◼️കറന്‍സി കടത്തിയെന്നും 'ബിരിയാണിച്ചെമ്പ്' വീട്ടിലെത്തിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയനെതിരേ ആരോപണവുമായി സ്വര്‍ണ്ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ്. പിണറായി വിജയന്‍ 2016 ല്‍ ദുബായ് സന്ദര്‍ശിച്ചപ്പോള്‍ കറന്‍സി അടങ്ങിയ ബാഗ് കടത്തിയെന്നും പിന്നീട് എംബസിയില്‍നിന്നു പലതവണ കനമുള്ള ലോഹങ്ങളടങ്ങിയ ബിരിയാണിച്ചെമ്പ് ക്ലിഫ് ഹൗസിലേക്ക് എത്തിച്ചെന്നുമാണ് ആരോപണം. മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകള്‍ വീണ, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍, സെക്രട്ടറി സി.എം രവീന്ദ്രന്‍, നളിനി നെറ്റോ ഐഎഎസ്, അന്നത്തെ മന്ത്രി കെ.ടി ജലീല്‍ എന്നിവര്‍ക്കെതിരേയാണ് ആരോപണം. ജില്ലാ ജഡ്ജിക്കു നല്‍കിയ രഹസ്യമൊഴിയില്‍ എല്ലാം വിശദമായി ഉണ്ടെന്നും അവയെല്ലാം വെളിപ്പെടുത്തുന്നില്ലെന്നും സ്വപ്ന പറഞ്ഞു. നേരത്തെ അന്വേഷണ ഏജന്‍സികളോടു പറഞ്ഞിരുന്ന വിവരങ്ങളാണ് ഇവയെന്നും സ്വപ്ന വെളിപ്പെടുത്തി.
◼️'2016 ല്‍ ദുബായ് സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി മറന്നു പോയ ബാഗ് എത്രയും വേഗം ദുബായില്‍ എത്തിക്കണമെന്ന് ശിവശങ്കര്‍ ആവശ്യപ്പെട്ടെന്ന് സ്വപ്ന സുരേഷ്. ബാഗ് കോണ്‍സുലേറ്റിലെ സ്‌കാനറിലൂടെ പരിശോധിച്ചപ്പോള്‍ അകത്തു കറന്‍സിയാണെന്നു കണ്ടെത്തി. കോണ്‍സുലേറ്റിലെ ഒരു ഡിപ്ലോമാറ്റിന്റെ കയ്യിലാണ് ബാഗ് കൊടുത്തുവിട്ടത്. കനമുള്ള വലിയ ബിരിയാണി പാത്രങ്ങളും കോണ്‍സുലേറ്റില്‍നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിരുന്നു. പാത്രത്തില്‍ ലോഹവസ്തുക്കള്‍ ഉണ്ടായിരുന്നു. ഇങ്ങനെ നിരവധി തവണ കോണ്‍സുലേറ്റില്‍നിന്ന് ക്ലിഫ് ഹൗസിലേക്ക് ബിരിയാണിപാത്രങ്ങള്‍ കൊടുത്തുവിട്ടിട്ടുണ്ട്.' സ്വപ്ന ആരോപിച്ചു. തന്റെ ജീവനു ഭീഷണിയുണ്ടെന്നും വധിക്കുമെന്ന് ഭയമുള്ളതിനാല്‍ സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു.
◼️സ്വര്‍ണക്കടത്തു കേസില്‍ പ്രചരിക്കുന്നത് അസത്യങ്ങളാണെന്നും സര്‍ക്കാരിന്റെ ഇച്ഛാശക്തി കളയാമെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കടത്തു കേസില്‍ ആദ്യം അന്വേഷണത്തിനു നടപടിയെടുത്തത് സംസ്ഥാന സര്‍ക്കാരാണെന്നും മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
◼️മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങള്‍. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇന്ന് കരിദിനം ആചരിക്കുമെന്ന് കെപിസിസി. വൈകുന്നേരം കരിങ്കൊടികളുമായി പ്രകടനം നടത്തും. വെള്ളിയാഴ്ച ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കളക്ടേറ്റ് മാര്‍ച്ച് നടത്തുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍ അറിയിച്ചു. ഇന്നലെ വൈകുന്നേരം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ബിരിയാണിച്ചെമ്പുമായി കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. സെക്രട്ടേറിയറ്റില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.
◼️പരിസ്ഥിതിലോല മേഖല സംബന്ധിച്ച സുപ്രീംകോടതി ഉത്തരവില്‍ തുടര്‍നടപടികള്‍ ആലോചിക്കാന്‍ വനംമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതലയോഗം ഇന്ന്. ജനവാസ മേഖലകളെ ബാധിക്കാത്ത തരത്തില്‍ ഉത്തരവ് മറികടക്കാനുള്ള മാര്‍ഗങ്ങള്‍ തേടാനായാണ് യോഗം. രാവിലെ 11.30 നുള്ള യോഗത്തില്‍ വനം, നിയമ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും എജിയും അഭിഭാഷകരും പങ്കെടുക്കും.
◼️പണപ്പെരുപ്പം നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക് വീണ്ടും പലിശ വര്‍ധിപ്പിച്ചേക്കും. റിസര്‍വ് ബാങ്കിന്റെ ഇന്നു സമാപിക്കുന്ന പണനയ സമിതി യോഗത്തിലാണു റീപോ നിരക്കും പലിശ നിരക്കും വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇന്നുതന്നെ പലിശ വര്‍ധിപ്പിക്കുന്ന കാര്യം പ്രഖ്യാപിക്കും.
◼️ബത്തേരി നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സി.കെ ജാനുവിനു ബിജെപി കോഴ നല്‍കിയെന്ന കേസില്‍ കുറ്റപത്രം ഉടന്‍. ബിജെപി വയനാട് ജില്ലാ വൈസ് പ്രസിഡന്റ് പ്രശാന്ത് മലവയല്‍ പ്രതിയാകും. ബത്തേരി മണിമല ഹോംസ്റ്റേയില്‍ സി.കെ ജാനുവിനു പണം നല്‍കിയത് പ്രശാന്ത് മലവയല്‍ ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. നിലവില്‍ ഒന്നാം പ്രതി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും രണ്ടാം പ്രതി സി.കെ ജാനുവുമാണ്.
◼️സംസ്ഥാനത്ത് ഇന്നും മഴയ്ക്കു സാധ്യത. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്.
◼️സ്വര്‍ണ്ണ കടത്തു കേസില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ബിരിയാണിച്ചെമ്പുകൊണ്ട് മൂടിവച്ചാലും സത്യം പുറത്തുവരുമെന്നും രമേശ ചെന്നിത്തല. സിപിഎം - ബിജെപി ഒത്തുകളിയുടെ ഭാഗമായി കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ഒതുക്കിയില്ലായിരുന്നെങ്കില്‍ സത്യം നേരത്തെ പുറത്തുവരുമായിരുന്നു. സരിതയുടെ ആരോപണം സത്യവും സ്വപ്നയുടേത് നുണയുമാണെന്നു വ്യാഖ്യാനിക്കാനാവില്ല. ചെന്നിത്തല പറഞ്ഞു.
◼️മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാനാകുമോയെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ ആലോചിക്കണമെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. രാജ്യത്ത് ആദ്യമായാണ് സ്വര്‍ണ്ണക്കടത്തു കേസില്‍ പ്രതിസ്ഥാനത്ത് മുഖ്യമന്ത്രി എത്തുന്നത്. നാടിനെ അമ്പരപ്പിച്ച വെളിപ്പെടുത്തലാണ് സ്വപ്ന സുരേഷ് നടത്തിയതെന്നും സുധാകരന്‍ പറഞ്ഞു.
◼️സ്വപ്ന നടത്തിയ ആരോപണങ്ങളും രഹസ്യ മൊഴിയും കാര്യമാക്കുന്നില്ലെന്ന് ആരോപണവിധേയനായ സ്വര്‍ണക്കേസിലെ പ്രതികൂടിയായ എം ശിവശങ്കര്‍. 2016 ല്‍ മുഖ്യമന്ത്രിക്കൊപ്പം ദുബായിലേക്ക് പോയത് ഔദ്യോഗിക യാത്രയായിരുന്നെന്നാണ് നളിനി നെറ്റോ പ്രതികരിച്ചത്.
◼️സ്വര്‍ണക്കടത്തു പ്രതിയുടെ ആരോപണം രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇ കഥകളെല്ലാം കേരള ജനത പുച്ഛിച്ചു തള്ളുമെന്നും കോടിയേരി.
◼️സംസ്ഥാനത്ത് ഷവര്‍മ വില്‍ക്കുന്ന കടകളില്‍ നിരന്തരമായ പരിശോധന വേണമെന്നു ഹൈക്കോടതി. ഇതിനു കൃത്യമായ മേല്‍നോട്ടം വേണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. കാസര്‍കോട് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച കുട്ടി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ നിര്‍ദേശം.
◼️സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ തുടങ്ങാന്‍ നടപടിയുമായി സര്‍ക്കാര്‍. സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ തുടങ്ങാന്‍ അപേക്ഷ ക്ഷണിക്കുന്നതിനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഉദ്ഘാടനം വ്യവസായ മന്ത്രി പി രാജീവ് ഇന്നു നിര്‍വഹിക്കും. സംസ്ഥാനത്ത് 10 ഏക്കറിലധികം എസ്റ്റേറ്റ് ഉള്ളവര്‍ക്ക് പാര്‍ക്ക് ലൈസന്‍സിനായി അപേക്ഷിക്കാം.
◼️നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു.നേരത്തെ ഈ ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു. തെളിവ് ശേഖരിക്കുന്ന ഘട്ടത്തില്‍ ഇടപെടാന്‍ കോടതിയ്ക്ക് അധികാരമില്ലെന്നും വിചാരണ ഘട്ടത്തില്‍ മാത്രമേ കോടതിയ്ക്കു തെളിവു പരിശോധിക്കാനാവൂവെന്നുമാണു ക്രൈംബ്രാഞ്ചിന്റെ വാദം.
◼️നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ മേല്‍നോട്ട ചുമതലയില്‍നിന്ന് എഡിജിപി എസ്. ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. സര്‍ക്കാരിന്റെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.
◼️തിരുവനന്തപുരം ആര്‍ഡിഒ കോടതിയില്‍നിന്നു തൊണ്ടിമുതലായ സ്വര്‍ണം മോഷ്ടിച്ചശേഷം മുക്കുപണ്ടം വച്ചതായി കണ്ടെത്തി. കാണാതായ 72 പവനു പുറമെയാണ് മുക്കുപണ്ടം വച്ചുള്ള തട്ടിപ്പ് പൊലീസ് പരിശോധനയില്‍ കണ്ടെത്തിയത്. ഇതോടെ 100 പവനിലധികം മോഷ്ടിക്കപ്പെട്ടെന്ന് കണ്ടെത്തി.
◼️അട്ടപ്പാടി മധു കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ പ്രതികള്‍ ശ്രമിക്കുന്നെന്ന് ആവര്‍ത്തിച്ച് മധുവിന്റെ കുടുംബം. പതിമൂന്നാം സാക്ഷി സുരേഷിനെ പ്രതി വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയെന്ന് മധുവിന്റെ സഹോദരി സരസു ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം.
◼️തൃശൂരില്‍ ഒരു കോടി രൂപയിലധികം വിലവരുന്ന ഒരു കിലോ ഹാഷിഷ് ഓയിലുമായി ആറുപേരെ പിടികൂടി. ആന്ധ്രയില്‍നിന്ന് ട്രെയിന്‍മാര്‍ഗ്ഗം എത്തിച്ച ഹാഷിഷ് ഓയിലുമായി ആറുപേരെയാണ് പിടികൂടിയത്. കുന്നംകുളത്തു താമസിക്കുന്ന മലപ്പുറം പാവിട്ടപ്പുറം ഇല്ലിക്കല്‍ വീട്ടില്‍ മുഹമ്മദ് ഷഫീക്ക്, കുന്നംകുളം ചിറമനേങ്ങാട് താഴത്തേല വളപ്പില്‍ മഹേഷ്, കുന്നംകുളം അഞ്ഞൂര്‍ മുട്ടില്‍ വീട്ടില്‍ ശരത്ത്, അഞ്ഞൂര്‍ തൊഴിയൂര്‍ വീട്ടില്‍ ജിതിന്‍, തിരുവനന്തപുരം കിളിമാനൂര്‍ കാട്ടൂര്‍വിള കൊടുവയനൂര്‍ ഡയാനാഭവന്‍ ആദര്‍ശ്, കൊല്ലം നിലമേല്‍ പുത്തന്‍വീട് വരാഗ് എന്നിവരെയാണ് പിടികൂടിയത്.
◼️വയനാട്ടില്‍ എലിപ്പനി ബാധിച്ച് മക്കിയാട് പാലേരി കോളനിയില്‍ ഗോപാലന്‍ (40) മരിച്ചു. പനിയും നടുവേദനയുമായി വെള്ളമുണ്ട ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടിയിരുന്നു. രോഗം ഭേദമാകാതെ മാനന്തവാടി ഗവ. മെഡിക്കല്‍കോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല.
◼️നിലമ്പൂര്‍ പൂക്കോട്ടും പാടത്ത് സെവന്‍സ് ഫുട്ബോള്‍ മത്സരത്തിനിടെ ഗാലറി തകര്‍ന്നു വീണ് ഇരുപതോളം പേര്‍ക്കു പരിക്കേറ്റു. മഴ കാരണം മാറ്റിയ മത്സരമാണ് ഇന്നലെ മുളകൊണ്ടു കെട്ടിയുണ്ടാക്കിയ സ്റ്റേഡിയത്തില്‍ നടത്തിയത്. കളി കാണാനായി 700 ഓളം പേരാണ് സ്റ്റേഡിയത്തിലെത്തിയത്. ആരുടേയും പരുക്ക് ഗുരുതരമല്ല.
◼️കൊച്ചിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ പ്രതി പിടിയില്‍. പറവൂര്‍ സ്വദേശി സഹീര്‍ ആണ് നോര്‍ത്ത് പൊലീസിന്റെ പിടിയിലായത്. ഇരുനൂറിലധികം സിസിടിവി പരിശോധിച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്.
◼️ഫേസ്ബുക്കിലൂടെ പരിചയപെട്ട് യുവാവിനെ ഹണി ട്രാപില്‍ കുടുക്കിയ ദമ്പതികളെ പൊലീസ് പിടികൂടി. കണിച്ചുകുളങ്ങരയില്‍ വാടകയ്ക്കു താമസിയ്ക്കുന്ന മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ ദേവസ്വം വീട്ടില്‍ സുനീഷ് (31), ഭാര്യ സേതു ലക്ഷ്മി (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തതത്. തൊടുപുഴ സ്വദേശിയായ പ്രവാസി യുവാവിനെയാണ് പ്രണയം നടിച്ചു വീട്ടിലെത്തിച്ചു കുടുക്കിയത്.
◼️പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ പിതാവിന് 20 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. ഇടുക്കി എഴുകുംവയല്‍ സ്വദേശിയാണ് കേസിലെ പ്രതി. കട്ടപ്പന പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം കൂടി ശിക്ഷ അനുഭവിക്കണം.
◼️അമ്പലവയലിലെ ഹോംസ്റ്റേയില്‍ കര്‍ണാടക സ്വദേശിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതികളെ പോലീസ് പിടികൂടി. ഒളിവിലായിരുന്ന കൊയിലാണ്ടി സ്വദേശികളായ രാഹുല്‍ പി കെ, അഖില്‍ ശ്രീധരന്‍ വയനാട് സ്വദേശികളായ നിജില്‍, ലെനിന്‍ എന്നിവരെയാണ് ഇന്നലെ പിടികൂടിയത്. 15 പേരാണ് കേസില്‍ ഇതുവരെ പിടിയിലായത്. അമ്പലവയലിലെ ഇന്ത്യന്‍ ഹോളീഡേ ഹോംസ്റ്റേയിലാണ് കര്‍ണാടക യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായത്.
◼️സുല്‍ത്താന്‍ ബത്തേരി നഗരത്തില്‍ മരപ്പലകകൊണ്ടു നിര്‍മ്മിച്ച ഇരുനില കെട്ടിടം പൊളിച്ചുനീക്കുന്നു. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശപ്രകാരം എഡിഎമ്മിന്റെ സാന്നിധ്യത്തില്‍ അധികൃതര്‍ ആവശ്യപ്പെട്ടതോടെയാണ് കെട്ടിടം പൊളിക്കാന്‍ ഉടമകള്‍ തയാറായത്. ബത്തേരി ചുങ്കത്തുനിന്ന് ഊട്ടിയിലേക്കും മൈസൂരുവിലേക്കും റോഡുകള്‍ പിരിയുന്ന ജംഗ്ഷനിലെ ഈ പഴയ കെട്ടിടം കൗതുകക്കാഴ്ചയായിരുന്നു. ചീരാല്‍ പുതുശേരി കേശവന്‍ ചെട്ടിയുടെ മക്കളായ സുമതി, സുഭാഷ് ചന്ദ്രബോസ് എന്നിവരാണ് ഉടമകള്‍.
◼️ഉത്തര്‍പ്രദേശ് വാരണാസിയിലെ വിശ്വനാഥ ക്ഷേത്രത്തിനു സമീപമുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വക സത്രവും ധര്‍മ്മശാലയും അടിയന്തിരമായി നവീകരിക്കുമെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. നേരത്തെ തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്ന സത്രവും ധര്‍മശാലയും ഇപ്പോള്‍ ബോര്‍ഡിന്റെ ഉടമസ്ഥതയിലാണ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്റെ നേതൃത്വത്തിലുള്ള സംഘം വാരണാസിയിലെ സത്രവും ധര്‍മശാലയും സന്ദര്‍ശിച്ചു.
◼️തമിഴ്നാട്ടിലെ വില്ലുപുരത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിറകില്‍ കാറിടിച്ച് രണ്ടു മലയാളികള്‍ മരിച്ചു. കാറിന്റെ ഡ്രൈവര്‍ ചക്കുപള്ളം വലിയകത്തില്‍ വീട്ടില്‍ ഏബ്രഹാം തോമസ് (24), യാത്രക്കാരനായ കുമളി സ്വദേശി ഫോട്ടോഗ്രാഫര്‍ എം എന്‍ ഷാജി എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷാജിയുടെ ഭാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
◼️നാലു സംസ്ഥാനങ്ങളില്‍ ചാവേര്‍ ആക്രമണത്തിനു പദ്ധതിയിട്ട് ആഗോള ഭീകര സംഘടനയായ അല്‍ ഖ്വയ്ദ. ബിജെപി നേതാക്കള്‍ നടത്തിയ നബി വിരുദ്ധ പ്രസ്താവനയ്ക്കെതിരെ 'പ്രവാചകന്റെ മഹത്വത്തിനായി പോരാടുന്നതിനായി' ചാവേര്‍ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പുമായി ഭീഷണിക്കത്ത് പുറത്തിറങ്ങി. ഡല്‍ഹി, മുംബൈ, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ ചാവേര്‍ ആക്രമണം നടത്തുമെന്നാണ് കത്തില്‍ പറയുന്നത്.
◼️ബിജെപി നേതാക്കളുടെ നബിവിരുദ്ധ പ്രസ്താവനയില്‍ ഇന്ത്യ മാപ്പു പറയണമെന്ന ആവശ്യം അംഗീകരിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഗള്‍ഫ് രാജ്യങ്ങളുടെ അതൃപ്തി ഉന്നതതലത്തിലെ ചര്‍ച്ചയിലൂടെ പരിഹരിക്കും. ആവശ്യമെങ്കില്‍ സുഹൃദ് രാജ്യങ്ങളുമായി പ്രധാനമന്ത്രി സംസാരിക്കും. നബിവിരുദ്ധ പരാമര്‍ശത്തിനെതിരെ ഇറാഖും ലിബിയയും പ്രസ്താവനയിറക്കി.
◼️പ്രവാചക നിന്ദയില്‍ ബിജെപിയുടെ നിലപാട് വിശദീകരിച്ചുള്ള കത്ത് ഒമാനില്‍ വിതരണം ചെയ്തത് ഇന്ത്യന്‍ എംബസി വഴി. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍സിഗ് നല്‍കിയ കത്താണ് ഒമാനിലെ ഇന്ത്യന്‍ എംബസി കമ്യൂണിക്കേഷന്‍ സെക്രട്ടറിയുടെ ഇ മെയിലിലൂടെ മാധ്യമങ്ങള്‍ക്കു കൈമാറിയത്. എംബസിയെ ബിജെപിയുടെ പ്രചാരകരാക്കി തരംതാഴ്ത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി വിമര്‍ശിച്ചു.
◼️കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്റെയും ബന്ധുക്കളുടെയും വീടുകളില്‍ നടത്തിയ റെയ്ഡില്‍ 2.85 കോടി രൂപ പിടികൂടിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പണത്തിനു പുറമെ 1.80 കിലോ വരുന്ന 133 സ്വര്‍ണ്ണ നാണയങ്ങളും രേഖകളും പിടിച്ചെടുത്തു.
◼️നാഷണല്‍ ഹെറാള്‍ഡ് ദിനപത്രവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്‍ഫോഴ്സ്മെന്റിനു മുന്നില്‍ ഇന്നു ഹാജരാകില്ല. കൊവിഡ് ബാധിച്ചതിനാല്‍ ആരോഗ്യസ്ഥിതി മോശമാണെന്ന് അറിയിച്ച് ഇഡിക്ക് കത്ത് നല്‍കും. രാഹുല്‍ ഗാന്ധിയോട് 13 ന് ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയത്.
◼️പഞ്ചാബില്‍ വെടിയേറ്റു മരിച്ച ഗായകന്‍ സിദ്ദൂ മൂസെവാലയുടെ കുടുംബത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു മൂസെവാല.
◼️ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസിലെ ഇരയുടെ ചിത്രം പുറത്തുവിട്ട ബിജെപി എംഎല്‍എ രഘുനന്ദന്‍ റാവുവിന് എതിരെ തെലങ്കാന പൊലീസ് കേസെടുത്തു.
◼️ബിഹാറില്‍ ദുരഭിമാനക്കൊല. പ്രണയിച്ചു വിവാഹം കഴിച്ച മകളുടെ ഭര്‍ത്താവ് മൊനു റായിയെ പിതാവ് വെടിവച്ചു കൊന്നു. മകന്റെ സഹായത്തോടെയാണ് കൊലനടത്തിയത്. ഒരു വര്‍ഷം മുമ്പായിരുന്നു വിവാഹം. പിന്നാക്ക ജാതിക്കാരനും മുന്‍സിപ്പല്‍ കൗണ്‍സിലറുമായ സോനു റായിയുടെ സഹോദരനാണ് മൊനു.
◼️ജമ്മു കാഷ്മീരില്‍ പൊലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ 24 മണിക്കൂറിനിടെ നാലു ഭീകരരെ വധിച്ചു. ഇവരില്‍ മൂന്നു പേര്‍ പാക്കിസ്ഥാനികളാണ്. ആയുധങ്ങള്‍, ഗ്രനേഡുകള്‍,വലിയ അളവില്‍ വെടിക്കോപ്പുകള്‍ എന്നിവ പിടിച്ചെടുത്തു.
◼️ഇന്‍സ്റ്റഗ്രാമില്‍ 20 കോടി ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനെന്ന റെക്കോര്‍ഡുമായി മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഇന്‍സ്റ്റഗ്രാമില്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന ക്രിക്കറ്റ് താരമായ വിരാട് കോലി കായിക താരങ്ങളില്‍ ഫോളോവേഴ്സിന്റെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ്. 45 കോടി ഫോളോവേഴ്സുള്ള പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ടീം നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും 33.3 കോടി ഫോളോവേഴ്സുള്ള അര്‍ജന്റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസിയും മാത്രമാണ് കായിക താരങ്ങളില്‍ കോലിക്ക് മുന്നിലുള്ളത്.
◼️ഫ്രഞ്ച് ക്ലബ്ബ് മൊണാക്കോയുടെ യുവമിഡ്ഫീല്‍ഡര്‍ ഒറെലിയന്‍ ചൗമെനിയെ ടീമിലെത്തിച്ച് സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ്. 100 ദശലക്ഷം യൂറോയിലേറെ ചിലവാക്കിയാണ് 22-കാരനായ താരത്തെ റയല്‍ റാഞ്ചിയത്.
◼️ഐഡിബിഐ ബാങ്കിന്റെ ഓഹരികള്‍ വാങ്ങാന്‍ സ്വകാര്യ ബാങ്കുകളെ കേന്ദ്രം അനുവദിച്ചേക്കും. ബാങ്കുകള്‍ ഉള്‍പ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങളെ ലേലത്തില്‍ പങ്കെടുപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഐഡിബിഐയെ ഏറ്റെടുത്ത് സ്വന്തം സ്ഥാപനവുമായി ലയിപ്പിക്കാനുള്ള അവസരമാണ് സ്വകാര്യ ബാങ്കുകള്‍ക്ക് ലഭിക്കുക. ലയന പദ്ധതിക്ക് അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ബാങ്കുകള്‍ക്ക് ബിഡ് സമര്‍പ്പിക്കാനായേക്കും. റിസര്‍വ് ബാങ്ക് ആണ് ലയന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കേണ്ടത്. ഒരു പ്രൊമോട്ടറിന് ഒന്നിലധികം ബാങ്കുകള്‍ നടത്താനുള്ള അംഗീകാരം റിസര്‍വ് ബാങ്ക് നല്‍കാറില്ല. കേന്ദ്രത്തിന് 45.48 ശതമാനവും എല്‍ഐസിക്ക് 49.24 ശതമാനവും ഓഹരികളാണ് ഐഡിബിഐ ബാങ്കിലുള്ളത്. ജൂണ്‍ അവസാനത്തോടെ ഐഡിബിഐ ഓഹരി വില്‍പ്പന സംബന്ധിച്ച് കേന്ദ്രം കൂടുതല്‍ വ്യക്തത നല്‍കിയേക്കും.
◼️ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പാ നിരക്ക് വര്‍ധിപ്പിച്ചു. 35 ബേസിക് പോയന്റ് വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. എല്ലാ കാലാവധിയിലുള്ള വായ്പകള്‍ക്കും ഇത് ബാധകമാണ്. പുതുക്കിയ നിരക്ക് ജൂണ്‍ 7 മുതല്‍ നിലവില്‍ വന്നു. മുഖ്യപലിശനിരക്ക് ആര്‍ബിഐ ഉയര്‍ത്തിയതിന്റെ ചുവടുപിടിച്ച് മെയ് ഏഴിന് എച്ച്ഡിഎഫ്‌സി 25 ബേസിക് പോയന്റിന്റെ വര്‍ധന വരുത്തിയിരുന്നു. ആഴ്ചകള്‍ക്കകമാണ് വീണ്ടും നിരക്ക് ഉയര്‍ത്തിയത്. ഒരു വര്‍ഷ കാലാവധിയുള്ള വായ്പകളുടെ എംസിഎല്‍ആര്‍ 7.85 ശതമാനമായി ഉയര്‍ന്നു. രണ്ടുവര്‍ഷത്തിന്റേതിന് 7.95 ശതമാനമായി. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ ചെലവ് ഉയര്‍ന്നേക്കും.
◼️ടൊവിനൊ തോമസ് നായകനാകുന്ന ചിത്രമാണ് വാശി. കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. വാശിയിലെ ഗാനം പുറത്തുവിട്ടു. ഋതുരാഗം എന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടത്. വക്കീല്‍ ആയിട്ടാണ് ചിത്രത്തില്‍ ടൊവിനൊ തോമസും കീര്‍ത്തി സുരേഷും അഭിനയിക്കുക. വിനായക് ശശികുമാര്‍ ചിത്രത്തിന്റെ ഗാനത്തിന് വരികള്‍ എഴുതുമ്പോള്‍ കൈലാസ് മേനോനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.ജൂണ്‍ 17ന് ആണ് ചിത്രം റിലീസ് ചെയ്യുക. അനു മോഹനും ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രമായി അഭിനയിക്കുന്നുണ്ട്.
◼️ബൈജു സന്തോഷ്, സംയുക്ത മേനോന്‍, ചെമ്പന്‍ വിനോദ്, ഷൈന്‍ ടോം ചാക്കോ, ഡെയിന്‍ ഡേവിസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബൂമറാംഗ് എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. പ്രധാന കഥാപാത്രങ്ങളെയൊക്കെ അവതരിപ്പിച്ചിരിക്കുന്ന പോസ്റ്ററില്‍ ചെമ്പന്‍ വിനോദിന്റെ കഥാപാത്രത്തിന്റെ കയ്യില്‍ ഒരു ഓസ്‌കര്‍ ട്രോഫിയും ഷൈന്‍ ടോം ചാക്കോയുടെ കയ്യില്‍ പൂച്ചെണ്ടുമാണുള്ളത്. നിഗൂഢതയോടെ സംയുക്തയും കൂടെ കള്ളച്ചിരിയോടെ ബൈജുവും റിലാക്സായി പോപ്കോണും കഴിച്ച് ഡെയിന്‍ ഡേവിസും പോസ്റ്ററിലുണ്ട്. മനു സുധാകരനാണ് സംവിധാനം. കൃഷ്ണദാസ് പങ്കിയാണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്. ജൂലൈയില്‍ തിയറ്ററുകളില്‍ എത്തും.
◼️രാജ്യത്തെ ഇലക്ട്രിക്ക് ഇരുചക്ര വാഹന വിപണിയിലെ മെയ് മാസത്തിലെ വില്‍പ്പന കണക്കുകള്‍ പുറത്തു വരുമ്പോള്‍ ഒന്നാം സ്ഥാനം നേടി ഹരിയാന ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഒകിനാവ ഓട്ടോടെക്. കമ്പനി കഴിഞ്ഞ മാസം 9,290 യൂണിറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ത്യയില്‍ വിറ്റു. അടുത്തിടെ ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായി ഉയര്‍ന്നുവന്ന ഒല ഇലക്ട്രിക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കുറച്ചുകാലമായി ഈ വിഭാഗത്തില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ഹീറോ ഇലക്ട്രിക്കിന്റെ വില്‍പ്പനയിലെ ഇടിവാണ് ഏറ്റവും വലിയ ആശ്ചര്യം. മുന്‍ മാസത്തെ അപേക്ഷിച്ച് മെയ് മാസത്തില്‍ ഇലക്ട്രിക് ഇരുചക്രവാഹന വില്‍പ്പനയില്‍ ഏകദേശം 20 ശതമാനം ഇടിവുണ്ടായി.
◼️നാനാദേശങ്ങള്‍, ഭാഷകള്‍, വേഷങ്ങള്‍ കുടിയിരിക്കുന്ന മുംബൈ ഈ ഭൂഗോളത്തിന്റെതന്നെ ഒരു അസ്സല്‍ പരിച്ഛേദമാണ്. പിരിയാന്‍വിടാത്ത കാമുകിയും മാറോടണയ്ക്കുന്ന അമ്മയുമായി വേഷമണിയുന്നവള്‍. ഈ മഹാനഗരത്തിന്റെ മനുഷ്യസാഗരത്തിന്റെ ചിരികളുടെയും കരച്ചിലുകളുടെയും അലര്‍ച്ചകളുടെയും ഞരക്കങ്ങളുടെയും ഓരംചേര്‍ന്നുള്ള ഒരു എഴുത്തുകാരന്റെ കാല്‍നടയാത്രയാണിത്. 'ആംചി മുംബൈ'. കെ.സി ജോസ്. എച്ച് & സി ബുക്സ്. വില 160 രൂപ.
◼️കാലിലെ പേശികളില്‍ പെട്ടെന്നൊരു വലിവും അസഹനീയമായ ഒരു വേദനയും പലരിലും അനുഭവപ്പെടാറുണ്ട്. കോച്ചിപിടുത്തം, പേശീസങ്കോചം എന്നെല്ലാം അറിയപ്പെടുന്ന ഈ പ്രതിഭാസം പേശികള്‍ ചുരുങ്ങുന്നത് കൊണ്ടോ ഞരമ്പ് വലിയുന്നതു കൊണ്ടോ ഒക്കെ സംഭവിക്കുന്നതാണ്. എന്നാല്‍ ഇത് ചിലപ്പോള്‍ അര്‍ബുദത്തിന്റെയും ലക്ഷണമാകാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. തലച്ചോറിലുണ്ടാകുന്ന അര്‍ബുദമുഴകള്‍ നാഡീവ്യൂഹങ്ങളില്‍ ചെലുത്തുന്ന സമ്മര്‍ദം ചിലപ്പോള്‍ പേശീസങ്കോചത്തിനും മരവിപ്പിനും ബോധം നഷ്ടമാകുന്നതിനും കാരണമാകാം. തലച്ചോറിനു പുറമേ നട്ടെല്ലില്‍ ഉണ്ടാകുന്ന അര്‍ബുദവും കാലുകളിലെയും കാല്‍ക്കുഴയിലെയും പാദങ്ങളിലെയും പേശികള്‍ വലിഞ്ഞുമുറുകാന്‍ കാരണമാകാറുണ്ട്. പ്രോസ്റ്റേറ്റിലും ശ്വാസകോശത്തിലും സ്തനങ്ങളിലും ഉണ്ടാകുന്ന അര്‍ബുദങ്ങള്‍ നട്ടെല്ലിലേക്ക് പടരാറുണ്ട്. മൈലോമ, ലുക്കീമിയ എന്നീ രണ്ട് തരം രക്താര്‍ബുദങ്ങളും നട്ടെല്ലിലേക്ക് വ്യാപിക്കാം. അര്‍ബുദം നട്ടെല്ലിലേക്ക് പടരുമ്പോള്‍ ബോധം മറയാനും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റാനും സാധ്യതയുണ്ട്. വേദനസംഹാരികള്‍ കഴിച്ചാലും മാറാത്ത പുറംവേദനയും പേശികള്‍ക്ക് ദുര്‍ബലതയും നടക്കാന്‍ പ്രയാസവും ഒക്കെ ഇതിന്റെ ഭാഗമായി ഉണ്ടാകാം. പതിയെ പതിയെ ചലനശേഷിതന്നെ നഷ്ടമാകാനും സാധ്യതയുണ്ട്. പേശീസങ്കോചത്തിനൊപ്പം വിശപ്പില്ലായ്മ, മലത്തിലും മൂത്രത്തിലും രക്തം, വിട്ടുമാറാത്ത ചുമ, അത്യധികമായ ക്ഷീണം, തൊണ്ടയില്‍ മുഴ, രാത്രിയില്‍ അമിതമായ വിയര്‍പ്പ്, ചര്‍മത്തില്‍ മാറ്റങ്ങള്‍, ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ട്, വിശദീകരിക്കാനാകാത്ത ഭാരനഷ്ടം എന്നീ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടറെ കാണാന്‍ വൈകരുത്. പേശീസങ്കോചം അര്‍ബുദം അല്ലാത്ത കാരണങ്ങള്‍ കൊണ്ടും വരാറുണ്ട്. സമ്മര്‍ദം, അമിതമായ കഫൈന്‍ ഉപയോഗം, മോശം ഭക്ഷണം, ചില മരുന്നുകളുടെ ഉപയോഗം, നിര്‍ജ്ജലീകരണം, ചില വ്യായാമങ്ങള്‍ എന്നിവയെല്ലാം ഇതിന് പിന്നിലുള്ള മറ്റു കാരണങ്ങളാണ്.
*ശുഭദിനം*
ടെന്നീസ് കാര്‍ട്ടൂണുകള്‍ വരച്ചു നല്‍കിയാണ് അച്ഛന്‍ അവളെ വളര്‍ത്തിയത്. ആഭ്യന്തര വംശീയപ്രശ്‌നങ്ങളില്‍ ഉഴലുന്ന ആ നാട്ടില്‍ ഒരു നല്ല ടെന്നീസ് കോര്‍ട്ട് പോലും ഉണ്ടായിരുന്നില്ല. കാര്‍പോര്‍ച്ചായിരുന്നു 8 വയസ്സ് വരെ അവളുടെ ടെന്നീസ് കോര്‍ട്ട്. അവളുടെ കളിയുടെ മികവ് കണ്ട് തനിക്ക് ഉള്ളതെല്ലാം വിറ്റുപെറുക്കി അവളുടെ അച്ഛന്‍ രണ്ടും കല്പിച്ചൊരു പലായനം നടത്തി. ബോംബുകള്‍ക്കും, മരണങ്ങള്‍ക്കും, അറ്റ്‌പോയ കൈകാലുകള്‍ക്കും, വെറുപ്പുകള്‍ക്കും നടുവില്‍ വശംകെട്ട് പോയ ഒരു കുടുംബത്തിന്റെ അതിജീവനയാത്രയായിരുന്നു അത്. ആ യാത്ര എത്തിനിന്നത്, വിഖ്യാതമായ ഒരു ടെന്നീസ് അക്കാദമിക്ക് മുന്നില്‍ ആയിരുന്നു. ക്രിസ് എവര്‍ട്, ആ്രേന്ദ അഗാസി പോലുള്ളവര്‍ ടെന്നീസ് പഠിച്ച അമേരിക്കയിലെ പ്രസിദ്ധമായ നിക്ക് ബെല്ലോട്ടോറി അക്കാദമിയില്‍. 1980 കളില്‍ വനിത ടെന്നീസ് സംഭവബഹുലമായിരുന്നു. മാര്‍ട്ടീന നവരത്‌ലോവ, സ്റ്റെഫി ഗ്രാഫ് എന്നിവര്‍ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചകാലം. 1989ല്‍ സ്റ്റെഫിയുടെ തേരോട്ടം തുടരുന്ന സമയത്താണ് ആ അഭയാര്‍ഥി ബാലികയുടെ ടെന്നീസിലേക്കുള്ള അരങ്ങേറ്റം. മാസങ്ങള്‍ക്ക് ശേഷം സാക്ഷാല്‍ ക്രിസ് എവെര്‍ട്‌നെ തേല്‍പിച്ച് ആദ്യ കിരീടം അവള്‍ സ്വന്തമാക്കി. 1990 ഫ്രഞ്ച് ഓപ്പണില്‍ സ്റ്റെഫിയെ തോല്‍പ്പിച്ചതോടെ വനിതാ ടെന്നീസിന്റെ പുതിയ റാണിയായി അവള്‍ അവരോധിക്കപ്പെട്ടു. മോണിക്ക സെലസ് സെലസ്. അവള്‍ അതീവ പ്രതിഭാശാലിയും കഠിനാധ്വാനിയുമായിരുന്നു. പരമ്പരാഗത ടെന്നീസ് ശൈലികള്‍ തകര്‍ത്തെറിഞ്ഞായിരുന്നു അവളുടെ വരവ്. 1991 മുതല്‍ 1993 വരെ മത്സരിച്ച 34 ടൂര്‍ണമെന്റുകളില്‍ 33 ലും അവര്‍ ഫൈനലില്‍ എത്തി. അതില്‍ 22 കിരീടങ്ങള്‍ നേടി. 9 ഗ്രാന്റഡ് സ്ലാമുകളില്‍ 8 ജേതാവ് ഈ ഇടംകൈ താരമായിരുന്നു. 55 കളികളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് അവള്‍ തോറ്റത്. ഓരോ ഗെയിം കഴിയുമ്പോഴും ആ 16 കാരി തന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ അശ്രാന്തപരിശ്രമം നടത്തിയിരുന്നു. നമുക്ക് ചെന്നേത്തണ്ട വഴികള്‍ കഠിനങ്ങളായിരിക്കാം, ആ വഴികളില്‍ ആധിപത്യം സ്ഥാപിച്ച് കടന്നുപോയര്‍ നിരവധി ഉണ്ടായിരിക്കാം, അവരുടെ ആ ആധിപത്യങ്ങളെ കണ്ട് ഭയപ്പെടാതെ, തന്നില്‍ വിശ്വസിച്ച് മുന്നോട്ട് പോകുന്നവര്‍ക്ക് ഈ പ്രതിബന്ധങ്ങളെ വകഞ്ഞുമാറ്റി മുന്നോട്ട് യാത്ര തുടരാന്‍ സാധിക്കുക തന്നെ ചെയ്യും - *ശുഭദിനം.*
മീഡിയ 16