◼️സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പരിശോധന നടത്തും. എല്ലാ സ്‌കൂളുകളിലേയും കുടിവെള്ളം ഒരാഴ്ചയ്ക്കകം പരിശോധിക്കും. പാചകക്കാര്‍ക്ക് പരിശീലനം നല്‍കുമെന്നും വിദ്യാഭ്യാസ, ഭക്ഷ്യ വകുപ്പ് മന്ത്രിമാര്‍ അറിയിച്ചു. മന്ത്രിമാര്‍ അടക്കമുള്ള ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും കുട്ടികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കും.
◼️ലോകമെങ്ങും ഇന്നലെ പരിസ്ഥിതിദിനം ആചരിച്ചെങ്കിലും സംസ്ഥാനത്തെ സ്‌കൂളുകളില്‍ പരിസ്ഥിതി ദിനാചരണം ഇന്ന്. ഇന്നലെ അവധിദിനമായതിനാലാണ് ഇന്ന് സ്‌കൂളുകളില്‍ പരിസ്ഥിതി ദിനം ആചരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയത്. എതാനും വിദ്യാലയങ്ങള്‍ വെള്ളിയാഴ്ചതന്നെ പരിസ്ഥിതിദിനം ആചരിച്ചിരുന്നു.
◼️ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിനും പത്തനംതിട്ട കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കും കൊവിഡ്. സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കാര്യമായി വര്‍ധിക്കുന്നതിനിടെയാണ് ആരോഗ്യമന്ത്രിക്കു കൊവിഡ് സ്ഥിരീകരിച്ചത്. മന്ത്രിയും കളക്ടറും ക്വാറന്റൈനില്‍ പ്രവേശിച്ചു. സംസ്ഥാനത്ത് പത്ത് ദിവസത്തിനിടെ കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 ശതമാനം കടന്നു. ഹിന്ദി നടന്‍ ഷാരുഖ് ഖാനും കോവിഡ് സ്ഥിരീകരിച്ചു.
◼️കെ റെയില്‍ കുറ്റി പിഴുത് 99 വാഴ നട്ട് ലോക പരിസ്ഥിതി ദിനം ആചരിച്ചു. ജനവിരുദ്ധ കെ റെയിലിനെതിരേ നിയമസഭയില്‍ ശബ്ദിക്കാത്ത 99 എല്‍ഡിഎഫ് എംഎല്‍എമാര്‍ക്കു പകരമാണ് അത്രയും വാഴനട്ടത്. എറണാകുളം പൂക്കാട്ടുപടിയില്‍ കെ റെയില്‍ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിലായിരുന്നു വേറിട്ട പ്രതിഷേധം. കോണ്‍ഗ്രസ് നേതാക്കളായ ജെബി മേത്തര്‍ എംപി, അന്‍വര്‍ സാദത്ത് എംഎല്‍എ എന്നിവരും പ്രതിഷേധത്തില്‍ പങ്കെടുത്തു.
◼️എറണാകുളം മുളവുകാട് ഹൈക്കോടതി ഉത്തരവ് മറികടന്ന് പുരയിടം കൈയേറി പഞ്ചായത്ത് വഴിവെട്ടിയതിനെത്തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യ ചെയ്തു. എറണാകുളം മുളവുകാട് സ്വദേശി ലില്ലി തോമസാണ് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ചെയ്തത്. പഞ്ചായത്ത് അധികൃതര്‍ക്കെതിരായ അത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു. ദളിത് കുടുംബങ്ങള്‍ക്കു റോഡ് വീതികൂട്ടാനാണ് പുരയിടം കൈയേറിയതെന്നാണു പഞ്ചായത്തിന്റെ ന്യായീകരണം.
◼️പരാതിക്കാരനില്‍നിന്നും പ്രതിയില്‍നിന്നും കൈക്കൂലി വാങ്ങിയെന്ന് ആരോപിതനായ മൂവാറ്റുപുഴ എസ്ഐ വി കെ എല്‍ദോസിനെ സസ്പെന്‍ഡ് ചെയ്തു. അഞ്ചു പേര്‍ ചേര്‍ന്ന് തട്ടികോണ്ടുപോയി മര്‍ദ്ദിച്ചെന്ന കേസിലാണു എസ്ഐ ഇരുപക്ഷത്തിന്റെ കൈയില്‍നിന്നും കോഴ വാങ്ങിയെന്ന ആരോപണം ഉയര്‍ന്നത്. മുഖ്യമന്ത്രിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. റിമാന്‍ഡിലായ പ്രതിക്ക് എസ്ഐ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ നല്‍കിയെന്ന് തെളിഞ്ഞതോടെയാണ് സസ്പെന്‍ഷന്‍.
◼️കൊച്ചിയില്‍ അഭിഭാഷകനെ മര്‍ദ്ദിച്ച കേസിലെ പ്രതി ജിജോ സെബാസ്റ്റ്യനെ എറണാകുളം ജില്ലാ കോടതിയില്‍ ഹാജരാക്കുന്നതിനിടെ അഭിഭാഷകര്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചു. തടയാന്‍ ശ്രമിച്ച പൊലീസിനെ അഭിഭാഷകര്‍ കയ്യേറ്റം ചെയ്തു. പൊലീസ് ജീപ്പിന്റെ ചില്ല് അടിച്ച് തകര്‍ത്തു. ഹൈക്കോടതി അഭിഭാഷകന്‍ ലിയോ ലൂക്കോസിനെ മര്‍ദിച്ച പ്രതിയെ ഹൈക്കോടതി ജഡ്ജിയുടെ ഗണ്‍മാനാണ് പിടികൂടി പോലീസില്‍ ഏല്‍പിച്ചത്. വാഹനം ഓവര്‍ടേക്ക് ചെയ്യാന്‍ സ്ഥലം നല്‍കിയില്ലെന്ന പേരിലാണ് പ്രതി വക്കീലിനെ മര്‍ദിച്ചത്.
◼️മദ്യപിച്ചു വഴക്കുണ്ടാക്കുന്ന ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊന്നു. പാലക്കാട് കല്ലടിക്കോട് ചുങ്കം സ്വദേശിയും അമ്പത്തെട്ടുകാരനുമായ ചന്ദ്രനാണ് കൊല്ലപ്പെട്ടത്. ചന്ദ്രന്‍ ടാപ്പിംഗ് തൊഴിലാളിയാണ്. വിറകുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഭാര്യ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചന്ദ്രന്‍ വീണു കിടക്കുന്നുവെന്നാണ് അയല്‍വാസികളെ അറിയിച്ചത്. അയല്‍വാസികള്‍ എത്തിയപ്പോള്‍ ചന്ദ്രന്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത്.
◼️ഇന്‍കം ടാക്സ് ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ സംഘം ആലുവയില്‍ സ്വര്‍ണ പണിക്കാരനെയും കുടുംബത്തെയും ബന്ധിയാക്കി സ്വര്‍ണവും പണവും കവര്‍ന്നു. ആലുവ ബാങ്ക് കവലയില്‍ താമസിക്കുന്ന സഞ്ജയുടെ വീട്ടില്‍നിന്ന് 37.5 പവന്‍ സ്വര്‍ണവും 1,80,000 രൂപയുമാണ് നാലംഗ സംഘം തട്ടിയെടുത്തത്. സിസിറ്റിവി ദൃശ്യങ്ങള്‍ കിട്ടാതിരിക്കാന്‍ ഹാര്‍ഡ് ഡിസ്‌ക്കും തട്ടിപ്പ് സംഘം കൊണ്ടുപോയി.
◼️മുഖ്യമന്ത്രി പിണറായി വിജയന്റെ ധിക്കാരത്തിനും ധാര്‍ഷ്ട്യത്തിനും ജനം നല്‍കിയ അടിയാണ് തൃക്കാക്കര തെരഞ്ഞെടുപ്പു ഫലമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. യുഡിഎഫ് നേടിയത് രാഷ്ട്രീയ വിജയമല്ലെന്നും ബിജെപിക്കു വോട്ടു കുറഞ്ഞതു പരിശോധിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
◼️സാമൂഹിക, പരിസ്ഥിതി ആഘാത പഠനങ്ങള്‍ നടത്താതെ പദ്ധതി പ്രഖ്യാപിക്കുകയും നടപ്പാക്കുമെന്നും പറയുന്നവര്‍ ഒരേ ഒരു ഭൂമി മാത്രമേയുള്ളൂവെന്ന വസ്തുത തിരിച്ചറിയണമെന്നു പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. ആര്‍.വി.ജി. മേനോന്‍. പരിസ്ഥിതിദിനാചരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രബുദ്ധമായ തീരുമാനങ്ങളാണു വേണ്ടത്. ആലോചനയില്ലാത്ത തീരുമാനങ്ങള്‍ വികസനത്തിന് ഉതകുന്നതല്ല. അദ്ദേഹം പറഞ്ഞു.
◼️ജലവിഭവവകുപ്പ് റോഡുകള്‍ കുത്തിപ്പൊളിക്കുന്നതു മൂലം പൊതുമരാമത്ത് വകുപ്പിന് പഴി കേള്‍ക്കേണ്ടി വരുന്നെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവന ശരിയാണെന്നു ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കുത്തിപൊളിച്ച റോഡുകള്‍ നന്നാക്കാന്‍ വൈകുന്നു. പണി വേഗത്തില്‍ പൂര്‍ത്തിയാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണ്ടിവരുമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.
◼️തൃക്കാക്കര തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനു പിന്തുണയുമായി സാമൂഹ്യ മാധ്യമങ്ങളില്‍ സമാശ്വാസ പോസ്റ്റുകള്‍. 'നിങ്ങളല്ല, തോറ്റത് വിജയനാണെ'ന്നാണ് ഒരു കൂട്ടരുടെ പ്രതികരണം. 'നിങ്ങള്‍ നല്ലൊരു ഡോക്ടറാണ്, നിങ്ങളെ രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ വേണം' എന്നാണു മറ്റൊരു കൂട്ടരുടെ പ്രതികരണം. 'നിങ്ങള്‍ പച്ചയായ മനുഷ്യനാണ്. രോഗികള്‍ക്കും കുടുംബത്തിനുമൊപ്പം തുടരുക' എന്നാണു മറ്റു ചിലരുടെ വാക്കുകള്‍.
◼️സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി കൊല്ലം സ്വദേശിനിയില്‍നിന്ന് 60 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മിസോറം സ്വദേശിയായ ലാല്‍റാം ചൗന അറസ്റ്റിലായി. വിലപിടിപ്പുള്ള സമ്മാനത്തിന് അര്‍ഹയായിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച എയര്‍പോര്‍ട്ടിലെ കസ്റ്റംസ് ഡ്യൂട്ടിക്കെന്ന പേരിലാണ് പല തവണയായി അറുപത് ലക്ഷം രൂപ തട്ടിയെടുത്തത്. ഡല്‍ഹിയില്‍നിന്നാണ് ഇയാളെ പിടികൂടിയത്.
◼️കൊടിമരം ഒടിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് അരൂര്‍ ചന്തിരൂരില്‍ എസ്എഫ്ഐ- എഐഎസ്എഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഇരുസംഘടനകളിലുമുള്ള നേതാക്കളടക്കം ഏഴ് പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ ഒരാള്‍ ഡിവൈഎഫ്ഐ ഭാരവാഹിയാണ്. സിപിഐയുടേയും, എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ പ്രതിഷേധപ്രകടനങ്ങളും നടത്തി.
◼️നടിയെ ബലാത്സംഗം ചെയ്തെന്ന വിജയ് ബാബുവിനെതിരായ കേസില്‍ നടന്‍ സൈജു കുറുപ്പിനെ കൊച്ചി പൊലീസ് ചോദ്യം ചെയ്തു. വിദേശത്ത് ഒളിവില്‍ കഴിഞ്ഞ വിജയ് ബാബുവിനു സഹായം ചെയ്തെന്ന സംശയത്തിലാണ് മൊഴിയെടുത്തത്.
◼️കൊച്ചി പള്ളുരുത്തിയില്‍ കുടിപ്പകയുടെ ഭാഗമായി അറുപത്തൊന്നുകാരിയെ വെട്ടിക്കൊന്നു. കടയഭാഗം സ്വദേശി സരസ്വതിയാണ് കൊല്ലപ്പെട്ടത്. ജയന്‍ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 2014 ല്‍ ജയന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മധുവിന്റെ അമ്മയാണ് കൊല്ലപ്പെട്ട സരസ്വതി.
◼️തിരുവനന്തപുരം കല്ലമ്പലത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത് മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം മൂലമാണെന്നു പോലീസ്. ഫോണിനും സോഷ്യല്‍ മീഡിയക്കും ഗെയിമുകള്‍ക്കും അടിമയായെന്ന് ആത്മഹത്യാകുറിപ്പ് എഴുതിവച്ചാണ് നാവായിക്കുളം സ്വദേശി ജീവ മോഹന്‍ ആത്മഹത്യ ചെയ്തത്. പത്താം ക്ലാസില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയിരുന്ന ജീവ മോഹന് പ്ലസ് വണ്‍ ക്ലാസുകളില്‍ മാര്‍ക്കു കുറവായിരുന്നു.
◼️മലപ്പുറത്ത് പോക്സോ കേസില്‍ അധ്യാപകനായ മമ്പാട് സ്വദേശി അബ്ദുല്‍ സലാം (57) അറസ്റ്റിലായി. പല തവണ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പതിനഞ്ചുകാരി വിദ്യാര്‍ത്ഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
◼️ഇരുമ്പുതോട്ടികൊണ്ട് മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി ഗൃഹനാഥന്‍ മരിച്ചു. കോഴിക്കോട് അത്തോളി ചീക്കിലോട് മുന്നൂര്‍ക്കയ്യില്‍ മാണിക്കോത്ത് ശശിധരന്‍ (63) ആണു മരിച്ചത്.
◼️കൊല്ലം ചവറയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ വീട്ടില്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ചവറ വട്ടത്തറ പുത്തേഴത്ത് വീട്ടില്‍ സാബു (37) വാണ് മരിച്ചത്.
◼️വയനാട്ടില്‍ കരാട്ടെ അധ്യാപകനെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തു. വയനാട് കമ്പളക്കാട് ടൗണില്‍ കരാട്ടെ സെന്റര്‍ നടത്തുന്ന നിസാറാണ് അറസ്റ്റിലായത്. കരാട്ടെ പരിശീലനത്തിനു വന്ന വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.
◼️സൗദിയില്‍ ഒട്ടകവുമായി കാര്‍ കുട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. തിരുവനന്തപുരം ചെറിയതുറ സ്വദേശിയും ഹാഇലിലെ റൊട്ടി കമ്പനി ജീവനക്കാരനുമായ വിനോജ് ഗില്‍ബെര്‍ട്ട് ജോണിന്റെ (42) മൃതദേഹമാണ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലെത്തിച്ചത്.
◼️ഉത്തരാഖണ്ഡില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 25 പേര്‍ മരിച്ചു. പന്ന ജില്ലയില്‍ നിന്ന് 28 പേരുമായി ഉത്തരകാശിയിലേക്ക് പോയ ബസാണ് അപകടത്തില്‍ പെട്ടത്. മൂന്നു പേര്‍ക്ക് പരിക്കേറ്റു.
◼️ബിജെപി നേതാക്കള്‍ രാജ്യത്തു വെറുപ്പും വിദ്വേഷവും മാത്രമേ ഉണ്ടാക്കൂവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്നേഹവും സാഹോദര്യവും മാത്രമേ ഇന്ത്യയെ പുരോഗതിയിലേക്കു നയിക്കൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിജെപി വക്താക്കള്‍ ടിവി ചാനല്‍ ചര്‍ച്ചയില്‍ പ്രവാചകനെ നിന്ദിച്ചതിനെതിരേ ഗള്‍ഫ് രാജ്യങ്ങളിലെ സര്‍ക്കാരുകളും പ്രതിഷേധവുമായി രംഗത്തുവന്നിരിക്കേയാണ് രാഹുലിന്റെ പ്രതികരണം.
◼️പ്രവാചകന്‍ മുഹമ്മദ് നബിയെ നിന്ദിച്ചുകൊണ്ട് ബിജെപി നേതാക്കള്‍ നടത്തിയ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി ഗള്‍ഫ് രാജ്യങ്ങള്‍. കുവൈറ്റ് വിദേശകാര്യ മന്ത്രാലയം ഇന്ത്യന്‍ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ഖത്തര്‍, ഒമാന്‍ രാജ്യങ്ങളും പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
◼️ടെലിവിഷന്‍ വാര്‍ത്താ സംവാദത്തിനിടെ പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ചു മോശമായി പരാമര്‍ശിച്ച ബിജെപി വക്താവ് നുപുര്‍ ശര്‍മ്മയെ ബിജെപി സസ്പെന്‍ഡ് ചെയ്തു. ഡല്‍ഹി ബിജെപിയുടെ മീഡിയ ഇന്‍ ചാര്‍ജ് നവീന്‍ കുമാര്‍ ജിന്‍ഡാളിനെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ജ്ഞാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണു മോശമായ പരാമര്‍ശം ഉണ്ടായത്. തന്റെ വിവാദ പ്രസ്താവന നിരുപാധികം പിന്‍വലിക്കുകയാണെന്ന് നുപുര്‍ ശര്‍മ്മ പറഞ്ഞു.
◼️സിബിഐ 'മരിച്ചെ'ന്ന് ബോധിപ്പിച്ച സുപ്രധാന സാക്ഷി കോടതിയില്‍ ജീവനോടെ ഹാജരായി. മാധ്യമ പ്രവര്‍ത്തകന്‍ രാജ്‌ദേവ് രഞ്ജന്‍ കൊല്ലപ്പെട്ട കേസിലെ സാക്ഷിയായ ബദാമി ദേവിയാണ് കോടതിയിലെത്തിയത്. താന്‍ മരിച്ചിട്ടില്ലെന്നും, സിബിഐ ഗൂഢാലോചന നടത്തി കള്ളക്കഥയുണ്ടാക്കിയതാണെന്നും ബദാമി ദേവി മൊഴി നല്‍കി. ഇതോടെ കേസ് നിര്‍ണായകമായ വഴിത്തിരിവിലേക്ക് നീങ്ങിയിരിക്കുകയാണ്.
◼️രാജ്യസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിസന്ധിയുള്ള സംസ്ഥാനങ്ങളിലേക്ക് കോണ്‍ഗ്രസ് നിരീക്ഷകരെ അയച്ചു. വിമതരാകുന്നവരെ അനുനയിപ്പിക്കുകയാണു ലക്ഷ്യം. മഹാരാഷ്ട്രയിലേക്ക് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയേയും രാജസ്ഥാനിലേക്ക് പവന്‍കുമാര്‍ ബന്‍സാല്‍, ടി എസ് സിംഗ് ദേവ് എന്നിവരേയും ഹരിയാനയിലേക്ക് ഭൂപേഷ് ബാഗേല്‍, രാജീവ് ശുക്ള എന്നിവരേയുമാണ് നിരീക്ഷകരായി അയച്ചത്.
◼️കാണ്‍പൂര്‍ സംഘര്‍ഷത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്ക് അന്വേഷിക്കുന്നു. സംഘര്‍ത്തില്‍ 36 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 800 പേര്‍ക്കെതിരെ കേസെടുത്തു. സംഘര്‍ഷത്തിന്റെ സൂത്രധാരനെന്ന് സംശയിക്കുന്ന ഹയാത്ത് സഫര്‍ ഹഷ്മിയ്ക്കും മൂന്നു കൂട്ടാളികള്‍ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
◼️കോയമ്പത്തൂരില്‍ ഓണ്‍ലൈന്‍ ഭക്ഷണവിതരണ തൊഴിലാളിയുടെ മുഖത്തടിച്ച പൊലീസുകാരന്‍ അറസ്റ്റില്‍. വഴിയാത്രക്കാരിയെ ഇടിച്ചിട്ട സ്‌കൂള്‍ വാന്‍ തടഞ്ഞതിനാണ് ഭക്ഷണ വിതരണ തൊഴിലാളിയായ സോമസുന്ദരത്തെ സിംഗനല്ലൂര്‍ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സതീഷ് എന്ന പൊലീസുകാരന്‍ മര്‍ദിച്ചത്. അടിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
◼️രാജസ്ഥാനിലും സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍നിന്നു ഗവര്‍ണറെ പുറത്താക്കുന്നു. യൂണിവേഴ്സിറ്റി വിഷയങ്ങളില്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്ര കോണ്‍ഗ്രസ് സര്‍ക്കാരുമായി പോരടിക്കുന്നതിനിടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇങ്ങനെ തീരുമാനിച്ചത്. ചാന്‍സലറെ മുഖ്യമന്ത്രി നിയമിക്കും. ഗവര്‍ണര്‍ക്കു വിസിറ്റര്‍ പദവി നല്‍കുന്ന നിയമനിര്‍മാണം നടത്താനാണു തീരുമാനം. പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും ഗവര്‍ണറുടെ ചാന്‍സലര്‍ പദവി നീക്കം ചെയ്തിരുന്നു.
◼️ഹൈദരാബാദില്‍ വീണ്ടും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു പീഡനം. 11 വയസ്സുകാരിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തില്‍ ടാക്സി ഡ്രൈവറെയും സഹായിയെയും അറസ്റ്റ് ചെയ്തു.
◼️തമിഴ്നാട് കടലൂര്‍ ജില്ലയിലെ കെടിലം പുഴയില്‍ കുളിക്കാനിറങ്ങിയ ഏഴു പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. കടലൂരിനടുത്ത് അന്നം കുച്ചിപ്പാളയം ഭാഗത്താണ് ദുരന്തമുണ്ടായത്. മരിച്ചവരെല്ലാം പത്തിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ളവരാണ്.
◼️പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വധിക്കാന്‍ ഗൂഢാലോചനയെന്ന് അഭ്യൂഹങ്ങള്‍. ഇസ്ലാമാബാദ് നഗരത്തില്‍ സുരക്ഷ ശക്തമാക്കി. ഇമ്രാന്‍ ഖാനും സുരക്ഷ ശക്തമാക്കി. ഇസ്ലാമാബാദില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
◼️അമേരിക്കയിലെ ഫിലാഡാല്‍ഫിയ സൗത്ത് സ്ട്രീറ്റില്‍ രണ്ട് അക്രമികള്‍ നടത്തിയ വെടിവയ്പില്‍ ഒരു സ്ത്രീയടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്കു പരിക്കേറ്റു. ആരേയും അറസറ്റു ചെയ്യാനായില്ല. സംഭവസ്ഥലത്തുനിന്നു രണ്ടു കൈത്തോക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്.
◼️കുവൈറ്റില്‍ തുറമുഖം വഴി കടത്തുകയായിരുന്ന ലഹരിമരുന്ന് പിടികൂടി. മൂന്നു കണ്ടെയ്നറുകളില്‍ നിന്നായി 50 ലക്ഷം കാപ്റ്റഗണ്‍ ഗുളികകളാണ് പിടികൂടിയത്.
◼️ബംഗ്ലാദേശിലെ ചിറ്റഗോങ്ങില്‍ കണ്ടെയിനര്‍ ടെര്‍മിനലില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മരണം അമ്പത് കടന്നു. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരില്‍ മുന്നൂറിലധികം പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരും.
◼️ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിന്റെ എഴുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ബ്രിട്ടനിലെ പത്തു കോടി ജനങ്ങളും വിരുന്നൊരുക്കി ആഘോഷിച്ചു. ബിഗ് ജൂബിലി ലഞ്ച് എന്നു പേരിട്ട ഈ വിരുന്ന് ലോകത്തെ ഏറ്റവും വലിയ വിരുന്നായി അറിയപ്പെടും. ബ്രിട്ടനിലെ എല്ലാ പ്രദേശങ്ങളിലും തെരുവുകളിലും ദേശീയപതാകകളും തോരണങ്ങളും എലിസബത്ത് രാജ്ഞിയുടെ ഛായാചിത്രങ്ങളുമെല്ലാം ഉപയോഗിച്ച് അലംകൃതമാക്കി. ഓരോ പ്രദേശത്തും വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ അനുമോദന യോഗങ്ങളും വിരുന്നും ഒരുക്കിയാണ് ജനം എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിന്റെ പ്ളാറ്റിനം ജൂബിലി ആഘോഷിച്ചത്. (ഡെയ്ലി ന്യൂസ് ശുഭരാത്രി: https://youtu.be/7dAqPmU3KX8, ഡെയ്ലി ന്യൂസ് സ്വീറ്റ് ബോക്സ്: https://youtu.be/h5J4BQz0plc)
◼️പതിനാലാം തവണയും റാഫേല്‍ നദാല്‍ കളിമണ്‍ കോര്‍ട്ടിലെ രാജാവ്. ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ നോര്‍വെയുടെ കാസ്പര്‍ റൂഡിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് പാരീസിലെ റോളണ്ട് ഗാരോസില്‍ 14-ാം കിരീടം സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാല്‍ ചൂടിയത്. സ്‌കോര്‍: 6-3, 6-3, 6-0. ഇതോടെ 22-ാം ഗ്രാന്‍ഡ്സ്ലാം കിരീടവും ഒപ്പം ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനാകുന്ന ഏറ്റവും പ്രായംചെന്ന പുരുഷതാരമെന്ന ബഹുമതിയും നദാല്‍ സ്വന്തമാക്കി.
◼️പ്രമുഖ സിമന്റ് നിര്‍മ്മാതാക്കളായ അള്‍ട്രാടെക് സിമന്റ് മൊത്തം ഉല്‍പ്പാദനത്തില്‍ 22.6 എംടിപിഎ ശേഷി വര്‍ധിപ്പിക്കാന്‍ 12,886 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ സ്വയം വിപുലീകരണത്തിനും ഏറ്റെടുക്കലുകള്‍ക്കുമായി ഈ തുക ഉപയോഗിക്കും. ആദിത്യ ബിര്‍ള ഗ്രൂപ്പ് കമ്പനിയുടെ ബോര്‍ഡ് യോഗത്തില്‍ വിപുലീകരണ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. നിലവില്‍, അള്‍ട്രാടെക്കിന്റെ ഉല്‍പ്പാദന ശേഷി പ്രതിവര്‍ഷം 119.95 ടണ്ണാണ്. അനുവദിച്ച വിപുലീകരണവും 2023 സാമ്പത്തിക വര്‍ഷത്തോടെ പൂര്‍ത്തിയാകുമെന്ന് കണക്കാക്കപ്പെടുന്ന നിലവിലെ വിപുലീകരണ പരിപാടികളും പൂര്‍ത്തിയാകുമ്പോള്‍, ഇത് 159.25 എംടിപിഎ ആയി ഉയരും.
◼️തുര്‍ക്കി നിരസിച്ച ഇന്ത്യയുടെ ഗോതമ്പ് ചരക്ക് ഈജിപ്തിലേക്ക്. ഗോതമ്പിന്റെ പ്രധാന ഉത്പാദകരും വിതരണക്കാരുമായ ഉക്രൈനും റഷ്യയും യുദ്ധം ആരംഭിച്ചതോടെ ആഗോള വിപണിയില്‍ ഗോതമ്പിന്റെ ആവശ്യകത ഉയര്‍ന്നു. ഈജിപ്ത് അടക്കമുള്ള രാജ്യങ്ങളില്‍ ഗോതമ്പിന് ക്ഷാമം നേരിടുന്നുണ്ട്. അതിനാല്‍ തന്നെ തുര്‍ക്കി നിഷേധിച്ച ഇന്ത്യയുടെ ഗോതമ്പ് ചരക്ക് ഈജിപ്തില്‍ ഇറക്കും. ഗോതമ്പ് ലഭ്യത കുറഞ്ഞതോടു കൂടി ഏറ്റവുമധികം ഗോതമ്പ് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായ ഈജിപ്ത്, വിലക്കയറ്റം കുറക്കുന്നതിന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഗോതമ്പ് ചരക്ക് ഉറപ്പാക്കാന്‍ നെട്ടോട്ടമോടുകയാണ്. ഈ അവസ്ഥയില്‍ തുര്‍ക്കിയില്‍ നിന്നും എത്തുന്ന ഗോതമ്പ് ഈജിപ്തിന് സഹായകരമാകും.
◼️സായ് പല്ലവി നായികയാകുന്ന ചിത്രമാണ് 'വിരാട പര്‍വം'. ജൂണ്‍ 17ന് ആണ് ചിത്രം റിലീസ് ചെയ്യുക. തിയറ്റര്‍ റീലിസ് തന്നെയാണ്. 'വിരാട പര്‍വം' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. 'വെന്നെല്ല' എന്ന കഥാപാത്രമായാണ് സായ് പല്ലവി അഭിനയിക്കുന്നത്. പൊലീസുകാരനെ പ്രണയിക്കുന്ന നക്സല്‍ ആയിട്ടാണ് സായ് പല്ലവി ചിത്രത്തില്‍ അഭിനയിക്കുന്നത്. റാണ ദഗുബാടി പൊലീസുകാരനായി ചിത്രത്തില്‍ അഭിനയിക്കുന്നു. വേണു ഉഡുഗുളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നന്ദിത ദാസ്, പ്രിയാമണി, സറീന വഹാബ്, ഈശ്വരി റാവു, സായ് ചന്ദ്, നിവേദ, നവീന്‍ ചന്ദ്ര തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
◼️'ഓര്‍ക്കുക വല്ലപ്പോഴും', 'കഥവീട്, 'ഗ്രേറ്റ് ഇന്ത്യന്‍ റോഡ് മൂവി', 'അപ്പുവിന്റെ സത്യാന്വേഷണം' എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സോഹന്‍ലാല്‍ സംവിധാനം ചെയ്ത അഞ്ചാമത്തെ സിനിമയായ 'സ്വപ്നങ്ങള്‍ പൂക്കുന്ന കാടിന്റെ' ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയ്ലറും പുറത്തിറങ്ങി. ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് മലയാള സിനിമാ സംവിധായകരുടെ സംഘടനയായ ഫെഫ്കയും വേള്‍ഡ് മലയാളീ കൗണ്‍സിലുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. പരിസ്ഥിതി പ്രവര്‍ത്തകയും സോഷ്യല്‍ ആക്ടിവിസ്റ്റുമായ മേധാ പട്കര്‍ ആണ് ട്രൈലെര്‍ റിലീസ് ചെയ്തത്. മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള 21 പുരസ്‌കാരങ്ങള്‍ നേടി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ശ്രദ്ധേയമായ ചിത്രമാണ് 'സ്വപ്നങ്ങള്‍ പൂക്കുന്ന കാട്'.
◼️2022 മെയ് മാസത്തെ വില്‍പ്പന കണക്കുകള്‍ വെളിപ്പെടുത്തി സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ. കഴിഞ്ഞ മാസം 71,526 യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. 272 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 19,181 യൂണിറ്റായിരുന്നു വില്‍പ്പന. 2022 മെയ് മാസത്തില്‍ വിറ്റഴിച്ച 71,526 യൂണിറ്റുകളില്‍ 60,518 യൂണിറ്റുകളും ആഭ്യന്തര വിപണിയില്‍ വിറ്റു, ബാക്കിയുള്ള 11,008 യൂണിറ്റുകള്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു എന്നുമാണ് കണക്കുകള്‍.
◼️ഓര്‍മയില്‍നിന്നുള്ള വീണ്ടെടുപ്പുകളിലേറെയും വേദനയുണ്ടാക്കുന്നതാണ്. 'വേദനിക്കാന്‍ മാത്രം എന്ത്?' എന്ന ചോദ്യത്തിനു യുക്തിവിചാരത്തിന്റെ വഴിയിലൂടെ പോയാല്‍ ഉത്തരം കിട്ടണമെന്നില്ല. ജീവിതത്തില്‍ ഇനിയൊരിക്കലും തിരിച്ചുകിട്ടാത്തതോ തിരുത്തലുകള്‍ സാധ്യമല്ലാത്തതോ ആയ അനുഭവങ്ങളാണ് ഓര്‍മയില്‍ തിരികെയെത്താന്‍ തിരക്കുകൂട്ടുക. അവയോരോന്നും വേദനയുടെ ഉറവയായിത്തീരുന്നത് അതുകൊണ്ടാകാം. നോവലിസ്റ്റും കഥാകൃത്തുമായ എന്‍. പ്രഭാകരന്റെ ആത്മകഥ. 'ഞാന്‍ മാത്രമല്ലാത്ത ഞാന്‍'. രണ്ടാം പതിപ്പ്. മാതൃഭൂമി. വില 266 രൂപ.
◼️ഉയരമുള്ള ആളുകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു പഠനമാണ് അടുത്തിടെ പുറത്തുവന്നത്. ഉയരക്കൂടുതല്‍ രോഗമുണ്ടാക്കുന്ന ഘടകമായി കണക്കാക്കില്ലെങ്കിലും, അത് പല രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നെന്നാണ് പഠനത്തില്‍ പറയുന്നത്. ഞരമ്പുകള്‍ക്ക് ക്ഷതം, ത്വക്കിനും അസ്ഥികള്‍ക്കും അണുബാധകള്‍ ഉണ്ടാകുക തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉയരം കൂടുതലുള്ള ആളുകളെ അലട്ടുമെന്നാണ് കണ്ടെത്തല്‍. അതേസമയം ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്ട്രോള്‍ എന്നിവയുടെ അപകടസാധ്യത ഉയരമുള്ളവരില്‍ കുറവായിരിക്കുമെന്നും പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പഠനത്തിന്റെ കണ്ടെത്തലുകള്‍ പിഎല്‍ഒഎസ് ജെനറ്റിക്സ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആയിരത്തിലധികം അവസ്ഥകളും ലക്ഷണങ്ങളും പരിശോധിച്ച് 3,23,793 പേരെ ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയത്. മുതിര്‍ന്നവരിലെ പല ആരോഗ്യാവസ്ഥകള്‍ക്കും ജൈവശാസ്ത്രപരമായി ഉയരം ഒരു അപകട ഘടകം ആണ്. പക്ഷെ ഇത് പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നെന്നാണ് ഗവേഷകര്‍ പറയുന്നത്. മുതിര്‍ന്ന വ്യക്തികളില്‍ ഉയരം 100-ലധികം ക്ലിനിക്കല്‍ അവസ്ഥകള്‍ക്ക് കാരണമായേക്കാം എന്നതിന് തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
*ശുഭദിനം*
അച്ഛനും മകനും സര്‍ക്കസ് കാണുകയായിരുന്നു. കയറിലൂടെ നടക്കുന്ന അഭ്യാസിയെ കണ്ടപ്പോള്‍ മകന് കൗതുകം. അയാള്‍ എങ്ങിനെയാണ് കയറിലൂടെ നടക്കുന്നത് എന്ന് അവന്‍ അച്ഛനോട് ചോദിച്ചു. അച്ഛന്‍ പറഞ്ഞു: അതിന് നിരന്തര പരിശ്രമവും പരിശീലനവും വേണം. കയ്യടികിട്ടാന്‍ വേണ്ടിയല്ലേ അയാള്‍ അങ്ങിനെ ചെയ്യുന്നത്: മകന്‍ ചോദിച്ചു. അച്ഛന്‍ തുടര്‍ന്നു: നീ പറഞ്ഞത് ശരിയാണ്. പക്ഷേ, ആ കയറില്‍ കൂടി അയാള്‍ നടക്കുന്നതിനിടെ ഒരു നിമിഷമെങ്കിലും തനിക്ക് ലഭിക്കുന്ന കയ്യടികളെ കുറിച്ചോ പണത്തെക്കുറിച്ചോ അയാള്‍ ചിന്തിച്ചാല്‍ ആ നിമിഷം അയാള്‍ കയറില്‍ നിന്ന് താഴെ വീണ് മരിക്കും. രണ്ടു വിധത്തില്‍ പ്രവര്‍ത്തിക്കുന്നവരുണ്ട്. ചിലര്‍ പ്രതിഫലത്തിന് വേണ്ടി, ചിലര്‍ സംതൃപ്തിക്ക് വേണ്ടി.ഏതെങ്കിലും തരത്തിലുള്ള പ്രതിഫലമില്ലാതെ ഒരു പ്രവൃത്തിയും മുന്നോട്ട് പോകില്ല. അത് ചിലപ്പോള്‍ പണമാകാം, ശമ്പളമാകാം ചിലപ്പോള്‍ അഭിനന്ദനങ്ങളാകാം, അംഗീകാരമാകാം. അതില്‍ നിന്ന് ലഭിക്കുന്ന ഊര്‍ജ്ജത്തില്‍ നിന്നുമാണ് തുടര്‍കര്‍മങ്ങള്‍ക്കുള്ള ആവേശം ലഭിക്കുന്നത്. പക്ഷേ, പ്രതിഫലം ലക്ഷ്യമാകരുത് മാര്‍ഗ്ഗം മാത്രമേ ആകാവൂ. കണക്ക് പറഞ്ഞ് കാര്യങ്ങള്‍ ചെയ്യുന്നവരുടെ കര്‍മ്മങ്ങളില്‍ പണത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ നിഴലിക്കും. കര്‍മ്മങ്ങള്‍ വിലയിരുത്തിയതിന് ശേഷംമാത്രം വില നിശ്ചയിക്കുന്നവര്‍ക്ക് അവരര്‍ഹിക്കുന്ന വില ലഭിക്കുകയും ചെയ്യും. നമ്മുടെ പ്രവൃത്തികളും പ്രതിഫലത്തിന് വേണ്ടി മാത്രമാകാതെ, ആത്മസംതൃപ്തിക്ക് വേണ്ടികൂടിയാകാന്‍ നമുക്ക് ശ്രമിക്കാം - *ശുഭദിനം.*
മീഡിയ16