലേക്കു മാറ്റി. വീട്ടുതടവില്‍ കഴിയുകയായിരുന്ന സ്യൂചിയെ തലസ്ഥാനത്തെ ജയിലില്‍ പ്രത്യേകമായി പണിത ഏകാന്ത തടവറയിലേക്കാണ് മാറ്റിയത്.

◼️ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഫിഫ അണ്ടര്‍-17 വനിതാ ലോകകപ്പിന്റെ ഗ്രൂപ്പുകളായി. ഗ്രൂപ്പ് എയില്‍ ശക്തരായ ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യ. യുഎസ്എ, ബ്രസീല്‍, മൊറോക്കോ എന്നിവരാണ് ഇന്ത്യയെ കൂടാതെ ഗ്രൂപ്പിലുള്ളത്. ഇന്ത്യ ഉള്‍പ്പെടെ 16 ടീമുകളാണ് ലോകകപ്പില്‍ മത്സരിക്കുന്നത്. ഒക്ടോബര്‍ 11-ന് യുഎസ്എക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആതിഥേയരെന്ന നിലയിലാണ് ഇന്ത്യ ടൂര്‍ണമെന്റിന് യോഗ്യത നേടിയിരിക്കുന്നത്. ഇതാദ്യമായാണ് ഇന്ത്യ ഫിഫ അണ്ടര്‍-17 വനിതാ ലോകകപ്പിന് യോഗ്യത നേടുന്നത്.

◼️ഇന്ത്യയില്‍ സ്വര്‍ണം റീസൈക്കിള്‍ ചെയ്ത് പുനരുപയോഗിക്കുന്നത് കുറയുന്നതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട്. 2019ല്‍ 120 ടണ്‍ സ്വര്‍ണം പുനരുപയോഗിച്ചിരുന്നത് 2021ല്‍ 75 ടണ്ണിലേക്ക് കുറഞ്ഞു. 2019ല്‍ ഇക്കാര്യത്തില്‍ രണ്ടാമതായിരുന്ന ഇന്ത്യ കഴിഞ്ഞവര്‍ഷം നാലാംസ്ഥാനത്തായി. രാജ്യത്തെ സ്വര്‍ണ ലഭ്യതയുടെ 11 ശതമാനം പഴയസ്വര്‍ണത്തില്‍ നിന്നാണ്. അതേസമയം, 2013-21 കാലയളവില്‍ സംഘടിതമേഖലയില്‍ ഇന്ത്യയുടെ സ്വര്‍ണ ശുദ്ധീകരണശേഷി 500 ശതമാനം വര്‍ദ്ധിച്ച് 1800 ടണ്ണായി. അസംഘടിത മേഖലയില്‍ ഇത് 300-500 ടണ്ണാണ്. 2013ല്‍ അഞ്ചില്‍ താഴെ സ്വര്‍ണ ശുദ്ധീകരണശാലകളാണ് ഉണ്ടായിരുന്നത്. 2021ല്‍ ഇത് 33 ആയെന്നും റിപ്പോര്‍ട്ടിലുണ്ട്.

◼️ട്വിറ്റര്‍പ്രിയര്‍ക്ക് സന്തോഷമേകാനായി കൂടുതല്‍ വാക്കുകള്‍ എഴുതാവുന്നതും എഴുത്തുകള്‍ എഡിറ്റ് ചെയ്യാവുന്നതുമായ ഓപ്ഷന്‍ ഉടനെത്തും. ഇതിന്റെ പരീക്ഷണത്തിന് തുടക്കമായെന്ന് ട്വിറ്റര്‍ വ്യക്തമാക്കി. തുടക്കത്തില്‍ പരമാവധി 140 വാക്കുകളാണ് ട്വിറ്ററില്‍ എഴുതാമായിരുന്നത്. നിലവില്‍ ഇത് 280 ആണ്. ദീര്‍ഘമായ (എസ്സേ) ലേഖനങ്ങള്‍ എഴുതാവുന്ന 'നോട്ട്‌സ് ' ഫീച്ചറാണ് ട്വിറ്റര്‍ പരീക്ഷിക്കുന്നത്. ഇതിനൊപ്പം എഡിറ്റ് ഓപ്ഷനും ഉണ്ടാകും. നിലവില്‍ ട്വിറ്ററിലെ എഴുത്തുകള്‍ എഡിറ്റ് ചെയ്യാനുള്ള ഓപ്ഷനില്ല. ട്വിറ്റര്‍ ഏറ്റെടുത്ത റെവ്യൂ കമ്പനിയുടെ സഹായത്തോടെയാണ് ഫീച്ചര്‍ സജ്ജമാക്കുന്നത്.

◼️മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം റാം റിലീസിന് എത്തുന്നത് രണ്ടു ഭാഗങ്ങളിലായി. റാം 1, റാം 2 എന്നിങ്ങനെ രണ്ടു ഭാഗങ്ങള്‍ ആയിട്ടായിരിക്കും മോഹന്‍ലാല്‍  ജീത്തുജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം റിലീസ് ചെയ്യുക. ചിത്രം വലിയ രീതിയില്‍ ആണ് ഒരുങ്ങുന്നത് എന്നാണ് സൂചന. മോഹന്‍ലാലിന് ഒപ്പം തൃഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഇന്ദ്രജിത്ത്, സിദ്ദീഖ്, ലിയോണാ ലിഷോയ്, ഇര്‍ഷാദ് എന്നിവരും ചിത്രത്തിലുണ്ട്. ജീത്തു ജോസഫിന്റെ ഇതുവരെയുള്ള ചിത്രങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ബഡ്ജറ്റില്‍ ചെയ്യുന്ന ചിത്രമാണ് റാം.

◼️മണ്‍മറഞ്ഞ സംവിധായകന്‍ ജോണ്‍ എബ്രഹാമിന്റെ ജീവിതത്തെ ആസ്പദമാക്കി മാധ്യമ പ്രവര്‍ത്തകനും ചലച്ചിത്ര നിരൂപകനുമായ പ്രേംചന്ദ് സംവിധാനം ചെയ്ത ജോണ്‍ എന്ന സിനിമ പൂര്‍ത്തിയായി. യു സര്‍ട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. അഞ്ച് ഷെഡ്യൂളുകളിലായി കോഴിക്കോട്, കൊച്ചി, കോട്ടയം എന്നിവിടങ്ങളിലാണ് ചിത്രീകരണം നടന്നത്. ദീദി ദാമോദരന്റേതാണ് രചന. പാപ്പാത്തി മൂവ്മെന്റ്സിന്റെ ബാനറില്‍ മുക്ത ദീദി ചന്ദ് ആണ് നിര്‍മ്മാണം.  ഡോ. രാമചന്ദ്രന്‍ മൊകേരി, പ്രൊഫ. ശോഭീന്ദ്രന്‍, മധു മാസ്റ്റര്‍, ഹരിനാരായണ്‍,  കെ നന്ദകുമാര്‍, പ്രകാശ് ബാരെ, ശാന്ത, അനിത, സിവിക് ചന്ദ്രന്‍, ചെലവൂര്‍ വേണു, ആര്‍ട്ടിസ്റ്റ് ജീവന്‍ തോമസ്, മദനന്‍, അരുണ്‍ പുനലൂര്‍, യതീന്ദ്രന്‍ കാവില്‍ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

◼️ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ കവാസാക്കി അടുത്തിടെയാണ് യൂറോപ്യന്‍ വിപണികളില്‍ നിന്‍ജ 400ന്റെ യൂറോ-5/ബിഎസ് 6 കംപ്ലയിന്റ് പതിപ്പ് പുറത്തിറക്കിയത്. ഇപ്പോള്‍, ആഗോളതലത്തില്‍ അരങ്ങേറ്റം നടത്തി ദിവസങ്ങള്‍ക്കുള്ളില്‍, ഈ ജാപ്പനീസ് ഫുള്‍ ഫെയര്‍ഡ് മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു. പുതിയ 2022 കവാസാക്കി നിഞ്ച 400 ബിഎസ് 6 ആണ് എത്തിയത്. പരിഷ്‌കരിച്ച രൂപത്തില്‍ ആണെങ്കിലും ഇന്ത്യന്‍ വിപണിയില്‍ ഒരു തിരിച്ചുവരവ് നടത്തുകയാണ് വാഹനം. ഈ മോട്ടോര്‍സൈക്കിളിന് 399 സിസി, ലിക്വിഡ് കൂള്‍ഡ്, പാരലല്‍-ട്വിന്‍, എഫ്ഐ എഞ്ചിന്‍ കരുത്തേകും. ഈ മോട്ടോര്‍ 10,000 ആര്‍പിഎമ്മില്‍ 44.3 ബിഎച്ച്പിയും 8000 ആര്‍പിഎമ്മില്‍ 37 എന്‍എം പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു.

◼️ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലെ പ്രമാണികനും കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന ലീഡര്‍ കെ കരുണാകരനോടൊപ്പം 36 വര്‍ഷത്തോളം അടുത്തറിഞ്ഞു പ്രവര്‍ത്തിച്ച ഒരു സിവില്‍ സര്‍വ്വീസ് ഉദ്ദ്യോഗസ്ഥന്റെ ഓര്‍മ്മക്കുറിപ്പുകളാണ് ഈ പുസ്തകം. കെട്ടുകഥകളുടെയും കേട്ടു കേള്‍വികളുടെയും രേഖപ്പെടുത്തലുകള്‍ക്കപ്പുറം ആധികാരികമായ ചരിത്രരേഖയായി മാറുകയാണ് കെ.എസ്. പ്രേമചന്ദ്രകുറുപ്പ് ഐ.എ.എസ് (റിട്ട.) ലീഡര്‍ക്കൊപ്പം എന്ന പുസ്തകം. കറന്റ് ബുക്സ് തൃശൂര്‍. വില 522 രൂപ.

◼️കോവിഡ് ബാധിതരായ കുട്ടികളില്‍ ദീര്‍ഘകാല കോവിഡ് ലക്ഷണങ്ങള്‍ കുറഞ്ഞത് രണ്ട് മാസമെങ്കിലും നീണ്ടു നില്‍ക്കാമെന്ന് പഠനം. ഡെന്‍മാര്‍ക്കിലെ 14 വയസ്സ് വരെയുള്ള കുട്ടികളില്‍ കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഗവേഷണത്തിന്റെ റിപ്പോര്‍ട്ട് ദ ലാന്‍സെറ്റ് ചൈല്‍ഡ് ആന്‍ഡ് അഡോളസന്റ് ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ചു. മഹാമാരി കുട്ടികളുടെ ജീവിതത്തിന്റെ നിലവാരത്തെയും ബാധിക്കാമെന്ന് ഗവേഷകര്‍ പറയുന്നു. 2020 ജനുവരിക്കും 2021 ജൂലൈക്കും ഇടയില്‍ കോവിഡ് പോസിറ്റീവായ 11,000 കുട്ടികളിലാണ് പഠനം നടത്തിയത്. ഇടയ്ക്കിടെയുള്ള മൂഡ് മാറ്റങ്ങള്‍, ചര്‍മത്തില്‍ തിണര്‍പ്പുകള്‍, വയര്‍ വേദന തുടങ്ങിയ ദീര്‍ഘകാല കോവിഡ് ലക്ഷണങ്ങളാണ് മൂന്ന് വയസ്സ് വരെയുള്ള കുട്ടികളില്‍ നിരീക്ഷിച്ചത്. നാലു മുതല്‍ 11 വയസ്സ് വരെയുള്ള കുട്ടികളില്‍ ശ്രദ്ധക്കുറവ്, തിണര്‍പ്പുകള്‍, ഓര്‍മപ്രശ്നം പോലുള്ള ദീര്‍ഘകാല കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയപ്പോള്‍ 12-14 വയസ്സുകാരില്‍ ക്ഷീണം, ശ്രദ്ധക്കുറവ്, ഓര്‍മക്കുറവ്, മൂഡ് മാറ്റം പോലുള്ള ലക്ഷണങ്ങള്‍ നിരീക്ഷിച്ചു. എല്ലാ പ്രായവിഭാഗത്തിലുമുള്ള കുട്ടികളില്‍ ഒരു ലക്ഷണമെങ്കിലും രണ്ട് മാസമോ അതിലധികം നേരമോ തുടര്‍ന്നതായും ഗവേഷണറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. 0-3 പ്രായവിഭാഗത്തില്‍പ്പെട്ട  കോവിഡ് ബാധിതരായ കുട്ടികളില്‍ 40 ശതമാനത്തിനും രണ്ട് മാസത്തിലധികം ലക്ഷണങ്ങള്‍ അനുഭവപ്പെട്ടു. 4-11 പ്രായവിഭാഗത്തില്‍പ്പെട്ട കോവിഡ് ബാധിതരായ കുട്ടികളില്‍ 38 ശതമാനത്തിനും  ഇതേ കാലയളവില്‍  ലക്ഷണങ്ങള്‍ തുടര്‍ന്നു. 12-14 പ്രായവിഭാഗത്തില്‍ ഇത് 46 ശതമാനമാണ്.

*ശുഭദിനം*

തങ്ങളുടെ ഗുരുവാകാന്‍ നിയോഗിക്കപ്പെട്ട ആളെ കണ്ടെത്തിയ സന്തോഷത്തിലായിരുന്നു ഗ്രാമവാസികള്‍.  അവര്‍ ആ പണ്ഡിതനെയും തോളിലേറ്റി ആഹ്ലാദപ്രകടനം നടത്തുകയാണ്.  ജനക്കൂട്ടം ആഘോഷപൂര്‍വ്വം അദ്ദേഹത്തെ ഔദ്യോഗിക പീഠത്തിലിരുത്തി.  തന്റെ ആദ്യപ്രസംഗം അവസാനിച്ചപ്പോള്‍ ഒരു ശിഷ്യന്‍ അദ്ദേഹത്തോട് ചോദിച്ചു. അങ്ങ് എപ്പോഴും വിനയത്തെകുറിച്ച് സംസാരിക്കാറുണ്ടല്ലോ.. ജനക്കൂട്ടം അങ്ങയെ തോളത്തിരുത്തി നഗരം ചുറ്റിയപ്പോള്‍ അങ്ങേയ്ക്ക് എന്താണ് തോന്നിയത്?  ഗുരു പറഞ്ഞു:  ഞാന്‍ മരിച്ചു എന്നും എന്റെ മൃതശരീരം വഹിച്ചുകൊണ്ട് അവര്‍ നടക്കുകയാണ് എന്നാണ് എനിക്ക് അനുഭവപ്പെട്ടത്...  സ്തുതിഗീതങ്ങളില്‍ വശംവദരാകരുത്.  അവയുടെ ബലിയാടായാല്‍ ജീവിതം മേളക്കൊഴുപ്പുകളിലേക്ക് വഴിമാറും.  ആരാധകര്‍ക്കെല്ലാം തങ്ങളുടേയതായ ലക്ഷ്യങ്ങളുണ്ട്.  അത് നേടിയെടുക്കുന്നതുവരെ മാത്രമായിരിക്കും അവരുടെ പുകഴ്ത്തലുകള്‍.  ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഇല്ലാതാക്കേണ്ട ചില നിഷേധവികാരങ്ങളും അധമപ്രവൃത്തികളുമുണ്ട്. സ്തുതിപാഠകരെ നിരോധിക്കാന്‍ പഠിക്കണം.  ഇല്ലെങ്കില്‍ അവര്‍ പ്രലോഭനവഴികള്‍ തീര്‍ക്കും.  ആര്‍പ്പുവിളികളോട് നിന്നുകൊടുക്കാത്തവര്‍ക്ക് ആളുകള്‍ക്ക് ബഹുമാനം കൂടുകയേ ഉള്ളൂ.  അത്യുന്നത നേട്ടങ്ങളുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും നമുക്ക് ഒരു സത്യം എപ്പോഴും ഓര്‍മ്മിക്കാം. നമുക്കും ഒരിക്കല്‍ ഒരു പകരക്കാരനുണ്ടാകും.  ലഭിക്കുന്ന എല്ലാ സ്ഥാനമാനങ്ങളും മറ്റാരുടെയോ കാലാവധി കഴിഞ്ഞതുകൊണ്ട് കിട്ടിയതാണ്. അതുപോലെ ലഭിച്ച സ്ഥാനമൊഴിയാനും അധികം കാല താമസം വേണ്ട. - *ശുഭദിനം.* 

*മീഡിയ16*