◼️മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ ഭാവി തുലാസില്‍. ഭരണമുന്നണിയിലെ ശിവസേനയുടെ 55 എംഎല്‍എമാരില്‍ അഞ്ചു മന്ത്രിമാരടക്കം 22 പേര്‍ വിമതരായി ഗുജറാത്തിലെ റിസോര്‍ട്ടില്‍. പൊതുമരാമത്ത് മന്ത്രി ഏക് നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സംഘം സൂറത്തിലുള്ള ലെ മെറിഡിയന്‍ പഞ്ചനക്ഷത്ര ഹോട്ടലിലാണ്. ബിജെപിക്കു പിന്തുണ നല്‍കണമെന്ന് ഷിന്‍ഡേ ആവശ്യപ്പെട്ടു. ഷിന്‍ഡെയെ നിയമസഭാ കക്ഷി നേതൃസ്ഥാനത്തുനിന്നു മാറ്റി അജയ് ചൗധരിയെ നേതാവായി നിയമിച്ചു.
◼️ഗോത്ര വര്‍ഗത്തില്‍പെട്ട ദ്രൗപതി മുര്‍മു രാഷ്ട്രപതിയാകും. ബിജെപി പാര്‍ലമെന്ററി ബോര്‍ഡാണ് ഝാര്‍ഖണ്ട് മുന്‍ ഗവര്‍ണറും ഒഡീഷയിലെ മുന്‍ മന്ത്രിയുമായിരുന്ന ദ്രൗപതി മുര്‍മുവിനെ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്. രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യ ഗോത്രവര്‍ഗ നേതാവാണു ദ്രൗപതി മുര്‍മു. രാഷ്ട്രപതി സ്ഥാനത്തേക്ക് 20 പേരെയാണു പരിഗണിച്ചത്. ഒഡീഷയിലെ സന്താള്‍ ഗോത്രവര്‍ഗത്തില്‍പ്പെട്ട ദ്രൗപദി മുര്‍മു രണ്ടു തവണ എംഎല്‍എ ആയിരുന്നു. 2000 മുതല്‍ 2004 വരെ വാണിജ്യം, ഗതാഗതം ഫിഷറീസ് വകുപ്പുകളുടെ മന്ത്രിയായി. 2015 ല്‍ ജാര്‍ഖണ്ഡ് ഗവര്‍ണറായി. 1958 ജൂണ്‍ 20ന് ഒഡിഷയിലെ ബൈഡപ്പോസി ഗ്രാമത്തിലാണു ജനനം. ഭര്‍ത്താവ് പരേതനായ ശ്യാം ചരണ്‍ മുര്‍മു.
◼️മഹാരാഷ്ട്രയില്‍ നാടകീയ നീക്കങ്ങള്‍. തിരിച്ചുപോകാന്‍ ശ്രമിച്ച വിമത ശിവസേന എംഎല്‍എമാര്‍ക്കു സൂറത്തിലെ ഹോട്ടലില്‍ മര്‍ദനം. വിമതരെ സൂറത്തില്‍നിന്ന് ആസാമിലെ ഗോഹട്ടിയിലേക്ക് ഇന്നു മാറ്റും. 22 പേര്‍ വിമതരായതോടെ ഭൂരിപക്ഷത്തിന് ഒരാളുടെ കുറവ്. കൂറുമാറ്റ നിരോധന നിയമമനുസരിച്ച് അയോഗ്യരാകാതിരിക്കണമെങ്കില്‍ വിമതപക്ഷത്ത് മൂന്നിലൊന്ന് എംഎല്‍എമാര്‍ വേണം. അതായത് 37 എംഎല്‍എമാര്‍ വേണം. മഹാരാഷ്ട്ര നിയമസഭയില്‍ ആകെ സീറ്റ് 288. കേവലഭൂരിപക്ഷത്തിനു വേണ്ടത് 145. ഭരണകക്ഷിക്ക് 169 അംഗങ്ങളുണ്ടായിരുന്നു. ശിവസേന 56, എന്‍സിപി 53, കോണ്‍ഗ്രസ് 44. മറ്റുള്ള 16 പേരുടെ പിന്തുണയുമുണ്ട്. ശിവസേനയുടെ ഒരു എംഎല്‍എ മരിച്ചു. രണ്ട് എന്‍സിപി മന്ത്രിമാര്‍ ജയിലിലാണ്. അതോടെ ഭരണമുന്നണിയുടെ അംഗബലം 166 ആയി.
◼️കെപിസിസി അംഗങ്ങളുടെ പുനഃസംഘടനാ പട്ടിക റിട്ടേണിംഗ് ഓഫീസര്‍ തിരിച്ചയച്ചു. എഐസിസി മാനദണ്ഡമനുസരിച്ചു ചെറുപ്പക്കാര്‍ക്കും വനിതകള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും മുന്‍ഗണന നല്‍കിയില്ലെന്നു ചുണ്ടിക്കാട്ടിയാണ് പട്ടിക തിരസ്‌കരിച്ചത്. അഞ്ചു വര്‍ഷം ഒരാള്‍ ഒരേ ഭാരവാഹിസ്ഥാനത്ത് തുടരരുതെന്നതടക്കമുള്ള ഉദയ്പൂര്‍ ചിന്തന്‍ശിബിര്‍ തീരുമാനം നടപ്പാക്കണമെന്ന് റിട്ടേണിംഗ് ഓഫീസര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
◼️സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ആര്‍എസ്എസിന്റെ കയ്യിലിരുന്നു കളിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. ആരോപണങ്ങളെ ചെറുക്കാന്‍ എല്‍ഡിഎഫ് തുടങ്ങിയ സമ്മേളന, റാലി പ്രചാരണങ്ങള്‍ക്കു തുടക്കമിട്ടുകൊണ്ട് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലെ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു കോടിയേരി. ബിജെപി നേതാക്കളിലേക്ക് എത്തിയപ്പോഴാണ് സ്വര്‍ണ്ണക്കടത്ത് കേസിന്റെ അന്വേഷണം അട്ടിമറിച്ചത്. നിയമസഭയില്‍ ഭൂരിപക്ഷം ഉള്ളിടത്തോളം കാലം ഭരിക്കുമെന്നും കോടിയേരി പറഞ്ഞു.
◼️വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നാലു മണിക്കൂര്‍ വൈകി രോഗി മരിച്ച സംഭവത്തില്‍ വ്യക്കയടങ്ങുന്ന പെട്ടി ആംബുലന്‍സില്‍നിന്ന് എടുത്ത് ഓപറേഷന്‍ തിയേറ്ററിലേക്ക് എത്തിച്ചവര്‍ക്കെതിരേ മെഡിക്കല്‍ കോളജ് അധികൃതര്‍ പൊലീസിനു പരാതി നല്‍കി. ഡോക്ടര്‍മാര്‍വരും മുന്‍പ് വൃക്ക അടങ്ങിയ പെട്ടി എടുത്തുകൊണ്ടു പോയെന്നാണ് മെഡിക്കല്‍ കോളജ് സൂപ്രണ്ടും പ്രിന്‍സിപ്പലും നല്‍കിയ പരാതിയില്‍ പറയുന്നത്. പെട്ടിയുമായി വന്നവര്‍ ഓപ്പറേഷന്‍ തിയേറ്ററിനു മുന്നില്‍ അപമര്യാദയായി പെരുമാറിയെന്നും ആരോപിച്ചിട്ടുണ്ട്.
◼️തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വ്യക്കരോഗി മരിച്ച സംഭവത്തില്‍ കൊച്ചിയില്‍നിന്ന് രണ്ടേമുക്കാല്‍ മണിക്കൂര്‍കൊണ്ട് വൃക്ക ആശുപത്രിയില്‍ എത്തിച്ചിട്ടും ഏറ്റുവാങ്ങാന്‍ ആരും വന്നില്ലെന്ന് ആംബുലന്‍സ് ജീവനക്കാര്‍. വ്യക്ക അടങ്ങിയ പെട്ടി എടുത്തു നല്‍കിയത് ആംബുന്‍സിലെ ഡോക്ടറായിരുന്നെന്നും ഡ്രൈവര്‍ സഞ്ജു പറഞ്ഞു.
◼️തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ടു ഡോക്ടര്‍മാരെ സസ്പെന്‍ഡു ചെയ്തതിനെതിരെ ഐഎംഎ. സസ്പെന്‍ഷന്‍ പരമ്പര ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള അപഹാസ്യ നടപടിയാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കുറ്റപ്പെടുത്തി. ശസ്ത്രക്രിയകളിലെ സങ്കീര്‍ണതകളെ കുറിച്ച് ബോധ്യമില്ലാത്ത നടപടിയാണിതെന്നും മെഡിക്കല്‍ അസോസിയേഷന്‍ കുറ്റപ്പെടുത്തി.
◼️കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി. 3500 കോടി രൂപയുടെ ബാധ്യതയില്‍ തീരുമാനമെടുക്കാതെ കെഎസ്ആര്‍ടിസിക്ക് രക്ഷപ്പെടാനാവില്ല. ഉന്നത തലത്തിലുള്ള ഓഡിറ്റ് വേണം. ദിവസേനെ എട്ടു കോടി രൂപയെങ്കിലും വരുമാനം ലഭിച്ചാലേ കുഴപ്പമില്ലാതെ മുന്നോട്ടു പോകാനാവൂവെന്ന് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു.
◼️മുഖ്യമന്ത്രിയെ വഴിയില്‍ തടയാന്‍ വന്നാല്‍ കോണ്‍ഗ്രസുകാരെ വഴിയേ നടക്കാന്‍ അനുവദിക്കില്ലെന്ന് മുന്‍ മന്ത്രി എം എം മണി. കേസുണ്ടായാല്‍ പുല്ലാണ്. ഒരു വിഡ്ഢിയായ എംപിയെ ഇടുക്കിയിലെ ജനങ്ങള്‍ ചുമക്കുകയാണ്. എംപി കിഴങ്ങനാണെന്നും എം.എം മണി പരിഹസിച്ചു. ശാന്തമ്പാറയില്‍ സിപിഎം സമ്മേളനത്തിലാണ് ഈ പ്രസംഗം.
◼️പാലക്കാട് കസബ പോലീസ് എടുത്ത കലാപശ്രമ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഹൈക്കോടതിയെ സമീപിച്ചു. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരായ 164 മൊഴിയ്ക്കു പിന്നാലെയാണ് കലാപാഹ്വാന കേസെടുത്തത്. നേരത്തെ കന്റോണ്‍മെന്റ് പോലീസ് എടുത്ത ഗൂഢാലോചന കേസ് റദ്ദാക്കാനും സ്വപ്ന ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
◼️നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയത് കേന്ദ്ര ഫോറന്‍സിക് ലാബില്‍ പരിശോധിക്കുന്നതു സംബന്ധിച്ച് നിലപാടറിയിക്കാന്‍ പ്രോസിക്യൂഷന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ അതിജീവിതയും പ്രോസിക്യൂഷനും എതിര്‍ത്തു. ഹാഷ് വാല്യൂ മാറിയത് ഇവിടെത്തന്നെ പരിശോധിച്ചാല്‍ മതിയെന്നു പ്രോസിക്യൂഷന്‍ വാദിച്ചു.
◼️വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ് നിലനില്‍ക്കില്ലെന്ന് പ്രതികള്‍. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പ്രതികളുടെ അഭിഭാഷകന്‍ ഈ വാദം ഉന്നയിച്ചത്. മുഖ്യമന്ത്രിയെ ആക്രമിച്ചില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ വിമാനത്തില്‍ സിസിടിവി ഇല്ലെന്നു പ്രോസിക്യൂഷന്‍ അറിയിച്ചു.
◼️ക്ഷേത്ര മുറ്റത്ത് വളര്‍ത്തുമകളുടെ വിവാഹം നടത്തിച്ച് കത്തോലിക്കാ വൈദികന്‍. പാവപ്പെട്ടവര്‍ക്ക് അഭയമേകുന്ന തൃശൂര്‍ ജില്ലയിലെ ചെന്നായ്പാറ ദിവ്യഹൃദയാശ്രമം ഡയറക്ടര്‍ ഫാദര്‍ ജോര്‍ജ്ജ് കണ്ണംപ്ലാക്കലാണ് വളര്‍ത്തുമകളായ ഹരിതയുടെ വിവാഹം നടത്തിയത്. രണ്ടു വയസു മുതല്‍ ഈ ആശ്രമത്തിലെ അന്തേവാസികളായിരുന്നു ഹരിതയും അമ്മയും. വരന്‍ ശിവദാസന് ദുബായിലാണ് ജോലി. ഹരിത അഹമ്മദാബാദില്‍ നഴ്സാണ്. മാന്ദാമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലായിരുന്നു വിവാഹം.
◼️കൊച്ചി മെട്രോയുടെ പത്തടിപ്പാലത്തെ തൂണിലെ ബലക്ഷയം പരിഹരിച്ചു. നാലു പൈലുകള്‍ അധികമായി സ്ഥാപിച്ച് തൂണ്‍ ബലപ്പെടുത്തിയാണ് പ്രതിസന്ധി മറികടന്നത്. ഇതോടെ നാലു മാസമായി തുടര്‍ന്ന മെട്രോ സര്‍വീസിനുള്ള നിയന്ത്രണം പിന്‍വലിച്ചു.
◼️വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു നീക്കം ചെയ്ത എം.ആര്‍ അജിത് കുമാറിനെ സിവില്‍ റൈറ്റസ് പ്രൊട്ടക്ഷന്‍ എഡിജിപിയായി നിയമിച്ചു. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ അനുനയിപ്പിക്കാന്‍ ഇടനിലക്കരനെ അയച്ചെന്ന ആരോപണം ഉയര്‍ന്നതിനു പിറകേയാണ് അജിത് കുമാറിനെ നീക്കിയത്.
◼️തളിപ്പറമ്പില്‍ പോലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്പ് ഡി വൈ എസ് പി ഓഫീസില്‍ ജോലി ചെയ്യുന്ന തൃച്ചംബരത്തെ സജീവന്‍ (51) ആണ് മരിച്ചത്. ഡിവൈഎസ്പി ഓഫീസിനു സമീപത്തെ ക്വാര്‍ട്ടേഴ്സിലാണ് മരിച്ച നിലയില്‍ കണ്ടത്.
◼️പോക്സോ കേസില്‍ വിധി കേട്ട പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇരിങ്ങാലക്കുട പോക്സോ കോടതിയിലാണ് നാടകീയ സംഭവങ്ങള്‍. 48 വര്‍ഷം തടവുശിക്ഷ ലഭിച്ച പ്രതി നാട്ടിക സ്വദേശി ഗണേഷന്‍ (66) ആണ് കീടനാശിനി കഴിച്ചത്. ഇയാളെ ഉടനേ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◼️അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ അയല്‍വാസിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ അച്ഛനും മക്കള്‍ക്കും 10 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. പട്ടാമ്പി പേരടിയൂര്‍ കുഞ്ഞാലി വീട്ടില്‍ ഏനി മക്കളായ മുസ്തഫ, വഹാബ് എന്നിവരെയാണ് ഒറ്റപ്പാലം കോടതി ശിക്ഷിച്ചത്. പട്ടാമ്പി നെച്ചിക്കാട്ടില്‍ ഗോപിനാഥനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലാണ് ശിക്ഷ.
◼️പ്ലസ് ടു ഫലം വന്നതിനു പിറകേ, രണ്ടു വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു. ഇരിങ്ങാലക്കുടയില്‍ പട്ടേപ്പാടം കുന്നുമല്‍ക്കാട് പൊട്ടത്തുപറമ്പില്‍ മുജീബിന്റെ മകള്‍ ദിലിഷയെ (17) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്‍പറമ്പ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്നു ദിലിഷ. ആലപ്പുഴയില്‍ പുറക്കാട് നാഗപ്പറമ്പ് സ്വദേശി രതീഷിന്റെ മകള്‍ ആരതിയും ജീവനൊടുക്കി. പുറക്കാട് എസ്.എന്‍.എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു.
◼️പതിനഞ്ചുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ അറുപത്തിയാറുകാരന് 81 വര്‍ഷം കഠിന തടവും രണ്ടു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും ശിക്ഷ. ഇടുക്കി കൈതപ്പാറ സ്വദേശി ജോര്‍ജ്ജിനെയാണ് ഇടുക്കി അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. 81 വര്‍ഷത്തെ കഠിനതടവിനാണ് ശിക്ഷിച്ചതെങ്കിലും 30 വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതി.
◼️തനിക്കെതിരായ കേസുകളെല്ലാം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കാസര്‍കോട് ജില്ലയിലെ പാലക്കുന്നില്‍ മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ഷൈജു തിരിച്ചിറങ്ങി. പൊതുജനങ്ങള്‍ക്കു ബുദ്ധിമുട്ട് സൃഷ്ടിച്ചതിന് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. തന്റെ പ്രണയത്തെ തകര്‍ക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്നു ഷൈജു ആരോപിച്ചു.
◼️സിപിഎം പാര്‍ട്ടി ഫണ്ടു തിരിമറി സംഭവത്തില്‍ പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂധനനെതിരെ പൊലീസില്‍ പരാതി. പൊതുജനങ്ങളില്‍നിന്ന് പിരിച്ചെടുത്ത ഫണ്ട് ദുരുപയോഗം ചെയ്തെന്ന് ആരോപിച്ച് മുസ്ലീം യൂത്ത് ലീഗാണ് പരാതി നല്‍കിയത്. സിപിഎം വിഷയം ഒതുക്കിത്തീര്‍ക്കുന്നതിനിടെയാണ് പോലീസില്‍ പരാതി എത്തിയത്.
◼️കോഴിക്കോട്ട് ആര്‍എസ്എസ് പരിപാടിയില്‍ മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎന്‍എ ഖാദര്‍ പങ്കെടുത്തതിനെച്ചൊല്ലി വിവാദം. കേസരി മന്ദിരത്തില്‍ നടന്ന സ്നേഹബോധി ചടങ്ങിലാണ് കെഎന്‍എ ഖാദര്‍ പങ്കെടുത്തത്. ഗുരുവായൂരില്‍ കാണിക്ക അര്‍പ്പിച്ച തന്നെ പലരും സംഘിപട്ടം ചാര്‍ത്തി തന്നിരുന്നതായി കെഎന്‍എ ഖാദര്‍ പറഞ്ഞു.
◼️സ്റ്റോക്കില്ലാത്ത വിലകുറഞ്ഞ മദ്യം ആവശ്യപ്പെട്ട് ബെവ്ക്കോയില്‍ ആക്രമണം. മുട്ടത്തറ ബെവ്ക്കോ മദ്യശാലയില്‍ ആക്രമണം നടത്തിയ അഞ്ചുപേരെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. യൂസഫ്, ഷാജി, ഷാന്‍, അലി അക്ബര്‍, അസറുദ്ദീന്‍ എന്നിവരാണു പൂന്തുറ പോലീസിന്റെ പിടിയിലായത്.
◼️ചികില്‍സ നിഷേധിച്ചെന്ന് ആരോപിച്ച് കൊല്ലത്തെ നീണ്ടകര താലൂക്കാശുപത്രിയിലെ നഴ്സിനേയും ഡോക്ടറേയും ഒരു സംഘം യുവാക്കള്‍ മര്‍ദിച്ചു. പരിക്കേറ്റ നഴ്സ് ശ്യാമിലിയെ മെഡിസിറ്റി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോ ഉണ്ണികൃഷ്ണനെ കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
◼️ഗായകന്‍ മനോജ് കുമാര്‍ ആനക്കുളം അന്തരിച്ചു. 49 വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കോഴിക്കോട് ഒടുമ്പ്ര സ്വദേശിയാണ്. എസ്.പി ബാലസുബ്രഹ്‌മണ്യത്തിന്റെ പാട്ടുകള്‍ പാടിയിരുന്ന മനോജ് കുമാര്‍ ജൂനിയര്‍ എസ്.പി.ബി എന്നാണ് അറിയപ്പെട്ടിരുന്നത്.
◼️നടിയെ ബലാത്സഗം ചെയ്ത കേസില്‍ നടനും സംവിധായകനുമായ വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്നു വിധി പറയും.
◼️ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ജ്വല്ലറി ഡയറക്ടര്‍മാരേയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി കേസിലെ പരാതിക്കാര്‍. ജ്വല്ലറി ചെയര്‍മാനും മഞ്ചേശ്വരം മുന്‍ എംഎല്‍എയുമായ എംസി കമറുദ്ദീനും മാനേജിംഗ് ഡയറക്ടര്‍ പൂക്കോയ തങ്ങളും പ്രതികളായ കേസിലാണ് ഈ ആവശ്യം. 170 ലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 700 പേരെങ്കിലും തട്ടിപ്പിന് ഇരയായിട്ടുണ്ട്.
◼️പട്ടിക ജാതിക്കാരിയായ വിദ്യാര്‍ത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ പത്തു ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ച് തൃശൂര്‍ വെസ്റ്റ് പൊലീസ്. ചങ്ങനാശേരി പെരുന്ന വാലംപറമ്പില്‍ അഖിലെന്ന ഇരുപത്തിയൊന്നുകാരനാണു പ്രതി. സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ഈ മാസം മൂന്നിനു പീഡിപ്പിച്ചെന്ന കേസിലാണ് നടപടി.
◼️താമരശ്ശേരിയില്‍ വണ്ടിച്ചെക്കു നല്‍കിയെന്നാരോപിച്ച് വീട്ടമ്മയെ ചിട്ടിക്കമ്പിനി ഉടമ ഭീഷണിപ്പെടുത്തിയെന്നു പരാതി. ചിട്ടിക്കു മുടക്കിയ തുക തിരിച്ചു ചോദിച്ചപ്പോഴാണ് ഭീഷണി തുടങ്ങിയതെന്നാണ് താമരശ്ശേരി സ്വദേശി സജ്നത്തിന്റെ പരാതി. ചിട്ടിക്കമ്പനിയില്‍ ഈടായി ഒമ്പതു വര്‍ഷം മുന്പ് നല്‍കിയ ചെക്ക് ഉപയോഗിച്ചാണ് ഭീഷണി.
◼️ആലപ്പുഴ മഹിളാമന്ദിരത്തില്‍നിന്നു രണ്ടു പെണ്‍കുട്ടികളെ കാണാതായി. കല, ആതിര എന്നിവരെയാണ് ഇന്നലെ വൈകിട്ട് മുതല്‍ കാണാതായത്.
◼️അനധികൃത ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിയ മലയാളി ബെംഗളുരുവില്‍ പിടിയില്‍. വയനാട് ചുടേല്‍ സ്വദേശി ഷറഫുദീന്‍ (41) ആണ് പിടിയിലായത്. പാകിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗം ഇവരെ ചാരപ്രവര്‍ത്തനത്തിന് ഉപയോഗിച്ചിരുന്നതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
◼️രാഹുല്‍ ഗാന്ധിയെ അഞ്ചാം ദിവസം 12 മണിക്കൂര്‍ ചോദ്യം ചെയ്തു. ചോദ്യംചെയ്യലിനെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് മറിച്ചിട്ട നേതാക്കളേയും പ്രവര്‍ത്തകരേയും പോലീസ് മര്‍ദിച്ചു. പൊലീസുമായുള്ള സംഘര്‍ഷത്തില്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി അടക്കം നിരവധി പേര്‍ക്കു പരിക്കുണ്ട്. കെസി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. കോണ്‍ഗ്രസ് വനിതാ നേതാവ് അല്‍ക്ക ലാംബയെ പൊലീസ് വലിച്ചിഴച്ചു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് അല്‍ക്ക മുദ്രാവാക്യം വിളിച്ചത്.
◼️കോണ്‍ഗ്രസ് സമരത്തിനിടെ മഹിളാ കോണ്‍ഗ്രസ് ദേശീയ ആക്ടിംഗ് പ്രസിഡന്റ് നെറ്റ ഡിസൂസ ചൊവ്വാഴ്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ തുപ്പിയെന്ന് ആരോപണം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ നെറ്റ ഡിസൂസക്കെതിരെ വ്യാപക വിമര്‍ശനം.
◼️ആസാമിലെ പ്രളയത്തിലും മണ്ണിടിച്ചിലിലുമായി മരിച്ചവരുടെ എണ്ണം 80 കടന്നു. കഴിഞ്ഞ ഒറ്റ ദിവസത്തിനകം 47,72,140 ആളുകളെയാണ് പ്രളയം ബാധിച്ചത്. 2,31,819 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം പ്രാപിച്ചു. ആസാമിലെ 35 ജില്ലകളില്‍ 32 ഉം മഴക്കെടുതിയുടെ പിടിയിലാണ്. 5,424 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്.
◼️പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി യശ്വന്ത് സിന്‍ഹയെ പ്രഖ്യാപിച്ചു. 17 പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം അംഗീകരിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്, യശ്വന്ത് സിന്‍ഹയുടെ പേരു പ്രഖ്യാപിച്ചത്. തെലങ്കാന രാഷ്ട്രീയ സമിതിയും ആം ആദ്മി പാര്‍ട്ടിയും പിന്തുണ പ്രഖ്യാപിച്ചു.
◼️അഗ്നിപഥ് പദ്ധതിക്കെതിരെ നടന്ന ഡിവൈഎഫ്ഐ പാര്‍ലമെന്റ് മാര്‍ച്ചിനിടെ ഉണ്ടായ പോലീസ് നടപടിക്കെതിരെ രാജ്യസഭ ചെയര്‍മാന്‍ ശ്രീ വെങ്കയ്യ നായിഡുവിന് എ.എ റഹീം എംപി പരാതി നല്‍കി.
◼️അഗ്നിപഥ് പദ്ധതി വളരെ ആലോചിച്ചെടുത്ത തീരുമാനമാണെന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറില്ലെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍.
◼️ഒഡിഷയില്‍ മാവോയിസ്റ്റുകളുടെ അക്രമണത്തില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ക്കു വീരമൃത്യു. ഒഡിഷ നുവാപാട ജില്ലയിലെ ഷാജ്പാനി മേഖലയില്‍ പരിശോധന നടത്തുകയായിരുന്ന സിആര്‍പിഎഫ് സംഘത്തിനുനേരെ മാവോയിസ്റ്റുകള്‍ വെടിവയ്ക്കുകയായിരുന്നു. രണ്ട് എഎസ്ഐമാരും ഒരു കോണ്‍സ്റ്റബിളുമാണ് കൊല്ലപ്പെട്ടത്.
◼️ജമ്മു കാഷ്മീരില്‍ ഈ വര്‍ഷം 118 ഭീകരരെ വധിച്ചെന്നു സുരക്ഷാസേന. ഇതില്‍ 32 പേര്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. 77 പേര്‍ പാകിസ്ഥാന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ ത്വയ്യിബ പ്രവര്‍ത്തകരാണ്. 26 പേര്‍ ജെയ്ഷേ ഇ മുഹമ്മദ് പ്രവര്‍ത്തകരാണ്.
◼️2021 മെയ് മുതല്‍ ആസാം പൊലീസ് 51 പേരെ കൊലപ്പെടുത്തുകയും 139 പേര്‍ക്ക് പരിക്കേല്‍പിക്കുകയും ചെയ്തെന്ന് സംസ്ഥാന സര്‍ക്കാര്‍ ഗോഹട്ടി ഹൈക്കോടതിയില്‍. സംസ്ഥാനത്ത് നടന്ന ഏറ്റുമുട്ടല്‍ കൊലകള്‍ വ്യാജമാണെന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ ആരിഫ് ജ്വാദര്‍ നല്‍കിയ ഹര്‍ജിയിലാണ് ആസാം ആഭ്യന്തര വകുപ്പ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.
◼️ഇന്ത്യയുടെ വാര്‍ത്ത വിനിമയ ഉപഗ്രഹം ജിസാറ്റ് 24 ഇന്നു വിക്ഷേപിക്കും. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയായ ഏരിയന്‍സ്പേസാണ് ഫ്രഞ്ച് ഗയാനയില്‍നിന്ന് ഈ വാര്‍ത്തവിനിമയ ഉപഗ്രഹം വിക്ഷേപിക്കുന്നത്.
◼️പതിനാലാമത് ബ്രിക്സ് ഉച്ചകോടിയിലേക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന്റെ ക്ഷണം. നരേന്ദ്ര മോദി നാളേയും വെള്ളിയാഴ്ചയുമായി വെര്‍ച്വലായി നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കും. ചൈനയാണ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്.
◼️വീട്ടില്‍നിന്ന് എകെ 47 തോക്കുകള്‍ കണ്ടെടുത്ത കേസില്‍ ആര്‍ജെഡി എംഎല്‍എ അനന്ത് സിങ്ങിനെ പ്രത്യേക കോടതി 10 വര്‍ഷം തടവിനു ശിക്ഷിച്ചു. 2019 ലാണ് അനന്ത് സിങ്ങിന്റെ വീട്ടില്‍ നിന്ന് ഒരു എകെ-47 റൈഫിള്‍, രണ്ട് ഹാന്‍ഡ് ഗ്രനേഡുകള്‍, 26 വെടിയുണ്ടകള്‍ എന്നിവ കണ്ടെടുത്തത്.
◼️യുക്രൈനിലെ യുദ്ധഭൂമിയില്‍നിന്നു പലായനം ചെയ്ത കുട്ടികള്‍ക്കായി റഷ്യന്‍ പത്രപ്രവര്‍ത്തകന്‍ 1035 ലക്ഷം ഡോളറിന് നൊബേല്‍ സമ്മാനം വിറ്റു. ദിമിത്രി മുറാറ്റോവ് ന്യൂയോര്‍ക്കിലാണ് നോബല്‍ സമ്മാനം ലേലം ചെയ്തത്. റഷ്യയിലെ നോവയ ഗസറ്റ എന്ന പത്രത്തിന്റെ ചീഫ് എഡിറ്ററും സ്ഥാപകരില്‍ ഒരാളുമാണ് മുറാറ്റോവ്.
◼️മാലദ്വീപില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സംഘടിപ്പിച്ച യോഗ ദിനാചരണത്തിനുനേരെ ആള്‍ക്കൂട്ട ആക്രമണം. തലസ്ഥാനമായ മാലിയിലെ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പരിപാടിക്കു നേരെയാണ് ആക്രമണമുണ്ടായത്.
◼️ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ട്രാന്‍സ്‌ജെന്‍ഡറായ മകന്‍ തന്നോടൊപ്പമുള്ള അച്ഛന്റെ പേരു മാറ്റണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കി. തന്റെ ലിംഗസ്വതവും പിതാവിന്റെ പേരും ഒന്നിച്ച് പറയാന്‍ താല്‍പ്പര്യമില്ലെന്നാണ് സേവ്യര്‍ അലക്‌സാണ്ടര്‍ മസ്‌ക് എന്നറിയപ്പെട്ടിരുന്ന മസ്‌കിന്റെ മകന്‍ പറയുന്നത്. ലോസ് ആഞ്ചലസില്‍ സാന്താ മോണിക്കയിലെ കോടതിയിലാണ് ഹര്‍ജി ഫയല്‍ ചെയ്തത്. 2008 ല്‍ മസ്‌കുമായി വേര്‍പിരിഞ്ഞ ജസ്റ്റിന്‍ വില്‍സണാണ് ഈ കുട്ടിയുടെ അമ്മ.
◼️വനിതാ ഹോക്കി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഗോള്‍ കീപ്പര്‍ സവിത പുനിയ നയിക്കും. അടുത്ത മാസം ഒന്നു മുതല്‍ 17വരെ നെതര്‍ലന്‍ഡ്സിലും സ്പെയിനിലുമായാണ് വനിതാ ഹോക്കി ലോകകപ്പ്. ഹോക്കി ഇന്ത്യ ഇന്നലെ പ്രഖ്യാപിച്ച 18 അംഗ ടീമില്‍ ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യയെ നയിച്ച റാണി രാംപാല്‍ ഇല്ല. പരിക്കില്‍ നിന്ന് മോചിതയായി പൂര്‍ണ കായികക്ഷമത വീണ്ടെടുത്തിട്ടില്ലാത്തതിനാലാണ് റാണി രാംപാലിനെ ഒഴിവാക്കിയത്.
◼️ആവേശം അവസാന പന്തിലേക്ക് നീണ്ട പോരാട്ടത്തില്‍ ഓസ്ട്രേലിയയെ നാലു റണ്‍സിന് വീഴ്ത്തിയ ശ്രീലങ്കക്ക് ഏകദിന പരമ്പര. പരമ്പരയിലെ നാലാം ഏകദിനത്തില്‍ ശ്രീലങ്ക ഉയര്‍ത്തിയ 259 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ 50 ഓവറില്‍ 254 റണ്‍സിന് ഓള്‍ ഔട്ടായി. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ഓസ്ട്രേലിയയെ തോല്‍പ്പിച്ച് ശ്രീലങ്ക നാട്ടില്‍ ഏകദിന പരമ്പര നേടുന്നത്. ഈ ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ശ്രീലങ്ക 3-1ന് മുന്നിലെത്തി.
◼️2022 സാമ്പത്തികവര്‍ഷത്തിന്റെ നാലാംപാദത്തോടെ അമേരിക്കന്‍ സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലേക്ക് വീഴാന്‍ സാദ്ധ്യതയുണ്ടെന്ന് ജാപ്പനീസ് ബ്രോക്കറേജ് ഏജന്‍സിയായ നോമുറയുടെ റിപ്പോര്‍ട്ട്. സമ്പദ്വ്യവസ്ഥയുടെ മന്ദഗതിയിലുള്ള വളര്‍ച്ചയും ഉയര്‍ന്ന നാണയപ്പെരുപ്പവുമാണ് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മോശമാകുന്ന ഉപഭോക്തൃവികാരം, ഊര്‍ജ, ഭക്ഷ്യവിതരണത്തിലെ അപാതകള്‍, താഴേക്കിറങ്ങുന്ന ആഗോള വളര്‍ച്ചാവീക്ഷണം തുടങ്ങിയ ഘടകങ്ങള്‍ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുമെന്നും നിലവിലുള്ള നിരക്കുവര്‍ദ്ധന 2023 വരെ തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
◼️ഇന്ത്യ ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്ന അതിസമ്പന്നരുടെ എണ്ണം ഉയരുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം മാത്രം കുറഞ്ഞത് 8000 അതിസമ്പന്നരെങ്കിലും രാജ്യം വിടുമെന്നാണ് കണക്കുകള്‍. ഹെന്‍ലി ഗ്ലോബല്‍ സിറ്റിസണ്‍ റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്. അതേസമയം ഇന്ത്യ വിടുന്നവരെക്കാള്‍ കൂടുതല്‍ അതിസമ്പന്നര്‍ ഓരോ വര്‍ഷവും ഇവിടെ ഉണ്ടാകുന്നുണ്ട് എന്നാണ് വിലയിരുത്തല്‍. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഡോളര്‍ കോടീശ്വരന്മാരുടെയും ശതകോടീശ്വരന്മാരുടെയും എണ്ണം 80 ശതമാനം ഉയരുമെന്നാണ് റിപ്പോര്‍ട്ട്. യു.എസില്‍ ഇക്കാലയളവില്‍ 20 ശതമാനവും ഫ്രാന്‍സ്, യു.കെ, ഇറ്റലി,ജര്‍മനി എന്നിവിടങ്ങളില്‍ 10 ശതമാനവും മാത്രമായിരിക്കും വളര്‍ച്ച.
◼️ശിവകാര്‍ത്തികേയന്‍ നായകനാകുന്ന പുതിയ ചിത്രമാണ് 'പ്രിന്‍സ്'. കെ വി അനുദീപാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപാവലിക്കാണ് 'പ്രിന്‍സ്' എന്ന ചിത്രം പ്രദര്‍ശനത്തിന് എത്തുക. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്. ഒരു തെലുങ്ക് ചിത്രം ഇതാദ്യമായിട്ടാണ് ശിവകാര്‍ത്തികേയന്റേതായി എത്താനിരിക്കുന്നത്. ഒരു റൊമാന്റിക് കോമഡി ചിത്രമായിട്ടാണ് 'പ്രിന്‍സ്' എത്തുക. വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. 'പ്രിന്‍സ്' എന്ന ചിത്രത്തില്‍ സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. യുക്രൈന്‍ താരം മറിയ റ്യബോഷ്പ്കയാണ് നായിക. പ്രേംഗി അമരെന്‍, പ്രാങ്ക്സ്റ്റെര്‍ രാഹുല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
◼️അക്ഷയ് കുമാറിനെ നായകനാക്കി ആനന്ദ് എല്‍ റായ് സംവിധാനം ചെയ്ത രക്ഷാബന്ധന്റെ ട്രെയ്ലര്‍ പുറത്തെത്തി. പേര് സൂചിപ്പിക്കുന്നതുപോലെ സഹോദര സ്നേഹത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ നാല് സഹോദരിമാരുടെ സഹോദരനാണ് അക്ഷയ് കുമാറിന്റെ കഥാപാത്രം. അവരുടെ വിവാഹത്തിനു ശേഷം മാത്രം മതി ബാല്യകാലസഖിയുമായുള്ള തന്റെ വിവാഹം എന്ന് തീരുമാനിച്ചയാളുമാണ് ഈ നായകന്‍. 2020ലെ രക്ഷാബന്ധന്‍ ദിനത്തില്‍ പ്രഖ്യാപിച്ച ചിത്രമാണിത്. ഓഗസ്റ്റ് 11ന് ചിത്രം തിയറ്ററുകളില്‍ എത്തും. ആമിര്‍ ഖാന്റെ ലാല്‍ സിംഗ് ഛദ്ദയും ഇതേ ദിവസമാണ് എത്തുകയെന്ന പ്രത്യേകതയുമുണ്ട്.
◼️കിംകോ ഒരു പുതിയ 300സിസി മാക്സി സ്റ്റൈല്‍ സ്‌കൂട്ടര്‍ വിദേശത്ത് അവതരിപ്പിച്ചു. ഇതിനെ എക്സ ടൗണ്‍ സിടി 300 എന്ന് വിളിക്കുന്നു. യുവാക്കളെ ലക്ഷ്യമിട്ടാണ് ഈ മോഡലിന്റെ വരവ്. മാക്‌സി ശൈലിയിലുള്ള സ്‌കൂട്ടര്‍ ഷാര്‍പ്പായ രൂപകല്‍പ്പനയോടെയാണ് അവതരിപ്പിക്കുന്നത്. ഈ സ്‌കൂട്ടറിന്റെ പവര്‍ട്രെയിനില്‍ 276 സിസി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്റ്റഡ് യൂണിറ്റ് അടങ്ങിയിരിക്കുന്നു. ഇത് 24 ബിഎച്ച്പി കരുത്തും 24 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. യൂറോപ്പില്‍ ഇതിന് യൂറോ 4,699 (ഏകദേശം 3.8 ലക്ഷം രൂപ) വില നിശ്ചയിച്ചിട്ടുണ്ട്. വാഹനം ഇന്ത്യയില്‍ ഉടന്‍ ലോഞ്ച് ചെയ്യാന്‍ സാധ്യതയില്ല.
◼️ഭൂപരിഷ്‌ക്കരണ നിയമം പ്രാബല്യത്തില്‍ വന്ന കാലം ജന്മികളായിരുന്ന പഴയ തറവാട്ടിലെ കൗമാരക്കാരനായ അരവിന്ദനു താല്പര്യം സമ്പന്നനായിരുന്നിട്ടും താഴത്തട്ടില്‍ ജീവിച്ചിരുന്ന ജനങ്ങളോടും അവരുടെ ജീവിതത്തോടുമായിരുന്നു. 'ഒരു വള്ളുവനാടന്‍ പഴങ്കഥ'. മേലാറ്റൂര്‍ രവിവര്‍മ. ലോഗോസ് ബുക്സ്. വില 304 രൂപ.
◼️പുരുഷന്മാര്‍ സ്ഥിരമായി ചെയ്യുന്ന ഒരു വ്യായാമമാണ് ഓട്ടം. എന്നാല്‍ ഇത് പുരുഷന്മാരുടെ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. യൂണിവേഴ്സിറ്റി കോളേജ് ലണ്ടന്‍, സെന്റ് ബര്‍ത്തോലോമിയോസ് ആശുപത്രി എന്നിവടങ്ങളിലെ ആരോഗ്യ ഗവേഷകര്‍ നടത്തിയ പഠനങ്ങളിലാണ് പുതിത കണ്ടുപിടിത്തം. പഠനത്തിലെ കണ്ടെത്തല്‍ അനുസരിച്ച് പുരുഷന്മാര്‍ ദൂര്‍ഘദൂരം സ്ഥിരമായി ഓടുന്നത് അവരിലെ ഹൃദയാഘാത സാദ്ധ്യത വര്‍ദ്ധിപ്പിക്കും. പതിവായി മാരത്തോണ്‍ പോലുള്ള കായിക മേളകളില്‍ പങ്കെടുക്കുന്ന പുരുഷന്മാരില്‍ നടത്തിയ പഠനത്തില്‍ ഇവരുടെ ഹൃദയാരോഗ്യം മോശം അവസ്ഥയിലാണെന്ന് കണ്ടെത്തിയതായി ഗവേഷകര്‍ പറയുന്നു. എന്നാല്‍ പുറമേ ഇവരെല്ലാം തന്നെ ആരോഗ്യമുള്ളവരായി കാണപ്പെടുകയും ചെയ്യുന്നുണ്ടെന്നതാണ് ആശ്ചര്യമെന്നും ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു. ഇവരില്‍ ഹൃദയത്തിന്റെ ആരോഗ്യം പത്തുവര്‍ഷം വരെ കുറയാനുള്ള സാദ്ധ്യതയും കാണുന്നതായി വിദഗ്ദ്ധര്‍ ചൂണ്ടികാണിക്കുന്നു. അതേസമയം സ്ത്രീകള്‍ ദീര്‍ഘദൂരം സ്ഥിരമായി ഓടുന്നത് അവരുടെ ഹൃദയത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുമെന്നും ഇതേ പഠനത്തില്‍ പറയുന്നു. ആറ് വര്‍ഷം വരെയാണ് ഇത്തരം സ്ത്രീകളില്‍ ഹൃദയത്തിന്റെ ആരോഗ്യം വര്‍ദ്ധിച്ചതായി കണ്ടെത്തിയത്. പ്രധാനമായും നാല്പപത് വയസ് കടന്ന പുരുഷന്മാരിലും സ്ത്രീകളിലുമാണ് പഠനം നടത്തിയത്. ഇതിനു വേണ്ടി മാരത്തോണ്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്ന മുന്നൂറോളം പുരുഷന്മാരില്‍ ഗവേഷകര്‍ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
തലമുറകളായി അവര്‍ കാട്ടിലാണ് വസിച്ചിരുന്നത്. ഗോതമ്പ് ചുട്ട് ഭക്ഷിച്ചാണ് അയാളും കുടുംബവും ജീവിച്ചിരുന്നത്. ഒരു ദിവസം അയാള്‍ കാടിനടുത്തുള്ള പട്ടണത്തിലെത്തി. അയാളുടെ ഒരു സുഹൃത്ത് അവിടെ താമസിച്ചിരുന്നു. അയാള്‍ക്ക് രാവിലെ കഴിക്കാന്‍ അവര്‍ റൊട്ടികൊടുത്തു. ഇതെങ്ങനെ ഉണ്ടാക്കുന്നു അയാള്‍ ചോദിച്ചു. അവര്‍ പറഞ്ഞു: ഗോതമ്പ് ഉപയോഗിച്ച്. ഉച്ചഭക്ഷണം കഴിഞ്ഞപ്പോള്‍ ഒരു പായസം കിട്ടി. ആ പായസവും അയാള്‍ക്ക് ഇഷ്ടപ്പെട്ടു. അയാള്‍ ചോദ്യം ആവര്‍ത്തിച്ചു: ഇത് എന്തുകൊണ്ടാണ് ഉണ്ടാക്കുന്നത്? ഗോതമ്പ് കൊണ്ട് അവര്‍ പറഞ്ഞു. വൈകുന്നേരം കാട്ടിലേക്ക് തിരിച്ചുപോകുംമുന്‍പ് അവര്‍ അയാള്‍ക്ക് ഒരു കേക്ക് കൊടുത്തു. കേക്ക് എങ്ങിനെയുണ്ടാക്കുന്നുവെന്നായി അയാള്‍. അവര്‍ പറഞ്ഞു. ഗോതമ്പുകൊണ്ട്. അയാള്‍ ആലോചിച്ചു. താന്‍ വിതയ്ക്കുന്നതും കൊയ്യുന്നതും ഗോതമ്പാണ്. പിന്നെന്തുകൊണ്ടാണ് ഞാന്‍ ചുട്ട അപ്പം മാത്രം കഴിക്കുന്നത്... വിഭവങ്ങളില്ലാത്തതല്ല, വിരുന്നുണ്ടാക്കാന്‍ അറിയാത്തതാണ് ജീവിതം ആഘോഷരഹിതമാക്കാന്‍ കാരണം. തങ്ങള്‍ക്കില്ലാത്തവയെക്കുറിച്ച് പരാതി പറഞ്ഞ് കുറെക്കാലം ജീവിക്കും. പിന്നെ മറ്റുള്ളവര്‍ക്കുള്ളവയെയും അവര്‍ സമ്പാദിച്ചവയേയും നോക്കി അസൂയപൂണ്ട് ബാക്കി കാലം ജീവിക്കും. അവസാനം ജീവിതം കുറച്ചുകൂടി ആഘോഷഭരിതമാക്കാമായിരുന്നു എന്ന കുറ്റബോധത്തോടെ വിടപറയും! എല്ലാം ആവശ്യത്തിലധികം ഉള്ളവരല്ല, ഉള്ളവയെ ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കുന്നവരാണ് ഓരോ നിമിഷവും ഉത്സവമാക്കുന്നത്. അപ്രതീക്ഷിതമായി കടന്നുവന്ന് കണ്ണഞ്ചിപ്പിക്കുന്നവയല്ല, അത്യധ്വാനം ചെയ്ത് നിര്‍മ്മിച്ചെടുക്കുന്നതാണ് ഓരോ അത്ഭുതവും. അവനവന്‍ സൃഷ്ടിച്ച അത്ഭുതങ്ങളിലൂടെ യാത്ര ചെയ്യുമ്പോഴാണ് ജീവിതം ശരിക്കും ആഘോഷപൂര്‍ണ്ണമാകുന്നത്. നമുക്കും മറ്റുള്ളവരിലേക്കുള്ള നോട്ടം അവസാനിപ്പിക്കാം, ഉള്ളത് കൊണ്ട് ഉത്സവമാക്കാം - ശുഭദിനം
*മീഡിയ16*