◼️പതിനഞ്ചു ദിവസം ഹാജരാകാത്ത വിദ്യാര്‍ത്ഥിയെ ഒഴിവാക്കിയില്ലെങ്കില്‍ അധ്യാപകര്‍ക്കു ബാധ്യത ചുമത്തിയ കേരള വിദ്യാഭ്യാസ ചട്ട ഭേദഗതി ഹൈക്കോടതി സ്റ്റേ ചെയ്തു. കുട്ടികളുടെ എണ്ണം പരിശോധിച്ച് തസ്തികകള്‍ കുറയ്ക്കുമെന്ന ഭേദഗതി നിര്‍ദേശമാണു കോടതി തടഞ്ഞത്. കേരള വിദ്യാഭ്യാസ ചട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏപ്രില്‍ 14 നാണ് ഭേദഗതി കൊണ്ടുവന്നത്. എയ്ഡഡ് സ്‌ക്കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് സ്റ്റേ.
◼️ബിജെപി നേതാക്കളുടെ പ്രവാചക നിന്ദയ്ക്കെതിരേ അറബ് രാജ്യങ്ങള്‍. യുഎഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, ഒമാന്‍, ബഹറിന്‍, ജോര്‍ദാന്‍, ഇന്തോനേഷ്യ എന്നീ രാജ്യങ്ങള്‍ പ്രതിഷേധം പ്രകടിപ്പിച്ചു. മിക്ക രാജ്യങ്ങളും ഇന്ത്യന്‍ അംബാസഡര്‍മാരെ വിളിച്ചുവരുത്തിയാണ് നീരസം അറിയിച്ചത്. ഇന്ത്യ പരസ്യമായി മാപ്പപേക്ഷിക്കണമെന്നും കുറ്റവാളികളെ അറസ്റ്റു ചെയ്യണമെന്നും ചില രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടു. ജ്ഞാന്‍വ്യാപി മസ്ജിദിലെ ശിവലിംഗം തപ്പല്‍ വിഷയത്തിലെ ചാനല്‍ ചര്‍ച്ചകളിലാണ് ബിജെപി നേതാക്കള്‍ പ്രവാചക നിന്ദ നടത്തിയത്. ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ ഇന്ത്യക്ക് അവമതിപ്പുണ്ടാക്കുകയും രാജ്യത്തു മതസ്പര്‍ധയുണ്ടാക്കുകയും ചെയ്ത പ്രതികളെ ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല.
◼️മതേതര ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയെ സംഘപരിവാര്‍ ലോകത്തിനു മുന്നില്‍ നാണം കെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് കലഹങ്ങളുണ്ടാക്കാനാണ് ബിജെപി വക്താക്കള്‍ ശ്രമിച്ചതെന്ന് അഭിപ്രായപ്പെട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ത്യ മാപ്പു പറയേണ്ടതില്ലെന്നും പറഞ്ഞു. ബിജെപി ഇന്ത്യയെ ഒരു മതാധിപത്യ രാജ്യമാക്കാനാണു ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രവാചക നിന്ദാ പരാമര്‍ശം നടത്തിയവര്‍ക്കെതിരേ നിയമനടപടി വേണമെന്ന് മുസ്ലിം ലീഗ് നേതാവ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു.
◼️തദ്ദേശ സ്ഥാപനങ്ങള്‍ക്കു കീഴിലെ ഷോപ്പിംഗ് കോംപ്ലക്സുകളില്‍ അഞ്ചു ശതമാനം കടമുറികള്‍ സ്ത്രീകള്‍ക്കായി മാറ്റിവയ്ക്കണമെന്നു മന്ത്രി എം.വി. ഗോവിന്ദന്‍. വ്യവസായ പാര്‍ക്കുകളിലും ഇതു ബാധകമാണ്. അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരായ സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും സാമ്പത്തികമായി സ്വയം പര്യാപ്തരാക്കാനുമാണ് നടപടി.
◼️കേന്ദ്രത്തിന്റെ 'ഡിജിറ്റല്‍ ഇന്ത്യ' സംരംഭത്തിന്റെ ഭാഗമായി സര്‍ക്കാരിന്റെ 13 വായ്പാ ബന്ധിത പദ്ധതികളെ ബന്ധിപ്പിക്കുന്ന ജന്‍ സമര്‍ഥ് പോര്‍ട്ടല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. വായ്പാദാതാക്കളുമായി ഗുണഭോക്താക്കളെ നേരിട്ടു ബന്ധിപ്പിക്കാന്‍ സഹായിക്കുന്ന ഏകജാലക പ്ലാറ്റ്ഫോമാണിത്. ആസാദി കാ അമൃത് മഹോത്സവ് എന്ന ലോഗോയുള്ള ഒരു രൂപ, 2 രൂപ, 5 രൂപ, 10 രൂപ, 20 രൂപ എന്നിവയുടെ പ്രത്യേക ശ്രേണിയും പ്രധാനമന്ത്രി പുറത്തിറക്കി. കാഴ്ച വൈകല്യമുള്ളവര്‍ക്കു തിരിച്ചറിയാനാവുന്ന നാണയങ്ങളാണിവ.
◼️വാരണാസി സ്‌ഫോടന പരമ്പര കേസില്‍ മുഖ്യപ്രതി മുഹമ്മദ് വാലിയുള്ള ഖാന് വധശിക്ഷ. ഗാസിയാബാദ് കോടതിയാണു ശിക്ഷ വിധിച്ചത്. സ്ഫോടനവുമായി ബന്ധപ്പെട്ട രണ്ടു കേസുകളില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. 2006 ല്‍ രണ്ടിടങ്ങളിലായി നടന്ന സ്ഫോടനങ്ങളില്‍ 18 പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
◼️സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തി. ഇന്നും രേഖപ്പെടുത്തല്‍ തുടരും. സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട എറണാകുളത്തെ പ്രത്യേക കോടതിയാണ് സ്വപ്നയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. ജീവനു ഭീഷണിയുണ്ടെന്ന് നേരത്തെ എറണാകുളം ജില്ലാ കോടതിയെ അറിയിച്ചിരുന്നു.
◼️തെങ്ങ്, കവുങ്ങ്, കൊക്കോ മുതലായ കൃഷികള്‍ കുരങ്ങന്‍മാര്‍ നശിപ്പിക്കുന്നത് തടയാന്‍ മാര്‍ഗമില്ലെന്ന് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍. കൃഷി നാശമുണ്ടാകുന്ന കര്‍ഷകര്‍ക്കു വനംവകുപ്പ് നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. 1980 ലെ നിയമപ്രകാരം വന്യജീവി ആക്രമണംമൂലം നഷ്ടം സംഭവിക്കുന്നവര്‍ക്കു നഷ്ടപരിഹാരം നല്‍കണമെന്നു വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇക്കാര്യത്തില്‍ അടിയന്തിര തീരുമാനമെടുക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
◼️കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും സ്റ്റേറ്റ് കാറും തന്നാല്‍ എല്‍ഡിഎഫിലേക്കു വരാമെന്നു വിലപേശുന്ന യുഡിഎഫ് നേതാവും കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം ചെയര്‍മാനുമായ ജോണി നെല്ലൂരിന്റേതെന്ന പേരില്‍ ശബ്ദരേഖ പുറത്ത്. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം നേതാവ് ഹാഫിസാണ് ആരോപണം ഉന്നയിച്ചത്.
◼️മതവിദ്വേഷ പ്രസംഗ കേസില്‍ പി.സി. ജോര്‍ജ്ജിനെ പൊലീസ് ചോദ്യം ചെയ്തു. തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലാണ് ഒന്നര മണിക്കൂര്‍ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ വീഡിയോയില്‍ ചിത്രീകരിച്ചു. ശബ്ദപരിശോധനക്ക് അടുത്ത ആഴ്ച ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
◼️കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസി ആത്മഹത്യക്കു ശ്രമിച്ചു. മുപ്പതുകാരിയാണ് ആത്മഹത്യാ ശ്രമം നടത്തിയത്. ഇവരെ രക്ഷപ്പെടുത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◼️കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിനു സുരക്ഷാ സംവിധാനങ്ങള്‍ വേണമെന്നു പോലീസ്. ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ചു നടത്തിയ പരിശോധനയിലാണ് സുരക്ഷാ ജീവനക്കാരെ നിയമിക്കണമെന്നും ചുറ്റുമതിലിന്റെ ഉയരം കൂട്ടണമെന്നും പൊലീസ് സംഘം വിലയിരുത്തിയത്. ഈയാഴ്ചതന്നെ ഹൈക്കോടതിക്കു റിപ്പോര്‍ട്ടു നല്‍കും.
◼️കുതിരവട്ടം മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ടിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു ഡോക്ടര്‍മാര്‍ നടത്തിയിരുന്ന ഒപി ബഹിഷ്‌കരണ സമരം കെജിഎംഒഎ പിന്‍വലിച്ചു. ആരോഗ്യമന്ത്രി വീണ ജോര്‍ജുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് സമരം നിര്‍ത്തിയത്. സസ്പെന്‍ഷന്‍ ഉടന്‍ പിന്‍വലിച്ചേക്കും.
◼️സ്വകാര്യക്ലിനിക്കിലെ കുത്തിവയ്പിനിടെ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ഡോക്ടര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. നാദാപുരം ന്യൂക്ലിയസ് ക്നിനിക്കിലെ മാനേജിംഗ് ഡയറക്ടറും പീഡിയാട്രീഷനുമായ ഡോ. സലാവുദ്ദീന്‍, മാനേജിംഗ് പാര്‍ടണര്‍ മുടവന്തേരി സ്വദേശി റഷീദ്, കുത്തിവയ്പു നല്‍കിയ നഴ്സായ പേരോട് സ്വദേശിനി ഷാനി എന്നിവരെയാണ് അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടത്. ഫെബ്രുവരി 14 നാണ് കക്കട്ട് വട്ടോളി സ്വദേശി പടിക്കലക്കണ്ടി രജീഷിന്റെ മകന്‍ വട്ടോളി സംസ്‌കൃതം സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി തേജ്ദേവ് (12) മരിച്ചത്.
◼️തൃപ്പൂണിത്തുറയില്‍ നിര്‍മ്മാണത്തിലിരുന്ന പാലത്തില്‍നിന്നു വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ വിനീത വര്‍ഗീസ് അറസ്റ്റിലായി. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാലം പണിയുടെ ചുമതലയുള്ള കരാറുകാരന്‍, ഓവര്‍സീയര്‍ എന്നിവരെ നേരത്തെ അറസ്റ്റു ചെയ്ത് വിട്ടയച്ചിരുന്നു.
◼️തൃപ്പൂണിത്തുറയില്‍ പാലം പണിക്കുള്ള കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കു വീഴ്ച കണ്ടെത്തിയാല്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. മനുഷ്യന്റെ ജീവനും സുരക്ഷിതത്വവുമാണ് പ്രധാനം. എല്ലാ ജില്ലകളിലും പരിശോധന ശക്തമാക്കാന്‍ ചീഫ് എന്‍ജിനിയര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മന്ത്രി പറഞ്ഞു.
◼️ശമ്പള വിതരണത്തിനായി കെഎസ്ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാര്‍ 30 കോടി രൂപ നല്‍കി. 52 കോടി കൂടി വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ശമ്പളം നല്‍കുന്നതിനായി ഇത്തവണ 65 കോടി രൂപയാണ് കെഎസ്ആര്‍ടിസി സര്‍ക്കാരിനോട് ചോദിച്ചത്. കഴിഞ്ഞ മാസം സര്‍ക്കാര്‍ 50 കോടി രൂപ നല്‍കിയിരുന്നു.
◼️തനിക്കു കൊവിഡ് ഇല്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് മന്ത്രി അറിയിച്ചു.
◼️ഗുരുവായൂരിലെ പ്രവാസി സ്വര്‍ണവ്യാപാരിയുടെ വീട്ടില്‍നിന്ന് മോഷണം പോയ രണ്ടര കിലോ സ്വര്‍ണ്ണവും 35 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തത് പ്രതിയുടെ വാടക വീടിന്റെ ചിമ്മിനിയില്‍നിന്ന്. പ്രതി ധര്‍മ്മരാജിന്റെ എടപ്പാളിലെ വാടക വീട്ടിലെ അടുക്കളക്കു മുകളിലെ ചിമ്മിനിയില്‍ പ്ലാസ്റ്റിക് ചാക്കില്‍ പൊതിഞ്ഞാണ് സ്വര്‍ണവും പണവും സൂക്ഷിച്ചിരുന്നത്.
◼️മലപ്പുറം പാണമ്പ്രയില്‍ നടുറോഡില്‍ മര്‍ദനത്തിനിരയായ സഹോദരിമാരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ പ്രതി അറസ്റ്റില്‍. മുസ്ലിം ലീഗിന്റെ മുനിസിപ്പല്‍ കമ്മിറ്റി ട്രഷറര്‍ റഫീഖ് പാറക്കല്‍ ആണ് അറസ്റ്റിലായത്.
◼️അഭിഭാഷകരും പൊലീസും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പേരില്‍ ആരോപണവിധേയനായ ആറ്റിങ്ങല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.ജി. പ്രതാപ ചന്ദ്രനെ മലയിന്‍കീഴ് സ്റ്റേഷനിലേക്കു സ്ഥലം മാറ്റി. എസ്എച്ച്ഒയെ മാറ്റണമെന്നാവശ്യപ്പെട്ട് അഭിഭാഷകര്‍ സമരത്തിലായിരുന്നു. പകരം മലയിന്‍കീഴ് സ്റ്റേഷന്‍ ഹൗസ് ഓഫീസറായിരുന്ന സി.സി. പ്രതാപചന്ദ്രനെ ആറ്റിങ്ങലിലേക്കു മാറ്റി.
◼️തിരുവനന്തപുരം അഞ്ചുതെങ്ങില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പതിനായിരം കിലോയോളം പഴകിയ മീന്‍ പിടിച്ചെടുത്തു നശിപ്പിച്ചു. അഞ്ചുതെങ്ങില്‍ ലോറി ഉടമകള്‍ ചേര്‍ന്ന് നടത്തുന്ന എം.ജെ. ലാന്‍ഡ് മത്സ്യ മാര്‍ക്കറ്റില്‍ നിന്നാണ് 9,600 കിലോ മീന്‍ പിടികൂടിയത്.
◼️പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊലക്കേസ് പ്രതി കഴുത്തിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചു. വട്ടപ്പാറ സ്വദേശി സാജനാണ് ആത്മഹത്യക്കു ശ്രമിച്ചത്. വട്ടപ്പാറയില്‍ വൃദ്ധയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സാജന്‍ മാനസിക അസ്വാസ്ഥ്യത്തിനു ചികിത്സയിലായിരുന്നു.
◼️തൃശൂര്‍ ജില്ലയിലെ നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ കുട്ടികള്‍ക്കു കൊവിഡ് പ്രതിരോധ വാക്‌സീന്‍ മാറി നല്‍കിയ സംഭവത്തില്‍ മൂന്നു പേരെ സ്ഥലംമാറ്റി. അസിസ്റ്റന്റ് സര്‍ജന്‍ ഡോ. കെ. കീര്‍ത്തിമയെ പാലക്കാട് ആനക്കട്ടിയിലേക്കും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ റാസാക്ക്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് കെ. യമുന എന്നിവരെ കണ്ണൂരിലേക്കും മാറ്റി.
◼️ഓണ്‍ ലൈന്‍ ഗെയിം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഒഡീഷ സ്വദേശിയായ സുബ്രാംശു ശേഖര്‍ നാഥിനെയാണ് തിരുവനന്തപുരം സൈബര്‍ റൂറല്‍ പൊലീസ് പിടികൂടിയത്.
◼️പായ്ക്കപ്പലില്‍ സഞ്ചരിക്കുന്നതിനിടെ അവശനിലയിലായി പുറംകടലില്‍ കുടുങ്ങിയ നെതര്‍ലാന്‍ഡുകാരന്‍ ജറോണ്‍ ഇലിയൊട്ട് എന്ന 48 കാരനെ തീരദേശ പൊലീസ് കരയ്ക്കെത്തിച്ചു. വിഴിഞ്ഞത്തെ തീരദേശ പൊലീസ് ഉദ്യോഗസ്ഥരാണ് ഇയാളെ രക്ഷിച്ചത്. പായ്ക്കപ്പലില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്ന ഇയാള്‍ ദിശ തെറ്റിയാണു വിഴിഞ്ഞത്ത് എത്തിയത്.
◼️കുറ്റിപ്പുറത്ത് ദേശീയപാതയ്ക്കു സമീപം സ്വകാര്യ ബസ് സ്‌ക്കൂട്ടറിലിടിച്ച് പോലീസുകാരന്‍ തല്‍ക്ഷണം മരിച്ചു. കുന്നംകുളം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മാള അന്നല്ലൂര്‍ മൊത്തയില്‍ ബിജു (45) ആണ് മരിച്ചത്.
◼️കോഴിക്കോട് പേരാമ്പ്രയില്‍ മണ്ണിനടിയില്‍ അകപ്പെട്ടയാള്‍ മരിച്ചു. പേരാമ്പ്ര പരപ്പില്‍ സ്വദേശി നാരായണ കുറുപ്പ് (68) ആണ് മരിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന് സമീപമുള്ള മണ്ണും വെട്ടുകല്ലും കൊണ്ട് നിര്‍മ്മിച്ച മണ്‍തിട്ട ഇടിഞ്ഞു വീണതിനടിയിലാണു നാരാണയകുറുപ്പ് കുടുങ്ങിയത്.
◼️പള്ളിപ്പാട് ശബരിവധക്കേസില്‍ സഹോദരങ്ങളായ രണ്ടു പ്രതികള്‍കൂടി പിടിയില്‍. പള്ളിപ്പാട് കോട്ടയ്ക്കകംമുറി വലിയ മണക്കാട്ട് കാവില്‍ അഖില്‍ (23), അരുണ്‍ (21) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. അഞ്ചാംപ്രതി ബിനീഷ് ബാലകൃഷ്ണനാണ് ഇനി പിടിയിലാകാനുള്ളത്. മുട്ടം കാണിച്ചനെല്ലൂര്‍ കരിക്കാട് ബാലചന്ദ്രന്‍ സുപ്രഭ ദമ്പതികളുടെ മകന്‍ ശബരി (28 ) മാര്‍ച്ച് 17 ന് പള്ളിപ്പാട് നീറ്റൊഴുക്കിന് സമീപം മര്‍ദ്ദനമേറ്റ് മരിച്ചത്. ഏഴു പ്രതികളെ അറസ്റ്റു ചെയ്തിരുന്നു.
◼️പത്തനംതിട്ട പുല്ലാട്ടിലെ സ്വകാര്യ ബാലിക സദനത്തില്‍നിന്നും ചാടിപ്പോയ രണ്ടു പെണ്‍കുട്ടികളെ കണ്ടെത്തി. പതിനെട്ടും പതിമ്മൂന്നും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളാണ് ബാലികസദനത്തില്‍നിന്നു മുങ്ങി അര മണിക്കൂറിനകം പിടിയിലായത്.
◼️ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ ഇന്നലെ വൈകിട്ട് വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് അറസ്റ്റില്‍. ഗുരുവായൂര്‍ സ്വദേശി രാഹുലിനെയാണ് അറസ്റ്റു ചെയ്തത്. കിഴക്കേനടയിലെ ഒരു കടയുടമയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഇയാള്‍ വടിവാള്‍ വീശീയത്.
◼️നെയ്യാറ്റിന്‍കര ആര്യങ്കോട് വാളേന്തി പ്രകടനം നടത്തിയ സംഭവത്തില്‍ ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ ഉപയോഗിച്ചെന്നു കരുതുന്ന വാളുകള്‍ പിടികൂടി. വെള്ളറടയിലെ പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നാണ് നാലു വാളുകളും ദണ്ഡും പിടികൂടിയത്. വാളേന്തിയ പെണ്‍കുട്ടികളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും.
◼️തിരുവനന്തപുരത്ത് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ക്ലിഫ് ഹൗസ് മാര്‍ച്ചും പൊലീസിന്റെ ജലപീരങ്കി പ്രയോഗവും, മുഖ്യമന്ത്രി പിണറായി വിജയനും പോപ്പുലര്‍ ഫ്രണ്ട് നേതാക്കളും ചേര്‍ന്നു നടത്തിയ രാഷ്ട്രീയ നാടകമാണെന്ന് മുന്‍ എംഎല്‍എ പി.സി ജോര്‍ജ്.
◼️പത്തനംതിട്ട അയിരൂരില്‍ പമ്പയാറ്റില്‍ ഇറങ്ങിയ സീത എന്ന ആനയെ നാലു മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ കരയ്ക്കു കയറ്റി. പാപ്പാന്‍മാര്‍ കുളിക്കാനെത്തിച്ച ആനയാണ് ആറ്റില്‍നിന്നു കയറാന്‍ വിസമ്മതിച്ചത്. തിരുവനന്തപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആനയെ ഇന്നു തന്നെ തിരിച്ചുകൊണ്ടുപോകാന്‍ വനം വകുപ്പ് നിര്‍ദേശം നല്‍കി.
◼️വിവാദ പ്രസ്താവന നടത്തിയ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മ വധഭീഷണിയുണ്ടെന്നു പരാതിപ്പെട്ടതിത്തെുടര്‍ന്നു ഡല്‍ഹി പൊലീസ് കേസെടുത്തു. തന്റെയും കുടുംബത്തിന്റെയും സുരക്ഷയ്ക്കായി വിലാസം പരസ്യമാക്കരുതെന്നും നൂപുര്‍ ശര്‍മ ആവശ്യപ്പെട്ടു.
◼️പ്രവാചകനെതിരായ പരാമര്‍ശത്തില്‍ നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. നുപുര്‍ ശര്‍മ്മയെ വിളിച്ചു വരുത്തി മൊഴിയെടുക്കുമെന്നു മുംബൈ പൊലീസ് വ്യക്തമാക്കി.
◼️ഓണ്‍ലൈന്‍ റമ്മി കളിച്ച് മൂന്നു ലക്ഷം രൂപയും 20 പവന്‍ സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ട ചെന്നൈ സ്വദേശിനി ആത്മഹത്യ ചെയ്തു. ചെന്നൈ മണാലി ന്യൂ നഗറില്‍ താമസിക്കുന്ന സ്വകാര്യ കമ്പനി ജീവനക്കാരി ഭവാനി (29) ആണ് ആത്മഹത്യ ചെയ്തത്.
◼️ആണ്വായുധ ശേഷിയുള്ള ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ അഗ്നി- നാല് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. 4,000 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തിലെത്താന്‍ ശേഷിയുള്ള മിസൈലാണിത്. ഒഡീഷയിലെ എപിജെ അബ്ദുള്‍ കലാം ദ്വീപ് തീരത്താണ് മിസൈല്‍ പരീക്ഷിച്ചത്.
◼️കര്‍ണാടകയില്‍ കാക്കി നിക്കര്‍ കത്തിക്കല്‍ പ്രതിഷേധ സമരവുമായി കോണ്‍ഗ്രസ്. ചിക്കമംഗ്ലൂരുവില്‍ കാക്കി നിക്കര്‍ കത്തിച്ച് എന്‍എസ്യു പ്രതിഷേധിച്ചിച്ചു. പാഠപുസ്തകങ്ങളില്‍ കാവിവത്കരണം ആരോപിച്ച് വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷിന്റെ വസതിക്കു മുന്നില്‍ കഴിഞ്ഞ ദിവസം കാക്കി നിക്കര്‍ കത്തിച്ചവരെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഇന്നലേയും കത്തിച്ചത്.
◼️ഐആര്‍സിടിസി ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ഇനി ഇരട്ടി ബുക്കു ചെയ്യാം. ആധാര്‍ ലിങ്ക് ചെയ്ത അക്കൗണ്ടില്‍ നിന്ന് നിലവില്‍ 12 ടിക്കറ്റും ലോഗിന്‍ ഉപയോഗിച്ച് ആറു ടിക്കറ്റുമാണ് നിലവില്‍ ബുക്കു ചെയ്യാന്‍ അനുമതിയുണ്ടായിരുന്നത്. ഇനി അക്കൗണ്ടിലൂടെ 24 ടിക്കറ്റും അല്ലാതെ 12 ടിക്കറ്റും ബുക്കു ചെയ്യാം.
◼️തെക്കുപടിഞ്ഞാറന്‍ നൈജീരിയയില്‍ ഞായറാഴ്ച പ്രാര്‍ഥനക്കിടെ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ വെടിവയ്പില്‍ 21 പേര്‍ കൊല്ലപ്പെട്ടു. തോക്കുധാരികള്‍ കത്തോലിക്കാ പള്ളിയിലേക്ക് ഇരച്ചുകയറി വിശ്വാസികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
◼️ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെതിരായ അവിശ്വാസപ്രമേയത്തില്‍ നാളെ വോട്ടെടുപ്പ്. കൊവിഡ് ലോക്ഡൗണ്‍ സമയത്ത് ചട്ടം ലംഘിച്ച് ഔദ്യോഗിക വസതിയില്‍ മദ്യവിരുന്നു നടത്തിയതു മുതലാണ് ബോറിസ് ജോണ്‍സനെതിരേ എംപിമാര്‍ തിരിഞ്ഞത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ബോറിസിന്റെ നേതൃത്വം ചോദ്യം ചെയ്ത് കൂടുതല്‍ എംപിമാര്‍ രംഗത്തെത്തിയതോടെയാണ് അവിശ്വാസം വോട്ടെടുപ്പിലേക്ക് നീങ്ങിയത്. സ്ഥാനമൊഴിയില്ലെന്നാണു ബോറിസ് ജോണ്‍സന്റെ നിലപാട്.
◼️അടുത്ത 12 മാസത്തിനുള്ളില്‍ ഇലക്ട്രിക് വാഹന നിര്‍മ്മാണ യൂണിറ്റുകള്‍ വര്‍ധിപ്പിക്കുമെന്ന് ടെസ്ല ചീഫ് എക്‌സിക്യൂട്ടീവ് എലോണ്‍ മസ്‌ക്. എന്നാല്‍ ജീവനക്കാര്‍ക്കുള്ള ശമ്പളം കുറയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
◼️സൗഹൃദ മത്സരത്തില്‍ ജപ്പാനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന് ബ്രസീല്‍. 77-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് സൂപ്പര്‍ താരം നെയ്മറാണ് ബ്രസീലിന് ജയമൊരുക്കിയത്. ദേശീയ ജേഴ്‌സിയില്‍ നെയ്മറുടെ 74-ാം ഗോളായിരുന്നു ഇത്. 77 ഗോളുകളെന്ന സാക്ഷാല്‍ പെലെയുടെ റെക്കോഡിലേക്ക് നെയ്മര്‍ക്കിനി മൂന്നു ഗോളുകള്‍ കൂടി മതി.
◼️തിങ്കളാഴ്ചയിലെ വ്യാപാരത്തിനിടെ രണ്ട് ശതമാനം ഇടിവ് നേരിട്ടതോടെ എല്‍ഐസിയുടെ വിപണി മൂല്യം അഞ്ച് ലക്ഷം കോടി രൂപയ്ക്ക് താഴെയെത്തി. ഓഹരി വില രണ്ടുശതമാനത്തോളം ഇടിഞ്ഞ് 783 രൂപ നിലവാരത്തിലുമെത്തി. ഇതോടെ ലിസ്റ്റ് ചെയ്തതിനുശേഷം വിപണി മൂല്യത്തില്‍ 56,000 കോടി രൂപ നഷ്ടമായി. 5.54 ലക്ഷം കോടി രൂപയില്‍നിന്ന് മൂല്യം 4.98 ലക്ഷം കോടി രൂപയായാണ് താഴ്ന്നത്. ഇതാദ്യമായാണ് ലിസ്റ്റ് ചെയ്തശേഷം ഓഹരി വില ഇത്രയും താഴുന്നത്. തുടര്‍ച്ചയായി അഞ്ചാം ദിവസവും നഷ്ടത്തിലായിരുന്നു ഓഹരിയില്‍ വ്യാപാരം നടന്നത്. മെയ് 17ന് എട്ടുശതമാനം നഷ്ടത്തിലായിരുന്നു എല്‍ഐസിയുടെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. ഇഷ്യുവിലയായ 949 രൂപയില്‍നിന്ന് 18 ശതമാനത്തോളം നഷ്ടത്തിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.
◼️റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്റായ അനറോക്കിന്റെ 2022 സാമ്പത്തിക വര്‍ഷത്തിലെ വരുമാനം 32 ശതമാനം ഉയര്‍ന്ന് 402 കോടി രൂപയായി. രണ്ടാമത്തെ കോവിഡ് തരംഗത്തിന് ശേഷം ഭവന ഡിമാന്‍ഡിലുണ്ടായ കാര്യമായ വര്‍ദ്ധനവാണ് ഈ ഉയര്‍ച്ചയ്ക്കു കാരണം. 2021 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 305 കോടി രൂപയായിരുന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍ 19,260 കോടി രൂപ വിലമതിക്കുന്ന 18,800 യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ അനറോക്കിന് കഴിഞ്ഞു.ഹൗസിംഗ് ബ്രോക്കറേജ് സേവനങ്ങളില്‍ നിന്നും കമ്പനിക്ക് ലഭിച്ച വരുമാനം ഏകദേശം 300 കോടി രൂപയാണ്. ഓഫീസ്, റീട്ടെയില്‍, വെയര്‍ഹൗസിംഗ്, ഡാറ്റാ സെന്റര്‍ മേഖലകളില്‍ പാട്ടത്തിനും നേരിട്ടുള്ള വില്‍പന,വാങ്ങല്‍ ഇടപാടുകള്‍ക്കും സൗകര്യമൊരുക്കിയാണ് കമ്പനി വരുമാനം നേടുന്നത്.
◼️മാരി സെല്‍വരാജ് ചിത്രം 'മാമന്ന'നില്‍ പ്രതിനായകനായി ഫഹദ് എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. രാഷ്ട്രീയക്കാരന്റെ വേഷമാണ് ചിത്രത്തില്‍ നടനുള്ളതെന്നാണ് പുറത്തുവരുന്ന സൂചന. 'മാമന്നന്‍' സിനിമയുടെ സെറ്റില്‍ നിന്നുള്ള ഫഹദിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സംവിധായകന്‍ മാരി സെല്‍വരാജും ഫഹദും ചിത്രീകര്‍ണ വേളയില്‍ മറ്റ് അഭിനേതാക്കള്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതാണ് ചിത്രത്തില്‍ കാണുന്നത്. ഉദയനിധി സ്റ്റാലിന്‍, കീര്‍ത്തി സുരേഷ്, വടിവേലു എന്നിവരാണ് പ്രധാന വേഷങ്ങളില്‍. പ്രതിനായക വേഷമാണ് ഫഹദിന്റേത്. 'മാമന്നന്‍' ഒരു നടനെന്ന നിലയില്‍ തന്റെ അവസാന ചിത്രമായിരിക്കുമെന്ന് ഉദയനിധി സ്റ്റാലിന്‍ പ്രഖ്യാപിച്ചിരുന്നു. ശേഷം താന്‍ രാഷ്ട്രീയത്തില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് താരം വ്യക്തമാക്കുന്നത്.
◼️ഇന്ദ്രന്‍സ്, സായികുമാര്‍, മാമുക്കോയ എന്നിവര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'കളിഗമിനാര്‍' എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഷാജഹാന്‍ മുഹമ്മദ് ആണ്. ടൈറ്റില്‍പോലെതന്നെ ദുരൂഹതകളും കൗതുകങ്ങളും നിറഞ്ഞതാണ് സിനിമ. ഡോ. റോണി രാജ്, നവാസ് പള്ളിക്കുന്ന്, അസീസ് നെടുമങ്ങാട്, ശ്രീലക്ഷ്മി, ആതിര, കൃഷ്‌ണേന്ദു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷഫീര്‍ സെയ്ദും ഫിറോസ് ബാബുവും ചേര്‍ന്നാണ് കളിഗമിനാറിന് തിരക്കഥ എഴുതുന്നത്. റഫീക്ക് അഹമ്മദ്, ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് മെജോ ജോസഫാണ്.
◼️ഡിഫെന്‍ഡര്‍ 90, ഡിഫെന്‍ഡര്‍ 110 എന്നിവയ്‌ക്കൊപ്പം, ഡിഫന്‍ഡര്‍ 130 അവതരിപ്പിച്ച് ലാന്‍ഡ് റോവര്‍. എട്ട് യാത്രക്കാര്‍ക്ക് വരെ സുഖമായി യാത്ര ചെയ്യാവുന്നതും സാഹസിക യാത്രകള്‍ക്ക് അനുയോജ്യമായ തരത്തിലുമാണ് പുതിയ ഡിഫന്‍ഡര്‍ 130 സജ്ജീകരിച്ചിരിക്കുന്നത്. എട്ട് സീറ്റുകളുള്ള പുതിയ ഡിഫെന്‍ഡര്‍ 130 എസ്ഇ, എച്ച്എസ്ഇ, എക്സ്-ഡൈനാമിക്, എക്സ് സ്പെസിഫിക്കേഷനുകളില്‍ ലഭ്യമാകും. ആദ്യ പതിപ്പ്. ഉയര്‍ന്ന ശേഷിയുള്ള ഓഫ് റോഡര്‍ 73,895 പൗണ്ട് (72.3 ലക്ഷം രൂപ) വിലയിലാണ് പുറത്തിറക്കിയിരിക്കുന്നത്.
◼️പരിഹാസത്തിലൂടെ വ്യക്തികളുടെയും സമൂഹങ്ങളുടെയും അനാശാസ്യ പ്രവണതകളെ വിമര്‍ശിക്കുന്ന ഒരു കൃതിയാണ് 'മേഡം ദേവൂട്ടി'. നമ്മുടെ സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ള സ്ത്രീകളില്‍ നിലനിന്നിരുന്ന, ഇപ്പോഴും വലിയൊരളവുവരെ നിലനിന്നുകൊണ്ടിരിക്കുന്ന, പൊങ്ങച്ച പ്രകടനവും പാശ്ചാത്യ സംസ്‌കാരത്തിന്റെ ബാഹ്യവും അന്തസ്സാരശൂന്യവുമായ ആചാരങ്ങളെ അന്ധമായി അനുകരിക്കാനുള്ള ദുഷ്പ്രവണതകളും ഈ ഹാസ്യ സാഹിത്യകൃതിയിലുടനീളം പ്രതിഫലിക്കുന്നതായി കാണാം. അബ്ദുള്ള സോണ. ഗ്രീന്‍ ബുക്സ്. വില 199 രൂപ.
◼️ആഹാരം കഴിച്ച ശേഷം 15 അല്ലെങ്കില്‍ 20 മിനുട്ട് ചിലര്‍ നടക്കാറുണ്ട്. ഭക്ഷണശേഷം 20 മിനുട്ട് നടക്കുന്നത് ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഭക്ഷണം കഴിച്ചതിന് തൊട്ടുപിന്നാലെ ഇരുപത് മിനിറ്റ് വേഗതയുള്ള നടത്തം വ്യായാമത്തിന്റെ അവസാനം പ്ലാസ്മയിലെ ഗ്ലൂക്കോസിന്റെ അളവ് കുറയാന്‍ ഇടയാക്കും. ഭക്ഷണം കഴിച്ചതിന് ശേഷം ചിലര്‍ക്ക് പെട്ടെന്ന് കിടന്നുറങ്ങാന്‍ തോന്നും. എന്നാല്‍ നടത്തം ദഹനവ്യവസ്ഥയെ ഭക്ഷണത്തെ ഗ്ലൂക്കോസാക്കി മാറ്റാന്‍ സഹായിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തിന്റെ ഊര്‍ജ്ജസ്രോതസ്സാണ്. അമേരിക്കയിലെ വിര്‍ജീനിയയിലെ നോര്‍ഫോക്കിലുള്ള ഓള്‍ഡ് ഡൊമിനിയന്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. കലോറി കുറയ്ക്കുക എന്നതാണ് ശരീരഭാരം കുറയ്ക്കാന്‍ പ്രധാനമായി ശ്രദ്ധിക്കേണ്ടത്. നടത്തം കലോറി എരിച്ചുകളയാന്‍ സഹായിക്കുന്നു. നടത്തം ഉപാപചയ പ്രവര്‍ത്തനത്തെ വേഗത്തിലാക്കുന്നു. അതായത് കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാന്‍ ഇടയാക്കുന്നു. ഭക്ഷണം കഴിച്ച ശേഷം നടക്കുന്നത് ഭാരം കുറയ്ക്കുക മാത്രമല്ല മറ്റ് ചില ആരോഗ്യഗുണങ്ങള്‍ നല്‍കുന്നു. രാത്രിയില്‍ നന്നായി ഉറങ്ങാനും നടത്തം സഹായിക്കുന്നു. സ്ട്രെസ് ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കാന്‍ നടത്തം സഹായിക്കുന്നു, ഇത് ശരീരത്തില്‍ നിരവധി ദോഷകരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്നു. ദഹനവ്യവസ്ഥ, മോശം രോഗപ്രതിരോധ പ്രവര്‍ത്തനം, വിഷാദം എന്നിവയെല്ലാം അമിതവണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നു.
*ശുഭദിനം*
ആ തോട്ടം നാല് വശങ്ങളും ഉയരമുള്ള മതിലുകെട്ടി മറച്ചിരിക്കുകയാണ്. അതുവഴി കടന്നുപോയ ഒരു കുറുക്കന് ആ തോട്ടത്തില്‍ എന്താണെന്ന് അറിയാന്‍ ആഗ്രഹം തോന്നി. ഒരുപാട് നേരത്തെ അന്വേഷണത്തിനൊടുവില്‍ തോട്ടത്തിലേക്ക് കടക്കാന്‍ ഒരു ദ്വാരം അവന്‍ കണ്ടെത്തി. ആ ദ്വാരത്തിലൂടെ നോക്കിയപ്പോള്‍ വിളഞ്ഞു നില്‍ക്കുന്ന മുന്തിരിക്കുലകള്‍. പക്ഷേ, ആ ദ്വാരത്തിലൂടെ കടക്കാന്‍ കുറച്ച് കൂടി വണ്ണം കുറഞ്ഞേ മതിയാകൂ. ഒരാഴ്ച പട്ടിണി കിടന്ന കുറുക്കന്‍ ആ ദ്വാരത്തിലൂടെ തോട്ടത്തിലേക്കെത്തി. കൊതി തീരും വരെ മുന്തിരി കഴിച്ചു. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കുറുക്കന്‍ തടിച്ചുകൊഴുത്തു. പിന്നെ ആ ദ്വാരത്തിലൂടെ പുറത്തുകടക്കാന്‍ ആകാതായി. വീണ്ടും കുറുക്കന്‍ പട്ടിണി കിടന്നു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ വണ്ണം കുറച്ച് പുറത്തേക്കെത്തി. പുറത്ത് കടന്ന കുറുക്കന്‍ മുന്തിരി തോപ്പിനെ നോക്കി പറഞ്ഞു: നീ എത്ര സമൃദ്ധിയിലായാലും എനിക്കെന്ത് പ്രയോജനം, രണ്ടുതവണ ഉപവസിച്ച് എനിക്ക് തിരിച്ചുപോകേണ്ടി വന്നു... പ്രലോഭനങ്ങളിലെ ഏറ്റവും വലിയ ദുരന്തം അവയ്ക്ക് അടിമപ്പെട്ടതുമൂലമുണ്ടാകുന്ന ദുരിതങ്ങളല്ല, അടിമയായി എന്ന് മറ്റുള്ളവര്‍ക്ക് മനസ്സിലാകാതിരിക്കാന്‍ നടത്തുന്ന അലങ്കാരപണികളാണ്. ഏത് കര്‍മ്മത്തേയും സ്വയം വിലയിരുത്തേണ്ടത് മൂന്ന് ചോദ്യങ്ങളിലൂടെയാണ്. അത് അനുവദനീയമാണോ, അത് അര്‍ഹതയുള്ളതാണോ, അത് അഭിവൃദ്ധി നല്‍കുന്നതാണോ... ഏത് അടിമത്തവും ആരംഭിക്കുന്നത് താല്‍കാലിക സംതൃപ്തിക്ക് വേണ്ടി തുടങ്ങിയ ഏതെങ്കിലും കര്‍മ്മത്തിലൂടെയാണ്. ഒരിക്കലും പിന്‍മാറാന്‍ കഴിയാത്തവിധം അതില്‍ അകപ്പെടുകയാണ് പലരുടേയും വിധി. കര്‍മ്മം ചെയ്യുന്നത് നല്ലതു തന്നെ, പക്ഷേ, കര്‍മ്മഫലം ആനന്ദമാകാന്‍ നമുക്ക് ശ്രദ്ധിക്കാം - *ശുഭദിനം* മീഡിയ16