മീഡിയ 16*പ്രഭാത വാർത്തകൾ*2022 | ജൂൺ 29 | ബുധൻ

◼️സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ചൂടേറിയ ചര്‍ച്ച. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രമേയം സഭ വോട്ടിനിട്ടു തള്ളി. പ്രതിപക്ഷത്തെയും സംഘപരിവാറിനേയും കടന്നാക്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വര്‍ണക്കടത്തു കേസില്‍ തന്റെ കൈകള്‍ ശുദ്ധമാണെന്നും ഗൂഡാലോചനയുണ്ടെന്നും വാദിച്ചു. ശുദ്ധമെങ്കില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പ്രതിപക്ഷവും ഭരണപക്ഷവും ആരോപണ പ്രത്യാരോപണങ്ങളുമായി നിയമസഭയെ ഇളക്കി മറിച്ചു. ചൂടേറിയ ചര്‍ച്ച നടക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സഭയില്‍ ഉണ്ടായിരുന്നില്ല.

◼️മകള്‍ക്കെതിരേ ആക്ഷേപമുന്നയിച്ച മാത്യു കുഴല്‍നാടന്‍ എംഎല്‍എയോട് ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 'മകളെക്കുറിച്ചു പറഞ്ഞാല്‍ ഞാനങ്ങ് കിടുങ്ങി പോകുമെന്നാണോ വിചാരമെന്ന് മുഖ്യമന്ത്രി ചോദിച്ചു. അതിന് വേറെ ആളെ നോക്കണം. ചര്‍ച്ചയില്‍ രാഷ്ട്രീയമായി കാര്യങ്ങള്‍ പറയണം. വീട്ടിലിരിക്കുന്നവരെ വെറുതെ വലിച്ചിഴച്ച് ആക്ഷേപിക്കരുത്. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

◼️സോളാര്‍ കേസും സ്വര്‍ണക്കടത്തു കേസും തമ്മില്‍ എന്തു ബന്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സോളാര്‍ അന്വേഷണത്തില്‍ ഒത്തുകളി ആരോപണം ഉയര്‍ന്നപ്പോഴാണ് കേസ് സിബിഐക്കു വിട്ടത്. പരാതിക്കാരിയും ഇക്കാര്യം ആവശ്യപ്പെട്ടു. അനാവശ്യമായ പഴി സംസ്ഥാന സര്‍ക്കാര്‍ കേള്‍ക്കേണ്ടെന്നു കരുതിയാണ് അത് അംഗീകരിച്ചത്. അതും ഇതും തമ്മില്‍ എന്താണ് ബന്ധമെന്നു മനസിലാകുന്നില്ല. ഇടനിലക്കാരുണ്ടെന്ന ആക്ഷേപം കെട്ടുകഥ മാത്രമാണ്. സ്വപ്നയുടെ രഹസ്യ മൊഴിക്ക് ഒരു തെളിവിന്റേയും പിന്‍ബലമില്ലെന്നും പിണറായി വിജയന്‍.

◼️സ്വപ്ന സുരേഷ് സംഘപരിവാറിന്റെ ഉപകരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജോലി സംഘ പരിവാര്‍ സംഘത്തില്‍, കാര്‍, താമസം, സുരക്ഷാ, ശമ്പളം എല്ലാം അവരുടെ വക. വക്കീലും അവരുടെ വക. സംഘപരിവാര്‍ ചെല്ലും ചെലവും കൊടുത്തു വളര്‍ത്തുന്ന ഏര്‍പ്പാട്. പ്രധാനമന്ത്രിക്കു കത്തെഴുതാനുള്ള ലെറ്റര്‍പാഡും അവരുടെ വക. ഇങ്ങനെയുള്ള സ്വപ്നയുടെ വാക്കുകള്‍ പ്രതിപക്ഷം വേദവാക്യമാക്കിയിരിക്കുകയാണ്. സ്വപ്നയുടെ ആരോപണം പൊതുരംഗം കലുഷിതമാക്കാന്‍ ആയതിനാലാണു ഗൂഢാലോചന കേസെടുത്തത്. മുഖ്യമന്ത്രി പറഞ്ഞു.

◼️തനിക്കെതിരേ ഉന്നയിച്ച ഡോളര്‍ കടത്ത് ഭാവനസൃഷ്ടിയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു പരിശോധനയുമില്ലാതെ ഡോളര്‍ കൊണ്ടുപോകാന്‍ വിമാനത്താവളത്തിലെ അധികൃതര്‍ സമ്മതിക്കുമോ? അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. വീണ്ടും തകരുന്നു. സര്‍ക്കാര്‍ താഴെ പോകുമെന്ന് വെറുതെ കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

◼️പ്രതിപക്ഷം ഉന്നയിച്ച ഒരു ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രി 57 മിനിറ്റ് പ്രസംഗിച്ചിട്ടും മറുപടിയില്ല. സോളാര്‍ കേസില്‍ സരിതയുടെ വെളിപ്പെടുത്തലില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതുപോലെ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ സിബിഐ അന്വേഷണം നടത്തണം. ഒരു കഥയും യുഡിഎഫ് മെനഞ്ഞതല്ല. എല്ലാം കൊണ്ടുവന്നത് സര്‍ക്കാര്‍ നിയമിച്ച സ്വപ്ന സുരേഷാണ്. കെ.ടി ജലീല്‍ കൊടുത്ത കേസിലെ സാക്ഷി നിരവധി തട്ടിപ്പു കേസിലെ പ്രതി സരിതയാണെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

◼️നിയമസഭയില്‍ സ്വര്‍ണ്ണക്കള്ളക്കടത്തിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ മറുപടി നല്‍കാതെ മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മുഖ്യമന്ത്രി മറുപടി പറയാതെ മറ്റുള്ളവരെ കുറ്റപ്പെടുത്തുകയാണു ചെയ്തത്.  സ്വപ്നയ്ക്കു പിന്നില്‍ സംഘപരിവാറാണെന്ന് പിണറായി വിജയന്‍ വിലപിക്കുന്നതു കാണുമ്പോള്‍ ജനങ്ങള്‍ പുച്ഛിക്കുമെന്നും സുരേന്ദ്രന്‍.

◼️രാഹുല്‍ ഗാന്ധിയെപോലെ പിണറായി വിജയനെയും കേന്ദ്രഏജന്‍സിയെക്കൊണ്ട് ചോദ്യം ചെയ്യിപ്പിക്കാനാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നതെന്ന് സിപിഎം കേന്ദ്രകമ്മറ്റി അംഗം ടി.എം തോമസ് ഐസക്. കോണ്‍ഗ്രസ് നശിച്ചുകാണണമെന്ന ആഗ്രഹം ഇടതുപക്ഷത്തിനില്ല. ബിജെപിയെ എന്ത് വില കൊടുത്തും എതിര്‍ക്കുമെന്നും തോമസ് ഐസക്.

◼️മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ ആരോപണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ഇന്നു പുറത്തുവിടുമെന്ന് മാത്യു കുഴന്‍നാടന്‍ എംഎല്‍എ. പതിനൊന്ന് മണിക്കാണ് കെപിസിസിയില്‍ വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. ഇന്നലെ നിയമസഭയില്‍ വീണ വിജയന്റെ കമ്പനിക്ക് പ്രൈസ് വാട്ടേഴ്സ്ഹൗസ് കൂപ്പറുമായി ബന്ധമുണ്ടെന്ന് ആരോപിച്ച മാത്യു കുഴല്‍നാടനോടു മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷുഭിതനായി പ്രതികരിച്ചിരുന്നു.

◼️ബഫര്‍ സോണ്‍ ഉത്തരവില്‍ ജനവാസ മേഖലകളെ ഒഴിവാക്കണമെന്നതാണ് സര്‍ക്കാര്‍ നയമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍. ഉപഗ്രഹ സഹായത്തോടെയുള്ള സര്‍വ്വേ മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് ശ്രമം.   ഇക്കാര്യത്തില്‍ കേരളം രണ്ടു തട്ടിലാണെന്ന് വരാന്‍ പാടില്ലെന്നും നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലിനു മറുപടിയായി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.  മലയോര മേഖലകളില്‍ വികസന പദ്ധതികള്‍ക്കു തടസമുണ്ടാക്കുന്ന വനംവകുപ്പ് സംവിധാനത്തെ മന്ത്രി വിമര്‍ശിച്ചു.

◼️നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജി വിചാരണ കോടതി തള്ളി. കേസില്‍ രണ്ടാഴ്ചയ്ക്കകം അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു. കഴിഞ്ഞ വര്‍ഷവും പ്രോസിക്യൂഷന്റെ സമാന ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു.

◼️നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതു പരിശോധിക്കാന്‍ ഫൊറന്‍സിക് പരിശോധനയുടെ ആവശ്യമില്ലെന്ന് ദിലീപ് ഹൈക്കോടതിയില്‍. മെമ്മറികാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ദിലീപിന്റെ ഈ നിലപാട്. മെമ്മറി കാര്‍ഡിന്റെ മിറര്‍ ഇമേജുകള്‍ താരതമ്യം ചെയ്താല്‍ ഹാഷ് വാല്യുവിലെ മാറ്റം മനസ്സിലാക്കാമെന്നും ദിലീപ് ഹൈക്കോടതിയെ അറിയിച്ചു.

◼️സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി പകര്‍പ്പ് ആവശ്യപ്പെട്ട് സരിത എസ് നായര്‍ ഹൈക്കോടതിയില്‍. കീഴ്ക്കോടതി ആവശ്യം തള്ളിയതിന് പിന്നാലെയാണ് സരിത ഹൈക്കോടതിയെ സമീപിച്ചത്. തന്നെ സംബന്ധിച്ച ചില പരാമര്‍ശങ്ങള്‍ മൊഴിയില്‍ ഉള്ളതിനാല്‍ പകര്‍പ്പ് വേണമെന്നാണ് ആവശ്യം. രഹസ്യമൊഴി എങ്ങനെ പൊതുരേഖ ആകുമെന്ന് കോടതി ചോദിച്ചു.

◼️പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ ഇന്നു കേരളത്തില്‍ പ്രചാരണം നടത്തും. ഉച്ചയ്ക്ക് രണ്ടിന്  നിയമസഭയില്‍ എല്‍ഡിഎഫ് എംപിമാരുമായും എംഎല്‍എമാരുമായും യശ്വന്ത് സിന്‍ഹ കൂടിക്കാഴ്ച നടത്തും. മൂന്നിനാണ് യുഡിഎഫ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ച. പിന്നീട് വാര്‍ത്താ സമ്മേളനത്തിലും ഗാന്ധി ഭവനിലെ സ്വീകരണ പരിപാടിയിലും പങ്കെടുക്കും.

◼️പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയെ സ്വീകരിക്കാന്‍ ഇടതുപക്ഷത്തുനിന്ന് ആരും പോകാതിരുന്നത് ദുരൂഹമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. നരേന്ദ്ര മോദിയെ പേടിച്ചാണ് പിണറായിയും കൂട്ടരും വിമാനത്താവളത്തില്‍ എത്താതിരുന്നതെന്നു സുധാകരന്‍ ആരോപിച്ചു.

◼️പ്രതിപക്ഷം സംസ്ഥാന സര്‍ക്കാരിനെ വേട്ടയാടുകയാണെന്ന് ആരോപിച്ച് വയനാട് കല്‍പ്പറ്റയില്‍ ഇന്ന് എല്‍ഡിഎഫിന്റെ  റാലി. വൈകിട്ട് മൂന്നിന് നടക്കുന്ന റാലി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. പതിനായിരത്തിലേറെ പേര്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണ പശ്ചാത്തലത്തിലാണ് റാലി നടത്തുന്നത്. കല്‍പ്പറ്റ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

◼️വനം വികസന കോര്‍പറേഷനില്‍ എംഡിയും ചെയര്‍പേഴ്സനും തമ്മിര്‍ പോര്. കോര്‍പറേഷന്‍ അധ്യക്ഷ ലതിക സുഭാഷിന്റെ സ്വകാര്യ യാത്രകളുടെ പണം തിരിച്ചടയ്ക്കണമെന്ന് എംഡി പ്രകൃതി ശ്രീവാസ്തവ ഉത്തരവിട്ടിരുന്നു. എന്നാല്‍ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനായി നടത്തിയ യാത്രയെ സ്വകാര്യ യാത്രയായി ചിത്രീകരിക്കാനാവില്ലെന്നാണ് ലതിക സുഭാഷിന്റെ വിശദീകരണം.

◼️സംസ്ഥാനത്തെ ക്വാറി, ക്രഷര്‍ യൂണിറ്റുകളില്‍ ജിഎസ്ടി ഇന്റലിജന്‍സ് റെയ്ഡ് നടത്തി. കോടികളുടെ ക്രമക്കേട് കണ്ടെത്തി. ജിയോളജി വകുപ്പ് അനുവദിച്ച പെര്‍മിറ്റിനേക്കാള്‍ കൂടുതല്‍ പാറ പൊട്ടിക്കുന്നതായും നികുതി വെട്ടിച്ച് വില്‍പ്പന നടത്തുന്നതായും റെയ്ഡില്‍ കണ്ടെത്തി.

◼️ഭൂമി അളന്നു നല്‍കാന്‍ ആറായിരം രൂപ കൈക്കൂലി വാങ്ങിയ താലൂക്ക് സര്‍വെയറെ വിജിലന്‍സ് പിടികൂടി. നാട്ടിക മൂത്തകുന്നം ബീച്ചില്‍ ഭൂമി അളക്കാന്‍ കൈക്കൂലി വാങ്ങുമ്പോഴാണ് വലപ്പാട് സ്വദേശി എം.വി.അനിരുദ്ധനെ വിജിലന്‍സ് പിടികൂടിയത്. കൈപ്പമംഗലം സ്വദേശി ദിവ്യയുടെ പരാതിയിലാണ് വിജിലന്‍സ് നടപടി.

◼️കെ.ബി. ഗണേശ് കുമാറിന് മറുപടിയുമായി 'അമ്മ'യുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. ക്ലബ്ബ് എന്നത് ഒരു മോശം വാക്കായി കരുതുന്നില്ല. അംഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു പ്രസ്ഥാനം എന്നേ ഉദ്ദേശിച്ചുള്ളൂ. കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ച് അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തിലുള്ള കേസ് എന്ന നിലയിലാണ് വിജയ്ബാബുവിനെതിരെ നടപടി എടുക്കാത്തത്. എന്‍ഐഎ അറസ്റ്റു ചെയ്ത് ജയിലില്‍ അടച്ച ബിനീഷ് കോടിയേരിക്കെതിരെ കേസില്‍ വിധി വരുന്നതുവരെ നടപടി അരുതെന്നാണ് തീരുമാനിച്ചത്. ഇപ്പോള്‍ എന്താണ് ഇരട്ട നീതിയെന്നും ഇടവേള ബാബു ചോദിച്ചു.

◼️അശ്ലീല വീഡിയോ നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടെന്ന സഹപ്രവര്‍ത്തകയുടെ പരാതിയില്‍ അറസ്റ്റിലായ ക്രൈം നന്ദകുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം നോര്‍ത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പട്ടികജാതി- പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരമാണ് നന്ദകുമാറിനെ  അറസ്റ്റ് ചെയ്തത്. വനിത മന്ത്രിയുടെ അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ ജീവനക്കാരിയെ  നിര്‍ബന്ധിച്ചെന്ന പരാതിയിലാണ്   നന്ദകുമാര്‍ അറസ്റ്റിലായത്.

◼️ഇടുക്കി എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയായിരുന്ന ധീരജിനെ കൊലപ്പെടുത്തിയത് എസ്എഫ്ഐക്കാരാണെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി മാത്യു. സിപിഎമ്മിന്റെ ജില്ലാ പഞ്ചായത്ത് അംഗം, രണ്ട് എസ്എഫ്ഐ നേതാക്കള്‍ എന്നിവരുടെ ഇടപെടല്‍ സംശകരമാണെന്നും സി.പി മാത്യു ആരോപിച്ചു.

◼️പന്തളം കൊട്ടാരം വലിയ തമ്പുരാന്‍ കൈപ്പുഴ ലക്ഷ്മി വിലാസം കൊട്ടാരത്തില്‍ തിരുവോണം തിരുനാള്‍ അഡ്വ. രാജരാജവര്‍മ അന്തരിച്ചു. 98 വയസായിരുന്നു. പാലക്കാട്ടെ മണ്ണാര്‍ക്കാടായിരുന്നു താമസം. സംസ്‌കാരം ഇന്നു രണ്ടിന് പാമ്പാടി തിരുവില്വാമല ഐവര്‍മഠത്തില്‍.

◼️പെരിയാര്‍ കടുവാ സങ്കേതത്തില്‍ സ്ഥിതിചെയ്യുന്ന വണ്ടിപ്പെരിയാര്‍ വഞ്ചിവയല്‍ ആദിവാസി കോളനിയില്‍ ഒരാളെ മരിച്ചനിലയില്‍ കണ്ടെത്തി. കോളനിയിലെ താമസക്കാരനായ ഇലവുങ്കല്‍ വീട്ടില്‍ പ്രഭാകരന്‍ (45) ആണ് മരിച്ചത്.  വഞ്ചിവയല്‍ കോളനിയിലേക്കു പോകുന്ന വഴിയിലുള്ള കലുങ്കിനടിയിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.

◼️വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകനെ തൃശൂര്‍ ചേര്‍പ്പ് പോലീസ് അറസ്റ്റ് ചെയ്തു. ചിറയ്ക്കല്‍ ദാറുല്‍ ഇസ്ലാം മദ്രസ അധ്യാപകന്‍ മലപ്പുറം വട്ടല്ലൂര്‍ ചക്രതൊടി വീട്ടില്‍ അഷ്റഫിനെ(42)   മലപ്പുറത്തുനിന്നാണ് അറസ്റ്റ് ചെയ്തത്.

◼️രാവിലെ പല്ലുതേയ്ക്കാതെ മകനു മുത്തം നല്‍കിയതു ചോദ്യംചെയ്തതിനാണ് ഭാര്യ ദീപികയെ വെട്ടിക്കൊന്നതെന്ന് ഭര്‍ത്താവ് അവിനാശിന്റെ മൊഴി. കോയമ്പത്തൂര്‍ സ്വദേശിനി ദീപികയാണ് മരിച്ചത്. ഒന്നര വയസുള്ള മകനു മുന്നിലിട്ടാണ് അറസ്റ്റിലായ അവിനാശ് ദീപികയെ വെട്ടിക്കൊന്നത്.

◼️പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് വിദ്യാര്‍ത്ഥിനിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ. കോഴിക്കോട് കരിവിശ്ശേരി ചിറ്റിലിപ്പാട്ട് പറമ്പ് കൃഷണ കൃപയില്‍ മുകേഷിനെ (35)  കോഴിക്കോട് ഒന്നാം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ്  സെഷന്‍സ് ജഡ്ജി ശിക്ഷിച്ചത്.

◼️പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പാലക്കാട് ചൂലന്നൂരില്‍ ഒരു കുടുംബത്തിലെ നാലുപേരെ വെട്ടിയ കേസില്‍ പ്രതി മുകേഷ് പിടിയില്‍. വിഷുദിനത്തിലാണ് ചൂലന്നൂര്‍ സ്വദേശികളായ ഇന്ദ്രജിത്ത്, രേഷ്മ, അച്ഛന്‍ മണി, അമ്മ സുശീല എന്നിവരെ മുകേഷ് ആക്രമിച്ചത്.

◼️വാഹനപരിശോധനയ്ക്കിടെ പൊലീസിനുനേരെ കൈയേറ്റശ്രമം നടത്തിയെന്ന കേസില്‍ യുവാവിനെ പനമരം പൊലീസ് അറസ്റ്റ് ചെയ്തു. നീര്‍വാരം സ്വദേശി വെട്ടുപാറപ്പുറത്ത് ശ്രീജിത്ത് (42) ആണ് അറസ്റ്റിലായത്.

◼️രാജസ്ഥാനിലെ ഉദ്ദയ്പൂരില്‍ നുപുര്‍ ശര്‍മ്മയ്ക്ക് അനുകൂല പോസ്റ്റിട്ട തയ്യല്‍ക്കടയുടമ കനയ്യലാലിനെ വെട്ടിക്കൊന്നു. ഇതേരീതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കൊല്ലുമെന്നു വാളുയര്‍ത്തി ഭീഷണി മുഴക്കി വീഡിയോ പ്രചരിപ്പിച്ച പ്രതികളെ പോലീസ് പിടികൂടി. സംഭവത്തെ തുടര്‍ന്ന് രാജസ്ഥാനിലെ ക്രമസമാധാന നില താറുമാറായി. രാജസ്ഥാനില്‍ ഒരു മാസത്തേക്കു നിരോധനാജ്ഞ പ്രഖ്യാപിച്ചു. 24 മണിക്കൂര്‍ നേരത്തേക്ക് ഇന്റര്‍നെറ്റ് സേവനങ്ങളും നിര്‍ത്തി വച്ചു.

◼️മഹാരാഷ്ട്ര നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഉദ്ധവ് താക്കറെ സര്‍ക്കാരിനോട് ഗവര്‍ണര്‍ ഇന്ന് ആവശ്യപ്പെട്ടേക്കും. ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു ചര്‍ച്ച നടത്തി. തിടുക്കത്തില്‍ വിശ്വാസ വോട്ടെടുപ്പു നടത്തുന്നതിനെതിരെ ഉദ്ധവ് താക്കറെ സുപ്രീംകോടതിയെ സമീപിച്ചേക്കും എന്നാണ് സൂചന. ഫഡ്നാവിസ് ഇന്നലെ ഡല്‍ഹിയിലെത്തി ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, ജനറല്‍ സെക്രട്ടറി അരുണ് സിംഗ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

◼️മുംബൈ തീരത്തുനിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെ ഒഎന്‍ജിസി ഹെലികോപ്റ്റര്‍ അറബിക്കടലില്‍ ഇടിച്ചിറക്കി. അപകടത്തില്‍ ഒഎന്‍ജിസി ഉദ്യോഗസ്ഥരായ നാലു പേര്‍ മരിച്ചു. ഹെലികോപ്റ്ററില്‍ രണ്ടു പൈലറ്റുമാര്‍ ഉള്‍പ്പെടെ ഒമ്പതു യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഒമ്പതുപേരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും നാലു പേര്‍ മരിച്ചു. ഒഎന്‍ജിസിയുടെ സാഗര്‍ കിരണ്‍ എന്ന റിഗില്‍ ഇറങ്ങാനുള്ള ശ്രമത്തിനിടെയാണ് ഹെലികോപ്റ്റര്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയത്.

◼️പാക്കറ്റ് തൈര്, ലസ്സി, ബട്ടര്‍ മില്‍ക്ക് അടക്കമുള്ളവയ്ക്ക് നികുതി ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശം. ചൂതാട്ട കേന്ദ്രങ്ങള്‍ക്കും ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും നികുതി ഏര്‍പ്പെടുത്തും. ജിഎസ്ടി നഷ്ടപരിഹാരം നീട്ടണമെന്ന് സംസ്ഥാനങ്ങള്‍ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ ജിഎസ്ടി കൗണ്‍സില്‍ അംഗീകരിച്ചു. മെയ് മാസത്തിലെ ജിഎസ്ടി വരുമാനം 1.4 ലക്ഷം കോടി രൂപയായി.

◼️ആന്ധ്രയിലെ മാവോയിസ്റ്റ് നേതാവ് വന്തല രാമകൃഷ്ണ അറസ്റ്റില്‍. ആയുധങ്ങളും 39 ലക്ഷം രൂപയും രാമകൃഷ്ണയുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു. വന്തല രാമകൃഷ്ണയുടെ തലയ്ക്ക് അഞ്ചു ലക്ഷം രൂപ ആന്ധ്ര സര്‍ക്കാര്‍ വിലയിട്ടിരുന്നു. 14 കൊലപാതക കേസുകളടക്കം 124 കേസുകള്‍ രാമകൃഷ്ണയ്ക്കെതിരെയുണ്ട്. അറസ്റ്റിനു പിറകേ മാവോയിസ്റ്റ് സംഘത്തിലെ 60 പേര്‍ കീഴടങ്ങി.

◼️കൊവീഷില്‍ഡ് വാക്സിന്റെ ഉത്പാദകരായ പൂണെയിലെ സിറം ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവോവാക്‌സ് ഏഴിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ അടിയന്തര ഉപയോഗത്തിന് ഡിസിജിഐ അനുമതി നല്‍കി. ജനോവ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ എം ആര്‍ എന്‍ എ വാക്സിന്റെ അടിയന്തര ഉപയോഗത്തിനും ഡിസിജിഐ അനുമതി നല്‍കിയിട്ടുണ്ട്. പതിനെട്ട് വയസിന് മുകളിലുള്ളവരില്‍ കുത്തിവെക്കാനാണ് അനുമതി.

◼️മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ ഒരു കുടുംബത്തിലെ ഒന്‍പത് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൂട്ടക്കൊലപാതകം. ഒളിഞ്ഞിരിക്കുന്ന നിധി കണ്ടെത്തിത്തരാമെന്നു പറഞ്ഞ് ഒരു കോടി രൂപ കുടുംബത്തില്‍നിന്നു തട്ടിയെടുത്ത അബ്ബാസ് മുഹമ്മദ് അലി ബഗ്വാന്‍, ധീരജ് സുരവാസെ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മൃഗ ഡോക്ടറായ മാണിക് വാന്‍മോറെ, മാണിക്കിന്റെ സഹോദരന്‍ പോപ്പറ്റ്, ഇവരുടെ കുടുംബാംഗങ്ങള്‍ എന്നിവരാണ് മരിച്ചത്.

◼️നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു. കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.  ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഏതാനം ദിവസം മുമ്പ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

◼️മുംബൈയിലെ കുര്‍ള ഈസ്റ്റില്‍ നാല് നില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം 11 ആയി. സംഭവത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

◼️മതവിദ്വേഷം ആരോപിച്ച് ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്ത മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈറിനെ കോടതിയില്‍ ഹാജരാക്കി. 1983 ലെ ഒരു ഹിന്ദി സിനിമയിലെ ദൃശ്യം 2018 ല്‍ ട്വീറ്റ് ചെയ്തതിനാണ് അറസ്റ്റ്. ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരായ കേസ് അസംബന്ധമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷക വൃന്ദ ഗ്രോവര്‍ പറഞ്ഞു.

◼️റിലയന്‍സ് ജിയോ ചെയര്‍മാന്‍ സ്ഥാനം മുകേഷ് അംബാനി ഒഴിഞ്ഞു. മൂത്തമകന്‍ ആകാശ് അംബാനി പുതിയ ചെയര്‍മാന്‍. പങ്കജ് മോഹന്‍കുമാറാണ് മാനേജിംഗ് ഡയറക്ടര്‍.

◼️യുഎഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയില്‍ തിരിച്ചെത്തി.  ജി-7 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം ഇന്ത്യയിലേക്കു മടങ്ങുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനം. അബുദാബി വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എത്തിയിരുന്നു.

◼️അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും കുടുംബത്തിനും അടക്കം 25 അമേരിക്കന്‍ പൗരന്മാര്‍ക്ക് റഷ്യ വിലക്ക് ഏര്‍പ്പെടുത്തി. റഷ്യക്കെതിരേ യുഎസ് ഉപരോധം തുടരുന്ന സാഹചര്യത്തിലാണ് ഇവരെ സ്റ്റോപ് ലിസ്റ്റില്‍ ഉള്‍പെടുത്തിയത്.

◼️കുവൈറ്റില്‍ ഫാമിലി, ടൂറിസ്റ്റ് സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നത് താത്കാലികമായി നിര്‍ത്തിവച്ചു.

◼️അയര്‍ലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് നാല് റണ്‍സ് വിജയം. ഇന്ത്യ ഉയര്‍ത്തിയ 226 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അയര്‍ലന്‍ഡ് അവസാന ബോള്‍ വരെ വിജയപ്രതീക്ഷ ഉയര്‍ത്തിയെങ്കിലും നിശ്ചിത ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഈ വിജയത്തോടെ ഇന്ത്യ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കി. നേരത്തെ ദീപക് ഹൂഡയുടെ 104 റണ്‍സിന്റേയും സഞ്ജു സാംസണിന്റെ 77 റണ്‍സിന്റേയും പിന്‍ബലത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ നേടിയത്യ

◼️വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സില്‍ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ പോളണ്ടിന്റെ ഇഗാ സ്വിയാതെകും അമേരിക്കയുടെ കൊക്കൊ ഗൗഫും രണ്ടാം റൗണ്ടിലെത്തി. അതേസമയം പുരുഷ സിംഗിള്‍സില്‍ വിംബിള്‍ഡണില്‍ കിരീടസാധ്യത കല്‍പിച്ചിരുന്ന ഇറ്റാലിയന്‍ താരം മത്തേയോ ബരെറ്റീനി കോവിഡ് ബാധിതനായതോടെ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്‍മാറി. മറ്റൊരു പോരാട്ടത്തില്‍ പതിനെട്ടാം സീഡായ ഗ്രിഗോര്‍ ദിമിത്രോവ് അമേരിക്കയുടെ സ്റ്റീവ് ജോണ്‍സണെതിരെ ആദ്യ സെറ്റ് നേടിയ ശേഷം പരിക്കിനെത്തുടര്‍ന്ന് പിന്‍മാറി.

◼️ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 9.3 ശതകോടി ഡിജിറ്റല്‍ പേയ്‌മെന്റ് ഇടപാടുകള്‍ നടന്നതായി വേള്‍ഡ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.  9.3 ബില്യണിലധികം ഡിജിറ്റല്‍ പേയ്‌മെന്റ് ഇടപാടുകളിലായി 10 ലക്ഷം കോടിയിലേറെ രൂപ കൈമാറിയതായാണ് റിപ്പോര്‍ട്ട്. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, മൊബൈല്‍ വാലറ്റുകള്‍, പ്രീപെയ്ഡ് കാര്‍ഡുകള്‍ പോലുള്ള പ്രീപെയ്ഡ് പേയ്‌മെന്റ് ഉപകരണങ്ങള്‍, യുപിഐ പേഴ്‌സണ്‍ ടു മര്‍ച്ചന്റ്  എന്നിങ്ങനെയുള്ള പേയ്‌മെന്റ് മോഡുകള്‍ വഴിയാണ് ഇടപാടുകള്‍ നടന്നിരിക്കുന്നത്. ഈ പാദത്തില്‍ ഏറ്റവും കൂടുതല്‍ ഇടപാടുകള്‍ നടന്നിരിക്കുന്നത് യുപിഐ പേഴ്‌സണ്‍ ടു മര്‍ച്ചന്റ് വഴിയാണ്.  ഇടപാടുകളില്‍  7 ശതമാനം നടന്നിരിക്കുന്നത് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് എന്നത് ശ്രദ്ധേയമാണ്.

◼️ആഗോളതലത്തില്‍ സാന്നിധ്യമുള്ള മലയാളി ഡിജിറ്റല്‍ പ്രോഡക്ട് എന്‍ജിനീയറിങ് കമ്പനിയായ എക്സ്പെരിയോണ്‍ ടെക്നോളജീസ് വന്‍തോതില്‍ റിക്രൂട്ടിങ്ങിന്. നിലവില്‍ 1100 പേര്‍ ജോലി ചെയ്യുന്ന സ്ഥാപനം 3 വര്‍ഷത്തിനകം തുടക്കക്കാര്‍ ഉള്‍പ്പെടെ 1900 പേരെക്കൂടി നിയമിക്കാനാണു ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തില്‍ നിയമനം 500 പേര്‍ക്ക്. യുഎസ്, യുകെ, ജര്‍മനി, സ്വിറ്റ്സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്സ്, ഓസ്ട്രേലിയ, ന്യൂസീലന്‍ഡ് എന്നിവിടങ്ങളില്‍ ഓഫിസുകളുള്ള എക്സ്പെരിയോണിന്റെ ആസ്ഥാനം തിരുവനന്തപുരം ടെക്നോപാര്‍ക്കാണ്. 15 വര്‍ഷം മുന്‍പു സ്ഥാപിതമായ കമ്പനി ട്രാന്‍സ്പോര്‍ട്ടേഷന്‍, റീട്ടെയില്‍, ഹെല്‍ത്ത് കെയര്‍, ഫിനാന്‍ഷ്യല്‍ സര്‍വീസസ് മേഖലകളിലെ കമ്പനികള്‍ക്കായി സോഫ്‌റ്റ്വെയര്‍ പ്രോഡക്ടുകളാണു ലഭ്യമാക്കുന്നത്.

◼️വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന ചിത്രമാണ് 'കുറി'. കെ ആര്‍ പ്രവീണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കെ ആര്‍ പ്രവീണിന്റേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. വിഷ്ണു ഉണ്ണികൃഷ്ണന്റെ 'കുറി'യുടെ പ്രൊമൊ ഗാനമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വിനു തോമസാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ബി കെ ഹരിനാരായണന്‍ വരികള്‍ എഴുതിയിരിക്കുന്നു. വിനീത് ശ്രീനിവാസനും അഞ്ജു ജോസഫുമാണ് ഗാനം പാടിയിരിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനും സഹ താരങ്ങളും പാട്ടിനൊത്ത് ചുവടുകള്‍ വയ്ക്കുന്നതും പ്രൊമോ ഗാനത്തിന്റെ വീഡിയോയില്‍ കാണാം. സുരഭി ലക്ഷ്മി, വിഷ്ണു ഗോവിന്ദന്‍, വിനോദ് തോമസ്, സാഗര്‍ സൂര്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

◼️കത്രീന കൈഫ് നായികയാകുന്ന ചിത്രമാണ് ഫോണ്‍ ഭൂത്. ഇഷാന്‍ ഖട്ടര്‍, സിദ്ദാര്‍ത് ചതുര്‍വേദി  എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്. ഗുര്‍മീത് സിംഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫോണ്‍ ഭൂത് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍.
ഒക്ടോബര്‍ ഏഴിന് ആണ് ചിത്രം റിലീസ് ചെയ്യുക. രവി ശങ്കരന്‍, ജസ്വിന്ദര്‍ സിംഗ് എന്നിവരുടേതാണ് രചന.  കെ യു മോഹനനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ശിവം ഗൗര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

◼️വിപണിയില്‍ എത്തിയകാലം മുതല്‍ ഇന്നോളം സ്വീകാര്യത നിലനിറുത്തി മുന്നേറുകയാണ് മാരുതിയുടെ താരമായ എര്‍ട്ടിഗ. ഇക്കാലയളവിലെല്ലാം ഈ എം.പി.വിക്ക് കാലികമായ മാറ്റങ്ങളും മാരുതി സമ്മാനിച്ചിട്ടുണ്ട്. 2022 വര്‍ഷത്തെ ഇസഡ്.എക്‌സ്.ഐ സി.എന്‍.ജി വേരിയന്റ് മുന്‍ഗാമിയില്‍ നിന്ന് നിരവധി മാറ്റങ്ങളുമായാണ് വിപണിയിലെത്തിയത്. എര്‍ട്ടിഗ സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന് അടിസ്ഥാനവില 11.97 ലക്ഷം രൂപയാണ് (മുംബയ് ഓണ്‍-റോഡ്). സി.എന്‍.ജിയിലേക്ക് എത്തുമ്പോള്‍ ഓണ്‍-റോഡ് വില 13.17 ലക്ഷം രൂപയാകും.

◼️നമ്മുടെ മുഖ്യമന്ത്രിമാരും മന്ത്രിമാരും മുതല്‍ എം.പി. മാരും എം. എല്‍. എ. മാരും രാഷ്ട്രീയനേതാക്കളുമെല്ലാം പല കാലങ്ങളില്‍ പലപല സന്ദര്‍ഭങ്ങളില്‍ പറഞ്ഞ ഫലിതങ്ങളുടെയും ചിരിക്കഥകളുടെയും പുസ്തകം. പൊളിട്രിക്സ്, ധിം തരികിട തോം, ചിത്രം വിചിത്രം തുടങ്ങിയ ടെലിവിഷന്‍ ആക്ഷേപഹാസ്യ പരമ്പരകളുടെ അവതാരകനായിരുന്ന ജോര്‍ജ് പുളിക്കന്റെ പുതിയ പുസ്തകം. 'ഐ ഗ്രൂപ്പുകാരുടെ പാലു വേണ്ട'. ചിത്രീകരണം: കെ.വി.എം. ഉണ്ണി. മാതൃഭൂമി. വില 152 രൂപ.

◼️ ചുമ, പനി, മണവും രുചിയും നഷ്ടമാകല്‍ തുടങ്ങിയവയായിരുന്നു ആദ്യ കാലത്തൊക്കെ കോവിഡിന്റെ വ്യക്തമായ ലക്ഷണങ്ങള്‍. പിന്നീട് കൊറോണ വൈറസിന് നിരവധി വ്യതിയാനങ്ങള്‍ ഉണ്ടായതോടെ വൈവിധ്യപൂര്‍ണമായ ലക്ഷണങ്ങളും പ്രത്യക്ഷപ്പെട്ട് തുടങ്ങി. അത്തരത്തിലൊരു കോവിഡ് ലക്ഷണമാണ് വേദന. തലയിലും പേശികളിലുമാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്നുണ്ടാകുന്ന വേദനയുണ്ടാകുന്നത്. കോവിഡ് ബാധയുടെ തുടക്കത്തില്‍ ഉണ്ടാകുന്ന ലക്ഷണങ്ങളിലൊന്നാണ് തലവേദന. മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ ഈ തലവേദന നീണ്ടു നില്‍ക്കാം. തലവേദനയുടെ കാഠിന്യം ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കാം. തലയില്‍ കുത്തുന്നതു പോലെയോ അമര്‍ത്തുന്നതു പോലെയോ ഒക്കെ ഇത് അനുഭവവേദ്യമാകാം. തലയുടെ ഇരുവശത്തും ഈ തലവേദന അനുഭവപ്പെടുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.  ദീര്‍ഘകാല കോവിഡ് ലക്ഷണമായും ചിലപ്പോള്‍ തലവേദന മാറാറുണ്ടെന്ന് പകര്‍ച്ചവ്യാധി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് ബാധിതര്‍ക്ക് ഉണ്ടാകുന്ന മറ്റൊരു വേദനയാണ് പേശികളില്‍ പ്രത്യേകിച്ച് തോളുകളിലെയും കാലുകളിലെയും പേശികള്‍ക്ക് ഉണ്ടാകുന്ന വേദന. ഇതും കോവിഡിന്റെ തുടക്കത്തിലെ ഒരു ലക്ഷണമാണ്. ലഘുവായ തോതിലോ അത്യധികമായ ക്ഷീണത്തോടു കൂടിയോ ഒക്കെ ഈ പേശീ വേദന പ്രത്യക്ഷപ്പെടാം. രോഗിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന രീതിയിലും പേശീ വേദനയുണ്ടാകാം. രണ്ട് മുതല്‍ മൂന്ന് വരെ നാളുകള്‍ ഈ രോഗലക്ഷണം തുടരാം. തലവേദന പോലെതന്നെ ദീര്‍ഘകാല കോവിഡ് ലക്ഷണമായും പേശീവേദന ചിലരില്‍ മാറാറുണ്ട്. ഈ രണ്ട് വേദനകള്‍ക്ക് പുറമേ ഉയര്‍ന്ന പനി, കുളിര്‍, ചുമ, ശ്വാസംമുട്ടല്‍, തൊണ്ടവേദന, മൂക്കടപ്പ്, മൂക്കൊലിപ്പ്, വിശപ്പില്ലായ്മ, അതിസാരം തുടങ്ങിയ ലക്ഷണങ്ങളും കോവിഡുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്.

*ശുഭദിനം*

അന്ന് രാജാവിനെ കാണാന്‍ അന്യദേശത്ത് നിന്നും ഒരാള്‍ വന്നെത്തി.  അയാളുടെ കയ്യില്‍ ഒരു പാത്രമുണ്ടായിരുന്നു.  ഇതൊരു പ്രത്യേകതരം പാത്രമാണെന്നും എങ്ങിനെ താഴെയിട്ടാലും ഇത് ചങ്ങുകയേ ഉള്ളൂ പൊട്ടുകയില്ല എന്നും അയാള്‍ അവകാശപ്പെട്ടു.  ഭൃത്യന്മാര്‍ ചുറ്റികകൊണ്ട് അടിച്ചുനോക്കിയെങ്കിലും അത് പൊട്ടിയില്ല.  കൊട്ടാരത്തിലെ വിദഗ്ദര്‍ പരിശോധിച്ചു നോക്കിയതിന് ശേഷം പറഞ്ഞു: ഇത് അലുമിനിയം ആണ്.  ഭൂമിയില്‍ ഇത് വളരെകുറച്ച് മാത്രമേ ഉള്ളൂ.  ഇത് വേര്‍തിരിച്ചെടുക്കാനും ബുദ്ധിമുട്ടാണ്.  പക്ഷേ, രാജാവ് ചിന്തിച്ചത് മറ്റൊന്നായിരുന്നു.  ഈ ലോഹം ശ്രദ്ധനേടിയാല്‍ സ്വര്‍ണ്ണത്തേക്കാളും വെള്ളിയേക്കാളും വില വരുമോ?  അങ്ങനെ ഇയാള്‍ കൂടുതല്‍ ധനവാനായി മാറുമോ?  അവസാനം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ അയാളെ ജീവിതകാലം മുഴുവന്‍ തുറുങ്കിലടയ്ക്കാന്‍ രാജാവ് ഉത്തരവിട്ടു.   കിട്ടാതാകുമ്പോള്‍ മാത്രം വിലതിരിച്ചറിയുന്നത് കൊണ്ടാണ് സുലഭമായവയെ ആളുകള്‍ ആഘോഷിക്കാത്തത്.  ആവശ്യത്തിന് ഉള്ളവയെയും എപ്പോഴും കൂടെയുള്ളവയെയും ജന്മാവകാശമായി കരുതി അവഗണിക്കും.  അപ്രത്യക്ഷമാകുന്നത് വരെ കാത്തിരുന്നാല്‍ ഒന്നിനും അതര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുവാന്‍ സാധിക്കില്ല.  എല്ലാം അവസാനിച്ചതിന് ശേഷം ബോധോദയമുണ്ടാകുന്നതിലും അര്‍ത്ഥമില്ല.  ഒന്ന് ക്ഷമിക്കാന്‍ മറവിരോഗം വരുന്നതുവരെ കാത്തുനില്‍ക്കാതിരുന്നെങ്കില്‍ എത്ര സന്തോഷകരവും സംതൃപ്തകരവുമായേനെ ജീവിതം!  ഓരോ വസ്തുവിനും വ്യക്തിക്കും എന്തെങ്കിലുമൊക്കെ കൂട്ടിച്ചേര്‍ക്കാനും പഠിപ്പിക്കാനുമുണ്ടാകും.  ഓരോന്നിനും അതിന്റെതായ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാനുണ്ടാകും.  ഒരിക്കലുള്ളതെല്ലാം എന്നുമുണ്ടാകണമെന്നില്ല.  ഒന്ന് നമുക്ക് ഓര്‍മ്മയില്‍ വെയ്ക്കാം.  അധികമുള്ളതെല്ലാം ഒരിക്കല്‍ ഇല്ലാതാകാം - *ശുഭദിനം* .
*മീഡിയ16*