മീഡിയ16*പ്രഭാത വാർത്തകൾ*2022 | ജൂൺ 3 | വെള്ളി

◼️സില്‍വര്‍ലൈന്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുമെന്ന് രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട്. അനുമതി ഇല്ലെന്നാണു കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. എന്നാല്‍ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയുണ്ടെന്നാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവകാശവാദം. ഡി.പി.ആര്‍ റെയില്‍വേയുടെ പരിഗണനയിലാണ്. പ്രാരംഭ നടപടികള്‍ തുടരാനുള്ള അനുമതിയുണ്ട്. കല്ലിടാന്‍ കേന്ദ്രാനുമതി ആവശ്യമില്ലെന്നു കെ-റെയില്‍ അധികൃതരും അറിയിച്ചു.

◼️തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്. രാവിലെ എട്ടിനു വോട്ടെണ്ണല്‍ ആരംഭിക്കും. പത്തിനു മുമ്പേ പുരോഗതി അറിയാം. യുഡിഎഫും എല്‍ഡിഎഫും വിജയ പ്രതീക്ഷയിലാണ്.

◼️എല്‍ജെഡി പാര്‍ട്ടി ജെഡിഎസില്‍ ലയിക്കും. കോഴിക്കോട് നടന്ന എല്‍ജെഡി സംസ്ഥാന സമിതി യോഗത്തില്‍ തീരുമാനമായെന്ന് എല്‍ജെഡി പ്രസിഡന്റ് എം വി ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. ഭാരവാഹിത്വം തുല്യമായി വീതിക്കും. സംസ്ഥാന അധ്യക്ഷസ്ഥാനം അടക്കമുള്ള ഭാവി കാര്യങ്ങള്‍ ഒന്നാവുന്ന പാര്‍ട്ടിയാണ് തീരുമാനിക്കുക. ശ്രേയംസ്‌കുമാര്‍ പറഞ്ഞു.

◼️എല്ലാ പള്ളികള്‍ക്കും അടിയില്‍ ശിവലിംഗം തപ്പരുതെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. രാജ്യത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ എന്തിനാണു ശ്രമിക്കുന്നത്. ചരിത്രം ആര്‍ക്കും മാറ്റാനാവില്ല. ഇന്നത്തെ ഹിന്ദുക്കളോ മുസ്ലിംകളോ കുറ്റക്കാരല്ല. ഓരോ ദിവസവും പുതിയ വിഷയങ്ങളുമായി വരരുത്. കോടതിവിധി അംഗീകരിക്കണം. അദ്ദേഹം പറഞ്ഞു. (ജ്ഞാന്‍വ്യാപിയിലെ ശിവലിംഗം തപ്പല്‍ | ഡെയ്ലി ന്യൂസ് ഫ്രാങ്ക്ലി സ്പീക്കിംഗ് :  https://youtu.be/VhVZSXFeVWE )

◼️ജമ്മു കാഷ്മീരില്‍ ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചിരിക്കേ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച ഉന്നതതല യോഗം ഇന്ന് ഡല്‍ഹിയില്‍. ഗവര്‍ണര്‍ മനോജ് സിന്‍ഹ, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. കൂടുതല്‍ സൈനികരെ വിന്യസിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കഴിഞ്ഞ ദിവസം അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു.

◼️ജനങ്ങളെ ഭിന്നിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കു വിരുദ്ധമായി ജനങ്ങളെ ഒന്നിപ്പിക്കുന്ന ശ്രമങ്ങളാണ് ഇടതു സര്‍ക്കാര്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം ഇടതു സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ സംസ്ഥാനതല സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള പല സര്‍വേകളും രാജ്യത്ത് നടക്കുന്നുണ്ട്. എന്നാല്‍ കേരളം നടത്തgന്ന സര്‍വെ ഭിന്നിപ്പിക്കാനല്ല, പരമദരിദ്രരായ കുടുംബങ്ങളെ കണ്ടെത്താനാണ്. പിണറായി പറഞ്ഞു.

◼️തൃശൂര്‍ രാമവര്‍മപുരം പൊലീസ് അക്കാദമിയില്‍ കോവിഡ് വ്യാപനം. അക്കാദമിയില്‍ പരിശീലനത്തിലുള്ള വനിതാ ബറ്റാലിയന്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരില്‍ മുപ്പതു പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. ക്ളസ്റ്ററായി പ്രഖ്യാപിച്ച അക്കാദമിയിലെ പരിശീലന പരിപാടികള്‍ ഒരാഴ്ചത്തേക്കു നിറുത്തിവച്ചു. സംസ്ഥാനത്ത് മൂന്നാം ദിവസവും കൊവിഡ് വ്യാപനം ആയിരം കടന്നു. ഇന്നലെ 1,278  പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളത്ത് 407 പേര്‍ക്കാണു രോഗബാധ.

◼️കെഎസ്ആര്‍ടിസിയിലെ സാധാരണക്കാരായ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുന്നത് വിവേചനമാണെന്ന് ഹൈക്കോടതി. തങ്ങള്‍ക്ക് ശമ്പളം നല്‍കാത്തിടത്തോളം ഉന്നത ഓഫീസര്‍മാരുടെയും ശമ്പളം തടയണമെന്ന ജീവനക്കാരുടെ ആവശ്യം ന്യായമാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

◼️മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി ഡോ. തോമസ് മാത്യുവിനെ നിയമിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറായിരുന്ന ഇദ്ദേഹം കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രൊഫസറാണ്. തിരുവനന്തപുരം, എറണാകുളം, ഇടുക്കി മെഡിക്കല്‍ കോളജുകളില്‍ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചിരുന്നു.

◼️അതിക്രമങ്ങള്‍ നടത്തുന്ന പോലീസുകാരെ പിരിച്ചുവിടുന്നത് ഉള്‍പ്പടെ കടുത്ത നടപടിയുണ്ടാകുമെന്നു സംസ്ഥാന സര്‍ക്കാര്‍. ലോക്കപ്പുകളില്‍ മനുഷ്യാവകാശ ധ്വംസനം ഉണ്ടാവില്ലെന്ന് ഉറപ്പാക്കും.  സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ടിലാണ് ഈ മുന്നറിയിപ്പ്.

◼️ചീഫ് എഞ്ചിനീയര്‍മാരായി വിരമിച്ച ഡോ. എസ്.ആര്‍. ആനന്ദ്, സി. സുരേഷ് കുമാര്‍ എന്നിവരെ കെഎസ്ഇബിയില്‍ ഡയറക്ടര്‍മാരായി നിയമിച്ചു. ട്രാന്‍സ്മിഷന്‍, സിസ്റ്റം ഓപ്പറേഷന്‍, പ്ലാനിംഗ് ആന്റ് സേഫ്റ്റി വിഭാഗങ്ങളുടെ ചുമതലയാണ് ഡോ. ആനന്ദിന്. വിതരണം, സപ്ലൈ ചെയിന്‍ മാനേജ്മെന്റ് ചുമതല സുരേഷ്‌കുമാറിനാണ്. വി.ആര്‍. ഹരിക്ക് ഫിനാന്‍സ്, ഐടി, എച്ച്ആര്‍എം എന്നീ ചുമതലകള്‍ നല്‍കി. ആര്‍. സുകുവിന് റിന്യൂവബിള്‍ എനര്‍ജി, എനര്‍ജി സേവിംഗ്സ്, സൗരോര്‍ജ, നിലാവ് പദ്ധതി, സ്പോര്‍ട്സ് ആന്റ് വെല്‍ഫെയര്‍ എന്നിവയുടെ ചുമതലയാണ്. ജി. രാധാകൃഷ്ണനാണ് ജനറേഷന്‍ സിവില്‍ വിഭാഗത്തിന്റെ ചുമതല. സിജി ജോസിന് ജനറേഷന്‍ ഇലക്ട്രിക്കല്‍ ചുമതലയാണ്.

◼️ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പ്രോസിക്യൂഷന്‍ ആരോപണം തെറ്റാണെന്ന് പ്രതിഭാഗം. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹാജരാക്കിയത് പഴയ രേഖകളാണ്. ദിലീപിന്റെ വീട്ടുജോലിക്കാരന്‍ ദാസനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണം കളവാണെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും.

◼️നടിയെ ആക്രമിച്ച കേസില്‍ കോടതികള്‍ ആദ്യമേ വിധി എഴുതിവച്ചെന്നും ഇപ്പോള്‍ നടക്കുന്നതു നാടകമാണെന്നും ആക്ഷേപിച്ച് ജുഡീഷ്യറിക്കെതിരേ മോശം പരാമര്‍ശം നടത്തിയ ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരേ കോടതിയലക്ഷ്യ പരാതി. ഹൈക്കോടതി അഭിഭാഷകനായ എം.ആര്‍. ധനിലാണ് അഡ്വക്കറ്റ് ജനറലിന് അപേക്ഷ നല്‍കിയത്.

◼️ഉപ്പുതറയില്‍ പതിനേഴുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു. ഉപ്പുതറ സ്വദേശികളായ അഖില്‍ രാധാകൃഷ്ണന്‍ (23), അനന്തു രാജന്‍ (20), കാഞ്ചിയാര്‍ സ്വദേശി വിഷ്ണു ബിജു (21 ) കരിന്തരുവി സ്വദേശി കിരണ്‍ വനരാജന്‍ (27) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ 22 വരെ പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.

◼️വിദേശത്തേക്ക് മയക്കുമരുന്ന് കടത്തിയ കേസിലെ പ്രതി സിമി സക്കീറിന്റെ തിരുവനന്തപുരം പേരൂര്‍ക്കട ദര്‍ശന്‍ നഗറിലെ വീട്ടില്‍ നിന്ന് 320 ഗ്രാം ഹാഷിഷ് ഓയില്‍ പൊലീസ് പിടികൂടി. മാലിയിലേക്ക് ഹാഷിഷ് കടത്തിയതിന് കസ്റ്റംസ് അന്വേഷിക്കുന്ന പ്രതിയാണ് സിമി സക്കീര്‍.

◼️ഇപ്പോഴത്തെ രീതിയില്‍ പോയാല്‍ കെഎസ്ആര്‍ടിസി 2030 കടക്കില്ലെന്ന സിഎംഡി ബിജു പ്രഭാകറിന്റെ   അഭിപ്രായത്തോടു യോജിപ്പു പ്രകടിപ്പിച്ച്  ഗതാഗതമന്ത്രി ആന്റണി രാജു. കെഎസ്ആര്‍ടിസിയില്‍ പരിഷ്‌കരണം ഉണ്ടായില്ലെങ്കില്‍ സ്ഥാപനം പ്രതിസന്ധിയിലാവും. പണിമുടക്കുകള്‍ പ്രതിസന്ധിയുടെ ആക്കം കൂട്ടും.  ഇത്തവണ ശമ്പളത്തിനായി സര്‍ക്കാറിനോട് 65 കോടി രൂപയുടെ സഹായം തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

◼️കെഎസ്ആര്‍ടിസി പുനസംഘടിപ്പിക്കുമെന്നു സര്‍ക്കാര്‍. കെഎസ്ആര്‍ടിസിയെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പര്യാപ്തമാക്കും. ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

◼️എറണാംകുളം  ജില്ലയില്‍ ടിപ്പര്‍ ലോറികള്‍ക്കു നിയന്ത്രണം. സ്‌കൂളുകളിലേക്കും കോളജുകളിലേക്കും വിദ്യാര്‍ഥികള്‍ വരികയും പോകുകയും ചെയ്യുന്ന സമയത്ത് ടിപ്പര്‍ ലോറികള്‍ ഓടാന്‍ പാടില്ല.  രാവിലെ എട്ടര മുതല്‍  പത്ത് വരെയും, വൈകിട്ട് നാലു മുതല്‍ അഞ്ചു വരെയുമാണ് ടിപ്പര്‍ ലോറികള്‍ക്ക് വിലക്ക്.

◼️തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ കാമുകിയെ കൊന്ന കേസില്‍ കുറ്റപത്രം നല്‍കി. കാട്ടാക്കട സ്വദേശി ഗായത്രിയെ കൊലപ്പെടുത്തിയ പ്രതി പ്രവീണിനെതിരെയാണ് കുറ്റപത്രം. ജോലി സ്ഥലം മാറ്റം കിട്ടി തമിഴ്നാട്ടിലേക്ക് പോകുകയായിരുന്ന കാമുകന്‍ പ്രവീണിനൊപ്പം കൊണ്ടുപോകണമെന്ന് ഗായത്രി ആവശ്യപ്പെട്ടതാണ്  കൊലപാതകത്തിനു കാരണം.

◼️കോഴിക്കോട് കമ്മത്തി ലെയ്നിലെ സ്വര്‍ണ്ണക്കടയില്‍ ഉച്ചയ്ക്കു പന്ത്രണ്ടരയ്ക്ക് കവര്‍ച്ച നടത്തിയ നാലംഗ സംഘത്തെ പിടികൂടി. മണക്കടവ് സ്വദേശിയായ പ്രണവ്, ചക്കുംകടവ് സ്വദേശിയായ സര്‍ഫാസ്, പറമ്പില്‍ ബസാര്‍ സ്വദേശികളായ സുബീഷ്, അഖില്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രണവും സുബീഷും തപാല്‍ വകുപ്പില്‍ താത്കാലിക ജീവനക്കാരാണ്.

◼️ഒരു കിലോയിലധികം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. പാലക്കാവില്‍ തറയില്‍ വീട്ടില്‍ മുരളി മകന്‍ മനു (25) ആണ് കായംകുളം പൊലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന്  ഒരു കിലോ മുപ്പത് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പ്രതിയുടെ ഭാര്യ വീടിന്റെ അടുക്കളയില്‍ വിറകിനിടയില്‍ പ്ലാസ്റ്റിക് ചാക്കില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.

◼️ഭര്‍ത്താവ് അപ്പുക്കുട്ടന്‍ നിരന്തരം മര്‍ദ്ദിച്ചിരുന്നുവെന്ന് മകള്‍ ഹെന പറഞ്ഞിരുന്നെന്ന് അച്ഛന്‍ പ്രേംകുമാര്‍. ഫോണില്‍ സംസാരിക്കാന്‍ പോലും അനുവദിച്ചിരുന്നില്ല. ആദ്യം സ്ത്രീധനം ആവശ്യപ്പെട്ടില്ല, എന്നാല്‍ പിന്നീട് ഏഴുലക്ഷം രൂപ ആവശ്യപ്പെട്ടെന്നും അച്ഛന്‍ പ്രേംകുമാര്‍ പറഞ്ഞു. കഴിഞ്ഞമാസം 26 നാണ് ഹെനയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് അപ്പുക്കുട്ടനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

◼️മലമ്പുഴ കവയില്‍ കരിമ്പുലി. റോഡിനോട് ചേര്‍ന്നുള്ള പാറയില്‍ ഇരിക്കുന്ന കരിമ്പുലിയുടെ ചിത്രങ്ങള്‍ പാലക്കാട് എഇഒ ഓഫീസിലെ ക്ലാര്‍ക്കായ ജ്യോതിഷ് കുര്യക്കോയാണ് പകര്‍ത്തിയത്. കവയിലെ ആണ്‍ കരിമ്പുലിയോടെപ്പം രണ്ട് പുള്ളി പുലികളും ഉണ്ടാകാറുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

◼️ജമ്മു കാഷ്മീരില്‍ രാജസ്ഥാന്‍ സ്വദേശിയായ ബാങ്ക് മാനേജര്‍ വിജയ് കുമാറിനെ വധിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കാഷ്മീര്‍ ഫ്രീഡം ഫൈറ്റേഴ്‌സ് എന്ന സംഘടന. കാഷ്മീരിനെ മാറ്റാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇതൊരു പാഠമാകണമെന്നു ഭീകര സംഘടന വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

◼️നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ജെഇഇ മെയിന്‍ സെഷന്‍ 2 പരീക്ഷയുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു. അവസാന തീയതി ജൂണ്‍ 30. ഓണ്‍ലൈനായി അപേക്ഷിക്കാം. ജൂലൈ 21 മുതലുള്ള തീയതികളിലാണ് പരീക്ഷ.

◼️രാസവള കള്ളക്കടത്ത് തടയാന്‍ റെയ്ഡ് നടത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍. സബ്സിഡിയോടെ നല്‍കുന്ന രാസവള നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ ദുരുപയോഗിക്കുന്നുണ്ടോയെന്നു പരിശോധിക്കണമെന്ന് രാസവള മന്ത്രാലയം സെക്രട്ടറിക്കും ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും കത്തയച്ചു. രാസവള നിര്‍മ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ വില അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ ഉയരുകയാണ്.

◼️ഉത്തരാഖണ്ഡിലും ഒഡീഷയിലും നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ ഇന്ന്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പുഷ്‌കര്‍ സിങ് ധാമി ചമ്പാവട് മണ്ഡലത്തിലാണു മത്സരിച്ചത്. ആറു മാസംമുമ്പു നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പുഷ്‌കര്‍ സിങ് ധാമിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തോല്‍പിച്ചിരുന്നു.

◼️സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷിക പരിപാടിയായ 'ആസാദി കാ അമൃത്' മഹോല്‍സവത്തോടനുബന്ധിച്ചുള്ള ലോകസൈക്കിള്‍ ദിനാചരണ സൈക്കിള്‍ റാലി  ഇന്ന്. നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിലാണ് രാജ്യവ്യാപകമായി സൈക്കിള്‍ റാലി സംഘടിപ്പിക്കുന്നത്. ജില്ലാ, ബ്ലോക്ക് തലങ്ങളിലാണു റാലി നടത്തുക.

◼️കോവിഡ് ബാധ സ്ഥിരീകരിച്ച കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലാണ് പ്രധാനമന്ത്രി ആരോഗ്യ ആശംസകള്‍ കുറിച്ചത്.

◼️കാഷ്മീരി പണ്ഡിറ്റുകളുടെ കൊലപാതകങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ബിജെപി കാഷ്മീരിനെ അധികാരത്തിലേക്കുള്ള കോണിയായാണ് കാണുന്നത്. സാധാരണക്കാരായ ജനങ്ങള്‍ ദിവസേനെ കൊല്ലപ്പെടുകയാണ്. കാഷ്മീര്‍ പണ്ഡിറ്റുകള്‍ പാലായനം ചെയ്യുന്നു. അവരെ സംരക്ഷിക്കേണ്ടവര്‍, സിനിമയുടെ പ്രമോഷനു മാത്രമാണ് പ്രാധാന്യം നല്‍കുന്നത്. രാഹുല്‍ കുറ്റപ്പെടുത്തി.

◼️പഞ്ചാബില്‍ വിഐപികളുടെ സുരക്ഷ പിന്‍വലിച്ച ആം ആദ്മി സര്‍ക്കാരിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. 423 വിഐപികളുടെ സുരക്ഷ പുനസ്ഥാപിക്കണമെന്ന് ഉത്തരവിട്ടു. ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയുടെ കൊലപാതകത്തിനു പിറകേയാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

◼️ഇന്ത്യയുടെ ഗാനവസന്തമായിരുന്ന കെകെ ഇനി ഓര്‍മ. മുംബൈ വര്‍സോവയിലെ ശ്മശാനത്തില്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഔദ്യോഗിക ബഹുമതികളോടെ കെകെയുടെ മൃതദേഹം സംസ്‌കരിച്ചു. ഗായകന്‍ ജാവേദ് അലി, അഭിജീത്ത് ഭട്ടാചാര്യ, ഗായിക ശ്രേയാ ഘോഷാല്‍ തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

◼️ഇന്ത്യന്‍ നാവികസേനയില്‍ 32 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ യുദ്ധക്കപ്പലുകളായ ഐഎന്‍എസ് അക്ഷയും ഐഎന്‍എസ് നിശാങ്കും ഇന്നു ഡീകമ്മീഷന്‍ ചെയ്യും. പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ജോര്‍ജ്ജിയയില്‍  നിന്നാണ് ഈ കപ്പലുകള്‍ ഇന്ത്യ വാങ്ങിയത്. മുംബൈയിലെ നേവല്‍ ഡോക്ക്യാര്‍ഡിലാണ് ഇവ ഡീകമ്മീഷന്‍ ചെയ്യുന്നത്.

◼️വിലക്കയറ്റം തടയാന്‍ എണ്ണ ഉത്പാദനം 50 ശതമാനം കൂട്ടാന്‍ ഒപെക് പ്ലസ് രാജ്യങ്ങള്‍ തീരുമാനിച്ചു. ജൂലൈ മുതല്‍ പ്രതിദിന ക്രൂഡ് ഓയില്‍ ഉത്പാദനം 6,48,000 ബാരല്‍ ആയി ഉയര്‍ത്തും. ഇതോടെ നിലവിലുള്ളതിനേക്കാള്‍ രണ്ടു ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ അധികമായി വിപണിയിലെത്തും. 13 ഒപെക് രാജ്യങ്ങള്‍ക്കൊപ്പം എണ്ണ ഉത്പാദിപ്പിക്കുന്ന 10 രാജ്യങ്ങളും ചേര്‍ന്നാണ് തീരുമാനം പ്രഖ്യാപിച്ചത്.

◼️യുവേഫ നേഷന്‍സ് ലീഗിലെ ഗ്രൂപ്പ് മത്സരത്തില്‍ പോര്‍ച്ചുഗലിനെതിരേ സ്‌പെയ്‌നിന് സമനില. ഇരു ടീമും ഓരോ ഗോള്‍ വീതം നേടി.

◼️കളിപ്പാട്ട നിര്‍മാണ കമ്പനിയായ പ്ലാസ്റ്റിക് ലെഗ്നോയും റിലയന്‍സ് ഇന്‍ഡസ്ട്രീസും സംയുക്ത സംരംഭത്തിലേക്ക് കടക്കുന്നു. ഇന്ത്യയിലെ പ്ലാസ്റ്റിക് ലെഗ്നോ എസ്പിഎയുടെ കളിപ്പാട്ട നിര്‍മാണ ബിസിനസിലെ 40 ശതമാനം ഓഹരികള്‍ റിലയന്‍സ് ബ്രാന്റ്‌സ് ലിമിറ്റഡ് ഏറ്റെടുക്കും. യൂറോപ്പില്‍ 25 വര്‍ഷത്തിലേറെ കളിപ്പാട്ട നിര്‍മാണ പരിചയമുള്ള സുനിനോ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് പ്ലാസ്റ്റിക് ലെഗ്‌നോ. പ്ലാസ്റ്റിക് ലെഗ്‌നോയുമായി കൈകോര്‍ക്കുന്നതിലൂടെ  റിലയന്‍സ് ബ്രാന്റ്‌സ് ലിമിറ്റഡിന്റെ കളിപ്പാട്ട ബിസിനസ് വിപുലീകരിക്കാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. 2009ലാണ് പ്ലാസ്റ്റിക് ലെഗ്‌നോ ഇന്ത്യയിലെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്.  നിലവില്‍ 15 രാജ്യങ്ങളിലായി 213 സ്റ്റോറുകളുള്ള ഹാംലീസിന് ഇന്ത്യയിലും വലിയ കളിപ്പാട്ട വ്യവസായ ശൃംഖലയുണ്ട്.

◼️രാജ്യത്തെ ഹൗസ് പ്രൈസ് ഇന്‍ഡക്‌സ് (ഭവന വില സൂചിക) ഉയര്‍ന്നു. 2022 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തിലെ ഹൗസ് പ്രൈസ് ഇന്‍ഡക്‌സ് മുന്‍വര്‍ഷത്തെ കാലയളവിനേക്കാള്‍ 1.8 ശതമാനം ഉയര്‍ന്നതായാണ് ആര്‍ബിഐ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ കാലയളവിലെ മാര്‍ച്ച് പാദത്തില്‍ ഹൗസ് പ്രൈസ് ഇന്‍ഡക്‌സ് 2.7 ശതമാനമാണ് വര്‍ധിച്ചത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ സൂചികയിലെ ഉയര്‍ച്ച മന്ദഗതിയിലാണ്. അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ജയ്പൂര്‍, കാണ്‍പൂര്‍, കൊച്ചി, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ എന്നിവിടങ്ങളിലെ വിവരങ്ങളാണ് ഭവന വില സൂചികയ്ക്ക് അടിസ്ഥാനമാക്കുന്നത്. കൊല്‍ക്കത്ത, ചെന്നൈ, കാണ്‍പൂര്‍ എന്നിവിടങ്ങളിലാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. അതേസമയം, ബാക്കിയുള്ള നഗരങ്ങളില്‍ സൂചികയില്‍ ഇടിവുണ്ടായി.

◼️സായ് പല്ലവി നായികയാകുന്ന ചിത്രമാണ് 'വിരാട പര്‍വം'. ജൂണ്‍ 17ന് ആണ് ചിത്രം റിലീസ് ചെയ്യുക. തിയറ്റര്‍ റീലിസ് തന്നെയാണ്. 'വിരാട പര്‍വം' എന്ന ചിത്രത്തിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. 'വെന്നെല്ല' എന്ന കഥാപാത്രമായാണ് സായ് പല്ലവി അഭിനയിക്കുന്നത്. പൊലീസുകാരനെ പ്രണയിക്കുന്ന നക്സല്‍ ആയിട്ടാണ് സായ് പല്ലവി ചിത്രത്തില്‍ അഭിനയിക്കുന്നത്. റാണ ദഗുബാടി പൊലീസുകാരനായി ചിത്രത്തില്‍ അഭിനയിക്കുന്നു. വേണു ഉഡുഗുളയാണ് തിരക്കഥയും സംവിധാനവും. നന്ദിത ദാസ്, പ്രിയാമണി, സറീന വഹാബ്, ഈശ്വരി റാവു, സായ് ചന്ദ്, നിവേദ, നവീന്‍ ചന്ദ്ര തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

◼️അനൂപ് മേനോനെ നായകനാക്കി നവാഗതനായ ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്ത 21 ഗ്രാംസ്  എന്ന ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുന്നത്. ജൂണ്‍ 10ന് ആണ് സ്ട്രീമിംഗ് ആരംഭിക്കുക. തിയറ്ററുകളില്‍ ശ്രദ്ധ നേടിയ ചിത്രമാണിത്. ചില കൊലപാതകക്കേസുകള്‍ അന്വേഷിക്കാനെത്തുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് അനൂപ് മേനോന്‍ ചിത്രത്തില്‍. ലിയോണ ലിഷോയ്, അനു മോഹന്‍, രണ്‍ജി പണിക്കര്‍, രഞ്ജിത്, ലെന, നന്ദു, ജീവ ജോസഫ്, മാനസ രാധാകൃഷ്ണന്‍, പ്രശാന്ത് അലക്സാണ്ടര്‍, മറീന മൈക്കിള്‍, ബിനീഷ് ബാസ്റ്റിന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.

◼️ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ടയുടെ ആഡംബര വാഹന വിഭാഗമായ ലെക്സസ് ആഗോള വിപണിയില്‍ പുതിയ തലമുറ ആര്‍എക്സ്  കോംപാക്റ്റ് എസ്യുവിയെ അവതരിപ്പിച്ചു. അഞ്ചാം തലമുറ ലെക്‌സസ് ആര്‍എക്സ് ഒരു പുതിയ പ്ലാറ്റ്‌ഫോമിലും നാല് പുതിയ പവര്‍ട്രെയിനുകളിലും വാഗ്ദാനം ചെയ്യും. ആര്‍എക്സ് എസ്യുവിയുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പില്‍ നിന്ന് പഴയ വി6 എഞ്ചിനുകളെ ഒഴിവാക്കി. മക്കാഡമിയ ബ്രൗണ്‍, ബ്ലാക്ക് ബ്ലാക്ക്, ബിര്‍ച്ച് ബീജ്, പലോമിനോ യെല്ലോ ഗോള്‍ഡ്, പെപ്പര്‍കോണ്‍, റിയോജ റെഡ് എന്നിങ്ങനെ ആറ് വ്യത്യസ്ത കളര്‍ തീമുകളില്‍ ഇന്റീരിയര്‍ ലഭ്യമാണ്.

◼️ചിരിക്കാന്‍ ഇഷ്ടമില്ലാത്തവരായി ആരുണ്ട്? നമ്മുടെയൊക്കെ കുട്ടിക്കാല കുസൃതികളില്‍ ഏറ്റവുമധികം ഓര്‍മയില്‍ തങ്ങിനില്‍ക്കുന്നത് സ്‌കൂള്‍കാലത്തെ നേരമ്പോക്കുകളല്ലേ? മധ്യതിരുവിതാംകൂറിലെ ഒരു നാട്ടിന്‍പുറമാണ് ഈ പുസ്തകത്തിലെ അരങ്ങ്. കുട്ടികളും അധ്യാപകരും തമ്മിലും അധ്യാപകരും അധ്യാപകരും തമ്മിലും വിദ്യാര്‍ഥികള്‍ തമ്മില്‍ത്തമ്മിലും ഉള്ള രസകരങ്ങളായ നിമിഷങ്ങളാണ് തോമസ് പാലാ എന്ന അധ്യാപകനായിരുന്ന ഹാസ്യസാഹിത്യകാരന്‍ വരച്ചു കാട്ടുന്നത്. 'പള്ളിക്കൂടം കഥകള്‍'. നാലാം പതിപ്പ്. മനോരമ ബുക്സ്. വില 280 രൂപ.

◼️ഒരു ദിവസം തുടങ്ങുമ്പോള്‍ത്തന്നെ ചര്‍മസംരക്ഷണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങാം. ചര്‍മത്തിന്റെ സ്വഭാവമനുസരിച്ചുള്ള പരിചരണമാണ് ആവശ്യം. എണ്ണമയമുള്ള ചര്‍മമുള്ളവരാണെങ്കില്‍ സാലിസിലിക് ആസിഡ്, ലാക്റ്റിക് ആസിഡ് തുടങ്ങിയവ അടങ്ങിയ ഫെയ്സ്വാഷ് ഉപയോഗിച്ച് മുഖം കഴുകണം. മുഖത്തെ അമിതമായ എണ്ണമയം നീക്കം ചെയ്യാന്‍ ചര്‍മത്തിനനുയോജ്യമായ ഫെയ്സ്വാഷുകളുടെ ഉപയോഗം സഹായിക്കും. വല്ലാതെ വരണ്ട ചര്‍മമുള്ളവര്‍ ശുദ്ധമായ വെള്ളത്തില്‍ മുഖം കഴുകാം. അല്ലെങ്കില്‍ മൈല്‍ഡായ സോപ്പ് ഫ്രീ ക്ലെന്‍സര്‍ ഉപയോഗിച്ച് മുഖം വൃത്തിയാക്കാം. ഒരു സ്‌കിന്‍ സ്പെഷലിസ്റ്റിന്റെ നിര്‍ദേശപ്രകാരം ക്ലെന്‍സര്‍ തിരഞ്ഞെടുക്കാം. സെന്‍സിറ്റീവ് ചര്‍മമുള്ളവര്‍ക്കും മൈല്‍ഡ് ക്ലെന്‍സര്‍ ഉപയോഗിച്ച് മുഖം വൃത്തിയാക്കാം. ജോലി, പഠിത്തം, മറ്റ് ആവശ്യങ്ങള്‍ ഇവയ്ക്കായി വീടിനു പുറത്തിറങ്ങുന്നതിനു മുന്‍പ് മോയ്സചറൈസിങ് ക്രീമും സണ്‍സ്‌ക്രീന്‍ ക്രീമും പുരട്ടാം. സണ്‍സ്‌ക്രീന്‍ ക്രീം തിരഞ്ഞെടുക്കുന്നതിലും വേണം ശ്രദ്ധ. സണ്‍പ്രൊട്ടക്ഷന്‍ എസ്പിഎഫും പിഎ ട്രിപ്പിള്‍ പ്ലസും അതായത് യുവിബി, യുവിഎ റേസിനും  ഉതകുന്ന ക്രീം വേണം തിരഞ്ഞെടുക്കാന്‍. മിനിമം 30 എസ്പിഎഫും  യുവിഎയുടെ പിഎ ട്രിപ്പിള്‍ പ്ലസും ഉള്ള ക്രീം തിരഞ്ഞെടുക്കുന്നതാണുചിതം. ചില ക്രീമുകളില്‍ മോയ്ചറൈസര്‍ കൂടി ചേര്‍ന്നതാകും അങ്ങനെയല്ലെങ്കില്‍ ക്രീം ഇടുന്നതിനു മുന്‍പ് മോയ്സചറൈസര്‍ കൂടി ഉപയോഗിക്കണം. വരണ്ട ചര്‍മമുള്ളവര്‍ സണ്‍സ്‌ക്രീന്‍ ക്രീം ഉപയോഗിക്കുന്നതിന് മുന്‍പ് മോയ്സ്ചറസര്‍ തീര്‍ച്ചയായും ഉപയോഗിക്കണം. സാധാരണ ചര്‍മക്കാര്‍ മോയ്സചറൈസര്‍ ഉപയോഗിച്ചില്ലെങ്കിലും കുഴപ്പമില്ല. പക്ഷേ ഏതു ചര്‍മക്കാരായാലും സണ്‍സ്‌ക്രീന്‍ ക്രീം ഉപയോഗിക്കുന്നതില്‍ ഉദാസീനത കാട്ടരുത്. മുഖക്കുരു ഉളള ആളുകള്‍ മോയ്സചറൈസര്‍ ഉപയോഗിക്കുമ്പോള്‍ ഗ്ലിസറിന്‍, സെറാമെയ്ഡ്, നിയാസിനാമെയ്ഡ് എന്നിവ അടങ്ങിയ ക്രീമുകളാണോയെന്ന് ശ്രദ്ധിക്കണം.

*ശുഭദിനം*

അവന് സ്‌കൂളില്‍ നിന്നും ഒരു വൃക്ഷത്തൈ കിട്ടി.  ഞാവല്‍ ആണെന്ന് പറഞ്ഞാണ് ആ തൈ അവന് കൊടുത്തത്.  അവനത് വീട്ടില്‍ കൊണ്ടുവെച്ചു.   തൈ അല്‍പം വളര്‍ന്നപ്പോള്‍ അമ്മ പറഞ്ഞു.  ഇത് ഞാവല്‍ അല്ല, ഇലകണ്ടിട്ട് റംബൂട്ടാന്‍ ആണെന്ന് തോന്നുന്നു.  ചേച്ചി പറഞ്ഞു അത് സബിര്‍ജെല്ലിയാണെന്ന്.  അച്ഛന്‍ അതിന്റെ ഇലയല്പം കടിച്ചുനോക്കി.  ഭയങ്കര ചവര്‍പ്പായിരുന്നു.  ഇതൊരു പാഴ്മരമാണെന്ന് അച്ഛന്‍ വിലയിരുത്തി. ഒപ്പം വെട്ടിക്കളയാനും പറഞ്ഞു.  ഇതുകേട്ട് മുത്തശ്ശന്‍ തന്റെ അഭിപ്രായം വ്യക്തമാക്കി. വെട്ടിക്കളയണ്ട, അതവിടെ നില്‍ക്കട്ടെ.   കാലം കടന്നുപോയി, മരത്തിന് അല്പം വലുപ്പം വെച്ചതോടെ അതില്‍ കിളികള്‍ ചേക്കാറാന്‍ തുടങ്ങി.  വെയിലുള്ളപ്പോള്‍ അവന്‍ അതിന്റെ ചുവട്ടില്‍ പോയിരുന്ന് വിശ്രമിച്ചു.  വര്‍ഷങ്ങള്‍ കടന്നുപോയി.  മരം കായ്ചു.  അതില്‍ കായകള്‍ നിറഞ്ഞു. കായകള്‍ പഴുത്തപ്പോള്‍ രുചികരമായ ഒരു പഴം. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ അത് ഓടപ്പഴമാണെന്ന് മനസ്സിലായി.  ഈ മരത്തിന്റെ വളര്‍ച്ച കണ്ടുകൊണ്ടിരുന്ന ഒരു കിളി മരത്തോട് ചോദിച്ചു.  അവരെല്ലാം ഓരോന്ന് പറയുന്നത് കേട്ടിട്ടും, വെട്ടിക്കളയാന്‍ തീരുമാനിച്ചപ്പോഴുമെല്ലാം നീ വീണുപോകാഞ്ഞത് എന്തുകൊണ്ടാണ്?  മരം കിളിയോട് പറഞ്ഞു:   അവര്‍ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ, ഞാന്‍ ആരാണെന്ന് എനിക്കറിയാമായിരുന്നു.   ഈ മരം കിളിയോട് പറഞ്ഞത് നമുക്കും സ്വീകരിക്കാം.. നമ്മെക്കുറിച്ച് ആരും എന്ത് വേണമെങ്കിലും പറയട്ടെ, ഏത് വിമര്‍ശനങ്ങളും കടന്നുവരട്ടെ, നാം ആരെന്ന് നമുക്ക് അറിയുന്നിടത്തോളം നിശബ്ദനായി തന്റെ കര്‍ത്തവ്യങ്ങള്‍ തുടരുക.  ഒരിക്കല്‍ അവര്‍ നമ്മെ തിരിച്ചറിയുക തന്നെ ചെയ്യും - *ശുഭദിനം.* മീഡിയ16