*പ്രഭാത വാർത്തകൾ*2022 ജൂൺ 21 ചൊവ്വ

◼️തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകിയ സംഭവത്തില്‍ രണ്ടു ഡോക്ടര്‍മാര്‍ക്കു സസ്പെന്‍ഷന്‍. ന്യൂറോളജിയിലേയും നെഫ്രോളജി വിഭാഗത്തിലെയും ചുമതലക്കാരായ ഡോക്ടര്‍മാര്‍ക്കാണു സസ്പെന്‍ഷന്‍. ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഡോക്ടര്‍മാരെ വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു. അവയവമാറ്റ ശസ്ത്രക്രിയ നാലു മണിക്കൂര്‍ വൈകിയതുമൂലം അവയവം സ്വീകരിച്ച രോഗി മരിച്ചെന്നാണ് ആരോപണം. അഞ്ചരയ്ക്ക് വൃക്ക എത്തിച്ചെങ്കിലും രാത്രി ഒമ്പതരയ്ക്കാണു ശസ്ത്രക്രിയ തുടങ്ങിയതെന്നാണ് ആരോപണം.

◼️യഥാസമയം ശസ്ത്രക്രിയ നടത്താത്തതിനാല്‍ വൃക്ക രോഗി മരിച്ചെന്ന പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പരാതിയെക്കുറിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷിച്ച് നാലാഴ്ചക്കകം റിപ്പോര്‍ട്ടു   സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. സംഭവത്തില്‍ പോലീസും കേസെടുത്തു.

◼️നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. അഞ്ചാം ദിവസമാണ് രാഹുലിനെ ചോദ്യം ചെയ്യുന്നത്. നടപടിക്കെതിരേ എഐസിസി ആസ്ഥാനത്ത് എംഎല്‍എമാര്‍ അടക്കമുള്ളവരെ അണിനിരത്തി പ്രതിഷേധിക്കും. കേരളത്തിലെ എല്ലാ എംഎല്‍മാരോടും ഡല്‍ഹിയില്‍ എത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ 24, 25 തീയതികളില്‍ കോഴിക്കോട് കെപിസിസി നടത്താനിരുന്ന ചിന്തന്‍ ശിബിരം മാറ്റിവച്ചു.



◼️അഗ്നിപഥ് സൈനികരാകാനുള്ള രജിസ്ട്രേഷന്‍ അടുത്ത മാസം. കരസേന വിജ്ഞാപനമിറക്കി. പത്താം ക്ലാസ്, എട്ടാം ക്ളാസ് എന്നിവ പാസായവര്‍ക്കാണ് അഗ്നീവീറുകളാകാന്‍ അവസരം. ഇരുപത്തഞ്ച് ശതമാനം പേര്‍ക്ക് നാലു വര്‍ഷത്തെ സേവനത്തിന് ശേഷം 15 വര്‍ഷം കൂടി തുടരാന്‍ അവസരമുണ്ടാകും. അഗ്നിവീറുകള്‍ക്ക് വിമുക്ത ഭടന്മാരുടെ പദവി, വിമുക്ത ഭടന്‍മാരുടെ ആരോഗ്യപദ്ധതി, ക്യാന്റീന്‍ സൗകര്യം, പെന്‍ഷന്‍ എന്നിവ ഇല്ലെന്നു സേന പുറത്തിറക്കിയ 19 പേജുള്ള വിജ്ഞാപനത്തില്‍ പറയുന്നു.

◼️കെഎസ്ആര്‍ടിസിയുടെ വായ്പാ കുടിശിക 12,100 കോടി രൂപയാണെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം. ജീവനക്കാരുടെ ശമ്പള വിതരണവുമായി ബന്ധപ്പെട്ടാണ് ഈ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ബാങ്കുകള്‍ക്കു 3,030 കോടി രൂപയും സര്‍ക്കാരിന് 8,713 കോടി രൂപയും കെടിഡിഎഫ്സിക്ക് 356 കോടി രൂപയും നല്‍കാനുണ്ട്. 5,255 ബസുകളാണ് സര്‍വീസ് നടത്തുന്നത്. മുന്നൂറു ബസുകള്‍ ഉപയോഗശൂന്യമായി. 417 ഏക്കര്‍ ഭൂമി സ്വന്തമായുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ശമ്പളം കിട്ടാത്തതിന് കെഎസ്ആര്‍ടിസിയുടെ ആസ്ഥാന കാര്യാലയം ഇന്നലെ സിഐടിയുവിന്റെ നേതൃത്വത്തില്‍ ഉപരോധിച്ചിരുന്നു.

◼️അവയവമാറ്റ ശസ്ത്രക്രിയ വൈകിയതിനാല്‍ വൃക്കരോഗി മരിച്ചെന്ന ആരോപണത്തില്‍ തത്കാലം പരാതി നല്‍കില്ലെന്ന് മരിച്ച കാരക്കോണം സ്വദേശി സുരേഷ്‌കുമാറിന്റെ ബന്ധുക്കള്‍. സുരേഷ്‌കുമാറിന്റെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ നേരത്തെത്തന്നെ പറഞ്ഞിരുന്നു. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഒഴിവാക്കണോയെന്നും ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ശസ്ത്രക്രിയയുമായി മുന്നോട്ടു പോകാന്‍ തങ്ങളാണു നിര്‍ബന്ധിച്ചത്. പോസ്റ്റുമോര്‍ട്ടില്‍ വീഴ്ചയുണ്ടെന്നു കണ്ടെത്തിയാല്‍ മാത്രമേ പരാതി നല്‍കൂവെന്ന് അവര്‍ പറഞ്ഞു.

◼️ആരോഗ്യവകുപ്പിനെ സിപിഎം ഹൈജാക്ക് ചെയ്തെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വീഴ്ചയെക്കുറിച്ച് ആരോഗ്യ മന്ത്രി അറിയണമെന്നില്ല. മറ്റൊരു സംഘമാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. അദ്ദേഹം കുറ്റപ്പെടുത്തി.

◼️നടിയെ ആക്രമിച്ചു പകര്‍ത്തിയ ദൃശ്യങ്ങള്‍ കോടതിയുടെ കസ്റ്റഡിയിലിരിക്കെ ചോര്‍ന്നെന്ന ആരോപണത്തില്‍ അന്വേഷണത്തിന് അവകാശമുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍. വിചാരണ വൈകിപ്പിക്കാനാണോ ശ്രമമെന്ന് കോടതി ചോദിച്ചു. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ജൂലൈ 15 വരെ സമയമുണ്ടെന്നും വീഡിയോ ചോര്‍ന്നുവെന്നതിന്റെ കൂടുതല്‍ പരിശോധനയ്ക്ക് രണ്ടോ മൂന്നോ ദിവസം മാത്രം മതിയെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

◼️കോടതിയുടെ കസ്റ്റഡിയിലിരിക്കെ അക്രമ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിതയും ഹൈക്കോടതിയില്‍. കോടതിയിലുണ്ടായിരുന്ന മെമ്മറി കാര്‍ഡില്‍നിന്നു തന്റെ ദൃശ്യങ്ങള്‍ ചോര്‍ത്തിയത് ആരാണെന്ന് അറിയണമെന്ന് അതിജീവിത കോടതിയില്‍ ആവശ്യപ്പെട്ടു.

◼️നെഹ്റു ട്രോഫി വള്ളംകളി സെപ്റ്റംബര്‍ നാലിലേക്കു മാറ്റി. നെഹ്റു ട്രോഫി സംഘാടക സമിതിയുടെ നിര്‍വാഹക സമിതി യോഗത്തിലാണ് തീരുമാനം. ഓഗസ്റ്റ്  രണ്ടാം ശനിയാഴ്ചയാണ് വള്ളംകളി നടത്തിയിരുന്നത്.

◼️നേമം റെയില്‍വേ ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിക്കാന്‍ പ്രധാന കാരണം കേന്ദ്രമന്ത്രി വി മുരളീധരനെന്ന് മന്ത്രി വി ശിവന്‍കുട്ടി. നേമം ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിക്കരുതെന്ന് ആവശ്യപ്പെട്ട്  വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് വിമര്‍ശനം ഉന്നയിച്ചത്. മുരളീധരനും ശശി തരൂര്‍ എംപിയും കേരളത്തിനായി ഒന്നും ചെയ്യുന്നില്ലെന്ന് ശിവന്‍കുട്ടി കുറ്റപ്പെടുത്തി.

◼️കോഴിക്കോട് കുറ്റ്യാടി ജാനകികാട്ടിലെ പുരാതന ക്ഷേത്ര കിണറിലെ മണ്ണു നീക്കിയത് നിധി തേടിയാണെന്ന് നാട്ടുകാര്‍. മാലിന്യം നിറഞ്ഞ കിണറ്റിലെ മണ്ണാണ് കഴിഞ്ഞ ദിവസം നീക്കിയത്. ക്ഷേത്രത്തില്‍ നടന്ന താംബൂല പ്രശ്നത്തില്‍ കിണറ്റില്‍ നിധിയുണ്ടെന്ന് പറഞ്ഞെന്നും ഇതു കേട്ടവരില്‍ ആരെങ്കിലുമാണ് കിണറ്റിലെ മണ്ണ് നീക്കിയതെന്നുമാണ് നാട്ടുകാര്‍ സംശയിക്കുന്നത്.

◼️പത്തനംതിട്ട കോഴഞ്ചേരിയില്‍ ബിജെപി - ഡിവൈഎഫ്ഐ സംഘര്‍ഷം. മൂന്നു പേര്‍ക്കു പരിക്കേറ്റു. കുറിയന്നൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് ഏറ്റുമുട്ടിയത്.

◼️മലപ്പുറം മമ്പാട് തുണിക്കടയുടെ ഗോഡൗണില്‍ ജീവനൊടുക്കിയ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതിനു 12 പേര്‍ അറസ്റ്റിലായി. കോട്ടക്കല്‍ സ്വദേശി മുജീബ് റഹ്‌മാനെയാണ് കഴിഞ്ഞ ദിവസം തുണിക്കടയുടെ ഗോഡൗണില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കടയില്‍നിന്നും സാധനങ്ങള്‍ വാങ്ങിയ പണം തിരികെ ലഭിക്കാനായിരുന്നു മര്‍ദ്ദനം.

◼️കെഎസ്ആര്‍ടിസി കോഴിക്കോട് ജില്ലയിലെ ഡിപ്പോകളില്‍ ഡീസല്‍ പ്രതിസന്ധി. കോഴിക്കോട്, താമരശേരി, തലശേരി, കണ്ണൂര്‍, കാസര്‍കോട്, കാഞ്ഞങ്ങാട്, കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി ഡിപ്പോകളിലും പ്രതിസന്ധിയുണ്ട്. ഇന്നത്തെ സര്‍വീസുകളെ ഇതു ബാധിച്ചേക്കാം.

◼️എസ്എസ്എല്‍എസി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, ഫോട്ടോകോപ്പി, സ്‌ക്രൂട്ടിണി എന്നിവയ്ക്ക് അപേക്ഷിക്കേണ്ട സമയം ഇന്നു വൈകുന്നേരം നാലിന് അവസാനിക്കും.

◼️മദ്യപിച്ചു വാഹനമോടിച്ചതിനു പോലീസ് പിടികൂടിയ ഡിവൈഎഫ്ഐ വയനാട് ജില്ലാ ട്രഷറര്‍ ലിജോ ജോണിയെ പദവികളില്‍നിന്നു നീക്കി. പാര്‍ട്ടി അംഗത്വത്തില്‍നിന്ന് സസ്പെന്റ് ചെയ്തിട്ടുമുണ്ട്.

◼️തൃശൂരില്‍ എം.ഡി.എം.എയുമായി യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. തൃശൂര്‍ കൊക്കാല സ്വദേശിയായ സഞ്ജുന (28), പൂത്തോള്‍ സ്വദേശി മെബിന്‍ (29), ചേറൂര്‍ സ്വദേശി കാസിം(28) എന്നിവരെയാണ് പിടികൂടിയത്. 18 ഗ്രാം എംഡിഎംഎയാണ് ഇവരില്‍നിന്ന് കണ്ടെടുത്തത്.

◼️തൃശൂര്‍ പെരുമ്പിലാവ് പാതാക്കരയില്‍ കഞ്ചാവു സംഘത്തിന്റെ ആക്രമണത്തില്‍ പൊലീസുകാരനു പരിക്ക്. കുന്നംകുളം സ്റ്റേഷനിലെ സിപിഒ അഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◼️പത്തു മാസം പ്രായമുള്ള കുഞ്ഞ് മാതള നാരങ്ങയുടെ അല്ലി തൊണ്ടയില്‍ കുടുങ്ങി മരിച്ചു. നിലമ്പൂര്‍ അമരമ്പലം സ്വദേശി കൂറ്റമ്പാറ ചേറായി വള്ളിക്കാടന്‍ ഫൈസലിന്റെ മകള്‍ ഫാത്തിമ ഫര്‍സിനാണ് മരിച്ചത്.

◼️പത്തനംതിട്ട കൂടലില്‍ ഒപ്പം താമസിച്ചിരുന്നയാളെ വീട്ടമ്മ തലയ്ക്കടിച്ചു കൊന്നു. കൊട്ടാരക്കര സ്വദേശി ശശിധരന്‍പിള്ളയാണ് മരിച്ചത്. പ്രതിയായ രജനിയെ അറസ്റ്റു ചെയ്തു. മദ്യപിച്ചെത്തിയ ഇയാള്‍ രജനിയെ കടന്ന് പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ കമ്പിവടികൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തിയെന്നാണു വിവരം.

◼️ചെന്നിത്തലയില്‍ വീട്ടുടമയുടെ എടിഎം കാര്‍ഡ് മോഷ്ടിച്ച് രണ്ടു ലക്ഷത്തി എണ്‍പത്തി അയ്യായിരം രൂപ തട്ടിയെടുത്ത വീട്ടു ജോലിക്കാരന്‍ അറസ്റ്റില്‍. പന്തളം പോയികോണത്ത് കൃഷ്ണ ഭവന്‍ വീട്ടില്‍ രാജേഷ് നായരെ (42) യാണ് മാന്നാര്‍ പോലീസ് പിടികൂടിയത്.

◼️ആലുവയില്‍ കന്നുകാലികളെ മോഷ്ടിച്ച് അറുത്ത് ഇറച്ചിയാക്കി വില്‍ക്കുന്ന അച്ഛനും പ്രായപൂര്‍ത്തിയാകാത്ത മകനും പിടിയില്‍. ആലുവ കൊടികുത്തുമലയില്‍ ഇറച്ചിക്കട നടത്തുന്ന ഷെമീറിനെ അറസ്റ്റു ചെയ്തു. ആലുവ, കളമശ്ശേരി ഭാഗങ്ങളില്‍ രാവിലെ മേയാന്‍ വിട്ടിരുന്ന കന്നുകാലികളില്‍ പലതും മടങ്ങിയെത്തിയില്ല. പൊലീസില്‍ പരാതിപ്പെട്ടതോടെയാണ് മോഷണം കണ്ടെത്തിയത്.

◼️വിദ്യാര്‍ഥിനികളെ ഉപയോഗിച്ച് കേരളത്തിലേക്കു മയക്കുമരുന്നു കടത്തിയിരുന്ന സംഘത്തിലെ പ്രധാനികള്‍ കൊല്ലത്ത് പിടിയില്‍. ശൂരനാട് സ്വദേശി അനീഷ്, കല്ലേലിഭാഗം സ്വദേശി വൈശാഖ് എന്നിവരെ കരുനാഗപ്പള്ളി പൊലീസാണ് അറസ്റ്റ് ചെയ്തത്.  ബെംഗളൂരുവില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികളെ ഉപയോഗിച്ചാണ് അനീഷും വൈശാഖും കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നത്. ഇവരുടെ കൈവശം 72 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നു.

◼️കെഎസ്ആര്‍ടിസി ബസില്‍ കഞ്ചാവ് കടത്തിയ കേസില്‍ തെലുങ്കാനക്കാരായ പ്രതികള്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷ. തിരുനെല്ലിയില്‍ 25 കിലോ കഞ്ചാവ് കടത്തിയതിന് ഓങ്കാരി വെങ്കിടേഷ്, റാവുള്ള രാജേഷ്, സദാനന്ദം, വിശാഖപട്ടണം സ്വദേശിനികളായ പുഷ്പ ചിക്കാത്തി, സത്യ താമര എന്നിവരെയാണു ശിക്ഷിച്ചത്.

◼️ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ അക്രമം നടത്തിയയാളെ പൊലീസ് പിടികൂടി. അന്ധകാരനഴി കാട്ടുങ്കല്‍തയ്യില്‍ സിബിന്‍(34)ആണ് പിടിയിലായത്. പട്ടണക്കാടുണ്ടായ അടിപിടിക്കേസില്‍ ചികിത്സ തേടിയെത്തിയവരെ ആക്രമിക്കാന്‍ എത്തിയ മൂന്നംസംഘമാണ് അക്രമം നടത്തിയത്.

◼️ഇടുക്കിയിലെ വണ്ടിപ്പെരിയാര്‍ ഇഞ്ചിക്കാടിനു സമീപം റോഡില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വാളാഡി സ്വദേശി രമേശാണ് മരിച്ചത്. മദ്യലഹരിയിലായിരുന്ന രമേശ് വാഹനത്തില്‍നിന്നു തെറിച്ചു വീണതോ ചാടിയതോ ആകാമെന്ന് വണ്ടിപ്പെരിയാര്‍ പോലീസ്.

◼️അയല്‍വാസിയുടെ കുത്തേറ്റ് യുവതിക്കു ഗുരുതര പരിക്ക്. കണ്ണൂര്‍ രാമന്‍ തെരുവില്‍ താമസിക്കുന്ന അനിത പുരുഷോത്തമനാണ് പരിക്കേറ്റത്. പ്രതി റിജേഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

◼️വളപട്ടണത്ത് വനിതാ ഹോസ്റ്റലില്‍ ലൈംഗിക പീഡനം നടത്തിയതിനു പാചകക്കാരനെ അറസ്റ്റു ചെയ്തു. പടുവിലായി ഊര്‍പ്പള്ളിയിലെ വിജിത്തിനെയാണ് പിടികൂടിയത്. മൂന്നു പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്നാണ് പരാതി.

◼️പോലീസ് വകുപ്പിലെ പോലീസ് കോണ്‍സ്റ്റബിള്‍ (കാറ്റഗറി നമ്പര്‍ 136/2022) തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള എന്‍ഡ്യൂറന്‍സ് ടെസ്റ്റ് ജൂലൈ അഞ്ചിനു രാവിലെ അഞ്ചു മുതല്‍ എല്ലാ ജില്ലകളിലും നടക്കും. 25 മിനിട്ടില്‍ അഞ്ചു കിലോമീറ്റര്‍ ദൂരത്തിലുള്ള ഓട്ടമാണ് ഈ ടെസ്റ്റ്.

◼️കോണ്‍ഗ്രസ് എംപിമാര്‍ അടക്കമുള്ള നേതാക്കള്‍ രാഷ്ട്രപതി ഭവനിലേക്കു മാര്‍ച്ചു നടത്തി രാഷ്ട്രപതിയെ കണ്ടു നിവേദനം നല്‍കി. രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരായ ഇഡി നടപടിയിലും അഗ്നിപഥ് പദ്ധതിയിലും പ്രതിഷേധം പ്രകടിപ്പിച്ചാണ് കോണ്‍ഗ്രസിന്റെ ഏഴംഗ നേതൃസംഘം രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കണ്ടത്.

◼️അഗ്നിപഥ് പ്രതിഷേധംമൂലം 595 ട്രയിനുകള്‍ ഇന്നലെ റദ്ദാക്കി. 208 മെയിലും 379 പാസഞ്ചര്‍ ട്രെയിനുകളുമാണു റദ്ദാക്കിയത്. ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ റോഡ് ഗതാഗതം സ്തംഭിച്ചു. യുപിയില്‍നിന്നും ഹരിയാനയില്‍നിന്നും ഡല്‍ഹിയിലേക്കു വരുന്ന ഹൈവേകളില്‍ പൊലീസ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതാണു കാരണം.

◼️കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആശുപത്രി വിട്ടു. ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സോണിയ വസതിയില്‍ വിശ്രമം തുടരുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു.

◼️മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയില്‍ സുരക്ഷാസേന സ്ത്രീ അടക്കം മൂന്നു നക്‌സലുകളെ ഏറ്റുമുട്ടലില്‍ വധിച്ചു. നാഗേഷ് എന്ന രാജു തുളവി (40), മനോജ് (25), വനിതാ കേഡറായ രമ (23) എന്നിവരാണു കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട രാജു തുളവി മൂന്ന് സംസ്ഥാനങ്ങളിലായി 57 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കപ്പെട്ട നക്സല്‍ ഡിവിഷണല്‍ കമ്മിറ്റി അംഗമാണെന്നു പോലീസ്.

◼️പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകാന്‍ ഇല്ലെന്ന് മഹാത്മാഗാന്ധിയുടെ കൊച്ചുമകനും മുന്‍ പശ്ചിമബംഗാള്‍ ഗവര്‍ണറുമായ ഗോപാല്‍ കൃഷ്ണഗാന്ധി. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയെയും പ്രതിപക്ഷത്തിന്റെ നിര്‍ദേശം തള്ളിയിരുന്നു.

◼️രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി യശ്വന്ത് സിന്‍ഹയുടെ പേര് നിര്‍ദ്ദേശിച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. എന്നാല്‍ യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്നു രാജി വയ്ക്കണമെന്ന് കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ഉപാധിവച്ചു.

◼️മഹാരാഷ്ട്രയില്‍ നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലും ബിജെപിക്ക് നേട്ടം. മഹാ വികാസ് അഖാഡി സഖ്യത്തിന് തിരിച്ചടി. ബിജെപിയുടെ അഞ്ചു സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. ശിവസേന, എന്‍സിപി പാര്‍ട്ടികള്‍ രണ്ടുവീതം സീറ്റുകള്‍ നേടി. കോണ്‍ഗ്രസിന് ഒരു സീറ്റു മാത്രം.

◼️പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ധു മൂസെവാലയുടെ കൊലപാതകത്തില്‍ മൂന്നു പേരെകൂടി ഡല്‍ഹി പോലീസ് പിടികൂടി. ഇവരില്‍ രണ്ടു പേര്‍ ഷൂട്ടര്‍മാരാണ്. മൂസെവാലയെ കൊലപ്പെടുത്തിയത് ആറു പേര്‍ ചേര്‍ന്നാണെന്നും ഉപയോഗിച്ചത് എകെ 47 ആണെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍. ഗ്രനേഡുകള്‍, തോക്കുകള്‍, പിസ്റ്റളുകള്‍,  റൈഫിലുകള്‍ എന്നിവയും അറസ്റ്റിലായവരില്‍നിന്നു കണ്ടെടുത്തു.

◼️മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ ഒരു കുടുംബത്തിലെ ഒന്‍പതു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രണ്ടു സഹോദരന്മാരുടെ കുടുംബങ്ങളാണ് കൂട്ടത്തോടെ മരിച്ചത്. മൃഗ ഡോക്ടറായ മാണിക് വാന്‍മോറെയും കുടുംബവും സഹോദരന്‍ പോപ്പറ്റും കുടുംബവുമാണ് മരിച്ചത്.

◼️ഹ്രസ്വകാല സൈനിക പദ്ധതിയായ അഗ്നിപഥ് പദ്ധതി പിന്‍വലിക്കണമെന്ന് കമല്‍ഹാസന്റെ രാഷ്ട്രീയ കക്ഷിയായ മക്കള്‍ നീതി മയ്യം. നാലു വര്‍ഷത്തേക്ക് സൈനിക സേവനമെന്ന ആശയം തെറ്റാണെന്ന് മക്കള്‍ നീതി മയ്യം പ്രസ്താവനയില്‍ പറഞ്ഞു.

◼️ജമ്മു കാഷ്മീരില്‍ മൂന്നിടങ്ങളിലായി നടന്ന ഏറ്റുമുട്ടലില്‍ ഏഴു ഭീകരരെ വധിച്ചെന്ന് കാഷ്മീര്‍ പൊലീസ്. പുല്‍വാമ, കുല്‍ഗാം, കുപ്വാര എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

◼️ഇന്ത്യയിലേക്ക് സൗദി അറേബ്യ ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് നീക്കി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയടക്കമുള്ള നാലു രാജ്യങ്ങളിലേക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാ നിരോധമാണ് പിന്‍വലിച്ചത്.

◼️ഇസ്രയേല്‍ പാര്‍ലമെന്റ് പിരിച്ചുവിടും. എട്ടു പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന മുന്നണി ഭരണ സഖ്യം പിരിച്ചുവിടാന്‍ പ്രധാനമന്ത്രി നാഫ്തലി ബെന്നറ്റും വിദേശകാര്യ മന്ത്രി യായിര്‍ ലിപിഡും ചേര്‍ന്ന് തീരുമാനിച്ചു. യായിര്‍ ലിപിഡ് കാവല്‍ പ്രധാനമന്ത്രിയാകും. ഒക്ടോബറിലോ നവംബറിലോ തെരഞ്ഞെടുപ്പ് നടക്കും. മൂന്ന് വര്‍ഷത്തിനിടെ അഞ്ചാം തവണയാണ് ഇസ്രയേലില്‍ തെരഞ്ഞെടുപ്പു നടക്കുന്നത്.

◼️കോമണ്‍വെല്‍ത്ത് ഗെയിംസ് ഹോക്കിക്കായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മന്‍പ്രീത് സിംഗാണ് ടീമിന്റെ നായകന്‍. ഹര്‍മന്‍പ്രീത് സിംഗ് ആണ് വൈസ് ക്യാപ്റ്റന്‍. മലയാളി താരം പി ആര്‍ ശ്രീജേഷ് ഗോള്‍വല കാക്കും.

◼️ഇന്ത്യയുടെ വജ്ര-ആഭരണ കയറ്റുമതിയില്‍ ഈ വര്‍ഷം ഏപ്രില്‍-മേയ് മാസങ്ങളിലായി 10.08 ശതമാനം വര്‍ദ്ധന. 51,050.53 കോടി രൂപയുടെ കയറ്റുമതി വരുമാനം ഇതുവഴി നേടാനായെന്ന് ജെം ആന്‍ഡ് ജുവലറി എക്സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 ഏപ്രില്‍-മേയ് മാസങ്ങളില്‍ 46,376.57 കോടി രൂപയായിരുന്നു കയറ്റുമതി വരുമാനം. ഈവര്‍ഷം മേയില്‍ മാത്രം 19.90 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് കയറ്റുമതിയിലുണ്ടായത്. 25,365.35 കോടി രൂപയുടെ ഉത്പന്നങ്ങള്‍ കയറ്റി അയച്ചു. ഏപ്രില്‍-മേയില്‍ മുറിച്ചുമിനുക്കിയ വജ്രാഭരണങ്ങളുടെ കയറ്റുമതി 4.42 ശതമാനം വര്‍ദ്ധിച്ച് 32,601.84 കോടി രൂപയിലെത്തി. പ്ലെയിന്‍-സ്റ്റഡഡ് ആഭരണങ്ങളുടെ കയറ്റുമതി 27.11 ശതമാനം വര്‍ദ്ധനയോടെ 10,897.84 കോടി രൂപയായി.

◼️മുതിര്‍ന്ന പൗരന്മാരെ ലക്ഷ്യമിട്ട് സ്ഥിരം നിക്ഷേപത്തിന് ആകര്‍ഷകമായ പലിശനിരക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രമുഖ സ്വകാര്യ ബാങ്കായ യെസ് ബാങ്ക്. മൂന്ന് വര്‍ഷം മുതല്‍ പത്തുവര്‍ഷം വരെ കാലാവധിയുള്ള സ്ഥിരം നിക്ഷേപം തെരഞ്ഞെടുക്കുന്നവര്‍ക്ക് 7.25 ശതമാനം പലിശ നല്‍കുമെന്ന പ്രഖ്യാപനമാണ് ഇതില്‍ ഏറ്റവും ആകര്‍ഷണം നല്‍കുന്നത്. 18 മാസം മുതല്‍ മൂന്ന് വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് ഏഴു ശതമാനമാണ് പലിശനിരക്ക്. ഒരുവര്‍ഷം മുതല്‍ 18 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 6.50 ശതമാനം പലിശയാണ് ബാങ്ക് നല്‍കുക. എന്നാല്‍ കുറഞ്ഞ നിക്ഷേപം പതിനായിരം രൂപ ആയിരിക്കണമെന്ന വ്യവസ്ഥയും ബാങ്ക് മുന്നോട്ടുവെയ്ക്കുന്നുണ്ട്.

◼️ഭാവന വീണ്ടും മലയാള സിനിമയില്‍ സജീവമാകുകയാണ്. ഭാവന നായികയാകുന്ന 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' കൊടുങ്ങല്ലൂരില്‍ ചിത്രീകരണം ആരംഭിച്ചു. ആദില്‍ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭാവനക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്. ഭദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഭാവന പ്രധാന കഥാപാത്രമാകുന്നുണ്ട്. ഭദ്രന്റെ 'ഇഒ' എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത്. ഷെയ്ന്‍ നിഗം ആണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്. 'ഇഒ എലിയാവൂ കോഹന്‍' എന്ന ജൂതനായിട്ടാണ് ഷെയ്ന്‍ അഭിനയിക്കുന്നത്. ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു. സുരേഷ് ബാബു ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.

◼️അപര്‍ണ്ണ ബാലമുരളി, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'ഇനി ഉത്തരം' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. സുധീഷ് രാമചന്ദ്രനാണ് ചിത്രത്തിന്റെ സംവിധാനം. ഹരീഷ് ഉത്തമന്‍, സിദ്ധാര്‍ത്ഥ് മേനോന്‍, സിദ്ദിഖ്,ജാഫര്‍ ഇടുക്കി, ചന്തു നാഥ്,ഷാജു ശ്രീധര്‍,ജയന്‍ ചേര്‍ത്തല,ബിനീഷ് പി,ഭാഗ്യരാജ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. രഞ്ജിത് ഉണ്ണി തിരക്കഥ സംഭാഷണമെഴുതുന്നു. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് ഹിഷാം അബ്ദുല്‍ വഹാബ് സംഗീതം പകരുന്നു.

◼️ഇലക്ട്രിക്ക് വാഹന നിര്‍മ്മാതാക്കളായ ഒല അതിന്റെ വരാനിരിക്കുന്ന ഇലക്ട്രിക് കാറുകളുടെ ടീസറുകള്‍ പുറത്തിറക്കി.  ഈ വാഹന മോഡലുകള്‍ എല്ലാം സെഡാന്‍ ആയിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.  ആദ്യം ടീസ് ചെയ്യപ്പെട്ട കാറിന് കുറഞ്ഞ ബോണറ്റും റാപ്പറൗണ്ട് എഫക്റ്റുള്ള ഹെഡ്‌ലൈറ്റുകളുമുണ്ട്. പിന്‍ഭാഗം കിയ ഇവി6 പോലെയുള്ള മുഴുനീള ടെയില്‍-ലൈറ്റുകളുള്ള ഒരു സ്റ്റബി ബൂട്ടിന്റെ സൂചന നല്‍കുന്നു. ഇലക്ട്രിക് കാറിന് ഏകദേശം 70-80കി.വാട്ട് കപ്പാസിറ്റി ബാറ്ററി് ഉണ്ടായിരിക്കും. അതിന്റെ ഫലമായി, ഒരു നീണ്ട റേഞ്ചും വാഹനത്തിന് ലഭിക്കും.

◼️മറവിയുടെ അറബിക്കടലില്‍ താണുപോകാനിടയുള്ളവയും വാമൊഴിയായി പ്രചരിക്കുന്നവയുമായ അനേകം ഗാനങ്ങളെ രക്ഷപ്പെടുത്തുവാനുള്ള ഒരു നൗകയാണീ സമാഹാരം. ലക്ഷദ്വീപിന്റെ ആത്മാവ് തുടിച്ചുനില്‍ക്കുന്ന നാടന്‍പാട്ടുകളുടെ സമാഹാരം. 'ലക്ഷദ്വീപിലെ നാടന്‍പാട്ടുകള്‍'. ഡോ.എം. മുല്ലക്കോയ. മാതൃഭൂമി. വില 169 രൂപ.

◼️വളര്‍ത്തു മൃഗങ്ങള്‍ക്കൊപ്പം ദിവസവും ഉല്ലാസം കണ്ടെത്തുന്നവര്‍ക്ക് ഹൃദ്രോഗസാദ്ധ്യത കുറവാണെന്ന് പഠനങ്ങള്‍. ദിവസവും വളര്‍ത്തുമൃഗങ്ങളോടൊത്ത് കളികളില്‍ ഏര്‍പ്പെടുന്നതും നടക്കാന്‍ പോകുന്നതും മാനസികാരോഗ്യം മെച്ചപ്പെടുത്തും. ഒപ്പം പലതരം ആരോഗ്യ പ്രശ്നങ്ങളെയും പ്രതിരോധിക്കും. അരുമ മൃഗങ്ങളുമായുള്ള സഹവാസവും തമാശനിറഞ്ഞ നിമിഷങ്ങളും ഉത്കണ്ഠ, വിഷാദം , ദേഷ്യം, ഏകാന്തത എന്നിവ അകറ്റുന്നതിലൂടെയാണ് മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നത്. വളര്‍ത്തു മൃഗങ്ങളുമായുള്ള ഉല്ലാസ നിമിഷങ്ങള്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായകമാണ്. രക്തസമ്മര്‍ദ്ദവും ഉത്കണ്ഠയുമുള്ളവര്‍ ഇനി മുതല്‍ ഓമനമൃഗങ്ങളെ വളര്‍ത്തിക്കോളൂ. ഓമനമൃഗങ്ങള്‍ക്കൊപ്പം ഓടിക്കളിക്കുന്നത് കൊളസ്‌ട്രോള്‍ നില താഴ്ത്തി ഹൃദയാരോഗ്യം സംരക്ഷിക്കാനും മികച്ച മാര്‍ഗമാണ്.

*ശുഭദിനം*
*കവിത കണ്ണന്‍*
ആ അച്ഛനും മകനും എന്നും അതിരാവിലെ എഴുന്നേല്‍ക്കും. പ്രാര്‍ത്ഥന, വീട്ടുജോലി, ഭക്ഷണമുണ്ടാക്കാല്‍ എല്ലാം അവരൊരുമിച്ചാണ്.  അവധിക്കാലമായതിനാല്‍ അയാള്‍ തന്റെ മകനേയും പണിസ്ഥലത്തേക്ക് കൂട്ടി. അവിടത്തെ ചെറുജോലികളില്‍ അവനെയും ഉള്‍പ്പെടുത്തും. ഒരു ദിവസം അച്ഛന്‍ മകനോട് പറഞ്ഞു:  ഇന്ന് നമുക്ക് ഉപവാസമാണ്.  ഭക്ഷണമില്ല. പതിവുപോലെ ജോലി തീര്‍ന്നപ്പോഴേക്കും ആ കുഞ്ഞ് വിശന്നു തളര്‍ന്നു.  ഒരു വിധം പകല്‍ അവസാനിച്ചു.  രാത്രി ആര്‍ത്തിയോടെ അവന്‍ ഭക്ഷണം കഴിച്ചു തളര്‍ന്നു ഉറങ്ങി.  രാവിലെ ഉണര്‍ന്നപ്പോള്‍ അവന് അച്ഛന്റെ കൂടെ പോകാന്‍ മടിയായി.  അവന്‍ പറഞ്ഞു.  ഞാന്‍ ജോലി ചെയ്യാന്‍ വരുന്നില്ല.  എനിക്ക് വിശക്കും.  അച്ഛന്‍ പറഞ്ഞു:  അതിന് ഉപവാസം ഇന്നലെയായിരുന്നല്ലോ, അത് കഴിഞ്ഞുപോയി.  ഇന്ന് നിനക്ക് ഇഷ്ടമുള്ളപ്പോള്‍ ഭക്ഷണം കഴിക്കാം.  അവന് സന്തോഷമായി.  അവന്‍ അച്ഛനോടൊപ്പം പുറപ്പെട്ടു.   ഇന്നലെകള്‍ അവസാനിക്കാതെ ഇന്ന് ഉണ്ടാകില്ല.  അവസാനമില്ലാത്ത ഒരു രാത്രിയുമില്ല, നീണ്ടുനില്‍ക്കുന്ന ഒരു പകലുമില്ല,   എല്ലാം നിരന്തരം മാറുകയും പുതുതാകുകയും ചെയ്യുന്നുണ്ട്.   മനുഷ്യന്‍ മാത്രമാണ് ഇന്നലെകളില്‍ സ്വയം തളച്ചിട്ട് ഇന്നിന്റെ സന്തോഷത്തെ നിഷേധിക്കുന്നത്.  ഇന്നലെകളില്‍ ജീവിച്ചാല്‍ ചില വിപത്തുകളുണ്ട്. നിഷ്‌ക്രിയമായിരിക്കും ആ ദിവസം.  ഒരു മാറ്റത്തേയും അവര്‍ അംഗീകരിക്കില്ല.  സ്വന്തം കഴിവുകളും മികവുകളും കുഴിച്ചുമൂടും.  ഓരോ ദിവസത്തിനും അതിന്റേതായ സന്തോഷങ്ങളും ലക്ഷ്യങ്ങളുമുണ്ട്.  നമുക്ക് ഇന്നലകളെ വിട്ടൊഴിയാം.  ഇന്നത്തെ ഉദയത്തെ സ്വീകരിക്കാം - ശുഭദിനം.
*മീഡിയ16*