◼️മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിഞ്ഞു. ഔദ്യോഗിക വസതിയായ 'വര്‍ഷ'യില്‍ നിന്ന് സ്വന്തം വീടായ മാതോശ്രീയിലേക്കു പോകാന്‍ ഇറങ്ങിയപ്പോള്‍ ഉദ്ദവ് താക്കറെയെ പ്രവര്‍ത്തകര്‍ വൈകാരികമായി പുഷ്പവൃഷ്ടി നടത്തിയാണ് യാത്രയാക്കിയത്. എന്‍സിപി നേതാവ് ശരദ് പവാര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി. ശിവസേനയുടെ വിമത നേതാവ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കി മുന്നണി ഭരണം നിലനിര്‍ത്തുന്ന കാര്യവും ചര്‍ച്ച ചെയ്തു.
◼️നാടകീയ നീക്കങ്ങളുമായി ശിവസേനയും വിമതരും. അവിശ്വാസം നേരിട്ട് അറിയിച്ചാല്‍ രാജിവയ്ക്കാമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. രാജി കത്ത് തയ്യാറാണ്. വിമതരെല്ലാം മുന്നിലെത്തി രാജി ആവശ്യപ്പെട്ടാല്‍ ഒഴിയുമെന്ന് ഉദ്ദവ് താക്കറെ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു. ശിവസേനയും ഹിന്ദുത്വവും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ശിവസേന ഹിന്ദുത്വം ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചില എംഎല്‍മാരെ കാണാനില്ല. ചിലര്‍ തിരികെ വരാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും പറഞ്ഞു.
◼️കോവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന ഗവര്‍ണറുമായി സംസാരിക്കാന്‍ ശിവസേന വിമത നേതാവ് ഏക്നാഥ് ഷിന്‍ഡെ വീഡിയോ കോണ്‍ഫറന്‍സിംഗിനു സമയം തേടി. ശിവസേന മുംബൈയില്‍ വിളിച്ചുകൂട്ടിയ നിയമസഭാ കക്ഷി യോഗം നിയമവിരുദ്ധമാണെന്നും നിയമസഭാ കക്ഷി നേതാവായി തന്റെ പക്ഷത്തെ ഭരത് ഗോഗവാലയെ നിയമിച്ചെന്നും ഗോഹട്ടിയിലുള്ള ഷിന്‍ഡെ പറഞ്ഞു. നാലു ശിവസേന എംഎല്‍എമാര്‍കൂടി വിമത ക്യാമ്പില്‍ എത്തി. ശിവസേനയിലെ 40 എംഎല്‍എമാരുടേയം ആറു സ്വതന്ത്രരുടേയും പിന്തുണ തനിക്കുണ്ടെന്ന് ഷിന്‍ഡെ അവകാശപ്പെട്ടു.
◼️അഫ്ഗാനിസ്ഥാനില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തില്‍ ഇതുവരെ 920 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. 610 പേര്‍ക്ക് പരിക്കേറ്റു. അവശിഷ്ടങ്ങള്‍ക്കടിയില്‍ ഇനിയും നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. കിഴക്കന്‍ മേഖലയിലാണു ഭൂകമ്പം ഉണ്ടായത്. സര്‍ക്കാര്‍ വിദേശസഹായം തേടിയിട്ടുണ്ട്.
◼️സംസ്ഥാനത്ത് 30 ലക്ഷം അഭ്യസ്ഥ വിദ്യര്യായ തൊഴിലില്ലാത്തവരുണ്ടെന്ന് കുടുംബശ്രീ സര്‍വേ. 20 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ തൊഴില്‍ നല്‍കുമെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍ പറഞ്ഞു. അയ്യായിരം പേര്‍ക്ക് സര്‍ക്കാര്‍ കെ ഡിസ്‌ക് വഴി ജോലി നല്‍കി. വീടിനടുത്തു ജോലിയ്ക്ക് അവസരം ഒരുക്കും. ഒരു ലക്ഷം സംരംഭകരെയും കണ്ടെത്തും. ആയിരം പേരില്‍ അഞ്ചു പേര്‍ക്കെന്ന നിലയില്‍ തദ്ദേശസ്ഥാപനങ്ങള്‍ ജോലി നല്‍കും. സംസ്ഥാനത്ത് 64,006 കുടുംബങ്ങള്‍ അതിദരിദ്ര വിഭാഗത്തിലാണ്. എല്ലാവര്‍ക്കും വീടുണ്ടാകാന്‍ അഞ്ചു ലക്ഷം വീടു കൂടി വേണമെന്നും മന്ത്രി പറഞ്ഞു.
◼️കൊല്ലം നീണ്ടകര താലൂക്ക് ആശുപത്രിയില്‍ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ മൂന്നു പ്രതികളും പിടിയില്‍. നീണ്ടകര സ്വദേശികളായ വിഷ്ണു, രതീഷ്, അഖില്‍ എന്നിവരാണ് പിടിയിലായത്.
◼️സ്വര്‍ണക്കടത്തു കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ മൊഴിയെടുക്കല്‍ ഇന്നു തുടരും. ഇന്നലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അഞ്ചര മണിക്കൂറാണു മൊഴി രേഖപ്പെടുത്തിയത്. കോടതിയില്‍ നല്‍കിയ 164 മൊഴിയുടെ പകര്‍പ്പ് ലഭിച്ചതിന് പിന്നാലെയാണ് ഇഡിയുടെ നടപടി. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സ്വപ്നയുടെ മൊഴിയിലുള്ളത്.
◼️കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 'ഫര്‍ലോ ലീവ്' പദ്ധതി കൂടുതല്‍ ജീവനക്കാരിലേക്ക്. പകുതി ശമ്പളത്തോടെ കൂടുതല്‍ ജീവനക്കാര്‍ക്ക് ദീര്‍ഘ അവധി നല്‍കും. ഉന്നത ഉദ്യോഗസ്ഥര്‍ക്കും മിനിസ്റ്റീരിയില്‍ സ്റ്റാഫിനുമാണ് അവധി അനുവദിച്ചത്. അവധി അനുവദിക്കുന്ന പ്രായപരിധി കുറച്ച് നാല്‍പതാക്കിയിട്ടുണ്ട്.
◼️മലപ്പുറം പോത്തുകല്ലില്‍ അംഗന്‍വാടി ഡെവലപ്‌മെന്റ് പ്രൊജക്ടിനെത്തിയ പതിനേഴുകാരിയെ ലൈംഗികമായി അപമാനിച്ചെന്ന കേസില്‍ പതിനെട്ടുകാരനെ റിമാന്‍ഡ് ചെയ്തു. മലപ്പുറം പുളിക്കല്‍ വലിയപറമ്പ് നീട്ടിച്ചാലില്‍ മുഹമ്മദ് സഫ്വാനെയാണ് (18) മഞ്ചേരി സബ് ജയിലിലേക്കയച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 14 നാണു ലൈംഗിക അതിക്രമമുണ്ടായത്.
◼️പാലക്കാട് നഗരത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ ബാറ്റുകൊണ്ട് അടിച്ചുകൊന്ന കേസില്‍ ഫിറോസ്, സഹോദരനും പൊലീസ് ഉദ്യോഗസ്ഥനുമായ റഫീക്ക് എന്നിവരെ അറസ്റ്റു ചെയ്തു. പോലീസുകാരനായ റഫീക്കിനെ രക്ഷിക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നിര്‍ദേശാനുസരണം ഇന്നലെ രാത്രി വൈകിയാണ് അറസ്റ്റു ചെയ്തത്. പോലീസുകാരനായ റഫീക്ക് ബൈക്കില്‍നിന്ന് ഇറങ്ങുമ്പോഴേക്കും അനസിനെ സഹോദരന്‍ ഫിറോസ് ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുവീഴ്ത്തിയെന്നാണു പോലീസിന്റെ റിപ്പോര്‍ട്ട്.
◼️സംസ്ഥാനത്തെ എല്ലാ മദ്യശാലകളേയും സൂപ്പര്‍ മാര്‍ക്കറ്റ് മാതൃകയിലാക്കുമെന്ന് എക്സൈസ് മന്ത്രി എം.വി. ഗോവിന്ദന്‍. ക്യൂ നിന്ന് മദ്യം വാങ്ങുന്ന സ്ഥിതിയ്ക്കു മാറ്റമുണ്ടാക്കും. മദ്യവില കുറയ്ക്കാന്‍ അടുത്തയാഴ്ചയോടെ നടപടിയെടുക്കുമെന്നും മന്ത്രി അവകാശപ്പെട്ടു. സ്പിരിറ്റിനു വില കൂടിയതോടെ മദ്യത്തിനു വില കൂട്ടാന്‍ കമ്പനികള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
◼️മുഖ്യമന്ത്രിയെ പിന്തുണച്ച് കൊച്ചിയിലും എല്‍ഡിഎഫ് റാലി. കോണ്‍ഗ്രസ് വിട്ട നേതാക്കളായ പി.സി. ചാക്കോ, കെ.വി. തോമസ് എന്നിവരും പൊതുസമ്മേളന വേദിയില്‍ നിരന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണമുയര്‍ത്തി പ്രതിപക്ഷവും മാധ്യമങ്ങളും സംസ്ഥാനത്ത് കലാപ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ചാണ് എല്‍ഡിഎഫ് കൊച്ചിയില്‍ ബഹുജനറാലി സംഘടിപ്പിച്ചത്. എന്‍സിപി സംസ്ഥാന അദ്ധ്യക്ഷന്‍ പി സി ചാക്കോ ഉദ്ഘാടനം ചെയ്തു.
◼️നേമം കോച്ച് ടെര്‍മിനല്‍ പദ്ധതി റദ്ദാക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് കെ മുരളീധരന്‍ എംപി കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. കെ റെയില്‍ പദ്ധതി കേന്ദ്രത്തിന്റെ അജണ്ടയില്‍ ഇല്ലെന്നും കൂടിക്കാഴ്ചയ്ക്കുശേഷം മുരളീധരന്‍ പറഞ്ഞു.
◼️തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വൃക്കമാറ്റ ശസ്ത്രക്രിയക്കുശേഷം രോഗി മരിച്ച സംഭവം കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണര്‍ അന്വേഷിക്കും. മരിച്ച രോഗിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. വൃക്ക എത്തിച്ചതിന് ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരേ ആശുപത്രി സൂപ്രണ്ട് നല്‍കിയ പരാതിയില്‍ കേസെടുത്തിട്ടില്ല.
◼️കൊച്ചിയില്‍ വിവാഹ വാഗ്ദാനം നല്‍കിയ യുവതിയെ പീഡിപ്പിച്ച അഭിഭാഷകന്‍ അറസ്റ്റില്‍. എറണാകുളം പുത്തന്‍കുരിശ് സ്വദേശി നവനീത് എം. നായരാണ് അറസ്റ്റിലായത്. കൊല്ലം സ്വദേശിനിയായ യുവഅഭിഭാഷകയുടെ പരാതിയിലാണ് നടപടി.
◼️ധനുവച്ചപുരം ഐഎച്ച്ആര്‍ഡി കോളേജിന് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഉണ്ടായ സംഘട്ടനം തടയാനെത്തിയ പാറശ്ശാല എസ് ഐ കെ ജിതിന്‍ വാസിനെ മര്‍ദ്ദിച്ച രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഐഎച്ച്ആര്‍ഡി കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ പാപ്പനംകോട് സ്വദേശി ഗൗതം ഹര്‍ഷ് (23), നെയ്യാറ്റിന്‍കര ആറാലുമൂട് സ്വദേശി ആകാശ് എന്നിവരെയാണ് പാറശ്ശാല പൊലിസ് പിടികൂടിയത്.
◼️തിരുവനന്തപുരം വിമാനത്താവളത്തില്‍ മദ്യം ഉള്‍പ്പെടെയുള്ളവ ലഭ്യമാകുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ് നാളെ തുറക്കും.
◼️കോവളത്തെ വിദേശ വനിതയുടെ കൊലപാതക കേസിന്റെ വിചാരണയ്ക്കിടെ തിരുവനന്തപുരം കെമിക്കല്‍ ലബോറട്ടറിയിലെ അസിസ്റ്റന്റ് കെമിക്കല്‍ എക്സാമിനര്‍ അശോക് കുമാര്‍ കൂറുമാറി. വിദേശവനിതയുടെ ശരീരത്തില്‍ കണ്ടെത്തിയ വെള്ളം മുങ്ങി മരിച്ചയാളുടേതിനു സമാനമാണെന്നു കോടതിയില്‍ മൊഴി മാറ്റി നല്‍കി.
◼️പോക്സോ കേസിലെ പ്രതി വടക്കാഞ്ചേരി പുന്നപറമ്പ് ചാലിശ്ശേരി സുന്ദരന്‍ എന്നുവിളിക്കുന്ന നാരായണന് എട്ടു വര്‍ഷം തടവും 35,000 രൂപ പിഴയും ശിക്ഷ. തൃശ്ശൂര്‍ ഫാസ്റ്റ് ട്രാക് സ്പെഷ്യല്‍ പോക്സോ കോടതിയാണു ശിക്ഷിച്ചത്. 2016 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണു ശിക്ഷ.
◼️നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരാകില്ല. ഈക്കാര്യം അറിയിച്ച് സോണിയ ഗാന്ധി ഇഡിക്കു കത്തു നല്‍കി. ആരോഗ്യനില മെച്ചപ്പെടാന്‍ ആഴ്ചകളെടുക്കുമെന്നാണ് സോണിയ ഗാന്ധി കത്തിലൂടെ അറിയിച്ചത്.
◼️മഹാരാഷ്ട്രയിലെ ശിവസേന വിമത നേതാവ് ഏക്നാഥ് ഷിന്‍ഡെയുടെ അനുചരന്മാര്‍ തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നു കൈലാസ് പാട്ടില്‍ എംഎല്‍എ. താനെയ്ക്കു സമീപം കാറില്‍നിന്ന് ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നെന്നാണു വെളിപെടുത്തല്‍.
◼️കൊവിഡ് വ്യാപനം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അവലോകന യോഗം ഇന്ന്. രാജ്യത്ത് രോഗവ്യാപനം വര്‍ധിച്ചിരിക്കേയാണു യോഗം. ഇന്നലെ 12,249 പേര്‍ രോഗബാധിതരായി. രണ്ടായിരത്തിലധികം കേസുകള്‍ വര്‍ധിച്ചു. 13 പേര്‍ മരിച്ചു. പോസിറ്റിവിറ്റി നിരക്ക് 3. 94 ശതമാനമായി ഉയര്‍ന്നു.
◼️ബലിപെരുന്നാള്‍ ജൂലൈ ഒമ്പതിനാകാന്‍ സാധ്യത. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ അനുസരിച്ച് ഇസ്ലാമിക മാസമായ ദുല്‍ഹജ് ഈ മാസം 30 നാണ് ആരംഭിക്കുക.
◼️വിമാനത്താവളത്തില്‍ ഇറങ്ങിയതിനു പിറകേ, 126 യാത്രക്കാരുള്ള വിമാനത്തിനു തീപ്പിടിച്ചു. ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍നിന്ന് വരികയായിരുന്ന വിമാനമാണ് അമേരിക്കയിലെ മിയാമി രാജ്യാന്തര വിമാനത്താവളത്തില്‍ തീപിടിച്ചത്. ലാന്‍ഡിംഗ് ഗിയറിനുണ്ടായ തകരാറാണ് അപകടകാരണം. വിമാനത്തില്‍നിന്നു യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കി.
◼️എ.എഫ്.സി എഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ത്യന്‍ സംഘത്തെ പ്രചോദിപ്പിക്കാനും യോഗ്യത ഉറപ്പാക്കാനുമായി ഒരു ജ്യോതിഷ ഏജന്‍സിക്ക് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ 16 ലക്ഷം രൂപ നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍. എ.എഫ്.സി കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് മുമ്പായി ഒരു മോട്ടിവേറ്ററെ ടീമിനൊപ്പം നിയമിച്ചിരുന്നുവെന്നും പിന്നീടുള്ള അന്വേഷണത്തില്‍ ഇയാള്‍ ഒരു ജ്യോതിഷ ഏജന്‍സിയുടെ ഭാഗമായ വ്യക്തിയാണെന്ന് വ്യക്തമായെന്നുമാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇതേ കുറിച്ച് പ്രതികരിക്കാന്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
◼️നെതര്‍ലന്‍ഡ്സിന് എതിരായ മൂന്നാം ഏകദിനത്തില്‍ എട്ട് വിക്കറ്റിന്റെ കരുത്തുറ്റ വിജയവുമായി പരമ്പര 3-0ന് തൂത്തുവാരി ഇംഗ്ലണ്ട്. പരമ്പരയിലെ അവസാന ഏകദിനത്തില്‍ നെതര്‍ലന്‍ഡ്സ് മുന്നോട്ടുവെച്ച 245 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 30.1 ഓവറില്‍ നേടിയാണ് ഇംഗ്ലണ്ടിന്റെ ജൈത്രയാത്ര. ഇംഗ്ലണ്ടിനായി നാല് വിക്കറ്റുമായി ഡേവിഡ് വില്ലി ബൗളിംഗില്‍ തിളങ്ങിയപ്പോള്‍ ബാറ്റിംഗില്‍ ജേസന്‍ റോയ് സെഞ്ചുറി നേടി. റോയ് കളിയിലേയും ജോസ് ബട്ലര്‍ പരമ്പരയുടേയും താരമായി.
◼️5ജി ഉപയോക്താക്കളുടെ എണ്ണം ഇന്ത്യയില്‍ കുതിച്ചു കയറുമെന്ന് റിപ്പോര്‍ട്ട്. 2027 ആകുന്നതോടെ വരിക്കാര്‍ 50 കോടിയിലെത്തുമെന്ന് എറിക്സണ്‍ മൊബിലിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. മൊത്തം മൊബീല്‍ വരിക്കാരില്‍ 39 ശതമാനം വരും ഇത്. 2021ലെ കണക്കനുസരിച്ച് പ്രതിമാസ ഡേറ്റ ഉപയോഗം 20 ജിബിയാണ്. 2027ല്‍ ഇത് 50 ജിബിയിലെത്തുമെന്നും കണക്കാക്കുന്നു. ആഗോള തലത്തില്‍ 5ജി വരിക്കാര്‍ 440 കോടിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. നിലവില്‍ ഇന്ത്യയില്‍ മൊത്തം വരിക്കാരില്‍ 68 ശതമാനമാണ് 4ജി ഉപയോഗിക്കുന്നത്. 2027ല്‍ ഇത് 55 ശതമാനമായി കുറയുമെന്നും പറയുന്നു.
◼️കിട്ടാക്കട വായ്പ്പക്കാര്‍ക്ക് വേണ്ടി ബാങ്ക് ഒഫ് ഇന്ത്യ ഈമാസം 28 വരെ രാജ്യത്തുടനീളം ബ്രാഞ്ച് അദാലത്ത് നടത്തുന്നു. പ്രധാനമായും വായ്പ്പാതുക അഞ്ചുകോടി രൂപയ്ക്ക് താഴെ വരുന്ന ഉപഭോക്താക്കളെ ലക്ഷ്യംവച്ചാണ് അദാലത്ത് നടത്തുന്നത്. കാര്‍ഷിക, വ്യവസായിക, റീട്ടെയ്ല്‍, വ്യക്തിഗത രംഗങ്ങളില്‍ വരുന്ന ലോണുകള്‍ പ്രധാനമായും ഇതിലുള്‍പ്പെടും. കൊവിഡ് മൂലം കഷ്ടത അനുഭവിക്കുന്ന കിട്ടാക്കട വായ്പ്പക്കാര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.
◼️2016 ല്‍ നിവിന്‍ പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. മലയാളത്തിലെ പോലീസ് ചിത്രങ്ങള്‍ക്ക് പുതിയൊരു മാനം നല്‍കിയ സിനിമ കൂടിയായിരുന്നു അത്. റിയലിസ്റ്റിക് പോലീസ് സിനിമയായെത്തിയ ആക്ഷന്‍ ഹീറോ ബിജുവിന് രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്റെ നിര്‍മാണം നിവിന്‍ പോളി തന്നെയാണ്. നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഒന്നിച്ച രണ്ടാമത്തെ ചിത്രമായിരുന്നു ആക്ഷന്‍ ഹീറോ ബിജു. നിവിന്‍ പോളി-എബ്രിഡ് ഷൈന്‍ കൂട്ടുകെട്ടിലെ മഹാവീര്യര്‍ അടുത്തമാസം 22-ന് പുറത്തിറങ്ങും. ആസിഫ് അലി, ലാല്‍ എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
◼️തമിഴകത്തിന്റെ സ്വന്തം ദളപതി വിജയ് യുടെ 66-ാമത്തെ ചിത്രമായ വാരിസിന്റെ ഫസ്റ്റ് ലുക്, സെക്കന്‍ഡ് ലുക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. വംശി പൈഡിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ്യുടെ കരിയറിലെ 66-ാം ചിത്രം ഒരു ദ്വിഭാഷാ ചിത്രം ആയിരിക്കും. തെലുങ്കിലും തമിഴിലും ആയാണ് ചിത്രം ഒരുക്കുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എസ് തമന്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
◼️പൂനെ ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്രവാഹന സ്റ്റാര്‍ട്ടപ്പായ ഇവെട്രിക് മോട്ടോഴ്‌സ് ഇവെട്രിക് റൈസ് എന്ന പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കി. ഇവെട്രിക്ക് ആക്സിസ്,ഇവെട്രിക്ക് റൈഡ്, ഇവെട്രിക്ക് മൈറ്റി എന്നീ മൂന്ന് പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കമ്പനി നിലവില്‍ വില്‍ക്കുന്നുണ്ട്. ഇതിന്റെ വില 1,59,990 രൂപയാണ് (എക്സ്-ഷോറൂം). ഉപഭോക്താക്കള്‍ക്ക് ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലായി കമ്പനിയുടെ 125 ടച്ച് പോയിന്റുകള്‍ വഴി 5,000 രൂപ ഡൗണ്‍ പേയ്‌മെന്റ് നല്‍കി പുതിയ ഇവെട്രിക്ക് റൈസ് ഇലക്ട്രിക് ബൈക്ക് ബുക്ക് ചെയ്യാം. രണ്ട് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ് - കറുപ്പും വെളുപ്പും.
◼️മാനവരാശിയുടെ ആയിരം വര്‍ഷത്തെ ചരിത്ത്രിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട നോവല്‍. വ്യത്യസ്തമായ സാമൂഹികാവസ്ഥകളും ഭരണസമ്പ്രദായങ്ങളും നിലനിന്ന ഒരു നാട്ടില്‍ ജീവിച്ച മൂന്നു തലമുറകളില്‍പ്പെട്ടവരുടെ ജീവിതകഥയാണ് ഇതില്‍ ആഖ്യാനം ചെയ്തിട്ടുള്ളത്. പൗരാണിക ജീവിതസാഹചര്യങ്ങളും വ്യവസ്ഥിതികളും അനാവൃതമാകുന്ന കഥയിലേക്കു പ്രവേശിക്കാനുള്ള ചരിത്രകവാടമാണ് പൂര്‍വ്വകാണ്ഡം എന്ന ആദ്യ ഭാഗം. 'വേണ്ടാപ്പിറവികള്‍'. ഡോ. വി. മോഹനന്‍. മാതൃഭൂമി. വില 172 രൂപ.
◼️സ്ട്രെസ്, ഉത്കണ്ഠ, അമിത മദ്യപാനം, വായുകോപം ഇവയെല്ലാം ഹൃദയമിടിപ്പിന്റെ നിരക്ക് വര്‍ധിപ്പിക്കാന്‍ കാരണമാകും. ഹൃദയമിടിപ്പിന്റെ നിരക്ക് വര്‍ധിക്കുമ്പോള്‍ ശരീരം നിരവധി സൂചനകള്‍ നല്‍കും. ഹൃദയമിടിപ്പിന്റെ നിരക്ക് വര്‍ധിക്കുമ്പോള്‍ ശ്വസനാവയവങ്ങള്‍ക്കു വേദനയും അസ്വസ്ഥതയും അനുഭവപ്പെടും. ഹൃദയം വളരെപെട്ടെന്ന് മിടിക്കുമ്പോള്‍ അത് രക്തം പമ്പ് ചെയ്യുന്നത് കുറയുന്നു. ഹൃദയത്തിലേക്കുള്‍പ്പെടെ എല്ലാ ശരീരഭാഗങ്ങളിലേക്കുമുള്ള രക്തയോട്ടം കുറയുന്നു. കൂടാതെ ഹൃദയം വേഗത്തില്‍ മിടിക്കുമ്പോള്‍ ഹൃദയപേശികള്‍ക്ക് കൂടുതല്‍ ഓക്സിജന്‍ ആവശ്യമായി വരുന്നു. ഈ സമയത്തിനുള്ളില്‍ ഓക്സിജന്‍ ലഭിക്കാത്ത കോശങ്ങള്‍ നശിക്കുകയും ഹൃദയാഘാതത്തിലേക്കു നയിക്കുകയും ചെയ്യും. ഹൃദയമിടിപ്പ് വര്‍ധിച്ചാലുടന്‍ തന്നെ ആ വ്യക്തിയെ ആശുപത്രിയില്‍ എത്തിക്കണം. എന്നാല്‍ ഈ സമയത്തിനിടയില്‍ ഹാര്‍ട്ട് റേറ്റ് നിയന്ത്രണത്തിലാക്കാന്‍ ചില കാര്യങ്ങള്‍ ആ വ്യക്തിക്കുതന്നെ സ്വയം ചെയ്യാം. വായും മൂക്കും അടച്ചു പിടിച്ച് നെഞ്ചിലെ പ്രഷര്‍ കൂട്ടാന്‍ ശ്രമിക്കുക; തുമ്മല്‍ അടക്കി നിര്‍ത്തുന്നതു പോലെ. അഞ്ചു മുതല്‍ എട്ടു സെക്കന്റിനുള്ളില്‍ ശ്വാസം എടുക്കുക. ശ്വാസം 3 മുതല്‍ അഞ്ച് സെക്കന്റ് വരെ പിടിച്ചു വച്ച ശേഷം സാവധാനം ഉഛ്വസിക്കുക. ഇത് നിരവധി തവണ ആവര്‍ത്തിക്കുക. അയോര്‍ട്ടിക് പ്രഷര്‍ വര്‍ധിക്കുക വഴി ഹൃദയമിടിപ്പിന്റെ നിരക്ക് കുറയ്ക്കാന്‍ സാധിക്കും.
ശുഭദിനം *മീഡിയ16*