സംഭവത്തില്‍ എസ്‌എഫ്‌ഐ വയനാട് ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു അടക്കം 19 പേര്‍ നേരത്തെ പിടിയിലായിരുന്നു. അറസ്റ്റിലായ 19 പേരെയും കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കല്‍പ്പറ്റ മുന്‍സിഫ് കോടതിയാണ് ഇവരെ റിമാന്‍ഡ് ചെയ്തത്. റിമാൻഡ് ചെയ്ത വരെ ജയിലിലേക്ക് മാറ്റി.
പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ വാർത്താസമ്മേളനം തീരുന്ന സമയത്ത് ഗാന്ധിജിയുടെ ഫോട്ടോ നിലത്ത് കിടന്നത് സംബന്ധിച്ച ചോദ്യം ദേശാഭിമാനി റിപ്പോർട്ടർ ചോദിച്ചതിനെ തുടർന്ന് ശബ്ദമുണ്ടായപ്പോൾ തുടർന്ന് ഡിവൈഎസ്പി നേതൃത്വത്തിൽ പോലീസ് ഓഫീസ് ഗേറ്റ് കടന്ന് എത്തിയപ്പോൾ നേതാക്കൾ പോലീസിനെ പുറത്താക്കി. ഇന്നലെ നോക്കി നിന്ന പോലീസിൻ്റെ സംരക്ഷണം ഇന്ന് ആവശ്യമില്ലെന്ന് അവർ പറഞ്ഞു.
എഡിജിപി മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മാനന്തവാടി ഡിവൈഎസ്പി എ പി ചന്ദ്രനാണ് അന്വേഷണ ചുമതല. കമ്പളക്കാട് സിഐ അടക്കമുള്ളവരെ ഉള്‍പ്പെടുത്തി 24 അംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നൂറുകണക്കിന് എസ്‌എഫ്‌ഐ പ്രവര്‍ത്തകരാണ് രാഹുല്‍ഗാന്ധിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയതും ഓഫീസ് ആക്രമിച്ചതുമെന്നും, അവരെയെല്ലാം അറസ്റ്റ് ചെയ്യണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പരിസ്ഥിതി ലോല വിഷയത്തില്‍ രാഹുല്‍ഗാന്ധി എംപി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കല്‍പ്പറ്റയിലെ എംപി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.